നമുക്ക് കല്യാണം കഴിഞ്ഞൊന്നു നന്നായി അടിച്ചു പൊളിക്കണം.അതൊക്കെ കഴിഞ്ഞു ഒരു രണ്ടു വർഷം കഴിഞ്ഞു മതി കുട്ടികളൊക്കെ

അച്ചായന്റെ ആനികൊച്ചു – രചന: Aswathy Joy Arakkal

നിശ്ചയത്തിനും, കല്യാണത്തിനും ഇടയിൽ കിട്ടിയ ആറു മാസത്തെ ഗ്യാപ് അച്ചായനും ആനി കൊച്ചും ശെരിക്കു അങ്ങു ആഘോഷിച്ചു.

ആനികൊച്ചു ഇങ്ങു കേരളത്തിലും, അച്ചായൻ അങ്ങു ദൂരെ വടക്കു കിഴക്കൻ പ്രദേശത്തു, ആസാമിലെ ഒരു കാട്ടുമുക്കിലും ആയിരുന്നത് കൊണ്ടു ആഘോഷമെല്ലാം ഫോണിൽ കൂടെ ആയിരുന്നെന്നു മാത്രം.

ജോലിക്കിടയിൽ ഇടവേളകൾ ഉണ്ടാക്കിയും, രാത്രികൾ പകലുകളാക്കിയും അവർ സംസാരിച്ചു കൊണ്ടേ ഇരുന്നു…ആസിയാൻ കരാറു മുതൽ തൊട്ടപ്പുറത്തെ വീട്ടിലെ കുമാരേട്ടന്റെ കിണറ്റിലെ തവള വരെ അവരുടെ ചർച്ചാ വിഷയമായിരുന്നു.

കാര്യങ്ങൾ അങ്ങനൊക്കെ ആയിരുന്നെങ്കിലും…അതിനിടയിൽ അവർ ശക്തമായൊരു തീരുമാനം എടുത്തിരുന്നു. നമുക്ക് കല്യാണം കഴിഞ്ഞൊന്നു നന്നായി അടിച്ചു പൊളിക്കണം. അതൊക്കെ കഴിഞ്ഞു ഒരു രണ്ടു വർഷം കഴിഞ്ഞു മതി കുട്ടികളൊക്കെ…

പലരും പലതും പറയും. ആര് എന്തൊക്കെ പറഞ്ഞാലും നമ്മൾ നമ്മടെ തീരുമാനത്തിൽ നിന്നു ഒരടി പിന്നോട്ട് വെക്കില്ല. രണ്ടു പേരും ശപഥം ചെയ്തു.

അങ്ങനെ ആഘോഷമായി വിവാഹം കഴിഞ്ഞു, പതിനാലാം നാൾ അച്ചായന് ജോലി സ്ഥലത്തേക്ക് പോകേണ്ടി വന്നു. ഒരുമാസത്തിനുള്ളിൽ ആനി കൊച്ചിനെയും കൊണ്ട് പോകാനുള്ള കാര്യങ്ങളൊക്കെ റെഡി ആക്കാം എന്നു പറഞ്ഞു, പരസ്പരം കെട്ടിപിടിച്ചു, പൊട്ടിക്കരഞ്ഞു, ഉമ്മ കൊടുത്തു…ടാറ്റയും പറഞ്ഞു അച്ചായൻ യാത്രയായി…

രണ്ടു വർഷം കഴിഞ്ഞു മതി കുട്ടികൾ എന്നതിൽ അപ്പോഴും രണ്ടു പേരും അതീവ ജാഗരൂഗരായിരുന്നു. ജോലിക്കു കയറി മുപ്പത്തിയൊന്നാം നാൾ ആനി കൊച്ചിന്റെ ഫോൺകാൾ അച്ചായനെ തേടിയെത്തി…

അച്ചായോ ഞാൻ പ്രെഗ്നന്റ് ആണ്…

പറഞ്ഞത് ആനി കൊച്ചായതു കൊണ്ടു അച്ചായൻ അതു കണക്കിലെടുത്തു പോലുമില്ല എന്നു വേണം പറയാൻ. ഒന്ന് പോടി അവിടുന്നു കളിപ്പിക്കാതെ, നീ എന്നെ അങ്ങനെ പറ്റിക്കാൻ നോക്കണ്ട. അച്ചായൻ ആനികൊച്ചിനെ പുച്ഛിച്ചു.

സത്യം ആണ് മനുഷ്യാ, എന്റെ ക്ഷീണോം, തളർച്ചയും കണ്ടു ഓഫീസിൽ എല്ലാർക്കും ഡൗട്ട് തോന്നിട്ടു, ഞാനും സൗമ്യേച്ചിയും കൂടെ ഇപ്പൊ കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്തതാ. നല്ല ഒന്നാംതരം ഗർഭിണി ആണ് ഞാൻ.

സത്യം തന്നെ ആണോടായ്…അങ്ങേ തലക്കൽ അച്ചായന് അപ്പോഴും വിശ്വാസം വന്നിട്ടില്ല. അപ്പൊ തന്നെ പ്രേഗ്നെൻസി ടെസ്റ്റ്‌ എടുത്ത കാർഡ്ന്റെ ഫോട്ടോ എടുത്തു വാട്‌സ്ആപ്പിൽ അയച്ചു കൊച്ചു തെളിവ് കൊടുത്തു. അവിടെ നിന്നു അച്ചായന്റെ കിളിപോയ പോലൊരു സ്മൈലി വന്നു…

ഇനിയെന്ത് ചെയ്യും…? ട്രിപ്പ്‌, അടിച്ചുപൊളി, ഹണിമൂൺ അവർ ഇതികര്തവ്യഥാ മൂഢരായി…ഒടുവിലിനി കുഞ്ഞു വന്നിട്ട് എല്ലാർക്കും കൂടെ ഒരുമിച്ചു ട്രിപ്പ്‌ പോകാന് വെച്ചു…കാര്യം അറിഞ്ഞപ്പോൾ നാട്ടിലും വീട്ടിലും എല്ലാരും ഹാപ്പി.

കാരണം കല്യാണം കഴിഞ്ഞു രണ്ടാഴ്ച ആയപ്പോഴേക്കും എല്ലാവരും ചോയ്ച്ചു തുടങ്ങിയിരുന്നു വിശേഷം ഇല്ലേന്നു…സ്വന്തം വീട്ടിൽ അടുപ്പ് പുകഞ്ഞില്ലെങ്കിലും ഈ വക കാര്യങ്ങളിലൊക്കെ നാട്ടുകാർക്ക്‌ പ്രത്യേക ഒരു ശുഷ്‌കാന്തി ആണല്ലോ…

വിശേഷായപ്പോ എല്ലാരും വാളെടുത്തു. അച്ചായന്റെ കൂടെ ദൂരെക്കൊനും പോകണ്ടാണ്…എന്തു സംഭവിച്ചാലും പോകുമെന്നു കൊച്ചു…അവസാനം ആനി കൊച്ചിന്റെ വാശിക്ക് മുന്നിൽ എല്ലാവരും തോൽക്കേണ്ടി വന്നു. അങ്ങനെ യുദ്ധം ചെയ്തു അച്ചായനോടൊപ്പം ആനികൊച്ചു ആ മല മുകളിലെത്തി.

അവിടെ എത്തിയപ്പോ ബഹുരസം…ഫുഡ്‌ ഉണ്ടാക്കുന്ന സ്മെൽ വരുമ്പോഴേ കൊച്ചു ചറപറാ ശർദ്ധി തുടങ്ങും.. നോൺവെജ് ഫുഡ്‌ ഒരു കിലോമീറ്റർ അപ്പുറത്ത് കൂടെ പോവാനേ പാടില്ല. നോൺവെജ് ഇല്ലാതെ ഫുഡ്‌ ഇറങ്ങാത്ത അച്ചായന്റെ അവസ്ഥ ആയിരുന്നു കഷ്ട്ടം. ഹോ…വളരെ പരിതാപകരമായിരുന്നു.

ഒപ്പം നടുവേദനയും, കാലുവേദനയും, മസ്സിൽ ഉരുണ്ട് കയറ്റവും, വാള് വെക്കലും, ഗ്യാസും എന്നുവേണ്ട സർക്കാർ ആശുപത്രി ജനറൽ വാർഡിലെ അവസ്ഥ…ഹണിമൂൺ സ്വപ്നങ്ങൾ തങ്ങളെ നോക്കി പുച്ഛിച്ചു പല്ലിളിച്ചു കാണിക്കുന്നത് പോലെ തോന്നി രണ്ടു പേർക്ക്…

അങ്ങനെ തട്ടി മുട്ടി ഉരുണ്ടു പിരണ്ട്‌ ഏഴ് മാസം വരെ അച്ചായന്റെ ഒപ്പം എത്തിച്ചു ആനികൊച്ചു…ഏഴാംമാസം ചടങ്ങിന് വേണ്ടി കൊച്ചിനെയും കൊണ്ടു അച്ചായൻ നാട്ടിലെത്തി…ചടങ്ങും, കൂട്ടി കൊണ്ടു പോകലുമൊക്കെ ആഘോഷമായി നടത്തി, കൊച്ചിനെ പ്രസവത്തിനു നാട്ടിലാക്കി അച്ചായൻ വീണ്ടും ജോലി സ്ഥലത്തേക്ക് മടങ്ങി.

ജോലി സ്ഥലത്തെത്തി പതിനാലാം നാൾ അച്ചായനെ തേടി വീണ്ടും എത്തി ഫോൺകാൾ. ഇത്തവണ വിളിച്ചത് ആനി കൊച്ചല്ല. കൊച്ചിന്റെ അപ്പൻ…അതായതു അമ്മായപ്പൻ…

മോനെ നീയിങ്ങു കേറി പോരെ…പറ്റുകാണെ ഇന്നു തന്നെ…നമ്മടെ ആനിമോളെ പ്രസവത്തിനു അഡ്മിറ്റ്‌ ആക്കി.

അതെങ്ങനാ അപ്പച്ചാ ഇതു എട്ടാം മാസം അല്ലേ…? ഇനിം ഒന്നര മാസം ബാക്കി അല്ലേന്നു അച്ചായൻ…

അതൊന്നും എനിക്കറിയാന്മേല. രാവിലെ വയ്യായ്ക വന്നു എൻറെ കൊച്ചിനെ കൊണ്ടു വന്നപ്പോൾ നേരെ ലേബർ റൂമിലേക്ക്‌ കയറ്റി. നീ വരുന്നുണ്ടേ കേറി വാ എന്നു അമ്മയപ്പൻ സ്ട്രിക്ട് ആയി പറഞ്ഞു.

അങ്ങനെ ജോലിസ്ഥലത്തു തല്ലുണ്ടാക്കി എമർജൻസി ലീവും വാങ്ങി അച്ചായൻ നാട്ടിലേക്കു…എയർപോർട്ടിൽ ഇരിപ്പുറക്കാതെ ഇരിക്കുമ്പോ വീണ്ടും ഫോൺ. മോനെ പ്രസവം നടക്കുന്നില്ല ഓപ്പറേഷൻ വേണം എന്നു…അങ്ങനെ തീ തിന്നു അച്ചായൻ എയർപോർട്ടിൽ കൂടെ തേരാ പാരാ നടന്നു.

ആ നടത്തിനൊടുവിൽ ആനി കൊച്ചൊരു കുഞ്ഞു അച്ചായന് ജന്മം കൊടുത്തു എന്നുള്ള വാർത്ത ചെവിയിലെത്തിപ്പോ പരിസരം മറന്നു തുള്ളിച്ചാടി നമ്മടെ അപ്പച്ചൻ അച്ചായൻ.

അങ്ങനെ ഫ്ലൈറ്റ് പിടിച്ചു നാട്ടിലെത്തിയപ്പോ അച്ചായൻ മറക്കാതെ കയ്യിൽ കരുതിയ ഒന്നുണ്ടായിരുന്നു…ആറാം മാസത്തിൽ ഒന്ന് കറങ്ങാൻ പോയപ്പോ ആനി കൊച്ചു കുടിക്കാൻ ഒരുപാടു ആഗ്രഹിച്ചിട്ട്…ഗർഭിണികൾ കുടിക്കാൻ പാടില്ലാത്തതു കൊണ്ടു മാത്രം കഴിക്കാതിരുന്ന പൈൻആപ്പിൾ ജ്യൂസ്‌…

ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ടു കൊച്ചിനത് കുടിക്കാൻ പറ്റിയില്ലെങ്കിലും അച്ചായന്റെ സ്നേഹമവളുടെ കണ്ണു നിറയച്ചു. ഒപ്പം കുഞ്ഞു അച്ചായനെ കണ്ടു അപ്പൻ അച്ചായനും കണ്ണു നിറച്ചു. അതെ ആനന്ദ കണ്ണീരു തന്നെ…

ഒരാഴ്ചത്തെ ലീവ് കഴിഞ്ഞു കുഞ്ഞിനെ പറ്റിയുള്ള ഓർമകളും നെഞ്ചിലേറ്റി മനസ്സില്ലാ മനസ്സോടെ അച്ചായൻ തിരിച്ചുപോയി.

പിന്നെ കളിയും, ചിരിയും, ഉറക്കമില്ലായ്മയും, അപ്പിയിടലും, മൂത്രം ഒഴിക്കലും, പാല് കുടിയുമൊക്കെ ആയി കുറച്ചു മാസങ്ങൾ അങ്ങു കടന്നു പോയി. കടല പോലിരുന്ന ആനി കൊച്ചു കടല വെള്ളത്തിലിട്ട പോലെ വീർക്കുകയും ചെയ്തു. ലേഹ്യവും, തെങ്ങിൻ പൂക്കുലയും, ആട്ടിൻ സൂപ്പുമൊക്കെ ആയി പ്രസവരക്ഷ തകർക്കുക ആയിരുന്നല്ലോ…പിന്നെ എങ്ങനെ വീർക്കാതിരിക്കും…

മൂന്നാം മാസം അപ്പച്ചൻ അച്ചായന് ലീവ് കിട്ടാത്തോണ്ടു കുറച്ചു വൈകിയാണ് കുഞ്ഞിന്റെ മാമോദിസ നടത്തിയത്. അതു ഏതായാലും നന്നായി…അതുകൊണ്ടു കുഞ്ഞു അച്ചായന്റെ മാമ്മോദിസായും ആനികൊച്ചിന്റെയും, അച്ചായന്റെയും ആദ്യത്തെ വിവാഹ വാർഷികവും ഒറ്റ ദിവസം തകർത്തു മറിച്ചു എല്ലാരും കൂടെ…

കേക്ക് കട്ട് ചെയ്യുന്നതിനിടയിൽ ഏതോ ഒരു വൃത്തികെട്ട കൂട്ടുകാരൻ വക കമന്റ്‌. അളിയാ…ഇതു നിന്റെ എത്രാമത്തെ വിവാഹ വാർഷികം ആണെന്നാ പറഞ്ഞേ…? അല്ല…കുറച്ചു നാളു മുന്നേ ഇവിടെ എന്തൊക്കെയോ ഉഗ്ര ശപഥം ഒക്കെ മുഴങ്ങുന്നുണ്ടായിയുന്നു…രണ്ടു വർഷം കഴിഞ്ഞു കുട്ടികളെന്നോ…ടൂർ എന്നോ…ട്രിപ്പ്‌ എന്നോ…

അവൻ പറഞ്ഞു തീർന്നതും സദസ്സിൽ കൂട്ടച്ചിരി മുഴങ്ങി. കയ്യിലിരുന്ന കുട്ടി അച്ചായനും ഒരു പരിഹാസ ചിരി ചിരിച്ചോ എന്നു അവർക്കു ഡൌട്ട് തോന്നാതിരുന്നില്ല…ലവന്റെ തമാശ അത്ര പിടിച്ചില്ലെങ്കിലും…വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടു എല്ലാവരുടെ ഒപ്പം അവരും ചേർന്നു.

വൈകിക്കാൻ ആഗ്രഹിച്ചെങ്കിലും പുണ്യമായി കൈയിൽ കിട്ടിയ അച്ചായൻ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ടു. അപ്പോഴും അച്ചായൻ മനസ്സിൽ പറയുന്നുണ്ടായിരുന്നു. നിനക്കിട്ടുള്ള പണി ഞാൻ വൈകാതെ തരുന്നുണ്ടടാ കൂട്ടുകാരൻ…മോനേ…എന്നു…

അല്ലെങ്കിലും നമ്മൾ അച്ചായന്മാര് പലിശയും കൂട്ട് പലിശയും ചേർത്ത് മറുപണി കൊടുത്ത ചരിത്രമല്ലേ ഉള്ളു…അല്ല…പിന്നെ…നമ്മളോടാ…