നിങ്ങൾ എവിടെയാണ് ഭാഗ്യലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെടാൻ പോയിരുന്നത്…

രചന: ഭാഗ്യലക്ഷ്മി. കെ. സി

:::::::::::::::::::::::

ഭാഗ്യലക്ഷ്മി നമ്മളെ കൊ ല്ലുന്നില്ല പ്രഭോ…

എല്ലാ പാറ്റ, പഴുതാര, കൂറ, ഉറുമ്പ്, പല്ലി, ഒച്ച് ഇത്യാദികൾ മൂക്കുതുടച്ച് തൊഴുകൈകളോടെ കണ്ണീരൊലിപ്പിച്ച് പരാതി പറഞ്ഞു.

നല്ല മഴയത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്ന ബ്രഹ്മദേവൻ അല്പം നീരസത്തോടെ കോട്ടുവായിട്ടുകൊണ്ട് എഴുന്നേറ്റു.

അതുകൊണ്ട്..? അദ്ദേഹം ചോദിച്ചു:

ഞങ്ങൾക്ക് പുന൪ജന്മമോ മോക്ഷമോ കിട്ടണമെങ്കിൽ ആ കൈ കൊണ്ട് മരിക്കണമെന്ന് പറഞ്ഞാണല്ലോ ഞങ്ങളെ അങ്ങോട്ട് വിട്ടത്..?

നിങ്ങൾ എവിടെയാണ് ഭാഗ്യലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെടാൻ പോയിരുന്നത്?

ഒച്ച് പറഞ്ഞു:

ഞാൻ വ൪ക്ക് ഏരിയയിലെ ചുമരിൽ കുറേദിവസം ചുറ്റിത്തിരിഞ്ഞുനോക്കി. അവൾ എന്നെ മൈൻഡ് ചെയ്തില്ല..

നാളെ അവൾ രാവിലെ ഉണ൪ന്ന് പല്ല് തേക്കുമ്പോൾ വാഷ്ബേസിനിൽ പോയിരിക്കണം.

അതെന്തിന്..?

അവൾ അല്പം ഉപ്പ് കൊണ്ടുവന്ന് നിന്റെ ദേഹത്തിട്ട് കാലപുരിക്കയച്ചോളും…

ഞങ്ങൾ കൂട്ടത്തോടെ അവളുടെ അടുക്കളയിൽ കയറി നിരങ്ങി…എന്നിട്ടും അവൾ കണ്ടഭാവം നടിച്ചില്ല…

ഉറുമ്പ് പറഞ്ഞു.

അതവൾ ശുകന്റെ കഥയൊക്കെ വായിച്ചതല്ലേ..അതാ..ആരെയും ഒന്നും ചെയ്യാൻ തോന്നാത്തത്…

ങേ…ഏത് ശുനകൻ..?

ശുനകനല്ല കഴുതേ..അല്ല ഉറുമ്പേ…ശ്രീശുകൻ..വേദവ്യാസന്റെ പുത്രൻ…സകലചരാചരത്തിലും തന്നെയും തന്നിൽ സകലചരാചരങ്ങളെയും കാണുന്നവനാണ് സമദ൪ശി. കേട്ടിട്ടില്ലേ.. വ്യാസൻ പുത്രനെ വിളിച്ചപ്പോൾ വൃക്ഷലതാദികൾ ഉത്തരം പറഞ്ഞത്..?

പണ്ടൊരിക്കൽ തരുണീമണികൾ കുളിക്കുമ്പോൾ പൂ൪ണ്ണന ഗ്നനായി  അതുവഴി നടന്നുപോയ ആ ശുകൻ തന്നെയല്ലേ അണ്ണാ ഇത്..?

അണ്ണനോ..? ആരാടോ അണ്ണൻ..?

അല്ല പ്രഭോ..അങ്ങ് കഥ പറയൂ..

അതേയതേ..ശ്രീശുകന് നാണം തോന്നിയില്ല..അവിടെ കുളിക്കുകയായിരുന്ന സ്ത്രീകൾക്കും ലജ്ജ തോന്നിയില്ല. കാരണം അവരുടെ കണ്ണിൽ അവൻ ബാലനായിരുന്നു.  പൂ൪ണ്ണപരബ്രഹ്മം..!

യേത് ബാലൻ..? ബാലൻ കെ.നായരോ..?

ഒച്ച് തലയുയ൪ത്തി കൂറയുടെ ചെവിയിൽ ചോദിച്ചു.

പതുക്കെ പറ…ബ്രഹ്മദേവൻ നിന്നെയെടുത്ത് ഉടുത്തുകളയും.

എന്നിട്ടോ പ്രഭോ..?

പിറകേ പുത്രനെ അന്വേഷിച്ച് വന്ന വേദവ്യാസനെ കണ്ടപ്പോൾ തരുണീമണികൾക്ക് പരിസരബോധവും ലജ്ജയും വന്നു എന്നാണ് കഥ.

അതുപോട്ടെ.. ഞങ്ങടെ കാര്യത്തിൽ ഒരു പരിഹാരമുണ്ടാക്കണം പ്രഭോ..

അവൾ വേസ്റ്റ് പേപ്പറുകൾ കത്തിക്കുമ്പോൾ നിങ്ങൾ അവളുടെ കാലുകളിൽ തുരുതുരാ കടിക്കണം. അപ്പോഴവൾ എല്ലാറ്റിനെയും അടിച്ചുവാരി ആ തീയിലിട്ടോളും.

തീയിൽ കിടന്ന് മ രിച്ചാൽ പൊള്ളില്ലേ..?അല്പം ലഘുവായ മാർഗ്ഗം പറഞ്ഞുതന്നൂടേ..?

എങ്കിൽ അവൾ ചക്കപ്പായസത്തിന് വെല്ലവും ചേ൪ത്ത് ചക്ക വരട്ടിവെച്ച പാത്രത്തിന് ചുറ്റും അള്ളിപ്പിടിച്ച് നിന്നാൽമതി.

എന്നാലോ..?

അവൾ ബ൪ണർ കത്തിച്ച് പാത്രമൊന്ന് ചെറുതായി ചൂടാക്കി നിങ്ങൾക്ക് മോക്ഷം തന്നോളും..

പ്രഭോ..!

നിങ്ങളെവിടെയാണ് ചെന്നത്..?

പൂമ്പാറ്റകളോട് ബ്രഹ്മദേവൻ ചോദിച്ചു.

ഞങ്ങൾ അവരുടെ വീട്ടിലെ മുറികളിൽ ഇടയ്ക്കിടെ പാറിപ്പറക്കും. അപ്പോൾ ജിഷ് വന്ന് ഞങ്ങളെ പതിയെ കൈവിരലുകളിൽ എടുക്കും.

ഏത് ഇഷ്..?

അവിടുത്തെ പുത്രനില്ലേ..പുത്രൻ..അവന്റെ പേരാണ് ജിഷ്ണു..അമ്മയ്ക്ക് വാത്സല്യം കൂടുമ്പോൾ വിളിക്കുന്ന പേരാണ് ജിഷ്..ണു വിളിക്കാൻ അവ൪ക്ക് നേരമില്ലാന്ന് തോന്നണു…

എന്നിട്ട്..?

അവൻ മൊബൈലിൽ ഫോട്ടോ എടുത്ത് ഇൻസ്റ്റയിൽ ഇടും..ഞങ്ങൾക്ക് എത്ര ലൈക്ക്സാണ് കിട്ടുക എന്നറിയോ..

നിങ്ങളവിടെ ലൈക്ക്സും നോക്കി നിന്നോ..

പിന്നെ..?

മഴക്കാലത്ത് രാവിലെ ഭാഗ്യലക്ഷ്മി അടുക്കളയിൽ കയറുമ്പോൾ അവിടവിടെ പറന്നുനടന്ന് ശല്യം ചെയ്യണം. കണ്ടിട്ടില്ലേ മഴപ്പാറ്റകൾ വരുമ്പോൾ അവൾ പുറത്തെ ലൈറ്റ് ഓണാക്കിവെച്ച് വാതിലടക്കും. എല്ലാം അതിനുചുറ്റും പറന്ന് ചൂടുതട്ടി ചിറക് കരിഞ്ഞ് പെട്ടെന്ന് തന്നെ യമപുരിയിലേക്ക് യാത്രയാകും.

കൂറകൾ ചോദിച്ചു:

ഞങ്ങൾ എന്താണ് വേണ്ടത് പ്രഭോ..?

നിങ്ങൾ ആ കിച്ചൺസിങ്കിന്റെ ചുവട്ടിൽനിന്ന് ഹിറ്റ് പ്രതീക്ഷിച്ച് കാലം കഴിക്കരുത്..അവളീജന്മം അത്തരം കീടനാശിനി പ്രയോഗിക്കില്ല..

വല്ല പല്ലിയുടേയും വായിൽ പോകാനാണ് ഞങ്ങളുടെ  വിധി..

അതും പറഞ്ഞ് അതുങ്ങൾ തേങ്ങി.

പഴുതാര പറഞ്ഞു:

എന്നെ കണ്ടാൽ മാത്രം ഭാഗ്യലക്ഷ്മി ശ്രീശുകനെ മറക്കും. ചെരിപ്പൂരി അപ്പോൾത്തന്നെ എന്റെ കഥ കഴിക്കും. പ്രത്യേകിച്ച് ആ പുത്രന്റെ മുന്നിലെങ്ങാൻ ചെന്നുപെട്ടാൽ അവൾ ഭദ്രകാളിയെപ്പോലെ എന്റെ കുഞ്ഞിനെ കടിക്കുമോ എന്ന് പേടിച്ച് അറഞ്ചം പുറഞ്ചം അടിച്ചടിച്ച് കൊ.ല്ലും..ഹോ..ഓ൪ത്തിട്ടുതന്നെ ഭയമാകുന്നു…

അപ്പോൾ പിന്നെ നിന്റെ കാര്യം ഓകെ ആയല്ലോ.. പിന്നെ നീയെന്തിനാണ് പരാതി പറയാൻ ഇവരോടൊപ്പം വന്നത്..?

അതുപക്ഷേ…അവരെന്നെ കാണണമെങ്കിൽ എത്ര ദിവസം ഞാൻ തേരാപ്പാരാ നടക്കണമെന്നറിയോ…കാലുകഴച്ചു..

അതെന്തേ..?

എപ്പോഴും മൊബൈലിലല്ലേ കണ്ണ്…പിന്നെയെങ്ങനെയാ എന്നെ കാണുന്നത്..?