അവളറിയാതെ – അബ്ദുൾ റഹീം പുത്തൻചിറ എഴുതിയ ചെറുകഥ വായിക്കൂ

ഡാ എഴുന്നേൽക്കുന്നില്ലേ …ഷാഹിനയുടെ ചെവിയിൽ ചുണ്ടമർത്തി സഹൽ ചോദിച്ചു.

കുറച്ചു കഴിയട്ടെ…ഈ തണുപ്പിൽ ഇങ്ങനെ പുതച്ചു മൂടി കിടക്കാൻ നല്ല സുഖം…പുതപ്പ് ഒന്നുടെ മേലെയിട്ടു ഷാഹിന പറഞ്ഞു.

ശരി…ഞാൻ പോകുന്നു…പ്രാക്ടീസുണ്ട്…കുറച്ചു കഴിഞ്ഞാൽ സുബഹി ബാങ്ക് കേൾക്കും…നിസ്കരിച്ചു കിടന്നോളൂട്ട…അതും പറഞ്ഞു സഹൽ പുറത്തേക്കിറങ്ങി. ഉം…ഷാഹിന മൂളിക്കൊണ്ട് വീണ്ടും കിടന്നു.

സഹലിന്റെയും ഷാഹിനയുടെയും കല്യാണം കഴിഞ്ഞിട്ടു എട്ടു മാസം ആകുന്നുള്ളൂ…ഷാഹിന ആറു മാസം ഗർഭിണിയാണ്…കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും സഹലിന്റെ ലീവ് കഴിഞ്ഞു. വീണ്ടും തിരിച്ചു ഒമാനിലേക്ക് പോരേണ്ടി വന്നു.

തിരിച്ചു വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും സഹൽ വിസിറ്റിങ് വിസയിൽ ഷാഹിനയെയും കൊണ്ട് വന്നു. ഒമാനിൽ വന്നിട്ടു രണ്ടു മാസമാകുന്നു. ഇണക്കുരുവികളെ പോലെ അവർ ജീവിതം ആസ്വദിക്കുന്നു.

സഹൽ ഒരു ഫുട്ബോൾ കളിക്കാരനാണ്. ചില സമയത്ത് കമ്പനി വക ടൂർണമെന്റുകൾ നടക്കും. അപ്പോൾ രാവിലെയും വൈകിട്ടും പ്രാക്ടീസ് ഉണ്ടാകും. അന്നും പതിവുപോലെ രാവിലെ എഴുന്നേറ്റ് പള്ളിയിൽ പോയി സുബഹി നിസ്കരിച്ചു കളിക്കാൻ പോയി.

സമയം ഒരുപാട് ആയല്ലോ. ഇക്കാനെ വിളിച്ചിട്ടും കിട്ടുന്നുമില്ല. ഇത്രയും വൈകാത്തതാണല്ലോ…ഷാഹിന ഫോൺ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആരെയാ ഇപ്പൊ വിളിക്ക…ഇക്കാക്കു ഒരുപാട് കൂട്ടുകാരുണ്ട് പക്ഷെ ആരുടെയും നമ്പർ കയ്യിലില്ല.

അപ്പോഴേക്കും കാളിങ് ബെൽ അടിച്ചു. ഹോ സമാധാനം ആയി. ഇക്ക ആയിരിക്കും…അതും വിചാരിച്ചു ഷാഹിന വാതിൽ തുറന്നു.

എന്താണ് ഷാഹിന വിശേഷങ്ങൾ സുഖമാണോ…നദീറ ചോദിച്ചു.

സുഖം…ഇത്താക്കോ…?

സുഖം മോളെ…നദീറ പറഞ്ഞു. സഹലിന്റെ കൂട്ടുകാരന്റെ വൈഫാണ് നദീറ. അവർ ഇവിടെ കുറച്ചു നാളായി സ്ഥിര താമസമാണ്.

ഇത്താ, ഇക്ക ഇതുവരെ വന്നട്ടില്ല…ഷാഹിന വേവലാതിയോടെ പറഞ്ഞു.

ആ…അതു പറയാനാ ഞാൻ വന്നത്. ഇപ്പോൾ എല്ലാ സ്ഥലത്തും കൊറോണ വൈറസ് ആണല്ലോ…കളിക്കാൻ പോകുന്നതിന്റെ മുൻപ് കമ്പനി വക ചെക്കപ്പ് ഉണ്ടായി. അതിൽ സഹലിന്റെ ബോഡി ടെമ്പറേചർ കൂടുതൽ കാണിച്ചു. പേടിക്കാനൊന്നുമില്ല…

എന്നാലും അവർക്ക് ചെറിയ സംശയം, കൊറോണ ഉണ്ടോന്ന്. അതുകൊണ്ട് സഹലിനെ ഹോസ്പിറ്റലിലേക്ക് മാറ്റി. ടെൻഷൻ ആകാൻ മാത്രമൊന്നുമില്ല…എന്നാലും ഒരു സേഫ്റ്റി…അത്രേയുള്ളൂ.

അതുകേട്ട് ഷാഹിന തരിച്ചു നിന്നു. എന്തായാലും സഹൽ വരാൻ കുറച്ചു ദിവസങ്ങളെടുക്കും. മോളിവിടെ ഒറ്റക്ക് നില്ക്കാന്നുവെച്ചാൽ ബുദ്ധിമുട്ടാണ്. അതും ഈ അവസ്ഥയിൽ…അതും പറഞ്ഞു നദീറ അവളുടെ കവിളിൽ തലോടി. നദീറയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഷാഹിന കാണാതെ അവർ അതു തുടച്ചു.

സമയം കഴിഞ്ഞു പോയി..അതിനിടയിൽ സഹലിന്റെ കുറച്ചു കൂട്ടുകാർ വന്നു…അവർ സഹലിന്റെയും ഷാഹിനയുടെയും പെട്ടികൾ പാക്ക് ചെയ്തു…ഈ അവസ്ഥയിൽ ഷാഹിനയെ നാട്ടിൽ വിടുന്നതാണ് നല്ലതെന്നു അവർ പറഞ്ഞു…

ഇക്കാക്കു കുഴപ്പമൊന്നുമില്ലല്ലോ…അവൾ ഇടക്കിടക്കു ചോദിച്ചു കൊണ്ടിരുന്നു. ഏയ് ഇല്ല, പേടിക്കാനൊന്നുമില്ല…ഐസൊലേഷൻ വർഡിലാണ്…അവിടെ മൊബൈൽ ഉപയോഗിക്കാൻ പറ്റില്ല അതുകൊണ്ടാ വിളിക്കാത്തെ. വന്നവരിൽ ഒരാൾ അവളെ സമാധാനിപ്പിച്ചു.

അല്ലാഹുവെ എന്റെ ഇക്കാക്കു കുഴപ്പമൊന്നും വരുത്തല്ലേ അവൾ ദുആ ചെയ്തു കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞാൽ ഷാഹിന പോകേണ്ട ഫ്ലൈറ്റിന്റെ സമയമാണ്. വന്നപ്പോൾ ഷാഹിന ഒറ്റക്കായിരുന്നു. പോകുമ്പോഴും ഷാഹിന ഒറ്റക്കാണ്.

പക്ഷെ…ഷാഹിന അറിയാതെ ഷാഹിന പോകുന്ന അതേ ഫ്ലൈറ്റിന്റെ കാർഗോ സെക്ഷനിൽ ഒരു പെട്ടിയിൽ സഹലിന്റെ മയ്യത്തുമുണ്ട്. കളിക്കിടെ സഹൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഹാർട്ട് അറ്റാക്ക് ആയിരുന്നു.

ഷാഹിനയുടെ മുഖത്തു നോക്കി തന്റെ പ്രിയതമൻ ഇനി ഉണ്ടാകില്ല എന്നു പറയാൻ അവർക്ക് കഴിയുമായിരുന്നില്ല. ജീവിതം തുടങ്ങിയിട്ടേയുള്ളൂ…അതും ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പും.

വീട്ടിൽ എത്തിക്കഴിഞ്ഞാൽ ഷാഹിന കാര്യങ്ങൾ അറിയും. തന്റെ പ്രിയതമൻ ഇനി തന്റെ കൂടെയില്ല എന്നറിയുമ്പോൾ

നടന്ന സംഭവം..ഒമാനിൽ മരണപ്പെട്ട ആ സുഹൃത്തിന് അള്ളാഹു സ്വർഗം കൊടുക്കട്ടെ.