നിനക്കറിയാഞ്ഞിട്ടാ നീ ഇവിടെ ഇല്ലല്ലോ. ഈ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന പെൺപിള്ളേർ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങള്…

ഹോസ്റ്റലിലെ പെൺകുട്ടികൾ…

രചന: പ്രവീൺ ചന്ദ്രൻ

::::::::::::::::::::::::

“ഹായ് അജൂ നീ എന്താ ഇവിടെ?” പഴയൊരു സുഹൃത്തിനെ അവിചാരിതമായി കണ്ട സന്തോഷത്തിൽ വിനീത് അവന്റെ അടുത്തേക്ക് നടന്നു…

“ഹായ് വിനൂ…വാട്ട് എ സർപ്രൈസ്.. എത്ര നാളായെടാ കണ്ടിട്ട് നീ ഇവിടെയാണോ താമസം?”

“അതേടാ.. ആ കാണുന്നതാ എന്റെ ഭാര്യ വീട്.. നീയാകെ കൊ ഴുത്തല്ലോ? എന്നാടാ വന്നത്?”

“ഉവ്വവ്വേ.. നീയാ മോശം പോ ത്തിനെപ്പോലെ യായിട്ടുണ്ട്.. ഞാൻ രണ്ടാഴ്ച്ചയായടാ”

“ആണോ.. പിന്നെ എന്തൊക്കെയുണ്ടടാ.. എന്താ ഇവിടെ കാര്യം?”

“ഒന്നും പറയണ്ടടാ.. പെണ്ണന്വേഷിച്ച് നടന്ന് മടുത്തു..ജാതകം ചേരേണ്ടെ.. ലീവ് ആണേൽ തീരാറുമായി..ഇപ്പോ ദാ ആ വീട്ടിലൊരു പെണ്ണുകണ്ട് മടങ്ങുന്ന വഴിയാ..ഇത്രയും നോക്കിയതിൽ ഇതാ പൊരുത്തമുളളത്… അമ്മയ്ക്കും അച്ഛനുമെല്ലാം നേരത്തെ ഇഷ്ടമായിരുന്നു.. ഇപ്പോൾ എനിക്കും.. ” അവൻ വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞത്..

അത് കേട്ടതും വിനീതിന്റെ മുഖം ഇരുണ്ടു..

“ഏതാ ആ ബാംഗ്ലൂരിൽ പഠിക്കുന്ന കുട്ടിയോ?”

“അതെ.. നിനക്കറിയോ?”

“അത് വേണോടാ.. ഒന്ന് കൂടെ അന്വേഷിച്ചിട്ട് മതീന്നാ എന്റെ ഒരു അഭിപ്രായം..” വിനീതിന്റെ ആ ഉപദേശം അജുവിനെ ആകെ ടെൻഷനിലാക്കി..

“എന്താടാ.. എന്താ അവൾക്ക് പ്രശ്നം? എനിക്ക് പ്രശ്നമൊന്നും തോന്നിയില്ലല്ലോ” അവൻ ആകാംക്ഷയോടെ ചോദിച്ചു..

“ഒന്നുമില്ലെടാ.. അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടിയല്ലേ? “

“അതിനെന്താടാ കുഴപ്പം?” അജുവിന് ആശ്ചര്യമായി..

“അത്.. നിനക്കറിയാഞ്ഞിട്ടാ നീ ഇവിടെ ഇല്ലല്ലോ. ഈ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന പെൺപിള്ളേർ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങള് പല വീഡിയോസും വഴി നമ്മൾ കാണുന്നതാ.. പിന്നെ ഇവള്മാരൊക്കെ പെ ഴ യാടാ.. പലരും പൈസക്ക് വേണ്ടി എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്..”

വിനീതിന്റെ അഭിപ്രായത്തോട് പക്ഷെ അജുവിന് അത്ര യോചിപ്പുണ്ടായിരുന്നില്ല…

“ചിലരങ്ങനെയാണ് എന്ന് വച്ച് എല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ? എത്രയോ നല്ല പെൺകുട്ടികളുണ്ട്.. എല്ലാവരേയും ഒരേ കണ്ണിൽ കാണുന്നത് ശരിയല്ലല്ലോ?”

“ഞാൻ പറയാനുളളത് പറഞ്ഞു.. ഇനി നിന്റെ ഇഷ്ടം.. അവൾക്ക് വന്ന കുറെ കല്ല്യാണ ആലോചനകൾ മുടങ്ങിയതിന് കാരണം അതാണ്.. പൊതുവെ ഹോസ്റ്റലിൽ നിൽക്കുന്ന വരെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല!..”

അജു ചിരിച്ച് കൊണ്ട് പറഞ്ഞു..

“എടാ.. അവളെ എനിക്കിഷ്ടപ്പെട്ടു.. അവളൊരു ചീത്തകുട്ടിയാണെന്ന് എനിക്ക് തോന്നുന്നില്ല.. അവളെ ഞാൻ കെട്ടാൻ തീരുമാനിച്ചു.. നാശാവണമെന്ന് ഒരു പെണ്ണ് വിചാരിച്ചാൽ അതിന് ഹോസ്റ്റലൊന്നും വേണ്ട നാല് ചുമരുകൾ തന്നെ ധാരാളം എന്നാണ് എന്റെ വിശ്വാസം..പിന്നെ വീട്ടിൽ നിന്ന് പഠിച്ചവരെല്ലാം നല്ലവരാണോ? ഇനി കല്ല്യാണം കഴിഞ്ഞതിന് ശേഷം വഴിതെറ്റുന്ന എത്രയോ പേരുണ്ട്.. മാറേണ്ടത് ഈ ദുഷിച്ച ചിന്താഗതിയാണ്.. നല്ല പെണ്ണുങ്ങൾ എവിടെപ്പോയാലും ഏത് സാഹചര്യത്തിലായാലും ചീത്തയാവില്ല.. എന്തായാലും കല്ല്യാണത്തിന് ഞാൻ വിളിക്കും നീ കുടുംബത്തോടെ വരണം.. പോട്ടെടാ” വിനോദിന് ഒരു ഷെയ്ക്ക്ഹാന്റും കൊടുത്ത് അവൻ നടന്നകന്നു…

“എന്താ ഏട്ടാ ഇവിടെ നിൽക്കുന്നത് ആരാ അത്? വിനോദിന്റെ ഭാര്യയായിരുന്നു അത് ചോദിച്ചത്..

“അത്.. എന്റെ ഒരു ഫ്രണ്ടാടീ”

“പിന്നെന്താ വീട്ടിലേക്ക് വിളിക്കാഞ്ഞത്?” അവളാശ്ചര്യത്തോടെ ചോദിച്ചു..

“എന്ത് പറയാനാടീ അവനാ ദിവാകരേട്ടന്റെ മോളെ കല്ല്യാണം കഴിക്കാൻ പോവാത്രെ.. ഞാൻ കാര്യം പറഞ്ഞിട്ടും അവന് മനസ്സിലായിട്ടില്ല..ഹാ.. അനുഭവിക്കട്ടെ!”

“ആരെ ദിവ്യയെയോ..ഹഹ.. നന്നായി.. ആ ചെക്കന്റെ കഷ്ടകാലം..”

രണ്ട് പേരും ചിരിച്ച് കൊണ്ട് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവളുടെ കാമുകന്റെ മെസ്സേജുകൾ ഇൻബോക്സിൽ വന്നത് അവൻ ശ്രദ്ധിക്കാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു…