രചന: Sivadasan Vadama
:::::::::::::::::::::::
മോളെ നിനക്ക് ഈ ബന്ധം വേണോ?നിഖിൽ നിനക്ക് ചേർന്ന ഒരുവൻ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ. അവൻ വെറും പ്ലസ്ടു വിദ്യാഭ്യാസം അതിനനുസരിച്ചുള്ള തൊഴിൽ കാണാനും സുന്ദരൻ എന്ന് അവകാശപെടാനില്ല. അതുപോലെ ആണോ നീയ്, വിദ്യാഭ്യാസമുള്ളവൾ കാണാനും സുന്ദരി, നിനക്ക് നല്ലൊരു ബന്ധം ഉണ്ടാക്കി തരാൻ അച്ഛന് ഇന്നത്തെ നിലയിൽ സാധിക്കും.
അച്ഛാ!കാണാൻ സുന്ദരൻ ആയതു കൊണ്ടോ കോടീശ്വരൻ ആയതു കൊണ്ടോ എന്റെ ജീവിതം സന്തോഷരമാകണമെന്നുണ്ടോ?മനസ്സിൽ ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കുമ്പോൾ എല്ലാ കുറവുകളും ഇല്ലാതാകും.
അതു നിന്റെ പ്രായത്തിൽ തോന്നുന്നതാണ് മോളെ! കുറച്ചു കഴിയുമ്പോൾ ഇതൊന്നും അല്ല സത്യം എന്ന് മോളറിയും.
ഞാൻ ഒരിക്കലും അത്തരം ഒരു പരാതിയുമായി അച്ഛന്റെ അരികിലേക്ക് വരില്ല. നിഖിലിനെ മറക്കാൻ മാത്രം അച്ഛൻ പറയരുത്?
മാളവിക തീർത്തു പറഞ്ഞപ്പോൾ നകുലൻ പിന്നെ എതിർത്തില്ല. മോളുടെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ ആകട്ടെ?
*****************
വിവാഹം ഉറപ്പിക്കാൻ നിഖിലിന്റെ വീട്ടിൽ ചെന്നപ്പോൾ എല്ലാവരുടെയും മനസ്സ് ഇടിഞ്ഞു.
മാളവികയുടെ വീടിന്റെ പ ട്ടിക്കൂ ടു ഇതിലും വലുതായിരുന്നു. കിണർ ഇല്ലാത്തതിനാൽ കുടിവെള്ളത്തിന് രണ്ടു ആഴ്ച കൂടുമ്പോൾ വരുന്ന പൈപ്പ് വെള്ളം മാത്രമാണ് ആശ്രയം. പ്രാഥമിക സൗകര്യം നടത്താൻ ഉള്ള വൃത്തിയുള്ള കക്കൂസും കുളിമുറിയും പോലുമില്ല. ഒരിക്കൽ കൂടി മകളെ പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മാളവിക വഴങ്ങിയില്ല.
*******************
വിവാഹം കെങ്കേമമായി നടന്നു. വരന്റെ വീട്ടുകാരും ഒരു കുറവും വരുത്തിയില്ല. ശരീരം മുഴുവനും പോന്നു കൊണ്ടു മൂടിയെങ്കിലും നകുലന്റെ മനസ്സിൽ ഒരു ശൂന്യത ആയിരുന്നു.
*****************
നിഖിൽ തന്നെ കാണാൻ വരുമ്പോൾ ഉണ്ടായിരുന്ന ബൈക്ക് എന്തിയെ എന്ന് ചോദിച്ചപ്പോൾ ആണ് അവൻ പറഞ്ഞത് അതു കൂട്ടുകാരന്റേത് ആണെന്ന്.
നമുക്ക് ഒരു വണ്ടി വേണ്ടേ എന്ന് ചോദിച്ചപ്പോൾ അവൻ ഒരു മങ്ങിയ ചിരി ചിരിച്ചു.
കഴുത്തിലെ ഒരു നെക്ലസ്സ് ഊരി അവനെ ഏൽപ്പിച്ചു. ഒരു മടിയും കൂടാതെ അവനത് വാങ്ങി. പിറ്റേന്ന് തന്നെ വണ്ടി എത്തി.
വെന്തു കുഴഞ്ഞു മറിഞ്ഞ റേഷനരിയുടെ ചോറ് കഴിച്ചപ്പോൾ മാളുവിന് മനം പുരട്ടി. ഇത്തരം ചോറ് അവൾ ആദ്യമായി ആണ് കഴിക്കുന്നത്. എങ്കിലും അതു പുറത്ത് കാണിക്കാതെ അതു കഴിച്ചു വിശപ്പകറ്റി. സ്വന്തമാക്കാൻ കാണിച്ച ആവേശമൊന്നും പിന്നീട് നിഖിലിന് ഇല്ലെന്ന് മാളു പെട്ടെന്ന് തിരിച്ചറിഞ്ഞു.
ഇഷ്ടപ്പെട്ട കളിപ്പാട്ടം സ്വന്തമായി കിട്ടിയപ്പോൾ അതിനെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ അവസ്ഥയിൽ താനും ഒരിടത്തേക്ക് വലിച്ചെറിയപ്പെട്ടുവോ എന്ന് മാളുവിന് തോന്നി. ഉപയോഗിക്കുന്ന വെള്ളത്തിനു പോലും കണക്കു പറയുന്നത് കേൾക്കുമ്പോൾ അവൾക്ക് അപമാനം തോന്നി.
നമുക്ക് ഇവിടെ നിന്ന് മാറിയാലോ?ഒരിക്കൽ മാളു നിഖിലിനോട് ചോദിച്ചു.
താൻ എന്തോ പാപം ചെയ്തത് പോലെ രൂക്ഷമായി നോക്കിയപ്പോൾ അവൾക്ക് മനസ്സിലായി അവൻ അതിനു തയ്യാറല്ലെന്ന്.
ബാങ്കിൽ നിന്നു നോട്ടീസ് വന്നപ്പോൾ ആണ് ആധാരം പണയം വെച്ചിട്ടാണ് വിവാഹം കെങ്കേമമായി നടത്തിയതെന്ന്. കഴുത്തിലെ ആഭരണങ്ങൾ ഒന്നൊന്നായി പലിശക്കാരുടെ പെട്ടിയിൽ ആയി. പണം അടക്കാതെ വന്നപ്പോൾ കേബിൾ കട്ടു ചെയ്തപ്പോൾ വീട് നിശബ്ദത പൂണ്ടു. കറണ്ട് ബിൽ അടക്കാതെ ഫ്യൂസ് ഊരിയപ്പോൾ വീട് ഇരുട്ടിലുമായി. ആകെയുള്ള ആശ്വാസം അടുത്തുള്ള പുഴ ആയിരുന്നു. അതിൽ മുങ്ങി കിടക്കുമ്പോൾ കണ്ണുനീരിലെ ഉപ്പ് മുഴുവൻ പുഴയിൽ ഒഴുകി പോകുമ്പോൾ ഏറെ ആശ്വാസം തോന്നി.
*****************
വീട്ടിലെ ടൈലിട്ട തറയിൽ ചവിട്ടിയപ്പോൾ മാളുവിന് കാല് ചുട്ടു പൊള്ളുന്നത് പോലെ തോന്നി. ഇത് തന്റെ വീടാണോ ഇവിടെ ആണോ താൻ ജനിച്ചു വളർന്നത്. എല്ലാം ഒരു സ്വപ്നം പോലെ തോന്നി. അച്ഛനെ കണ്ടപ്പോൾ അറിയാതെ ഉള്ളിൽ നിന്ന് ഒരു തേങ്ങൽ പുറത്തേക്ക് വന്നു. ഒരു അച്ഛന് മകളോടുള്ള സ്നേഹവും കരുതലും തിരിച്ചറിയാതെ പോയി.
നകുലന് എല്ലാം മനസ്സിലായി.അയാൾ ഒന്നും അവളോട് ചോദിച്ചില്ല.
അച്ഛാ!അച്ഛൻ മകൾക്കു കരുതി വെച്ച സമ്പാദ്യം എല്ലാം പോയി.
ആര് പറഞ്ഞു നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല..ഇനിയും നിനക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും.
എങ്ങനെ?.മാളു ചോദിച്ചു
നിനക്ക് നൽകിയ വിദ്യാഭ്യാസം പ്രയോജനപ്പെടുത്താൻ നീ ശ്രമിച്ചുവോ?നിനക്ക് നൽകിയ ഏറ്റവും വലിയ സമ്പാദ്യം അതാണ്.ഇനിയും വൈകിയിട്ടില്ല. നീ ഇനി സ്വന്തം കാലിൽ നിൽക്കുവാൻ ശ്രമിക്കുക. നഷ്ടമായതെല്ലാം നിനക്ക് തിരിച്ചു ലഭിക്കും.
അച്ഛന്റെ വാക്കുകൾ അവൾക്കു പുത്തൻ ഉണർവേകി. അതേ അച്ഛൻ ഒരിക്കൽ പറഞ്ഞത് അനുസരിക്കാത്തതിന്റെ പേരിൽ ആണ് തന്റെ ജീവിതം ഈ വിധത്തിൽ ആയത്. ഇനി ആരൊക്കെ തടസ്സം നിന്നാലും ഇനി താൻ തോറ്റു കൊടുക്കില്ല. അവൾ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു.