എന്റെ പൊന്നുമോനെയും കൊണ്ട് അവൾ എവിടെയാണ് പോയത്. ദിവസവും എത്രയെത്ര ചീത്ത വാർത്തകളാണ്…

സിന്ദൂരം…

രചന : സിയാദ് ചിലങ്ക

::::::::::::::::::::::::::

ഹലൊ….. പറ അമ്മാ പതിവില്ലാതെ ഈ സമയത്ത് എന്താ വിളിച്ചത്?”

“മോനെ….. സിദ്ധു….. അവള്……… അവള്….”

അങ്ങേത്തലക്കൽ അമ്മയുടെ പൊട്ടിക്കരച്ചിലാണ് പിന്നെ കേട്ടത്….

“എന്താണ് അമ്മാ കാര്യം പറ… എന്താ ഇങ്ങനെ കരയുന്നത്… അമ്മാ… അമ്മാ…”

” ഹലൊ…..”

അമ്മയുടെ കയ്യിൽ നിന്ന് ഫോൺ അച്ഛൻ വാങ്ങി സംസാരിച്ചു….

“മോനെ ഇന്ന് രാവിലെ മുതൽ ലക്ഷ്മിയെ കാണാനില്ല, അവള് ഉണ്ണിക്കുട്ടനെയും കൊണ്ടാ പോയേക്കുന്നത്, ഇത് വരെ അവളുടെ വീട്ടിലേക്ക് എത്തിയിട്ടില്ല, എവിടെ പോയി എന്ന് ഒരു നിശ്ചയവും ഇല്ല, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടൊ?… നിന്നോട് അവള് എന്തെങ്കിലും പറഞ്ഞൊ ?..ആലോജിച്ച് ഒരു എത്തും പിടിയും ഇല്ല… മോൻ എത്രയും പെട്ടെന്ന് നാട്ടിലേക്ക് വാ…”

അച്ഛൻ ഫോൺ കട്ട് ചെയ്തു,സിദ്ധാർഥ് ഷോക്ക് ഏറ്റ പോലെ തരിച്ച് നിന്ന് പോയി, തൊണ്ടയിലെ വെള്ളമെല്ലാം വറ്റി, ഓഫീസിലെ ചെയറിൽ തളർന്ന് ഇരുന്ന് പോയി സിദ്ധാർഥ്.

ഇന്നലെ രാത്രി ബോട്ടിമിൽ വീഡിയോ കോളിൽ സംസാരിച്ച്, ഉണ്ണിക്കുട്ടനെ കളിപ്പിച്ച് യാതൊരു കുഴപ്പവും ഇല്ലാതെ ഫോൺ കട്ട് ചെയ്തതാണ്.ലക്ഷ്മിയുടെ ചിരിക്കുന്ന മുഖമാണ് അവസാനമായി കണ്ടത്.

എന്ത് പറ്റി അവൾക്ക്, കല്യാണം കഴിഞ്ഞ് മൂന്ന് വർഷമായി ഇത് വരെ ഒരു വാക്ക് കൊണ്ടൊ നോട്ടം കൊണ്ടൊ അവൾ വിഷമിപ്പിച്ചിട്ടില്ല, അവൾ തന്നെ ജീവിനു തുല്യം സ്നേഹിക്കുന്നു എന്ന വിശ്വാസത്തിലായിരുന്നു ഇത് വരെ. ആലോജിച്ചിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ ലക്ഷ്മിക്ക് എന്ത് പറ്റി.

എന്റെ പൊന്നുമോനെയും കൊണ്ട് അവൾ എവിടെയാണ് പോയത്. ദിവസവും എത്രയെത്ര ചീത്ത വാർത്തകളാണ് കേൾക്കുന്നത്. അത് പോലെ എന്റെ ലക്ഷ്മിയും… ചിന്തിക്കാൻ കഴിയുന്നില്ല, സിദ്ധാർഥിന്റെ നെഞ്ചിൽ വലിയ ഒരു ഭാരം കയറ്റി വെച്ച പോലെ.

ഫ്ലൈറ്റ് ഇറങ്ങി ഒന്ന് കൂടി ലക്ഷ്മിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി, ഇല്ല സ്വിച്ച്ട് ഓഫാണ്.

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കരച്ചിൽ വന്നു, മൂന്ന് മാസം മുമ്പ് ഇത് പോലെ വന്ന് ഇറങ്ങിയപ്പോൾ ലക്ഷ്മി എത്ര സന്തോഷത്തിലാണ് കാത്തിരുന്നത്. ഉണ്ണിക്കുട്ടന്റെ മോണകാട്ടിയുള്ള ചിരി കണ്ട് അന്ന് കണ്ണ് നിറഞ്ഞത് സന്തോഷം കൊണ്ടാണ്.

കല്യാണം കഴിക്കാൻ നാട്ടിൽ വന്നപ്പോൾ, അനിയൻ സനൽ ആണ് കൂടെ പഠിച്ച കൂട്ട് കാരിയെ ഏട്ടന് വേണ്ടി ആലോജിച്ചത്.

” അച്ഛൻ ചെറുപ്പത്തിലെ മരിച്ചു, അമ്മയും അനിയത്തിയും മാത്രമെ ഉള്ളു,സാമ്പത്തികമായി കുറച്ച് കുറവ് ഉണ്ടെന്നേയുള്ളു ചേട്ടാ ലക്ഷ്മി നല്ല കുട്ടിയാണ്, ചേട്ടന് നന്നായി ചേരും”

പെണ്ണ് കണ്ട അപ്പോൾ തന്നെ വേറെ ഒന്നും ആലോജിച്ചില്ല,എനിക്ക് ലക്ഷ്മിയെ തന്നെ മതി എന്ന് പറഞ്ഞു…

നാളിത് വരെ ഒരു കുറവും അവൾക്ക് വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം അവളുടെ അനിയത്തിയുടെ വിവാഹത്തിന്റെ എല്ലാ ചിലവും ഏറ്റെടുത്ത് നല്ല ഭംഗിയായി നടത്തി കൊടുത്തു. അന്ന് അനിയത്തിയെ മറ്റൊരാൾക്ക് കൈപിടിച്ച് കൊടുത്ത രാത്രി. ഉറങ്ങിക്കെടുക്കുന്ന എന്റെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞ അവളെ നെഞ്ചോട് ചേർത്ത് തലോടിയത് കണ്ണിന്റെ മുമ്പിൽ തെളിഞ്ഞു വരുന്നു.

“ഏട്ടൻ എന്റെ ദൈവമാണ്, ആരോരും ഇല്ലാത്ത എനിക്ക് കിട്ടിയ നിധി.. “

വീട്ടിലെക്ക് ചെന്ന് കയറിയപ്പോൾ ഒരു മരണ വീട്ടിൽ ചെന്ന് കയറിയത് പോലെ തോന്നി. അച്ഛൻ ചാരുകസേരയിൽ തളർന്ന് കിടക്കുന്നുണ്ട്. അമ്മ കരഞ്ഞ് കൊണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ചു.

ചാരുകസേരയിൽ അച്ഛന്റെ കൈ മേശപ്പുറത്ത് ഇരിക്കുന്ന ഉണ്ണിക്കുട്ടന്റെ പാവക്കുട്ടിയെ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. സ്ട്രോക്ക് വന്ന് തളർന്ന് കിടന്നിരുന്ന അച്ഛൻ ഉണ്ണിക്കുട്ടൻ ജനിച്ചതിന് ശേഷമാണ് നടന്ന് തുടങ്ങിയത്. എപ്പോഴും അച്ഛന്റെ കൈകളിലാണ് അവൻ. അച്ഛൻ ഹൃദയം പൊട്ടിയാണ് ആ കിടക്കുന്നത്.

“ചേട്ടാ ഒന്ന് പുറത്തേക്ക് വാ, ഒരു കാര്യം പറയാനുണ്ട്.. “

സനൽ സിദ്ധാർഥിനെ വിളിച്ച് പുറത്തിറങ്ങി..

“ലക്ഷ്മിയും ഉണ്ണിക്കുട്ടനും എവിടെ ഉണ്ടെന്ന് എനിക്കറിയാം, എന്നെ വിളിച്ചിരുന്നു. ചേട്ടൻ വന്നാൽ അങ്ങോട്ട് കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്,സംസാരിക്കണം എന്ന് പറഞ്ഞു “

സനലിന്റെ കൂടെ കാറിൽ കയറിയിരുന്നത് യാന്ത്രികമായാണ്, എന്താണ് നടക്കുന്നത് എന്ന് അറിയുന്നില്ല, മനസ്സ് ഒന്നും ചിന്തിക്കാൻ കഴിയാത്ത വിധം മരവിച്ച് കഴിഞ്ഞിരുന്നു.

അര മണിക്കൂർ മേലെ യാത്രയ്ക്ക് ശേഷം പഴയ നാല് കെട്ട് മാതൃകയിൽ പണി തീർത്ത വലിയ ഒരു വീടിന്റെ മുറ്റത്തേക്ക് കാറ് ചെന്ന് നിന്നു.

ആരുടെ വീട് ആണെന്നോ ആരൊക്കെയാണ് ഇവിടെ ഉള്ളത് എന്ന് ഒന്നും അറിയില്ല. സനൽ കാറിൽ നിന്ന് ഇറങ്ങി ഡോർ തുറന്ന് കൊടുത്തിട്ടാണ് സിദ്ധാർഥ് പുറത്തിറങ്ങിയത്‌.

തന്റെ മാത്രമാണ് എന്ന് കരുതിയിരുന്നു, തന്നോട് എല്ലാം തുറന്ന് പറയുന്ന ഭാര്യയാണ് തന്റെയെന്ന് വിശ്വസിച്ച ഞാൻ അവൾക്ക് സംസാരിക്കണം എന്ന് പറഞ്ഞ് വിളിച്ച് വരുത്തിയിരിക്കുന്നു തനിക്ക് അറിയാത്ത ഒരിടത്തേക്ക്.

സനലിന് നല്ല പരിചയം ഉള്ള വീടാണ് അത് എന്ന് മനസ്സിലായി, അവിടെ ഉള്ള അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന മാന്യമായി വസ്ത്രം ധരിച്ച ആൾ ഇരിക്കാൻ പറഞ്ഞു.

“ലക്ഷ്മി.. എവിടെ?.”

സിദ്ധാർഥിന് ക്ഷമ നശിച്ചിരുന്നു, അവന് ലക്ഷ്മിയെയും കുഞ്ഞിനെയും കാണാതെ ഭ്രാ ന്ത് പിടിച്ച് തുടങ്ങി.

അയാൾ മുറിയിലേക്ക് വിരൽ ചൂണ്ടി, നെഞ്ചിടിപ്പോടെയാണ് വാതിൽ തുറന്ന് അകത്ത് കയറിയത്.ജനലിനരികിൽ പുറത്തേക്ക് നോക്കി ലക്ഷ്മി നിൽക്കുന്നുണ്ടായിരുന്നു. ഉണ്ണിക്കുട്ടൻ അവിടെ ഉണ്ടായിരുന്നില്ല.

“ലക്ഷ്മി എന്താണ് ഇത്… നീ എന്താ കാണിക്കുന്നത്,? ഇതെവിടയാണ്? ആരാണ് ഇവരൊക്കെ? നമ്മുടെ കുഞ്ഞ് എന്തെ?”

ലക്ഷ്മി തിരിഞ്ഞ് നിന്ന് സിദ്ധാർഥിനെ നോക്കി.ആ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നിരുന്നു. എങ്കിലും കണ്ണുകൾക്ക് തീക്ഷ്ണതയുണ്ടായിരുന്നു.

” ചേട്ടന്റെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകാം, അതിന് മുമ്പ് എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണം..

ആരാണ് ഈ നിമിഷ? ചേട്ടനും അവളും തമ്മിൽ എന്താ ബന്ധം?

സിദ്ധാർഥിന്റെ ഹൃദയത്തിൽ പെട്ടെന്ന് വെള്ളിടി വെട്ടി, കണ്ണുകളിൽ ഇരുട്ടു കയറി. ആരുമറിയാത്ത, ആരുമറിയില്ലെന്ന് ഉറപ്പുണ്ടായിരുന്ന നിമിഷയുമായുള്ള ബന്ധം ഇവൾ എങ്ങനെ അറിഞ്ഞു.

രണ്ടായിരത്തി അഞ്ച് എസ്സ് എസ്സ് എൽ സി വാട്സ് അപ്പ് ഗ്രൂപ്പിലൂടെ, മൂന്ന് മാസം മുമ്പ് നാട്ടിൽ ലീവിന് വന്നപ്പോൾ ആണ് സ്കൂൾ ജീവിതത്തിന് ശേഷം നിമിഷയുമായി വീണ്ടും കോണ്ടാക്റ്റ് ചെയ്യുന്നത്. സ്കൂൾ ജീവിതത്തിൽ മനസ്സിൽ തോന്നിയ പ്രണയം, സ്കൂളിൽ നിന്ന് ഇറങ്ങിയ ശേഷം അവസാനിച്ചു.

വർഷങ്ങൾക്ക് ശേഷം വീണ്ടും കോണ്ടാക്റ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ തമാശക്ക് പരസ്പരം പഴയ സ്നേഹം പങ്ക് വെച്ച്.ഭർത്താവറിയാതെ അവളും ഭാര്യയറിയാതെ ഞാനും ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും ഹൃദയം കൈമാറി, സംസാരിച്ചു രസിച്ചു.

എല്ലാം ഒരു നേരംമ്പോക്ക് മാത്രമായിരിന്നു, വെറും മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു ഈ ബന്ധം, ആരും അറിയില്ല എന്ന് കരുതി, പക്ഷെ ആരാണ് ഒട്ടും അറിയരുത് എന്നാഗ്രഹിച്ചത് അവൾ തന്നെ എല്ലാം അറിഞ്ഞു.

“ലക്ഷ്മി അത്… അത്.. ഞാൻ ഒരു തമാശക്ക്.. .”

” കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടണ്ട… ഞാൻ നിങ്ങളുടെ എഫ് ബി യിലെ എല്ലാ ചാറ്റിംങ്ങും കാണുന്നുണ്ട്. ചേട്ടൻ എനിക്ക് വാങ്ങി തന്ന മുബൈലിൽ ചേട്ടൻ തന്നെ ചേട്ടന്റെ ഐഡി കൊണ്ടാണ് എക്കൗണ്ട് ഓപൺ ചെയ്തത്.ആ കാര്യം മറന്ന് പോയ ചേട്ടൻ അവളുമായി എല്ലാം മറന്ന് ചാറ്റ് ചെയ്തു. എന്റെ ചേട്ടൻ എന്നെ മറന്ന് പോകുമെന്ന് ഞാൻ കരുതിയില്ല, ഒരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്ത കേൾക്കാൻ ആഗ്രഹിക്കാത്തത് എല്ലാം ഞാൻ കണ്ടു…

എനിക്ക് സഹിക്കാൻ കഴിയുന്നില്ല ചേട്ടാ, എനിക്ക് ചേട്ടൻ മാത്രമെ ഉള്ളു ഈ ലോകത്ത്, മറ്റൊരുത്തിയെ മനസ്സിൽ കൊണ്ട് നടക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല,എനിക്കത് മരണതുല്യമാണ്, നമ്മുടെ ഉണ്ണിക്കുട്ടനു ചേട്ടനും ഉള്ള എന്റെ ലോകം മാത്രമെ ഉള്ളു എനിക്ക്…

വേണ്ട ചേട്ടാ.. ആ പെണ്ണുമായി ഒരു ബന്ധവും വേണ്ട ചേട്ടാ… എല്ലാം ഒഴിവാക്ക് … ചേട്ടന് ഞാനും നമ്മുടെ മോനും മാത്രം മതി..

പൊട്ടിക്കരഞ്ഞ് കൊണ്ട് ലക്ഷ്മി സിദ്ധാർഥിന്റെ കാലിൽ വീണു…

സിദ്ധാർഥ് ലക്ഷ്മിയെ ഉയർത്തി കരഞ്ഞ് തളർന്ന അവളുടെ കണ്ണുകളിൽ നോക്കി. അവളുടെ നെറ്റിയിൽ ചാർത്തിയ സിന്ദൂരത്തിൽ ചുംബിച്ചു. അവളെ നെഞ്ചോട്‌ ചേർത്ത് അവൻ പറഞ്ഞു.

“ലക്ഷ്മി നീ എന്നോട് ക്ഷമിക്കണം, എനിക്ക് തെറ്റ് പറ്റി, ഇല്ല എനിക്ക് വലുത് നീയും നമ്മുടെ മോനും മാത്രമാണ്, ഏതോ ഒരു പൊട്ട ബുദ്ധിക്ക് തോന്നിപ്പോയതാണ് ലക്ഷ്മി. ഇനി ഒരിക്കലും നിന്നെ മറന്ന് ഞാൻ ഒരു തെറ്റും ചെയ്യില്ല… നമ്മുടെ മോനാണ് സത്യം ഞാനിനി ആവർത്തിക്കില്ല… പ്ലീസ് എന്നോട് ക്ഷമിക്കണം… നമ്മുടെ മോനെവിടെ എനിക്ക് അവനെ കാണണം. അവനെ കാണാതെ എനിക്ക് സഹിക്കാൻ കഴിയുന്നില്ല…”

ലക്ഷ്മിയുടെ കൈയും പിടിച്ച് മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സനലും സുന്ദരിയായ ഒരു പെൺകുട്ടിയും ഉണ്ണിക്കുട്ടനെ കളിപ്പിക്കുന്നു.

സിദ്ധാർത്ഥൻ ഓടി ചെന്ന് ഉണ്ണിക്കുട്ടനെ വാരിയെടുത്ത് മുഖത്ത് തുരുതുരാ ഉമ്മവെച്ചു. സിദ്ധാർഥിന്റെ കണ്ണുകളിൽ നിന്ന് തുരുതുരാ കണ്ണുനീർ ചാലിട്ടൊഴുകി.

ഉണ്ണിക്കുട്ടനെ തോളിലിട്ട് ലക്ഷ്മിയെ ചേർത്ത് പിടിച്ച് സനലിനെ തിരിച്ച് പോകാൻ വിളിച്ചു.

“ഏട്ടാ ഇത് “അർച്ചന” എന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയാണ്.അർച്ചനയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അർച്ചനയുടെ അച്ഛനും അമ്മക്കും സമ്മതമാണ്, എനിക്ക് എന്റെ ഏട്ടന്റെ സമ്മതം കിട്ടിയാൽ മതി.. ഏട്ടന് ഇഷ്ടമായൊ അർച്ചനയെ?”

“എനിക്ക് ലക്ഷ്മിയെ തന്നത് നീയാണ് നീ കണ്ട് പിടിച്ച അർച്ചന ഒരിക്കലും മോശമാവില്ല എനിക്ക് ആയിരം വട്ടം സമ്മതമാണ്.. “

സനൽ അർച്ചനയുടെ കൈകളിലെ വിരലുകളിൽ ഒന്ന് കൂടി കോർത്ത് പിടിച്ചു.