ഇപ്പോഴേതായാലും വേണ്ട, നമുക്ക് അതിനെക്കുറിച്ച് പിന്നീട് ആലോചിക്കാം, ഡ്രൈവർ, വണ്ടിയെടുത്തോളൂ….

രചന: സജി തൈപറമ്പ്

::::::::::::::::::::::::

“മോൻ ഇങ്ങോട്ടിറങ്ങ് , നമുക്ക് പിന്നെ പോകാം”

അലങ്കരിച്ച കാറിന്റെ പിൻ സീറ്റിൽ, കല്യാണ സാരി ഉടുത്തിരുന്ന ഷഹനയുടെ മടിയിൽ നിന്നും അനസ് മോനെ, അവളുടെ വാപ്പ ,പുറത്തേക്ക് വലിച്ചിറക്കി.

“എനിക്കും പോണം ഉമ്മിയുടെ കൂടെ, ഉമ്മീ .. ഞാനും വരുന്നു എന്നെയും കൂടെ കൊണ്ടുപോ”

അനസ് മോൻ ,അയാളുടെ കയ്യിൽ കിടന്ന് കുതറിക്കൊണ്ട്, വാശി പിടിച്ചു കരഞ്ഞു.

“ഞാൻ അവനെ കൂടെ കയറ്റിക്കോട്ടെ , ഇതുവരെ എന്നെ പിരിഞ്ഞു നിന്നിട്ടില്ലവൻ”

ആശങ്കയോടെ ഷഹന, അടുത്തിരുന്ന തന്റെ രണ്ടാം ഭർത്താവിനോട് ചോദിച്ചു.

“ഇപ്പോഴേതായാലും വേണ്ട, നമുക്ക് അതിനെക്കുറിച്ച് പിന്നീട് ആലോചിക്കാം, ഡ്രൈവർ, വണ്ടിയെടുത്തോളൂ”

ഗൗരവത്തോടെയത് പറഞ്ഞിട്ട് ,റസാഖ് ,ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു.

പൊടി പറത്തിക്കൊണ്ട് ഇടവഴിയിലൂടെ കാർ മുന്നോട്ടു നീങ്ങുമ്പോൾ, തന്റെ വാപ്പയുടെ കയ്യിൽ കിടന്നു പിടഞ്ഞു കൊണ്ട് അലറിക്കരയുന്ന പൊന്നുമോനെ, ഷഹന, നിസ്സഹായതയോടെ തിരിഞ്ഞ് നോക്കി.

റസാഖിന്റെ വീട് എത്തുന്നതുവരെ ഷഹന, മുൻ സീറ്റിലേക്ക് തലകുനിച്ച് വച്ച് തേങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.

“ദാ വീടെത്തി, നീ ഇറങ്ങുന്നില്ലേ?

റസാഖിന്റെ ശബ്ദം കേട്ട് ഷഹന, തല ഉയർത്തി നോക്കി .

വീടിന് മുന്നിൽ, അവരെ സ്വീകരിക്കാനായി , സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ അഞ്ചെട്ടുപേർ നിൽപ്പുണ്ടായിരുന്നു .

ഷഹന കർച്ചീഫ് കൊണ്ട് കണ്ണും മുഖവും അമർത്തി തുടച്ചിട്ട്, , കാറിൽനിന്നിറങ്ങി, റസാഖിന്റെ പിന്നാലെ പടിവാതില്ക്കലേക്ക് ചെന്നു.

“കയറി വാ മക്കളേ”

റസാഖിന്റെ ഉമ്മ ,അവരെ അകത്തേക്ക് ക്ഷണിച്ചപ്പോൾ മറ്റുള്ളവർ , വഴി ഒഴിഞ്ഞുകൊടുത്തു.

റസാഖ് അകത്തെ മുറിയിലേക്ക് പോയപ്പോൾ എല്ലാവരും ചേർന്ന് ഷഹനയെ പിടിച്ച് ഹാളിലെ സെറ്റിയിൽ ഇരുത്തി, ചുറ്റിനും നിന്ന് ഓരോരുത്തരായി വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.

നെഞ്ച് നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി ,മുഖത്ത് ചെറു പുഞ്ചിരി വിടർത്തി അവൾ എല്ലാവർക്കും മറുപടി കൊടുത്തു.

രാത്രിയായപ്പോൾ റസാഖിന്റെ അമ്മായിമാർ, ഷഹനയെ മണിയറയിലേക്ക് പറഞ്ഞുവിട്ടു.

“നിന്റെ മുഖമെന്താ വാടിയിരിക്കുന്നത്, ഒട്ടും സന്തോഷമില്ലല്ലോ, എന്തുപറ്റി ,ഈ കല്യാണത്തിന് നിനക്ക് സമ്മതമല്ലായിരുന്നോ?

റസാക്ക് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

“അതല്ല , മോനെ കുറിച്ച് ഓർക്കുമ്പോൾ , എനിക്ക് ഒട്ടും സമാധാനമില്ല”

“ഓ അതാണോ കാര്യം, നേരമൊന്ന് വെളുത്തോട്ടെ നമുക്ക് എന്തെങ്കിലും തീരുമാനം ഉണ്ടാക്കാം, നീ ഇവിടെ എന്റെ അടുത്ത് വന്നിരിക്കു”

അവൾ അലങ്കരിച്ച കട്ടിലിന്റെ ഒരറ്റത്ത് ചെന്നിരുന്നു.

“അത് ശരി, ഇന്ന് മോനെ കുറിച്ച് ഓർത്തിരുന്നു നേരം വെളുപ്പിക്കാനാണോ നിന്റെ പ്ലാൻ, ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാണ്, അത് ഓർമ്മയുണ്ടോ?

“എല്ലാം എനിക്കറിയാം ,പക്ഷേ ഞാനിപ്പോൾ അങ്ങനെ ഒരു മൂഡിലല്ല, എന്നോട് ക്ഷമിക്കൂ പ്ലീസ്”

“ഓക്കേ , ഇന്നത്തെ രാത്രി നമുക്ക് ഉപേക്ഷിക്കാം , ആദ്യം നിന്റെ മനസ്സൊന്ന് ഫ്രഷാവട്ടെ ,പക്ഷേ നാളെ മുതൽ ഇത് ആവർത്തിക്കരുത് കേട്ടോ?

റസാഖ് എഴുന്നേറ്റ് ലൈറ്റ് അണച്ചിട്ട് , കട്ടിലിന്റെ ഒരുവശത്ത് മാറി നീണ്ടുനിവർന്നു കിടന്നു.

ഷഹന ഇരുട്ടത്തിരുന്നുകൊണ്ട് അനസ്മോനെ കുറിച്ച് ആലോചിച്ചു. അവന് പത്ത് വയസ്സായെങ്കിലും, ഇപ്പോഴും ഇള്ളാകുഞ്ഞിനെ പോലെയാണ്, എന്തിനുമേതിനും അവന് താൻ തന്നെ വേണം, തന്നെ കെട്ടിപ്പിടിച്ചു കിടന്നേ അവൻ ഉറങ്ങാറുള്ളൂ, അവൻ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ ? കരച്ചിൽ നിർത്തി കാണുമോ? ഓരോന്നോർത്ത് ഷഹനയുടെ ഉള്ള് നീറിപ്പുകഞ്ഞു .

രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ അവൾ ഒന്നു മയങ്ങി.

“നേരം വെളുത്തു, എഴുന്നേൽക്കുന്നില്ലേ?

റസാഖിന്റെ ശബ്ദം കേട്ടവൾ ചാടി എഴുന്നേറ്റു.

പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞ് അടുക്കളയിൽ ചെന്ന് ,റസാഖിന് ചായയുമെടുത്തു കൊണ്ട് അവൾ മണിയറയിലേക്ക് വന്നു.

“രാവിലെ തന്നെ, നമുക്ക് വീട്ടിൽ ചെന്ന് അനസ്മോനെ കൂട്ടിക്കൊണ്ടുവരാം അല്ലേ?

പ്രതീക്ഷയോടെ അവൾ റസാക്കിന്റെ മുഖത്തുനോക്കി ചോദിച്ചു.

“കൂട്ടിക്കൊണ്ടുവരാനോ ? നീ എന്ത് അസംബന്ധമാണ് ഈ പറയുന്നത്, കാര്യങ്ങളെല്ലാം നിന്റെ ബാപ്പ പറഞ്ഞിട്ടില്ലേ? ഇനി മുതൽ അവൻ അവിടെ തന്നെയായിരിക്കും നില്ക്കുന്നത് ,ഇടയ്ക്കിടെ നിനക്ക് വേണമെങ്കിൽ അവിടെ പോയി കാണാം”

അതുകേട്ട് ഷഹനാ ഞെട്ടി.

“ഇല്ല, ബാപ്പ എന്നോട് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, ഒരു നിമിഷം പോലും എനിക്ക് എന്റെ മോനെ പിരിഞ്ഞ് നിൽക്കാനാവില്ല”

അവൾ തേങ്ങലോടെ പറഞ്ഞു.

“ഷഹന.. നീ ഒരു കാര്യം മനസ്സിലാക്കണം ,ഇവിടെ എനിക്ക് രണ്ട് പെൺകുട്ടികളാണുള്ളത്, എത്രയൊക്കെയായാലും വളർന്നു വരുമ്പോൾ അവൻ ഒരു അന്യ പുരുഷൻ തന്നെയാണ് , അതുകൊണ്ടുതന്നെ എന്റെ മക്കളുടെ കാര്യത്തിൽ എനിക്ക് ഒരുപാട് ഉൽക്കണ്ഠകൾ ഉണ്ട്”

“അപ്പോൾ നിങ്ങളുടെ മക്കൾ നിങ്ങൾക്ക് വലുതാണ് അല്ലേ? അതുപോലെ തന്നെയാണ് ഞാൻ നൊന്തു പ്രസവിച്ച എൻറെ മോനും”

അവൾ നീരസത്തോടെ അല്പം ഉച്ചത്തിൽ പറഞ്ഞു.

“ഷഹന, ഒച്ച വെക്കേണ്ട, നിനക്ക് പറ്റില്ലെങ്കിൽ തിരിച്ചുപോകാം, പക്ഷേ, മകനെ ഇവിടെ കൊണ്ടുവരാമെന്ന നിന്റെ പൂതി നടക്കില്ല”

റസാക്ക് അസന്നിഗ്ധമായി പറഞ്ഞു.

കുറച്ചു നേരം ആലോചിച്ചു നിന്നിട്ട് ഷഹന താൻ കൊണ്ടുവന്ന ബാഗെടുത്തു തോളിലിട്ട് കൊണ്ട് പുറത്തേക്കിറങ്ങി.

*****************

ഗേറ്റിൽ ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്നതും, അതിൽനിന്നും ഷഹന ഇറങ്ങി വരുന്നതും കണ്ട് , അനസ് മോൻ അകത്തുനിന്ന് ഓടി വെളിയിലേക്ക് വന്നു.

ഷഹന ,മകനെ വാരിയെടുത്തു തെരുതെരെ ഉമ്മ വച്ചു.

മകനെയും കൊണ്ട് വീടിനകത്തേക്ക് കയറുമ്പോൾ പുറത്ത് ഒരു ഹോണടി കേട്ട് അവൾ തിരിഞ്ഞു നോക്കി.

ഗേറ്റ് കടന്ന് റസാഖിന്റെ കാർ വരുന്നത് കണ്ട് ഷഹന, അമ്പരന്നു നിന്നു.

കാറിൽ നിന്നും പുഞ്ചിരിയോടെ റസാഖ് ഇറങ്ങി വരുന്നത് കണ്ട് അവൾ ജിജ്ഞാസയോടെ നോക്കി.

“നിനക്ക് മോനോട് ഇത്രയധികം സ്നേഹമുണ്ടെന്ന് ഞാൻ അറിഞ്ഞില്ല ,ഇപ്പോഴാണ് നിന്നോട് എനിക്ക് കൂടുതൽ സ്നേഹവും ബഹുമാനവും ഉണ്ടായത്, സ്വന്തം സുഖത്തിനു വേണ്ടി നീ നിന്റെ മോനേ ഉപേക്ഷിച്ചില്ലല്ലോ ? നിന്നെപ്പോലൊരു ഭാര്യയെ ആണ് എനിക്ക് വേണ്ടത്, അത് പോലെ നിന്നെപ്പോലൊരു ഉമ്മയെയാണ് എന്റെ മക്കൾക്കുമാവശ്യം, മോനെയുമെടുത്തോണ്ട് നീ വേഗം കാറിലോട്ട് കയറ് ,നമ്മള് ചെന്നിട്ട് ഒരുമിച്ച് നാസ്ത കഴിക്കാൻ വേണ്ടി വീട്ടിലുള്ളവരെല്ലാം വെയിറ്റ് ചെയ്തിരിക്കുവാ”

റസാഖ് പറയുന്നത് കേട്ട് ഷഹന വിശ്വാസം വരാതെ കണ്ണ് മിഴിച്ച് നിന്നു.