പ്രഭാതക്കുളിരിനെ അതിജീവിക്കാൻ ബസ്സിൻ്റെ ചില്ലുജാലകങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പുറത്തു അതിശക്തിയായി…

ഓട്ടോഗ്രാഫ്

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

:::::::::::::::::::::::::

“ഇനിയെത്ര ദൂരമുണ്ട്, പ്രസാദേട്ടാ…?”

ദീർഘദൂര യാത്രയുടെ ആലസ്യം മിഴികളിൽ ആവാഹിച്ച്, പാർവ്വതി ചോദിച്ചു.

ബസ്സിലെ, രണ്ടു പേർക്കിരിക്കാവുന്ന ഇരിപ്പടങ്ങളിൽ അവർ ചേർന്നിരുന്നു. ജാലകത്തിനോടു ചേർന്നുള്ള ഭാഗത്ത് പ്രസാദും, ആ തോളിലേക്കു തല ചായ്ച്ച് പാർവ്വതിയും…

പ്രഭാതക്കുളിരിനെ അതിജീവിക്കാൻ ബസ്സിൻ്റെ ചില്ലുജാലകങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പുറത്തു അതിശക്തിയായി മഴചെയ്യുന്നുണ്ട്. ചില്ലു ജനൽവാതിലുകളിൽ മഴ വീണു ചിതറുന്നു. എത്ര ഭദ്രമായി അടച്ചിട്ടും, നേർത്ത ജാലകവിടവുകളിലൂടെ അരിച്ചെത്തുന്ന ശീതക്കാറ്റ്.

“പാറൂ, ഇനിയും ഒന്നര മണിക്കൂർ കൂടിയുണ്ട്. മഴ കനത്തു പെയ്യണ കാരണം, നേരമിനിയും വൈകാം. നമ്മളെന്നാലും കൃത്യസമയത്തിനെത്തും. പത്തിനും പത്തരയ്ക്കുമിടയിലല്ലേ മുഹൂർത്തം. എട്ടുമണിയാകുന്നതേയുള്ളൂ..”

പാർവ്വതി, അയാളുടെ തോളിലേക്കു ശിരസ്സു താഴ്ത്തി ഒന്നുകൂടി ഇഴുകിച്ചേർന്നിരുന്നു. ഇപ്പോൾ, അവളുടെ ഉച്ഛാസങ്ങളുടെ ഊഷ്മളത കൃത്യമായി അനുഭവപ്പെടുന്നുണ്ട്. ഒരിത്തിരി കൂടി തിങ്ങിഞെരുങ്ങി അവൾ കൂടുതൽ ഒട്ടിച്ചേർന്നു. ബ്ലൂ ലേഡി പെർഫ്യൂം ഗന്ധം നാസികയിലേക്കു പടരുന്നു.

“ഞാനുറങ്ങട്ടേ ഏട്ടാ, പുലർച്ചേ എഴുന്നേറ്റിട്ട്, ഉറക്കം മതിയായില്ല. ഇത്തിരി കൂടി ഉറങ്ങിയാൽ അവിടെത്തുമ്പോഴേക്കും ഞാനുഷാറാകും. അല്ലെങ്കിൽ, തലവേദനിച്ച് ഇന്നത്തെ ദിവസം കുളമാകും. ചേട്ടനും, ഒന്നുറങ്ങിക്കൂടെ, യാത്രകളിലെ പകൽക്കിനാവുകളെ ഒഴിവാക്കാൻ പറ്റില്ലാ ല്ലേ…”

അവൾ വീണ്ടും മയക്കത്തിലേക്കു കടന്നു. തകർന്ന നിരത്തിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു. അതിദ്രുതം പിന്നിടുന്ന വഴിയോരക്കാഴ്ച്ചകൾ. വലിയ വളവു തിരിഞ്ഞപ്പോൾ, ഊർന്നു വീഴാൻ പോയ പാർവ്വതി, അയാളെ ചേർത്തു മുറുക്കേപ്പിടിച്ചു. അവളപ്പോൾ ബസ്സിലെന്നു മറന്നുപോയിട്ടുണ്ടാകും. അയാളുടെ കവിളിൽ, അവൾ സ്വന്തം കവിൾത്തടങ്ങൾ ചേർത്തുരസി എന്തോ കുറുകി. പിന്നേയും, ഉറക്കത്തിലാണ്ടു.

ഈ യാത്ര, സബിതയുടെ വീട്ടിലേക്കുള്ള യാത്ര. അവളുടെ മോളുടെ വിവാഹമാണിന്ന്. നാൽപ്പതു വയസ്സാണ് തനിക്കും, സബിതക്കും. എന്നിട്ട്, അവളുടെ മോളുടെ കല്യാണമായിരിക്കുന്നു. തൻ്റെ മോന്, പത്തു വയസ്സായിട്ടില്ല. പ്രസാദ്, ചിരിയോടെ ഓർത്തു. ഒരേ ക്ലാസിൽ പഠിച്ച ഒരാൺകുട്ടിയും, പെൺകുട്ടിയും ഇരുപത്തിയഞ്ചു വർഷത്തിനപ്പുറം എത്ര അവസ്ഥാഭേദങ്ങളിലെത്തുന്നു.

ഫേസ്ബുക്ക്, ഓരോ ദിവസവും, ഓരോ പഴയ പരിചയങ്ങളെ വിരുന്നെത്തിക്കുന്നു. അങ്ങനെ, കാൽനൂറ്റാണ്ട് കാലം പുറകിലേ പത്താംക്ലാസ് കൂട്ടുകാർ ഒത്തിരിപ്പേർ ഫ്രണ്ട് ലിസ്റ്റിൽ വന്നു. അതിലാർക്കൊക്കെയോ തോന്നിയ മോഹമാണ്, ഒരു സംഗമം സംഘടിപ്പിക്കുകയെന്നത്. പിന്നേയെല്ലാം ദ്രുതഗതിയിലായിരുന്നു. ഓരോരുത്തരും സഹപാഠികളേ തിരഞ്ഞു. കമ്മറ്റിയുണ്ടായി. അതിൻ്റെ സെക്രട്ടറി സ്ഥാനത്ത് പ്രസാദ്ചന്ദ്രൻ എന്ന താൻ അവരോധിക്കപ്പെട്ടു. നോട്ടീസുകളിലും ക്ഷണപത്രികളിലും, പേരും ഫോൺ നമ്പരും അച്ചടിക്കപ്പെട്ടു.

സബിതയുടെ വിലാസം ആരാണ് കൊണ്ടുവന്നതെന്നറിയില്ല. പരമാവധി സംഘടിപ്പിക്കപ്പെട്ട വിലാസങ്ങളിലൊന്നിൽ അവളുമുണ്ടായിരുന്നു. നാട്ടിൽ നിന്നും, ഇത്ര ദൂരെയായോ അവൾ…പെൺകുട്ടികളുടെ വിവാഹശേഷം എന്തെന്നില്ലാത്ത ദൂരങ്ങളിലേക്കാണവർ പറിച്ചുനടപ്പെടുന്നത്. ഫോൺ നമ്പറില്ലാതിരുന്നതിനാൽ, സബിത വാട്സ് ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്നില്ല. അല്ലെങ്കിലും, വാട്സ് ആപ്പ് ഗ്രൂപ്പിലെ സഹവിദ്യാർത്ഥിനികൾ പലരും ലെഫ്റ്റ് ചെയ്തിരുന്നു. രാത്രികാലങ്ങളിലെ, ആൺ സൗഹൃദങ്ങൾക്കിടയിലെ ചില സംസാരങ്ങൾക്കു മ ദ്യത്തിൻ്റെ രൂക്ഷതയും, വഴുവഴുപ്പുമുണ്ടായിരുന്നു. അതോടെ, പെൺകുട്ടികൾ പ്രത്യേകം ഗ്രൂപ്പ് രൂപീകരിച്ചു.

സംഗമദിനത്തിൽ, ഏറെ കാണാനാഗ്രഹിച്ചത് സബിതയേയായിരുന്നു. പാർവ്വതിയോടും മോനോടുമൊപ്പം ഇരുപത്തിയഞ്ചു വർഷം പഴക്കമുള്ള സതീർത്ഥ്യരെ അഭിമുഖീകരിക്കുമ്പോൾ പലരുടേയും അവസ്ഥാഭേദങ്ങൾ കണ്ട് അത്ഭുതപ്പെട്ടു പോയിരുന്നു. കാലം, തന്നിലും എത്രയോ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാം.

സബിത മാത്രം, എത്തിയിരുന്നില്ല. എത്തിയാൽ, സബിതയെ എങ്ങനെയാണ് പാർവ്വതിക്കു പരിചയപ്പെടുത്തിക്കൊടുക്കുക..സ്വയം, ആ രംഗമൊന്നു ഭാവനയിൽ കണ്ടു.

“പാറൂ, ഇത് സബിത, എൻ്റെ ഏറ്റവുമടുത്ത കൂട്ടുകാരി. പിന്നേ….”

ആ വാചകം, മുഴുമിപ്പിക്കാനാകാതേ സ്വയം വിഷമിച്ചു നിൽക്കേണ്ടി വരും. കൗമാരത്തിലെ, ജീവിതത്തിലെ ആദ്യ പ്രണയിനിയെന്നു അവളെ പരിചയപ്പെടുത്താൻ സാധിക്കുമോ..നാടും, ഇടത്തോടും കടന്ന്, ചെളിച്ചാറു പുതഞ്ഞ ചെമ്മൺപാതകളും പിന്നിട്ട്, ഒരുമിച്ച് പഠിക്കാൻ വന്നിരുന്നതും, കാവിലെ ഉത്സവത്തിന്, പരസ്പരം കൊതിതീരെക്കണ്ട് ഉറങ്ങാതിരുന്നതതും, പത്താം ക്ലാസിൻ്റെ അവസാന ദിനത്തിൽ, ഇടനാഴി നീണ്ടവസാനിക്കുന്നിടത്തേ ഒഴിഞ്ഞ ക്ലാസ് മുറിയിൽ വച്ച്, മാറത്തേ പുസ്തകക്കെട്ടിൽ നിന്നും എടുത്തു തന്ന ഓട്ടോഗ്രാഫ് വാങ്ങുമ്പോൾ, അവളേ ചേർത്തു പുണർന്നതും, പുസ്തകങ്ങൾ വീണു ചിതറിയതും, ലാങ്കിലാങ്കിപ്പൂക്കളുടെ ഗന്ധം പരന്നതും, ഒടുവിലൊരു ഞെട്ടലിൽ പിടഞ്ഞകലുമ്പോൾക്കണ്ട, തുടിക്കുന്ന മാറിടങ്ങളേയും, പിടയുന്ന മിഴികളേയും, മുറിഞ്ഞ വാക്കുകളേയും, അവൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെങ്ങനേ…അതേ, സബിത വരാഞ്ഞതു ഒരു കണക്കിനു നന്നായി. അവൾ സുഖമായിരിക്കട്ടേ…

സംഗമത്തിൻ്റെ വൻ വിജയം ഒരു മാസം പിന്നിടുമ്പോളാണ്, ഒരു സന്ധ്യക്ക്, മൊബൈൽ ഫോണിൽ ആ പരിചിതമല്ലാത്ത നമ്പറിൽ നിന്നും ഒരു വിളിയെത്തിയത്. ഓഫീസിൽ നിന്നെത്തി, കിടപ്പുമുറിയുടെ ശീതളിമയിൽ അലസനായി വിശ്രമിക്കുന്ന വേളയായിരുന്നു. ആരിതെന്ന്, മനസ്സിലോർത്ത് ഫോണെടുത്തു.

“ഹലോ, പ്രസാദല്ലേ…”

“അതേ, പ്രസാദാണ്…ആരാണിത്, എനിക്കു മനസ്സിലായില്ലല്ലോ..”

“ഞാൻ, സബിതയാണു പ്രസാദ്, ഓർക്കണുണ്ടോയെന്നെ…?”

“സബിതാ, എന്തതിശയമായിരിക്കുന്നു. ഓർക്കണുണ്ടോന്നാ, എന്തൊരു ചോദ്യമാണിത്, മറവി അത്രയും ക്രൂ രനാണോ…? പറയൂ, നിൻ്റെ വിശേഷങ്ങള്…”

പിന്നെ, വിശേഷങ്ങളുടെ പെരുമഴയായിരുന്നു. പത്താം ക്ലാസ്സും, ഡിഗ്രിക്കാലവും, അച്ഛൻ്റെ സ്ഥലം മാറ്റവും…ബിഎഡും, ഹൈസ്കൂൾ ടീച്ചറായുള്ള ജോലിയുമൊക്കെ സംഭവിച്ചത് വിവാഹശേഷമായിരുന്നു. മകളുടെ ഹൈസ്കൂൾ കാലത്തേ, ഭർത്താവിൻ്റെ അപകടമരണം. മോളെ പരമാവധി പഠിപ്പിക്കണമെന്ന ചിന്തകൾക്കിടയിലാണ്, അവളുടെ പ്രണയം അറിഞ്ഞത്. അവരും നല്ല വീട്ടുകാരാണ്. വിവാഹശേഷവും പഠനം തുടരാം എന്നു പറയുന്നുണ്ട്. എനിക്കെന്തോ, കൂടുതൽ എതിർക്കാൻ തോന്നിയില്ല. മകളുടെ വിവാഹനിശ്ചയത്തിൻ്റെ അതേ ദിവസം തന്നെയായിരുന്നു, നമ്മളുടെ റീ- യൂണിയൻ, അതാണ് വരാൻ സാധിക്കാഞ്ഞത്, വിശേഷങ്ങൾക്കൊടുവിൽ അവളിത്രയും പറഞ്ഞു നിർത്തി…

“പ്രസാദ്, വരുന്ന ഞായറാഴ്ച്ച, മോളുടെ വിവാഹത്തിന് കുടുംബസമേതം വരണം. മോനേം കൊണ്ടുവരണം, നമ്മുടെ സഹപാഠികളിൽ, പ്രസാദിനെ മാത്രമേ ഞാൻ ക്ഷണിക്കുന്നുള്ളു, പ്രസാദ് വരണം….”

ബസ്സിറങ്ങി, ഓട്ടോസ്റ്റാൻഡിലേക്കു നടക്കുമ്പോൾ പാർവ്വതിയാണ് സംസാരങ്ങൾക്കു തുടക്കമിട്ടത്..

“മോന്, പനിയായതു കഷ്ടമായി, അല്ലെങ്കിൽ അവനേം കൂട്ടമായിരുന്നു. സുഖമില്ലാത്ത കാരണം, വല്ലാണ്ട് കുറുമ്പുകൾ കാണിച്ച് അച്ഛനുമമ്മയ്ക്കും തലവേദന കൊടുക്കില്ലാന്നു സമാധാനിക്കാം…”

“സാരല്ല്യടീ പാറൂ, ഇനി വരുമ്പോൾ അവനേയും കൂട്ടാം”

“ഇനിയോ, ഇനിയെന്തിനാണ് നമ്മളിങ്ങോട്ടു വരണേ…? അതു നന്നായി…”

അതിന് അവളോടു മറുപടി പറയാൻ പോയില്ല.

ഓഡിറ്റോറിയത്തിനു മുന്നിൽ ഓട്ടോ നിന്നു. മെല്ലെയിറങ്ങി നടന്നു. പ്രവേശന കവാടത്തിൽ തന്നേ വധൂവരൻമാരുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. പ്രസാദ്, വധുവിൻ്റെ ചിത്രത്തിലേക്ക് ഒരാവർത്തികൂടി നോക്കി. സബിതയുടെ ഇന്നലേകളിലേ അതേ രൂപം, അതേ ഭാവം…

ഹാളിനകത്തു നല്ല തിരക്കായിരുന്നു. ശീതമുറഞ്ഞ അകത്തളത്തിലേ ഇരിപ്പിടങ്ങൾ ഒട്ടുമിക്കതും നിറഞ്ഞിരുന്നു. തലങ്ങും വിലങ്ങും പായുന്ന കുട്ടികൾ, പട്ടുചേലയുടെ പകിട്ടിൽ തിളങ്ങുന്ന മുപ്പതുകൾ പിന്നിട്ട സുന്ദരികൾ, സ്ഫടിക ചഷകത്തിലേ വർണ്ണമീനുകളേപ്പോലെ തുടിച്ചുമറിയുന്ന കൗമാരങ്ങൾ, അപരിചിതത്വം മാത്രം നിറഞ്ഞ അന്തരീക്ഷത്തിനെയാകെ വകഞ്ഞു മാറ്റി അവളോടി വന്നു. കയ്യിൽ പിടിച്ചു. സബിത…

“പ്രസാദ്, മോളൊരുങ്ങുകയാണ്, അവൾക്കൊപ്പമായിരുന്നു ഞാൻ, ഇടയ്ക്കിടെ ഞാൻ നിന്നെ തേടുന്നുണ്ടായിരുന്നു. മോൻ വന്നില്ലേ…? എന്തെ, അവനെ കൊണ്ടു വരാഞ്ഞേ?”

“അവനു പനി, മാറി വരണേയുള്ളൂ..ഇത്ര ദൂരയാത്രയായതിനാൽ…”

അയാൾ പറഞ്ഞു നിർത്തി.

സബിത പാർവ്വതിക്കു നേരെ കൈകൂപ്പി, എന്നിട്ട് പറഞ്ഞു.

“രണ്ടു പേരും മുൻ നിരയിലിരിക്കണം ട്ടാ, കെട്ടു കഴിഞ്ഞ്, നമുക്കൊന്നിച്ചൊരു ചിത്രമെടുക്കണം, തിരക്കൊഴിയുമ്പോൾ മോളെ വിശദമായി പരിചയപ്പെടുത്താം…ഈ, തിരക്കീന്ന് ഏറ്റവും അവസാനം പോകുന്നവർ നിങ്ങളായിരിക്കും, ഞാൻ, സ്റ്റേജിലേക്കു പോകട്ടേ…..”

കെട്ടിമേളമുയർന്നു. താലിയണിഞ്ഞ നവവധു കൂടുതൽ ശോഭിച്ചു നിന്നു. വധൂവരൻമാർക്കരികേ, സബിത നിൽപ്പുണ്ട്..അവളുടെ മിഴികൾ തന്നിലേക്ക് നീളുന്നത് അയാളറിഞ്ഞു.ചുവന്ന പട്ടുസാരിയിൽ അവളുടെ മുഖം വിളങ്ങുന്നുണ്ടായിരുന്നു. ചെന്നിയിൽ പടർന്ന വെള്ളിത്തിളക്കങ്ങൾ അവളുടെ പ്രൗഢി ഇരട്ടിയാക്കി…

അവളെ നോക്കിയിരിക്കേ, കാലം പൊടുന്നനേ കാൽ നൂറ്റാണ്ടു പുറകിലോട്ടു പാഞ്ഞു. ഗവർമെൻ്റ് ഹൈസ്കൂളിൻ്റെ ഇടനാഴിയുടെ അങ്ങേയറ്റത്തേ ക്ലാസ്റൂമിലെ നേർത്ത വെളിച്ചത്തിൽ, തിളങ്ങിയ കണ്ണീർത്തിളക്കങ്ങളും, പൊട്ടിയ കുപ്പിവളകളും, ലാങ്കിലാങ്കിപ്പൂക്കളുടെ സുഗന്ധവും ഓർമ്മകളിലോടിയെത്തി. അവളുടെ നെറ്റിയിലെ വിയർപ്പു പൊതിഞ്ഞ മഞ്ഞൾക്കുറി, തൻ്റെ ചുണ്ടിൽ ചേർന്നിരിക്കുന്നു. പാതിയിലൊരു തേങ്ങൽ മുറിയുന്നു.

ഞെട്ടിയുണർന്ന് വേദിയിലേക്കു നോക്കി, ഫോട്ടോയെടുപ്പുകൾ തുടർന്നുകൊണ്ടിരുന്നു. പ്രസാദ്, സബിതയേ നോക്കി, അത്ഭുതം, അവളുടെ മിഴികളും അയാളിലേക്കായിരുന്നു. ആ കണ്ണുകളിൽ, എവിടെയോ പൊയ്പ്പോയ ഒരു ഓട്ടോഗ്രാഫ് വാചകം തെളിഞ്ഞു നിന്നു.

“നമ്മുടെ വാചാലതകളുടെയും, മൗനത്തിനുമിടയിലേ ആ ഇടവേളകളിൽ, പ്രണയം മുത്തു കൊരുക്കുന്നുണ്ടായിരുന്നു.”

പാർവ്വതിയപ്പോൾ, കല്ല്യാണപ്പെണ്ണിൻ്റെ ചേലയുടെ ഭംഗിയാസ്വദിക്കുകയായിരുന്നു. പതിവുപോലെ….