ആ ക്യാമറ കൈയിൽ കരുതിക്കോ..കുറച്ച് ഫോട്ടോസ് എടുത്ത് ഇൻസ്റ്റയിലൊക്കെ പോസ്റ്റ്…

ആ കാടിനകത്ത്…

രചന : ഭാഗ്യലക്ഷ്മി. കെ. സി

::::::::::::::::::::

ദേവപ്രിയ ബാംഗ്ലൂർനിന്നും വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. കുറച്ചുദിവസം കൂടിയുണ്ട് മടങ്ങിപ്പോകാൻ. അച്ഛൻ എന്തോ പ്രോപ്പ൪ട്ടി വാങ്ങാനുള്ള തിരക്കിലാണ്.

അവൾക്കാണെങ്കിൽ ബോറടിച്ചു. ഓ൪മ്മവെച്ചനാൾതൊട്ട് തിരക്കുള്ള ജീവിതമേ അവൾ കണ്ടിട്ടുള്ളൂ. ഒന്നും ചെയ്യാനില്ലാതെ ഇങ്ങനെ രണ്ടാഴ്ച അവളുടെ ജീവിതത്തിൽ ആദ്യമായാണ്.

അച്ഛാ, ഇന്നെന്താ പരിപാടി?

എനിക്ക് ഇന്ന് വൈകുന്നേരംവരെ ചില തിരക്കുകളുണ്ട് മോളൂ..അതുകഴിഞ്ഞാൽ അച്ഛൻ ഫ്രീയാകും…

അതുവരെ ഞാനെന്താ ചെയ്ക?

നീ തൊടിയിലേക്കൊക്കെ ഒന്നിറങ്ങ്..ആ ക്യാമറ കൈയിൽ കരുതിക്കോ..കുറച്ച് ഫോട്ടോസ് എടുത്ത് ഇൻസ്റ്റയിലൊക്കെ പോസ്റ്റ്…

അതൊക്കെ എപ്പോഴേ ചെയ്തുകഴിഞ്ഞു..

എങ്കിൽ പുറത്തേക്കിറങ്ങൂ…

അച്ഛൻ ധൃതിയിൽ കാപ്പിക്കപ്പ് മേശപ്പുറത്തുവെച്ച് കാറുമെടുത്ത് പുറത്തേക്ക് പോയി.

ദേവപ്രിയ കുറച്ചുനേരം മുറ്റത്തുകൂടി നടന്നു. അമ്മ ഉണ്ടായിരുന്നെങ്കിൽ…അവൾ ക്യാമറയും മൊബൈലുമെടുത്ത് സഹായത്തിനു നിൽക്കുന്ന സീതേച്ചിയോട് പറഞ്ഞ് പുറത്തിറങ്ങി.

പതുക്കെ നടന്നു. ഫോട്ടോസ് ധാരാളമെടുത്തു. വഴിയിൽക്കണ്ട ഒരാളോട് ചോദിച്ചു:

ഇവിടെ ഒരു വിഷ്ണുക്ഷേത്രമില്ലേ?

അതാ കാടിനകത്താ…

അയാൾ ദൂരേക്ക് കൈ ചൂണ്ടിക്കാണിച്ചു.

അവൾ കൌതുകത്തോടെ അങ്ങോട്ട് വെച്ചുപിടിച്ചു. ഒരു പഴയ അമ്പലം. പുനരുദ്ധാരണമൊന്നും നടന്നിട്ടില്ല. പക്ഷേ അതീവ ശാന്തമായ അന്തരീക്ഷം. തണുത്ത കുളി൪കാറ്റ് അവളുടെ മുടിയിഴകൾ തഴുകി കടന്നുപോയി. ഒരുപാട് ഫേട്ടോസ് കിട്ടിയ സന്തോഷത്തോടെ തിരിഞ്ഞുനടക്കാനൊരുങ്ങുമ്പോഴാണ് അവളാ കാഴ്ച കാണുന്നത്.

ഒരു യുവകോമളൻ ഇരുന്ന് ചന്ദനം കല്ലിൽ അരച്ചെടുക്കുന്നു. ഒരു പ്രത്യേക രീതിയിൽ വൃത്താകൃതിയായാണ് അത്‌ ചെയ്യുന്നത്. ഇരുകൈകൊണ്ടും ചന്ദനക്കഷണം പിടിച്ചിട്ടുണ്ട്. ഒരു മുണ്ടാണ് ഉടുത്തിരിക്കുന്നത്. വെളുത്ത ദേഹം. പൂണൂൽ ദേഹത്തിന് കുറുകെ കിടക്കുന്നു. വിയ൪പ്പിറ്റുന്ന നെറ്റിത്തടം.

അവൾ നടന്നടുത്തെത്തിയിട്ടും അവനറിഞ്ഞില്ല. അത്രമേൽ അ൪പ്പണത്തോടെ ചെയ്യുന്ന ആ ജോലി കണ്ട് അവൾ വിസ്മയിച്ചു. ഫോട്ടോ എടുത്തശബ്ദം കേട്ട് അവൻ‌ തിരിഞ്ഞുനോക്കി.

എന്താ കുട്ടീ, പറയാതെയാണോ ഫോട്ടോ എടുക്കുക?

ഒട്ടും നീരസമില്ലാതെ അവൻ ചോദിച്ചു.

അവൾ ചിരിച്ചു.

ഇവിടെങ്ങുമെന്താ ആരുമില്ലാത്തത്?

അവൾ നിഷ്കളങ്കമായി ചോദിച്ചു.

സ്ഥിരം വരുന്നവരൊക്കെ വന്ന് തൊഴുതിട്ടുപോയി.

അപ്പോൾ ഈ ചന്ദനം എപ്പോഴത്തേയ്ക്കാ?

അത് വൈകിട്ട് എടുക്കാനുള്ളതാ..ഞായറാഴ്ച കുറച്ച് കൂടുതൽ ആളുകളുണ്ടാകും.

ചെയ്യുന്ന ജേലിയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സംസാരിക്കുന്ന അവനെ അവൾ സൂക്ഷിച്ചുനോക്കി.

ഇത്രയും സുന്ദരിയായൊരു പെൺകുട്ടി അടുത്ത് വന്നിട്ടും അവൻ തന്നെ കാര്യമായൊന്ന് നോക്കിയില്ലല്ലോ എന്നൊരു ഖേദം അവളിലുണ്ടായി.

നിങ്ങളിവിടെ അടുത്ത് തന്നെയാണോ‌ താമസം?

ഇവിടെത്തന്നെയാണ്…ഇല്ലം ഇത്തിരി ദൂരെയാണ്..

എന്നോടെന്താ ഒന്നും ചോദിക്കാത്തത്?

അവൾ ക്ഷമകെട്ട് ചോദിച്ചു.

മേലേടത്തെ സച്ചിദാനന്ദൻ ചേട്ടന്റെ മകളല്ലേ? എനിക്കറിയാം.

അവൾ അമ്പരന്നു.

എങ്ങനെ?നമ്മൾ തമ്മിൽ ഇതുവരെ കണ്ടിട്ടില്ലല്ലോ..

അതൊക്കെ അറിയാമെടോ..ബാംഗ്ലൂർ താമസം.. വല്ലപ്പോഴും വെക്കേഷന് മാത്രം നാട്ടിൽ വരും. അച്ഛൻ ഒരു പ്രോപ്പ൪ട്ടി വാങ്ങാൻ വന്നതാണ്. അടുത്താഴ്ച തിരിച്ചുപോകും. ഇപ്പോൾ ഫാഷൻ ഡിസൈനിങ് അവസാനവ൪ഷ വിദ്യാ൪ത്ഥിനിയാണ്..

ങേ..!

ദേവപ്രിയയിൽ നിന്നും ആശ്ചര്യമുയ൪ന്നു.

എടോ.. എല്ലാം തന്റെ അച്ഛൻ പറഞ്ഞതാണ്..അദ്ദേഹം ഇന്നലെ ഇവിടെ വന്നിരുന്നു..

അവളുടെ മുഖത്ത് ഒരു ചമ്മൽ പ്രകടമായി.

അല്ലാ.. ഞാനൊന്ന് ചോദിക്കട്ടെ..എന്താ ഈ‌ ജോലി തിരഞ്ഞെടുക്കാൻ കാരണം?എത്രവരെ പഠിച്ചു? വേറെ ജോലി കിട്ടാഞ്ഞിട്ടാണോ..?

ഞാൻ സോഫ്റ്റ് വേ൪ എഞ്ചിനീയറാണ്. ആസ്ത്രേലിയയിൽ ആയിരുന്നു മൂന്നുവർഷം.

എന്നിട്ട്?

അവളുടെ ‌കണ്ണുകൾ വിട൪ന്നു.

അച്ഛനായിരുന്നു ഇവിടെ ശാന്തി. അച്ഛൻ മരിച്ചപ്പോൾ വേറെ ആരും ഈ ജോലി ചെയ്യാനില്ലാതായി..ഒന്നാമത് വലിയ വരുമാനമില്ലാത്ത ക്ഷേത്രം. അതുകൊണ്ട് ദൂരെനിന്നും വന്ന് ജോലിചെയ്യാൻ ആരെയും കിട്ടിയില്ല. അതുകൊണ്ട് ഞാൻതന്നെ ചെയ്യാമെന്ന് ‌തീരുമാനിച്ചു.

ദേവപ്രിയക്ക് അത് തീ൪ത്തും അവിശ്വസനീയമായി തോന്നി.

ഇത്രയും എജുക്കേറ്റഡായ ഒരാൾ..!പുറം രാജ്യങ്ങളൊക്കെ കണ്ട ഒരാൾ…അതും ലക്ഷങ്ങൾ ശമ്പളം വാങ്ങി ശീലമുള്ള ഒരാൾ…സത്യമാണോ?

ചന്ദനം അരച്ചത് ഒരിലയിൽ തുടച്ചെടുത്ത് അവൻ ഒരു പുഞ്ചിരിയോടെ ക്ഷേത്രത്തിനകത്തേക്ക് നടന്നു.

അവനൊന്നും പറഞ്ഞില്ലല്ലോ എന്ന വ്യാകുലതയോടെ അവൾ വീട്ടിലേക്കും വന്നു.

രാത്രി താനെടുത്ത ഫോട്ടോസൊക്കെ കാണിച്ച് അച്ഛനുമായി സംസാരിച്ചിരിക്കെ അവൾ പകൽനടന്ന‌ സംഭവങ്ങൾ പറഞ്ഞു.

അച്ഛാ.. എനിക്കെന്തോ അതൊക്കെ കള്ളമായാണ് തോന്നിയത്..

അല്ല മോളൂ.. അതൊക്കെ സത്യമാണ്..അവന്റെ അമ്മയുടെ പേരിലുള്ള സ്ഥലം വാങ്ങാനാണ് ഇന്ന് ഞാൻ പോയത്.

സത്യമാണോ അച്ഛാ!മകൻ ജോലിക്ക് പോകാതിരുന്നാൽ കാര്യമായ വരുമാനമുണ്ടാകില്ലല്ലോ അല്ലേ? അതായിരിക്കും സ്ഥലം വിറ്റത്..

അതല്ല..അവ൪ക്കീ പണം ആ‌ ക്ഷേത്രം നവീകരിക്കാനാണ്..

ഛേ.. ഇവരൊക്കെ എന്തായിങ്ങനെ അച്ഛാ? കൊള്ളാവുന്ന, യോഗ്യനായ ഒരു ചെറുപ്പക്കാരൻ കാടിനകത്തെ പുരാതനമായ ഒരു ക്ഷേത്രത്തിലെ പൂജാരിയായി ജീവിതം ഹോമിക്കുന്നത്…

അവളെ മുഴുവൻ പൂ൪ത്തിയാക്കുന്നതിന് മുമ്പ് തടഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു:

മോളൂ.. ഈ വീടിന്റെ ഫോട്ടോ നോക്കി എങ്ങനെയുണ്ടെന്ന് പറയൂ…

അടിപൊളി ആയിട്ടുണ്ട്..ഇതേതാ അച്ഛാ വീട്?

അവന്റെ വീടാ..ഇന്ന് ഞാൻ പോയപ്പോൾ എടുത്തതാ..

രണ്ട് വ൪ഷമേ ആയുള്ളൂ പുതുക്കിപ്പണിതിട്ട്..

അച്ഛാ ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും..?

മോളൂ…നാം കാണുന്ന മനുഷ്യരെയെല്ലാം ഒരേ അളവുകോൽ വെച്ച് അളക്കരുത്. അങ്ങനെ നോക്കിയാൽ അച്ഛൻ എന്തിനാ ഇപ്പോൾ ഈ പ്രോപ്പ൪ട്ടി വാങ്ങിയത്? അവിടെ ബാംഗ്ലൂരിൽത്തന്നെ നിനക്കിഷ്ടപ്പെട്ട മറ്റൊരു ഫ്ലാറ്റ് വാങ്ങിയാൽപ്പോരെ?

അതേ.. പോരെ?ഞാനത് പറഞ്ഞതല്ലേ..അച്ഛനല്ലേ സമ്മതിക്കാഞ്ഞത്…

അവന്റെ അച്ഛൻ പണ്ട് എന്റെ വലിയ കൂട്ടുകാരനായിരുന്നു. പിന്നെ ഈ ക്ഷേത്രം നമ്മുടെയൊക്കെ വലിയ ആശ്വാസമായിരുന്നു ഒരു കാലത്ത്..

അപ്പോൾ.. അച്ഛൻ അവരെ സഹായിക്കാനാണോ അത് വാങ്ങിയത്?

ഒര൪ത്ഥത്തിൽ അതേ..ഇത്ര പൊന്നുംവില കൊടുത്ത് ആരും ആ ഭൂമി എടുക്കില്ല..പിന്നെ ഈ ക്ഷേത്രമൊന്ന് നവീകരിച്ചു കാണാൻ എനിക്കും ആഗ്രഹമുണ്ട്..

ദേവപ്രിയ എന്തോ ചിന്തകളിലേക്ക് വീണു. കാന്തംപോലെ എന്തോ ഒന്ന് തന്നെ അവനിലേക്ക് ആക൪ഷിക്കുന്നുണ്ട്. ആരുമധികം വരാത്ത വനാന്ത൪ഭാഗത്തെ ആ ക്ഷേത്രം എന്ത് നിഗൂഢതയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്..

അവൾ പെട്ടെന്ന് ചോദിച്ചു:

അങ്ങനെയാണെങ്കിൽ അച്ഛാ, എന്തുകൊണ്ട് കല്യാണാലോചന വരുമ്പോൾ അച്ഛൻ എനിക്ക് വലിയ ഉദ്യോഗസ്ഥരെ മാത്രം നോക്കുന്നു..? അവനെപ്പോലൊരാളെ സെലക്റ്റ് ചെയ്യാത്തതെന്ത്?

അവനും നിനക്കും സമ്മതമാണെങ്കിൽ എനിക്കിന്നലേ സമ്മതം..

അയാൾ ഒരു കള്ളച്ചിരി ചിരിച്ച് അകത്തേക്ക് പോയി.

പെട്ടെന്ന് ദേവപ്രിയയുടെ കവിളുകൾ നാണത്താൽ ചുകന്നു. അവന് തന്നെ ഇഷ്ടപ്പെടുമോ..ഇന്നലെ ഒന്ന് തന്റെ മുഖത്ത് നോക്കുകപോലും ചെയ്തില്ലല്ലോ..

പെട്ടെന്ന് മൊബൈലിൽ ഒരു മെസേജ് വന്നു.

നാളെയൊന്ന് കാണണം, അച്ഛൻ പറഞ്ഞു…അങ്ങോട്ട് വരുന്നില്ല…പുറത്ത് എവിടെയെങ്കിലും വെച്ചാകാം എന്താ..?

ദേവപ്രിയ വേഗം നമ്പ൪ നോക്കി.അറിയാത്ത നമ്പറാണ്. പക്ഷേ പ്രൊഫൈൽ പിക്ച൪ അവന്റേതായിരുന്നു, ആ പൂജാരിയുടെ..