നെറ്റ് വർക്ക്‌ ക്ലിയർ ആയി ഡൗൺലോഡ് ആയ ചിത്രം കണ്ടു പെട്ടന്നൊരു ഞെട്ടൽ അവളിലുണ്ടായി

അവിഹിതം – രചന: Aswathy Joy Arakkal

വീട്ടുജോലിയൊക്കെ ഒന്ന് ഒതുക്കി, കുറുമ്പി അമ്മൂസിനേയും ഒരുവിധത്തിൽ ഉറക്കിയിട്ട്…പ്രവാസിയായ ഭർത്താവ് ഹരിയേട്ടനുമായി കൊഞ്ചാൻ ഫോൺ എടുത്തപ്പോഴാണ് വേദ വാട്സ്ആപ്പ് ചെക്ക് ചെയ്യുന്നത്…

ഓരോ തമാശകൾ കണ്ടും, മറുപടി കൊടുത്തും വരുമ്പോഴാണ് പ്ലസ്ടു ക്ലാസ്സ്‌മേറ്റ് നിധിന്റെ പിക്ചർ മെസ്സേജ്…നെറ്റ് സ്ലോ ആയതു കൊണ്ട് പിക്ചർ ഡൌൺലോഡ് ആകുന്നില്ല…പ്ലസ് ടുവിലെ ആത്മാർത്ഥ സുഹൃത്തായിരുന്നു നിധിൻ…എന്തിനും കട്ടക്ക് ഒപ്പം നിൽക്കുന്നവൻ…

പ്ലസ്ടു കഴിഞ്ഞതോടെ ഓരോ തിരക്കുകളിൽ പെട്ടു ആ സൗഹൃദം ഒക്കെ അങ്ങു പോയിരുന്നു. പിന്നെ കുറച്ചു നാളുകൾക്ക് മുന്നേ പ്ലസ്ടു ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആരോ ക്രിയേറ്റു ചെയ്തപ്പോഴാ വീണ്ടും നിധിനുമായിട്ടു അടുക്കുന്നത്…

ഇപ്പൊ പഴേപോലെ എല്ലാം തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്ത്‌ ആണവൻ…ഓരോന്നങ്ങനെ ആലോചിച്ചിരുന്നപ്പോഴേക്കും നെറ്റ് വർക്ക്‌ ക്ലിയർ ആയി.

ഡൗൺലോഡ് ആയ ചിത്രം കണ്ടു പെട്ടന്നൊരു ഞെട്ടൽ അവളിലുണ്ടായി. പൂർണ നഗ്നനായ നിധിന്റെ കുറെ ഫോട്ടോസും…ഒപ്പം എൻജോയ് എന്നൊരു ക്യാപ്ഷനും.

ഈയടുത്താണ് അവന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇനി അവര് തമ്മിൽ കൈ മാറിയ ചിത്രങ്ങൾ തനിക്കു തെറ്റി വന്നതാണോ…? അവൾ ഒരു നിമിഷം സമാധാനിക്കാൻ ശ്രമിച്ചു.

അങ്ങനെ എങ്കിൽ അവനതു ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ടല്ലോ. ഇനി ശ്രദ്ധിക്കാത്തതാകുമോ…? അങ്ങനെ നൂറു സംശയങ്ങൾ മനസ്സിൽ വന്നു കൊണ്ടിരുന്നു. എന്തായാലും ചോദിക്കുക തന്നെ.

ഫോൺ എടുത്തു അവന്റെ നമ്പർ ഡയല് ചെയ്തു. അവളുടെ കാൾ പ്രതീക്ഷിച്ചിരുന്ന പോലെ നിധിൻ ഒറ്റ റിങ്ങിൽ ഫോൺ എടുത്തു.

ഹലോ വേദ…അവൻ ആകാംഷയോടെ വിളിച്ചു…അവൾ ഒന്നും മിണ്ടാതെ നിന്നു. എന്താടോ താൻ ഒന്നും മിണ്ടാത്തത്.

എന്താ നിധിൻ, എന്താ വാട്സാപ്പിൽ കാണുന്നത്…അവൾ സാവധാനം ചോദിച്ചു.

ഒരു കുഞ്ഞിന്റെ അമ്മയായിട്ടും അതു എന്താന്ന് നിനക്ക് മനസ്സിലായില്ലേ…ആട്ടെ നിനക്കിഷ്ടപെട്ടോ…വഷളൻ ചിരിയും പാസ്സ് ആക്കി അവൻ ചോദിച്ചു.

കോപം കൊണ്ടു വിറക്കുകയായിരുന്നു അവൾ. നീ എന്നെ കുറിച്ച് എന്താ നിധിൻ കരുതിയെക്കുന്നെ. ഞാൻ നിന്നെ നല്ലൊരു സുഹൃത്തായിട്ടാ കണ്ടതും…എന്നിട്ട് നീ…ചെ…

ഞാനും അങ്ങനെ തന്നെയാ നിന്നെ കാണുന്നത്. നല്ല സുഹൃത്തുക്കളാകുമ്പോ ഒരാൾ മറ്റേയാളുടെ വിഷമം മനസ്സിലാക്കി പെരുമാറണം. ഒരു വർഷമായി ഭർത്താവ് ഗൾഫിലുള്ള നിന്റെ വിഷമം ഞാൻ മനസ്സിലാക്കേണ്ട. നീ പറ…അവൻ നിർത്താൻ ഭാവമില്ല.

മിണ്ടരുത് നീ…ഒരു നല്ല സുഹൃത്ത്‌ എന്താണെന്നു നിനക്കറിയോ…

നിർത്തു മോളെ നിന്റെ സദാചാര പ്രസംഗം. നീ എത്ര ശീലാവതി ചമഞ്ഞാലും ആണും പെണ്ണും തമ്മിലു ഒരൊറ്റ ബന്ധമേ ഉള്ളു. അതു ഈ ശാരീരികം തന്നെയാ…ബാക്കിയൊക്കെ മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇടലാ…

അവനോടു സംസാരിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോ അവൾ ഫോൺ കട്ട്‌ ആക്കി. കുറച്ചു നേരം ആലോചിച്ച ശേഷം ഫോൺ എടുത്തു ഹരിയേട്ടനെ വിളിച്ചു…ഫോൺ ഉപയോഗം കൂടുതലാണ് തനിക്കെന്നും പറഞ്ഞു എപ്പോഴും വഴക്കാണ് ഹരിയേട്ടൻ. അതുകൊണ്ട് നല്ലൊരു വഴക്ക് പ്രതീക്ഷിച്ചു തന്നെ, പേടിച്ചാണ് എല്ലാം പറഞ്ഞത്.

പൊട്ടിത്തെറിക്കുമെന്നു കരുതിയ ഹരിയേട്ടൻ കൂൾ ആയി ആശ്വസിപ്പിച്ചപ്പോ മനസ്സൊന്നു നേരെ ആയതു. ഇതിനു അവനൊരു മറുപടി നീ തന്നെ കൊടുക്കണം മോളെ…അവൻ ജീവിതത്തിൽ ഇനി ഒരുപെണ്ണിനോടും ഇങ്ങനെ പെരുമാറരുത്. പെണ്ണിന്റെ അന്തസ്സും, അഭിമാനവും എന്താണെന്നു നീ അവനു മനസ്സിലാക്കി കൊടുക്കണം. അതു നിന്നേക്കാൾ എന്റെ വാശിയാ ഇപ്പൊ…

ഹരിയേട്ടനുമായി സംസാരിച്ചപ്പോ എവിടെന്നോ നല്ല ധൈര്യം വന്ന പോലെ…ചിലതൊക്കെ മനസ്സിലുറപ്പിച്ചു തന്നെ ഫോൺ എടുത്തു അവൾ നിധിനെ വിളിച്ചു.

എനിക്കറിയാമായിരുന്നു നീ എന്നെ വിളിക്കും എന്നു. ഉള്ളിലെ സന്തോഷം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു.

എനിക്ക് നിന്നെയൊന്നു കാണണം നിധിൻ. കുറച്ചു സംസാരിക്കാറുണ്ട്…ഉള്ളിലെ അമർഷം പുറത്തു കാണിക്കാതെ തന്നെ വേദ പറഞ്ഞു.

അതിനെന്താ…എപ്പോ വേണമെങ്കിലും കാണാം. ഇപ്പൊ വരാനും ഞാൻ തയാറാണ്. എന്തായിരുന്നു ആദ്യം പെണ്ണിന്റെ എതിർപ്പ്.ഇപ്പൊ കണ്ടില്ലേ…അവൻ വീണ്ടുമാ വഷളൻ ചിരി ചിരിച്ചു.

എങ്കിൽ ശരി, തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയാകുമ്പോ ഞാൻ നെഹ്‌റു പാര്ക്കില് വരാം. നീയാ സമയത്തു തന്നെ എത്തിയാ മതി. അവനുമായുള്ള സംസാരം അധികം നീട്ടികൊണ്ടു പോകാൻ അവൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.

പാർക്കിലോ…? അർത്ഥം വെച്ചൊരു ചോദ്യം അവൻ ചോദിച്ചു.

നീയാദ്യം അവിടെ വാ…ബാക്കി നമുക്കാലോചിച്ചു തീരുമാനിക്കാം എന്ന മറുപടി ചില്ലറയൊന്നും അല്ല അവനു പ്രതീക്ഷകൾ നല്കിയതെന്ന് അവൾക്ക് അറിയാമായിരുന്നു…

ഒരുദിവസത്തെ ലീവ് പോയാലും വേണ്ടില്ല എന്നു കരുതി ഓഫീസിലു വിളിച്ചു ലീവും പറഞ്ഞു, തീരുമാനിച്ച സമയത്തിലും നേരത്തെ അവൻ അവിടെ എത്തി…കുറച്ചു സമയത്തിനുള്ളിൽ വേദയും വന്നു.

ഇതൊക്കെ തെറ്റല്ലേ നിധിൻ, ഞാനെന്റെ ഹരിയേട്ടനെ ചതിക്കല്ലേ…വേദ അവനോടു ചോദിച്ചു.

എന്തു തെറ്റ്…അയാളുമെവിടെ ഇതു പോലെ അടിച്ചുപൊളിക്കായിരിക്കും. നീയും ഒരു സ്ത്രീയല്ലേ…നിനക്കുമില്ലേ വികാരങ്ങൾ…അതു മനസ്സിലാക്കാത്തവനോട് തെറ്റ് ചെയ്തുന്ന കുറ്റബോധം ഒന്നും നിനക്ക് വേണ്ട…അല്ലെങ്കിൽ തന്നെ നമ്മുടെ സന്തോഷങ്ങൾക്കു ചെയ്യുന്ന ഇത്തരം ചെറിയ തെറ്റുകളൊന്നും അത്ര പാപമൊന്നും അല്ല. അവൻ ആവേശം കൊണ്ടു.

പെട്ടന്നാണവന്റെ കണ്ണുകൾ മുന്നിലെ ബെഞ്ചിലിരിക്കുന്ന സ്ത്രീയിലേക്കും പുരുഷനിലേക്കും പോയത്. ഒരുനിമിഷം കൊണ്ട് ശൃംഗാരം നിറഞ്ഞ അവന്റെ മുഖം ചുവന്നു തുടുക്കന്നത് അവൾ കണ്ടു.

ഉമേടത്തി…അവരപ്പോ എന്റെ ഏട്ടനെ ചതിക്കായിരുന്നല്ലേ…അവരെ ഞാനിന്നു…അവൻ പിറുപിറുത്തു.

എന്തു പറ്റി നിധിൻ നിനക്കെന്ന അവളുടെ ചോദ്യം പോലും അവൻ ഗൗനിച്ചില്ല. ചാടി ചെന്നവൻ ആ സ്ത്രീയുടെ ഒപ്പമിരുന്ന യുവാവിന്റെ കോളറിൽ പിടുത്തമിട്ടു തല്ലാൻ തുടങ്ങി. പിറകിൽ നിന്നാരോ ഷോള്ഡറില് പിടുത്തമിട്ടപ്പോഴാണ് അവൻ തിരിഞ്ഞു നോക്കിയത്.

മഹിയെട്ട…അതു…ഞാൻ…അവൻ ഒന്നും മനസ്സിലാകാത്തത് പോലെ അന്ധാളിച്ചു നോക്കി. അവനു മറുപടി കൊടുത്തത് വേദയായിരുന്നു. നീ എന്തു കരുതി നിധിൻ, നിന്നെ ഞാൻ വിളിച്ചു വരുത്തിയത് നിന്റെ കൂടെ കിടക്കാൻ കൊതിച്ചിട്ടാണെന്നോ…അന്തസ്സുള്ള സ്ത്രീകളെ നീ കണ്ടിട്ടില്ല…അതാണ് നിന്റെ കുഴപ്പം…

ഒന്നല്ല പത്തുവർഷം ഹരിയേട്ടനെ പിരിഞ്ഞിരുന്നാലും, അദ്ദേഹത്തിന് വേണ്ടി പരിശുദ്ധയായി കാത്തിരിക്കാൻ എനിക്ക് പറ്റും…കാരണം കാമമല്ല സ്നേഹമാണ് ഞങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നതു. എന്നെ തെറ്റ് ചെയ്യിക്കാൻ എന്തായിരുന്നു നിന്റെ ഉത്സാഹം…

ഇപ്പൊ നിന്റെ ഏടത്തിയമ്മയെ ഇങ്ങനെ കാണുമ്പോൾ സഹിക്കുന്നില്ല അല്ലേ…അല്ലെങ്കിലും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾക്കെന്തെങ്കിലും വന്നാലല്ലേ നിങ്ങൾക്കൊക്കെ വേദനിക്കുള്ളു. ബാക്കിയുള്ളവരൊക്കെ എന്തുമായിക്കോട്ടെ അല്ലേ…?

ആണും, പെണ്ണും തമ്മിലുള്ള ബന്ധം ശാരീരികം മാത്രമാണെന്നല്ലേ നീ പറഞ്ഞത്. നിന്റെ അമ്മയുമായി നിനക്കുള്ള ബന്ധം എന്താണ് നിധിൻ…? ഈ ഉമേട്ടത്തി നിന്റെ ആരാണ്…? നിന്റെ ഏട്ടന്റെ രണ്ടു പെണ്മക്കൾ…? മതി…വേദ…പ്ലീസ്‌…നിർത്തു…ചെവിപൊത്തികൊണ്ടാവൻ നിലത്തിരുന്നു.

ആത്മാവിൽ തൊട്ട നല്ല സുഹൃത്തുക്കളാകാനും ആണിനും, പെണ്ണിനും പറ്റും നിധിൻ. അതിനു തെളിവാണ് ഇവൻ, അരുൺ. നീ വിചാരിച്ച നിന്റെ ഏടത്തിയുടെ കാമുകൻ. ഇവൻ എന്റെ ഉറ്റ ചങ്ങാതിയാണ്. എന്തിലും ഒപ്പം നിൽക്കുന്നവൻ.

നിന്നെ ഒരു പാഠം പഠിപ്പിക്കണമെന്നുണ്ടായിരുന്നു. അതിനു വേണ്ടി തന്നെയാണ് ഇവരെയൊക്കെ ഇതറിയിച്ചതും ഇങ്ങനൊരു നാടകം കളിച്ചതും. ഭർത്താവ് മരിച്ചിട്ടും രണ്ടാണ്മക്കളെ വളർത്തി ഇത്രയും ആക്കിയ ആ പാവം അമ്മ ഇതറിയണ്ടാന്നു തോന്നി അതാ ഞാൻ പോലീസിനെ അറിയിക്കാഞ്ഞേ…അവരെ വിഷമിപ്പിക്കാതിരിക്കാൻ മാത്രം…

സ്ത്രീകളെ ഈ കണ്ണിലൂടെ മാത്രം കാണുന്ന നീ…ചെറിയാച്ചാ എന്നു വിളിച്ചു നടക്കുന്ന എന്റെ മക്കളെ എങ്ങനെയാടാ…ചോദ്യം മുഴുവനാക്കാതെ മഹിയെട്ടൻ നിന്നു വിതുമ്പി. അധികമൊന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു…

കാരണം എനിക്കറിയാമായിരുന്നു…മഹിയേട്ടൻ ചോദിച്ച ആ ഒരൊറ്റ ചോദ്യം മതി അവനെ മനുഷ്യനാക്കാൻ എന്നു. അതു തറഞ്ഞതു അവന്റെ മനസ്സിലാണെന്നു. അതുകൊണ്ട് തന്നെ ഇനി ഒരൊറ്റ സ്ത്രീയെയും തെറ്റായി കാണാൻ അവനു സാധിക്കില്ലെന്ന്….

അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുമല്ലോ…?