അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞിട്ടായിരിക്കണം അയാൾ കണ്ണുതുറന്ന് എന്നെ നോക്കി…

രചന : തൂലിക

:::::::::::::::::::

ഇന്നും പതിവുപോലെ അയാൾ ഷോപ്പിൽ വന്നു. എന്നും ചെയ്യുന്ന കാര്യങ്ങൾ തന്നെ ചെയ്യാൻ തുടങ്ങി. ഓരോ സാധനങ്ങളും കൈയിലെടുത്ത് പരിശോധിച്ചതിനു ശേഷം വില നോക്കും. രണ്ട് നിലകളും സന്ദർശിച്ചിട്ട് മടങ്ങിപോകും. പക്ഷെ അയാളിതുവരെ ഒന്നും വാങ്ങിയിട്ടില്ല.

അയാളുടെ വേഷവും രൂപവുമെല്ലാം എന്നിൽ കൗതുകമുണർത്തി. നിറം മങ്ങിയ, അങ്ങിങ്ങ് കീറിത്തുടങ്ങിയ ഒരു ഫുൾകൈ ഷർട്ടും പാന്റുമാണ് വേഷം. ആ ഷർട്ട് വെള്ളം കണ്ടിട്ട് കാലങ്ങളായി എന്നെനിക്ക് തോന്നി. ഇതേ വേഷത്തിൽ മാത്രമേ അയാളെ ഞാൻ കണ്ടിട്ടുള്ളു. ഒരുപാട് വളർന്ന താടിയും മുടിയും കണ്ടാൽ ഒരു ഭ്രാ ന്തനെപ്പോലെ തോന്നും.

“മാസത്തിൽ പകുതി ദിവസവും ഇയാളിവിടെ വരാറുണ്ടല്ലോ പക്ഷെ ഒന്നും വാങ്ങീട്ടില്ല അല്ലെ?”

“ഈ മനുഷ്യന് ഭ്രാന്താണെന്നാ തോന്നുന്നത്. ദിവസവും വരും പക്ഷെ ഒന്നും വാങ്ങില്ല. എന്തിനാണാവോ അയാൾ വരുന്നത്. കണ്ടാലും ഭ്രാ ന്തനെ പോലെ.” രാകേഷിന്റെ വാക്കുകളിൽ ആ മനുഷ്യനോടുള്ള ദേഷ്യം കാണാം.

“നമ്മളൊന്നും പറയാൻ പോവണ്ട. കസ്റ്റമർ ആണ് കിംഗ് എന്നൊക്കെയല്ലേ ഓണർ പറയുന്നേ, നമ്മളിവിടുത്തെ സെയിൽസ്മാൻ അല്ലെ. ഈ പറയുന്നത് അങ്ങേര് കേട്ടിട്ട് ഓണറിനോട് ചെന്ന് പറഞ്ഞാൽ തീർന്നു. നീ ഫസ്റ്റ് ഫ്ലോറിലോട്ട് പോയെ അവിടെ സുമി ഒറ്റക്കാ” ദിനേശ് പറഞ്ഞു.

“എന്നാലും വല്ലാത്ത മനുഷ്യൻ തന്നെ. അറുപിശുക്കൻ ആണെന്ന് തോന്നുന്നു” ഞാൻ പറഞ്ഞത് കേട്ട് അതെ എന്ന ഭാവത്തിൽ ദിനേശ് തലകുലുക്കി.

“സർ എന്താണ് വേണ്ടത്. എന്തെങ്കിലും സഹായം?” ഓരോ ഉത്പന്നങ്ങളും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന അയാളുടെ അരികിൽ ചെന്ന് ഞാൻ ചോദിച്ചു.

ഒരു മങ്ങിയ ചിരിയോടെ ഒന്നും വേണ്ട എന്നയാൾ ആംഗ്യം കാണിച്ചു.

പിന്നീട് ഞാനയാളെ ശ്രദ്ധിക്കാൻ പോയില്ല. കുറച്ചുനേരം കൂടി അവിടെ നിന്നതിനു ശേഷം അയാൾ പോയി.

ഷോപ്പ് അടച്ചതിന് ശേഷം ഞങ്ങൾ പോകാനായി ഇറങ്ങി.

“അപ്പൊ ശരി മനു നാളെ കാണാം” രാകേഷ്

“ഓക്കേ ഡാ”

ബൈക്കിൽ കുറച്ചു ദൂരം പിന്നിട്ട് കഴിഞ്ഞപ്പോഴാണ് മഴ പെയ്തത്. മഴയുടെ ശക്തി കൂടിയപ്പോൾ ഒരു ബസ് സ്റ്റോപ്പിൽ കയറി നിന്നു. പൊള്ളുന്ന ചൂടിന് ഒരാശ്വാസമായിരുന്നു ആ മഴ. എതിർവശത്തുള്ള കടത്തിണ്ണയിൽ ഇരിക്കുന്ന ആളിലേക്ക് എന്റെ ശ്രദ്ധ പോയി. കോരിച്ചൊരിയുന്ന മഴയത്ത് കടത്തിണ്ണയിലെ സിമന്റ് തറയിൽ ഒരു കീറത്തുണി വിരിച്ച് കിടക്കുന്ന മനുഷ്യൻ. മഴത്തുള്ളികൾ അയാളുടെ ശരീരത്തിൽ പതിക്കുന്നുണ്ട്. അടുത്തായി ഒരു ഭാണ്ഡവും ഉണ്ട്.

മഴ അതിന്റെ പെയ്ത്ത് അവസാനിപ്പിച്ചപ്പോൾ ഞാൻ പോകാനായി ഒരുങ്ങി. കടത്തിണ്ണയിലേക്ക് ഒരിക്കൽ കൂടി നോക്കിയപ്പോൾ അവിടെയുള്ള ബൾബിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം എനിക്ക് വ്യക്തമായി. കടയിൽ കണ്ട അതേ മനുഷ്യൻ!

ഞാൻ അയാളുടെ അരികിലേക്ക് നടന്നു. അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞിട്ടായിരിക്കണം അയാൾ കണ്ണുതുറന്ന് എന്നെ നോക്കി.

“ഇന്ന്…ഷോപ്പിൽ…” അയാൾ മെല്ലെ എഴുന്നേറ്റിരുന്നു. എന്നെ സൂക്ഷിച്ചു നോക്കിയതിനുശേഷം മനസ്സിലായത് പോലെ ചിരിച്ചു.

“ഞാനാണ് വന്നത്” അയാളുടെ മറുപടി എനിക്ക് വിശ്വസിക്കാൻ ആവുന്നില്ലായിരുന്നു.

“അല്ല… ഇവിടെ?” ഇതുപോലൊരു സ്ഥലത്ത് എനിക്കയാളെ സങ്കൽപ്പിക്കാൻ സാധിക്കുന്നില്ലായിരുന്നു.

“കിടക്കാൻ സ്വന്തമായൊരു വീടില്ലാത്തവൻ പിന്നെവിടെ കിടക്കും” ചിരിച്ചുകൊണ്ടാണ് അയാളത് പറഞ്ഞതെങ്കിലും എനിക്കതൊരു ഷോക്ക് ആയിരുന്നു.

“നിങ്ങളുടെ കടയിൽ നല്ല തണുപ്പാ. നട്ടുച്ചക്ക് ചൂട് സഹിക്കാൻ പറ്റാതാവുമ്പോ നിങ്ങടെ കടയിലെ തണുപ്പ് ഒരാശ്വാസമാ” ചിരി മായാതെ തന്നെ അയാൾ പറഞ്ഞു.

“അപ്പൊ…അതിന് വേണ്ടിയാണോ നിങ്ങൾ…”

“പല കടകളിലും കയറും… ചിലരൊക്കെ ആട്ടിപ്പായിക്കും. ആരുടെയെങ്കിലും കൃപ കൊണ്ട് വല്ലതും കിട്ടിയാ എന്നെപ്പോലെ തെരുവിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കും കൂടി കൊടുക്കാമല്ലോ.” അയാൾ ചിരിയോടെ പറഞ്ഞു.

“ചേട്ടന്റെ പേരെന്താ? നാടെവിടാ? ഇന്നിട്ട ഡ്രെസ്സൊക്കെ…” ഒറ്റശ്വാസത്തിൽ ഞാനത് ചോദിച്ചു.

“ഒരു പേരെനിക്കുണ്ടെന്ന് ഞാൻ മറന്നുപോയി. ആരുമെന്നേ പേര് വിളിച്ചിട്ടില്ല. എല്ലാവർക്കും സ്വന്തമായി ഒരു പേരെങ്കിലും കാണും എനിക്കതുമില്ല…ഹാ ഹാ ” അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

“ജനിച്ച സ്ഥലമാണെങ്കിൽ എനിക്കറിയില്ല. പല സ്ഥലങ്ങളിൽ പോയി പല ജോലികൾ ചെയ്തു. അമ്മയേക്കണ്ട ഓർമ ഇല്ല. അപ്പനും ഞാനും ഒരുമിച്ചായിരുന്നു തെണ്ടുന്നത്. വല്ലതുമൊക്കെ കിട്ടും. എന്നാലും പട്ടിണി ആയിരുന്നെന്നെ… വിശപ്പ് തീരെ സഹിക്കാൻ പറ്റാതെ വരുമ്പോൾ അപ്പൻ വല്ലതും കട്ടോണ്ട് വരും. ഒടുവിൽ നാട്ടുകാർ കണ്ടുപിടിച്ചു; ഞങ്ങളെ ഓടിച്ചു. ആക്രി പെറുക്കിയും തെണ്ടിയും ഒക്കെ ജീവിച്ചു. അതിനിടക്കാ അപ്പന് അസുഖം വരുന്നേ… കൈയിലെവിടുന്നാ പൈസ. പതിനാല് വയസ്സായിരുന്നു അപ്പൻ മരിക്കുമ്പോ. ഒടുവിൽ ഒരു ചായക്കടയിൽ പാത്രം കഴുകുന്ന ജോലി കിട്ടി. കഴിക്കാൻ വല്ലതും കിട്ടുന്നതുകൊണ്ട് ആട്ടും തുപ്പും സഹിച്ചാണെങ്കിലും അവിടെ നിന്നത്. പിന്നീട് അവിടെ നിന്നും പറഞ്ഞുവിട്ടു. ഞാൻ ചെയ്യാത്ത പണികളില്ല. ഒടുവിലൊരു വലിയ മനുഷ്യന്റെ കാരുണ്യം കൊണ്ട് അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഒരു തൂപ്പ്കാരനായി ജോലി കിട്ടി. കിടക്കാനൊരു സ്ഥലം കിട്ടി. എനിക്കാ ഷർട്ടും പാന്റുമൊക്കെ തന്നത് ആ മനുഷ്യനാ…” അയാളുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായിരുന്നു.

“പിന്നെയെന്താ… ഇപ്പോഴിവിടെ?”

“അദ്ദേഹം മരിച്ചപ്പോൾ മക്കളെന്നെ പുറത്താക്കി. എന്നോട് സ്നേഹത്തോടെ പെരുമാറുന്നതൊന്നും അവർക്കിഷ്ടമല്ലായിരുന്നു.”

“വേറെ ജോലിയൊന്നും നോക്കിയില്ലേ?”

“കുറേ അലഞ്ഞെന്നെ. എവിടെയും സ്ഥിരമായില്ല… പിന്നീടെനിക്കും മതിയായി. ഇപ്പൊ കിടക്കാനൊരു സ്ഥലം ഇല്ലാത്തത് കൊണ്ട് കടത്തിണ്ണയിലാ കിടപ്പ്.”

അയാളോട് എന്താ പറയേണ്ടത് എന്നെനിക്കറിയില്ലാരുന്നു. രാവിലെ അയാളെ കളിയാക്കിയതോർത്ത് എന്നിൽ കുറ്റബോധം നിറഞ്ഞു.

തിരികെ പോയപ്പോൾ എന്റെ ബൈക്കിന്റെ പുറകിലത്തെ സീറ്റ് ഒഴിഞ്ഞായിരുന്നില്ല കിടന്നത്.

(അവസാനിച്ചു)