ബന്ധങ്ങള്‍ – രചന: NKR മട്ടന്നൂർ
ഞാന്‍ കാപ്പിയുമായ് അച്ഛനരികിലേക്ക് പോയി. വെറുതേ ആവും ഇന്നും പോവുന്നത്..
അതുപോലെ അച്ഛന്‍ ഇന്നും കാപ്പി കുടിക്കാതെ ഇറങ്ങി. സങ്കടത്താല്‍ കണ്ണുകള്‍ നിറഞ്ഞു. മൂന്നു നാളായ് അച്ഛനെന്‍റെ മുഖത്ത് നോക്കിയിട്ട്…
ഒരക്ഷരം മിണ്ടാറില്ല…അമ്മയോടും ആവശ്യത്തിന് മാത്രാ സംസാരിക്കുന്നത്…കാര്യം എന്താണെന്ന് വെച്ചാല്‍ എനിക്കൊരാളോട് ഇഷ്ടമാണ്…അച്ഛനോട് അക്കാര്യം ആരോ പറഞ്ഞു കൊടുത്തു…എന്തൊക്കെയാവും പറഞ്ഞു കൊടുത്തത് എന്നെനിക്കറിയില്ല…
പക്ഷേ അന്ന് രാത്രി വന്നപ്പോള്‍ ഒരു ചോദ്യം മാത്രേ എന്നോട് ചോദിച്ചുള്ളൂ…
ആ മൊബൈല്‍ ഷോപ്പിലെ ദേവനും നീയും തമ്മില്‍ എന്താ ബന്ധമെന്ന്….?
അവനും ഞാനും ഇഷ്ടത്തിലാണ്. അച്ഛനോട് ഒന്നും ഒളിച്ചു വെയ്ക്കാനറിയാത്തതിനാല്‍ എല്ലാം തുറന്നു പറയുമായിരുന്നു. ഓരോ ചോദ്യത്തിനും അപ്പപ്പോള്‍ തന്നെ ഉത്തരം പറയാറുള്ള ഞാന്‍ ഒന്നു പതറി…
ഒരു മൂകാനുരാഗമായിരുന്നു അതെങ്കിലും ആരോ അതു കണ്ടു പിടിച്ചു. ഞാന്‍ പേടിച്ചതു പോലെ തന്നെ സംഭവിച്ചു.
രാവിലെ ജോലിക്കു പോവുമ്പോള്‍ എന്‍റെ കയ്യീന്ന് ഒരു കപ്പ് കാപ്പി നിര്‍ബന്ധമായിരുന്നു അച്ഛന്. വൈകിട്ട് വരുമ്പോഴും എന്നെ കാണണം എന്നും. ഒരു ഗ്ലാസ് ചായയും എന്തേലും പലഹാരവുമായ് ഞാനെന്നും കാത്തിരിക്കാറുണ്ട് അച്ഛനെ.
അച്ഛന് ടൗണിലൊരു ബേക്കറിയിലാ ജോലി. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു വരെ. എന്നും എനിക്കൊരു പലഹാര പൊതിയുമായേ വരാറുള്ളൂ അച്ഛന്‍. അച്ചൂ എന്നാ വിളിക്കുക. അര്‍ച്ചന ലോപിച്ച് അച്ചു ആയതാ. എങ്കിലും എല്ലാവരോടും എന്‍റെ അര്‍ച്ചന എന്നേ പറയൂ…അച്ഛന്‍റെ ഇഷ്ടത്തിന് വിളിച്ചതാ ആ പേര്.
ഇന്നു മുതല്‍ പഠിക്കാനുള്ള അവധിയാ, ക്ലാസ്സില്ല. അടുത്താഴ്ച പരീക്ഷ തുടങ്ങുകയാ. ഒന്നും ഉണ്ടായിട്ടായിരുന്നില്ല, ദേവേട്ടനെ രണ്ടു വര്‍ഷമായ് കാണുന്നുണ്ട്…
ആ ഏട്ടനൊരു മൊബൈല്‍ ഷോപ്പ് നടത്തുകയാ…ഏട്ടന്‍റെ അയല്‍ക്കാരിയും കുടുംബവും എന്‍റെ കോളജിലെ കൂട്ടുകാരിയുമായ ഹേമയാണ് എല്ലാത്തിനും കാരണം. ഒരായിരം വട്ടം മടക്കി അയച്ചതാ ആ പ്രണയ ദൂത്…എന്നിട്ടും പിറകേ തന്നെ കൂടിയതാ ദേവേട്ടനും ഹേമയും…
അച്ഛനും അമ്മയും മകനും മാത്രാ വീട്ടില്‍. ഇരുപത്തഞ്ച് വയസ്സായി ദേവേട്ടന്…ഞാനിത് ഡിഗ്രി അവസാന വര്‍ഷമാ…എന്തു പറഞ്ഞിട്ടും എത്ര ആട്ടിയോടിച്ചിട്ടും ദേവേട്ടന് ഈ അര്‍ച്ചനയെ മതി…അവളെ മാത്രേ വിവാഹം ചെയ്യൂന് ശപഥമെടുത്തൂന്നാ ഹേമ പറയുന്നത്.
അതുപോലൊരു കുട്ടിയെ ഈ കാലത്തു കിട്ടില്ലാന്നും പറഞ്ഞു പോലും…എന്താണാവോ ഈ അര്‍ച്ചനയില്‍ ഇത്ര മേന്‍മ എന്നു ചോദിച്ചു കളിയാക്കി പെണ്ണ്…എന്നിട്ടെന്‍റെ കണ്ണുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു…നിനക്കെന്തോ ഒരു ‘ ഇത് ‘ഉണ്ട്…
ആര്‍ക്കും വെറുക്കാനോ മറക്കാനോ സ്നേഹിക്കാതിരിക്കാനോ കഴിയില്ല നിന്നെ….
ദേവേട്ടന് യാതൊരു ദുഃസ്വഭാവമോ അനാവശ്യ കൂട്ടുകൂടലോ ഇല്ലായിരുന്നു…അതും ഒരു ദോഷമാണോ ഈ കാലത്ത്…അങ്ങനേയാ ഹേമ പറയുക…അല്‍പം മദ്യപാനവും വല്ലപ്പോഴുമൊരു സിഗരറ്റൊക്കെ പുകയ്ക്കണംന്ന്.
അവള്‍ക്കിട്ടൊരു നുള്ളു കൊടുത്തിട്ട് പറഞ്ഞതാ, നല്ലവരേയൊക്കെ നീ മോശമാക്കാന്‍ നടക്കുവാണോന്ന്…അതിലവള്‍ പിടിച്ചു കേറിയതാ…പതിയെ പതിയെ മനസ്സങ്ങോട്ട് ചാഞ്ഞു തുടങ്ങി.
കോളജില്‍ പോയി വരുമ്പോള്‍ എന്നും കാണുന്നതാ കൂടുതല്‍ പ്രശ്നമായത്. നല്ല സുന്ദരമായ ആ മുഖത്തേക്ക് അറിയാതെ കണ്ണുകള്‍ പാഞ്ഞു തുടങ്ങിയത് എന്നാണെന്നറിയില്ല…ആ കണ്ണുകളിലേക്ക് നോക്കി മനസ്സു പുഞ്ചിരി പൊഴിച്ചതും ഞാനറിഞ്ഞില്ല…
വെള്ളിയാഴ്ച വൈകിട്ട് ആ ഷോപ്പിലേക്ക് അവളെന്നേയും കൂട്ടി പോവാനും തുടങ്ങിയതോടെയാവും ആരെങ്കിലും ശ്രദ്ധിച്ചു തുടങ്ങിയതും പരദൂഷണമായ് നാട്ടില്‍ പാട്ടായതും…കുറേ വായ്നോക്കികള്‍ക്കിടയിലൂടെ ദേവേട്ടനെ മാത്രം നോക്കിയതാവും പാരയായ് മാറിയത്.
ദേവേട്ടനോട് പറഞ്ഞിട്ടുണ്ട്, പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് വരാന്‍, പെണ്ണു ചോദിക്കാന്‍…അത് സമ്മതിച്ചതായാരുന്നു. പിന്നെ വളരേ ശ്രദ്ധിച്ചിരുന്നെങ്കിലും ആരോ അച്ഛനോട് അറിഞ്ഞു തന്നെ പറഞ്ഞു കൊടുത്തതാ…
എനിക്ക് എന്‍റെ അച്ഛനോളം വലുതൊന്നുമല്ല ദേവേട്ടന്‍…അച്ഛന്‍ മിണ്ടാതെ നടക്കുമ്പോള്‍ ഒന്നിനും ഒരു ഉന്‍മേഷം തോന്നുന്നില്ല…
അമ്മ വന്നു നോക്കുമ്പോള്‍ ഞാന്‍ പുതപ്പിനടിയിലായിരുന്നു…
എടീ, നീ പഠിക്കാതെ കിടന്നുറങ്ങുകയാണോ…? അച്ഛനിങ്ങു വരട്ടെ ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്…
ങ്ഹാ…ഇനി അതും കൂടി പറയാത്തതിന്‍റെ കുറവേ ഉള്ളൂ…! ഇപ്പോള്‍ തന്നെ ഇങ്ങനെ ഒരു മകളുണ്ടെന്ന പരിഗണനയില്ല. ഇനി വൈകിട്ട് വന്നു ശകാരിക്കുക കൂടി ചെയ്താല്‍…
വേഗം പുസ്തകം തുറന്നു അതിനു മുന്നിലിരുന്നു. അച്ഛന്‍ മിണ്ടാതെ പോയതിനാല്‍ ഒന്നും കഴിക്കാനും തോന്നിയില്ല. കിടന്നു വൈകിട്ട് തന്നെ…കുളിച്ചതുമില്ല…മുടി ഒതുക്കി വെച്ചതുമില്ല.
വീട്ടില്‍ മൂന്നു ദിവസമായ് വല്ലാത്തൊരു മൂകതയാ. വാ തോരാതെ കലപില വര്‍ത്താനങ്ങളുമായ്…എന്നും ചിരിയും കളിയുമായ് എത്ര സന്തോഷത്തോടെ കഴിഞ്ഞൊരു വീടായിരുന്നു ഇത്…!
അച്ഛന്‍ വരുമ്പോഴും ഞാന്‍ പുതപ്പിനുള്ളില്‍ തന്നെയായിരുന്നു. അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എല്ലാത്തിനും ഒരു മൂളല്‍ മാത്രം കേള്‍ക്കാം. പോയി ആ കാലു പിടിച്ചു കരയണമെന്ന് തോന്നി.
മാപ്പ് പറയാം അച്ഛന് ഇഷ്ടമല്ലെങ്കില്‍ മറക്കാം ഞാനാ ഏട്ടനെ…എന്നാലും ഈ അവഗണന തരുന്ന വേദന സഹിക്കാന്‍ വയ്യാ…
ഉമ്മറത്തെ ചാരു കസേരയില്‍ ഉണ്ടായിരുന്നു അച്ഛന്‍…അച്ഛാ…വിളി കേട്ടെങ്കിലും ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്നു…കരഞ്ഞു പോയി.
എന്നോടിങ്ങനെ മിണ്ടാതെ നടക്കാനും മാത്രം ഞാനൊരു തെറ്റും ചെയ്തിട്ടില്ല അച്ഛാ…ആ ഏട്ടനെന്നെ ഒരുപാട് ഇഷ്ടാണെന്ന് പറഞ്ഞു രണ്ടു വര്‍ഷമായ് പിറകേ നടക്കുവാ…
അച്ഛനും അറിയാമല്ലോ ആ ഏട്ടനെ. അച്ഛന് ഇഷ്ടമല്ലെങ്കില്‍ ഇനി ഞാനയാളെ കാണാനോ മിണ്ടാനോ പോവില്ല. എന്‍റെ അച്ഛന്‍ സത്യം…പൊട്ടിക്കരഞ്ഞു കൊണ്ട് കിടക്കയില്‍ പോയി വീണു.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അച്ഛനെന്നോട് ഇതുവരെ മിണ്ടാതിരുന്നിട്ടില്ല..എന്‍റെ ഏതിഷ്ടവും അച്ഛന്‍ ആവും പോലെ നടത്തി തരുമായിരുന്നു…
എന്നും പറയുമായിരുന്നു ‘ഞങ്ങള്‍ക്ക് നീ മാത്രേ ഉള്ളൂ. ഒന്നും തിരികേ തന്നില്ലേലും പേരുദോഷം കേള്‍പ്പിക്കരുതേന്ന്…’
പഠിച്ചൊരു ജോലി നേടണം എന്നും ഓര്‍മ്മിപ്പിക്കാറുണ്ട്…ഒന്നും മറന്നിട്ടില്ല ഈ അര്‍ച്ചന…എന്‍റച്ഛനേ പോലെ തന്നെ നല്ലവനാ ദേവേട്ടനും…ഒരുറപ്പ് മതി ഞാന്‍ കാത്തിരിക്കാം എത്ര നാള്‍ വേണേലും എന്നാ പറഞ്ഞത്…
സ്നേഹിച്ചു പാടി നടക്കാനോ ബൈക്കില്‍ ചുറ്റിക്കറങ്ങാനോ ഐസ്ക്രീം കഴിക്കാനോ ഒന്നിനും ഈ അര്‍ച്ചനയെ കൂട്ടു വിളിക്കേണ്ടാ എന്നു പറഞ്ഞിട്ടുണ്ട്…അതൊന്നും അവനും മോഹിക്കുന്നില്ല…
പക്ഷേ എന്നെങ്കിലും ഒരു പെണ്ണിന്‍റെ കൈ പിടിക്കുന്നുവെങ്കില്‍ അത് അര്‍ച്ചനയുടെ കൈകളില്‍ മാത്രാവും എന്നു പറഞ്ഞു…അതവനൊരു ഭ്രാന്തു പോലെയാ പറഞ്ഞത്…ആ കണ്ണുകളില്‍ കാണാമായിരുന്നു ഈ പെണ്ണിനോടുള്ള ഉറച്ചു പോയൊരിഷ്ടം…
മുടിയില്‍ തലോടലേറ്റാണ് കരച്ചില്‍ നിര്‍ത്തിയത്…അച്ഛന്‍…അച്ചൂ…നീയെന്തിനാ അവന്‍റെ പിറകില്‍ ബൈക്കില്‍ പോയത്…സിനിമയ്ക്കും പോയില്ലേ നീ…കോളജില്‍ പോവാനിറങ്ങിയാല്‍ അവിടേക്ക് പോവാതെ കണ്ടവന്‍റെ,കൂടെ കറങ്ങി നടക്കുകയാണോ ചെയ്യുക…സങ്കടത്തോടു കൂടി അച്ഛന്‍ തുടര്‍ന്നു.
എന്‍റെച്ഛാ ആരാ പറഞ്ഞേ അച്ഛനോടീ പച്ചക്കള്ളം….? ഞാന്‍ വാശിയോടെ എഴുന്നേറ്റിരുന്നു. അച്ഛന്‍റെ തലയില്‍ കൈ വച്ചു പറഞ്ഞു. ഈ പറഞ്ഞതൊന്നും അച്ഛന്‍റെ അച്ചു ചെയ്തിട്ടില്ല…സത്യം…
അച്ഛന് ആശ്വാസമായെന്നു തോന്നുന്നു. ഞാനാ മാറില്‍ ഒരു അഞ്ചുവയസ്സു കാരിയേ പോലെ ചേര്‍ന്നു കിടന്നു. പറയൂ ആരാ അച്ഛനോടീ നുണ പറഞ്ഞു തന്നത്…?
അതൊന്നും നീ അറിയേണ്ടാ. ആരെന്തു പറഞ്ഞാലും എനിക്കെന്‍റെ അച്ചൂനെ വിശ്വാസാ. മുടിയില്‍ തലോടി മൃദുവായ്…
എനിക്ക് അച്ഛനും അമ്മയും കഴിഞ്ഞേ മറ്റൊരാളുള്ളൂ. ഞാന്‍ നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല…സത്യം…
ഓ…അച്ഛനും മോളും വീണ്ടും ഒന്നായോ…മുറിയില്‍ കേറി വന്ന അമ്മ ചോദിച്ചു.
നിനക്കൊന്നുമറിയേണ്ടല്ലോ…ടൗണിലേക്ക് പോവാതെ വീട്ടില്‍ അടയിരിക്കുന്ന നീ അറിയുന്നുണ്ടോ മകളേക്കുറിച്ച് ആളുകള്‍ പറയുന്നത്…?
അമ്മ വന്നെന്നെ ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു…എനിക്കെന്‍റെ മകളെ വിശ്വാസമാ…അവളെന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. നിങ്ങളോട് പറഞ്ഞു തന്നത് നിങ്ങളുടെ മരുമകന്‍ തന്നെയാവും അല്ലേ…ആ കള്ളു കുടിയന് നമ്മുടെ മോളില്‍ ഒരു കണ്ണുണ്ടായിരുന്നു…അവന് കിട്ടാത്തതിന്‍റെ പുളിപ്പാ ഈ പറഞ്ഞു നടക്കുന്നത്….
അതേ…ആദ്യം മക്കളെ വിശ്വസിക്കണം നമ്മള്‍ മാതാപിതാക്കള്‍…എല്ലാ മക്കളേയും അല്ല നമ്മുടെ അര്‍ച്ചനേയെ പോലുള്ള മകളെ…കാരണം അവളെ ഓരോ നിമിഷവും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്..ആ മുഖമൊന്ന് വാടുന്നുണ്ടോ, ആ കണ്ണുകള്‍ നിറയുന്നുണ്ടോ തനിച്ചിരിക്കുന്നുണ്ടോ എന്നൊക്കെ…
അവളാ ദേവനെ കാണുന്നത് മുതല്‍ ഞാനറിയുന്നുണ്ട് ഓരോ നിമിഷങ്ങളും…എന്നോട് പറയാറുണ്ട് എല്ലാം…ഞാനവളോട് പറഞ്ഞിട്ടുണ്ട് ആദ്യമേ എല്ലാം അച്ഛനോട് തുറന്നു പറയാന്‍. അപ്പോഴവള്‍ പറഞ്ഞത് അച്ഛന്‍റെ മനസ്സു വേദനിപ്പിക്കാനാവില്ല എന്നായിരുന്നു…
എന്നെ ഏല്‍പിച്ചതാ…അമ്മ പറഞ്ഞാല്‍ മതീന്ന്. ഇന്നത്തെ പിള്ളേരെല്ലാം അവര്‍ക്കു വേണ്ടുന്നവരെ അവരു തന്നെ കണ്ടെത്തി ആരുടേയും സമ്മതത്തിനോ അനുഗ്രഹത്തിനോ കാത്തു നില്‍ക്കാതെ ഒളിച്ചോടുകയാ…അര്‍ച്ചന ഒരിക്കലും അങ്ങനെ ചെയ്യില്ലാന്ന് എനിക്ക് വാക്കുതന്നിട്ടുണ്ട്…
ഞാനവളെ വിശ്വസിക്കുന്നുവെന്നും അവള്‍ക്കറിയാം. അതേ… ഞാനീ വീട്ടില്‍ അടയിരിക്കുന്നുവെങ്കിലും ഒരമ്മയുടേയും ഒരു ഭാര്യയുടേയും കടമകള്‍ ഭംഗിയായ് നിര്‍വ്വഹിക്കുന്നുണ്ട് ട്ടോ…
അച്ഛന്‍ തോറ്റു എന്നേയും അമ്മയേയും പൊതിഞ്ഞു പിടിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും നമ്മള്‍ മൂന്നുപേരും പരസ്പരം പറയാതെ അറിയാതെ ഒന്നും ചെയ്യാതിരുന്നാല്‍ മതി…
അതാണ് ഓരോ കുടുംബത്തിന്‍റേയും ശക്തി…ആണിക്കല്ല്.
മൂന്നു നാളായ് മൂടിക്കെട്ടിയ കാര്‍മേഘം പെയതൊഴിഞ്ഞപ്പോള്‍ മൂന്നു മനസ്സുകള്‍ തെളിഞ്ഞു…ആശ്വാസത്തോടെ അമ്മ മൂന്നു ദിവസമായ് മുടങ്ങിയ സീരിയല്‍ കാണാനായ് ടിവി തുറക്കാന്‍ അച്ഛനേയും കൂട്ടി പോയി…
ഒരു മൂളിപ്പാട്ടുമായ് ഞാന്‍ ബാത്ത്റൂമിലേക്കും….ഒന്നു തണുത്തുറയട്ടെ മനസ്സും ശരീരവും…