ഇതിനിടയിൽ എപ്പോഴോ ആണ് ജീവിതത്തിൽ ഒരു കുളിർകാറ്റു പോലെ ഹേമ കയറി വന്നത്…

രചന: Sivadasan Vadama

:::::::::::::::::::

ഞാൻ പൊയ്ക്കോട്ടേ? സ്വപ്ന ചോദിച്ചപ്പോൾ വിശ്വൻ പേപ്പറിൽ നിന്ന് തല ഉയർത്തി നോക്കി.

എങ്ങോട്ട്? എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ചോദ്യം അപ്രസക്തമാകുമെന്ന് തോന്നിയപ്പോൾ എന്നത്തേയും പോലെ അതു വായിൽ തന്നെ വിഴുങ്ങി.

പകരം അയാൾ അവളുടെ മുഖത്തേക്ക് നോക്കി. അയാളുടെ നോട്ടത്തെ നേരിടാൻ ആകാതെ അവൾ തല താഴ്ത്തി.

****************

വിശ്വന്റെ മനസ്സ് പിറകിലേക്ക് പോയി…

കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യം. സന്തോഷത്തിന്റെ അർത്ഥം എന്താണ് എന്നുപോലും അറിയില്ല. ഒന്ന് മാത്രം അറിഞ്ഞു പണമാണ് മനുഷ്യന്റെ വലിപ്പ ചെറുപ്പം നിശ്ചയിക്കുന്നതെന്ന്. പിന്നെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. പണം സമ്പാദിക്കണം.

ഇതിനിടയിൽ എപ്പോഴോ ആണ് ജീവിതത്തിൽ ഒരു കുളിർകാറ്റു പോലെ ഹേമ കയറി വന്നത്. പക്ഷേ മുന്നോട്ടുള്ള വളർച്ചയിൽ അവൾ തടസ്സമാകുമെന്ന് തോന്നിയപ്പോൾ അവളോട്‌ പറഞ്ഞു എനിക്ക് നിന്നെ സ്നേഹിക്കാൻ ആകുന്നില്ല എന്ന്. അവളുടെ മനസ്സിൽ എന്താണ് എന്നു പോലും ചിന്തിക്കാതെ തന്റെ മനസ്സിനെ തന്നിലേക്ക് തളച്ചിട്ടു.

ആവശ്യത്തിന് പണം സമ്പാദിച്ചു എന്നു തോന്നിയപ്പോൾ ആണ് കൂടെ ഒരു പങ്കാളിയെ വേണമെന്ന് ത്തോന്നിയത്. പെണ്ണുകാണാൻ പോയപ്പോൾ പെൺകുട്ടിയെ കണ്ടപ്പോൾ ഒന്നും തോന്നിയില്ല. അവർ നൽകിയ ഓഫർ തരക്കേടില്ലെന്നു തോന്നി. തനിക്കു കിട്ടാവുന്നതിലും മികച്ച ഓഫർ. പിന്നെ ആരുടെയും താല്പര്യം തിരക്കിയില്ല. ഇതുമതി എന്ന് മനസ്സിൽ തീരുമാനിച്ചു.

അവളുടെ സ്വപ്‌നങ്ങൾ എന്താണ് എന്ന് ഒരിക്കലും തിരക്കിയില്ല. തന്റെ ആഗ്രഹങ്ങൾ അവളിൽ അടിച്ചേല്പിക്കാൻ ശ്രമിച്ചു. അവളുടെ ആഗ്രഹങ്ങളെ അവഗണിച്ചു. അവളുടെ ആഗ്രഹങ്ങൾ എല്ലാം പതിയെ അവൾ കുഴിച്ചു മൂടി. മനസ്സുകൾ അകലുന്നതും ശരീരങ്ങൾ തമ്മിൽ അകലുന്നതും ഒന്നും താൻ അറിയുന്നുണ്ടായിരുന്നില്ല. അപ്പോഴും താൻ പണത്തിനു പിറകെ ആയിരുന്നു.

എപ്പോഴോ തിരിച്ചറിഞ്ഞു ജീവിതം കൈമോശം വന്നുവെന്ന്. അപ്പോഴേക്കും വൈകി പോയിരുന്നു. തിരിച്ചു കയറാൻ കഴിയാത്ത വിധം മനസ്സുകൾ അകന്നു പോയി. അവൾക്കു തന്നിൽ നിന്നും രക്ഷപെട്ടു പൊയ്ക്കൂടേ എന്ന് മനസ്സ് പോലും പലപ്പോഴും ചോദിച്ചു തുടങ്ങിയിരുന്നു. പക്ഷേ അവൾ മറ്റേതോ ലോകത്തായിരുന്നു.

അ ടി മയെ പോലെ അവൾ തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ മനസ്സിൽ കുറ്റബോധം നിറഞ്ഞു. എന്നിട്ടും തനിക്കു അവളെ സ്നേഹിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് മനസ്സ് പിടഞ്ഞു. അവളുടെ കല്ലിച്ചു പോയ ഹൃദയത്തിലേക്ക് കയറി ചെല്ലാൻ തനിക്കു ഒരു പഴുതും ലഭിച്ചില്ല.

*************

ഓർമ്മയിൽ നിന്നു ഉണർന്നപ്പോളേക്കും അവൾ പോയി കഴിഞ്ഞിരുന്നു. ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ തമ്മിൽ ബന്ധം? അറിയില്ല. അവൾ പൊയ്ക്കോട്ടേ പാവം. ഇനിയെങ്കിലും അവൾ രക്ഷപെടട്ടെ.

പക്ഷേ ഇനിയും തനിക്കൊരു ജീവിതം ഇല്ല. താൻ സമ്പാദിച്ചു കൂട്ടിയതെല്ലാം വെറും കടലാസ്സ് തുണ്ടുകൾ മാത്രമായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു. പണമാണ് ജീവിതത്തിൽ എല്ലാം എന്ന് കരുതിയ താൻ വിഡ്ഢിയാണ് എന്ന് മനസ്സിലായി. പക്ഷേ തിരിച്ചറിവ് കൊണ്ടു ഇനി ഒന്നും നേടാനില്ല. എല്ലാം വൈകിപ്പോയി.