ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട മൃദുലയ്ക്ക് അയാളുടെ സംസാരവും സ്നേഹസമ്പൂർണമായ ശാസനകളും അവളുടെ അച്ഛന്റെ ഓർമകൾ നൽകിയിരുന്നു…

രചന : സജിത തോട്ടഞ്ചേരി

::::::::::::::::::::::::::::::

കാലത്തേ തന്നെ ആരോടോ കത്തി വയ്പ്പാണല്ലോ വാസുവേട്ടൻ…..അറ്റെൻഡസ് രജിസ്റ്ററിൽ ഒപ്പു വച്ച് കൊണ്ടിരിക്കുമ്പോൾ മൃദുല മനസ്സിൽ ഓർത്തു .ഓഫീസിലെ പ്യൂൺ ആണ് വാസുവേട്ടൻ .എന്ത് കൊണ്ടോ വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ ഉണ്ടായിരുന്നു.ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട മൃദുലയ്ക്ക് അയാളുടെ സംസാരവും സ്നേഹസമ്പൂർണമായ ശാസനകളും അവളുടെ അച്ഛന്റെ ഓർമകൾ നൽകിയിരുന്നു.

“മോളേ ” തിരിഞ്ഞു നടക്കുന്നിതിനിടയിൽ വാസുവേട്ടൻ മൃദുലയെ വിളിച്ചു.

“നാളെ അനുമോളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് .നല്ല ആലോചനയാണ് .അതിന്റെ കാര്യമാണ് സംസാരിച്ചു കൊണ്ടിരുന്നത്.”

വാസുവേട്ടന് രണ്ടു പെണ്മക്കളാണ് .മൃദുലയേയും കൂട്ടി മൂന്നാണെന്നാണ് ഇടയ്ക്കിടെ പറയുക.ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചു പോകുന്ന ഒരു ഇടത്തരം കുടുംബമാണ് വാസുവേട്ടൻ്റെ .ഭാര്യ ഒരു പാവം വീട്ടമ്മ.

“അനുമോളെ കാണാനോ? അവൾ ഡിഗ്രി സെക്കൻഡ് ഇയർ അല്ലേ ആയുള്ളൂ വാസുവേട്ടാ.” ഉള്ളിൽ തോന്നിയ ആകാംക്ഷ തെല്ലും കുറയ്ക്കാതെ മൃദുല ചോദിച്ചു.

“പതിനെട്ട് കഴിഞ്ഞു മോളെ; പഠിപ്പൊക്കെ ഇനീം ആവാല്ലോ .അവർ പഠിപ്പിക്കാം ന്നു പറഞ്ഞിട്ടുണ്ട്. ഇനി താഴെ ഒന്നു കൂടി വളർന്നു വരണില്ലേ. വളർന്നു വരണ പെൺമക്കൾ ഉള്ള അച്ഛനമ്മമാരുടെ നെഞ്ചിലൊരു തീയല്ലേ മോളേ. നാട്ടിൽ നടക്കണ ഓരോന്നും കേൾക്കുമ്പോ ഉറക്കം വരില്ല. അതല്ലേ കാലം” ഒരു സാധാരണ അച്ഛൻ്റെ വിതുമ്പലോടെ വാസുവേട്ടൻ പറഞ്ഞു.

“നാട്ടിൽ നടക്കണതൊക്കെ അറിയണുണ്ടല്ലോ ല്ലേ?എന്നിട്ട് തന്നെയാണോ ഈ തീരുമാനം. കല്യാണം കഴിഞ്ഞുള്ള പഠിപ്പൊക്കെ എല്ലാർക്കും അറിയാലോ. നല്ല ആലോചനകൾ ഇനീം വരില്ലേ വാസുവേട്ടാ .അവൾ പഠിച്ച് ഒരു ജോലിയൊക്കെ കിട്ടി ജീവിതത്തെ നേരിടാനൊക്കെ പഠിച്ചിട്ട് പോരെ കല്യാണം. പെൺമക്കൾ വളരുമ്പോ ഉള്ളിൽ തീയാന്നു എല്ലാരും പറയും. കാലം മോശം തന്നെയാണ്. അതു കൊണ്ട് തന്നെ അവൾ ആദ്യം സ്വന്തം കാലിൽ നിൽക്കാനാവട്ടെ.” ഒരു മൂത്ത മകളുടെ ഉത്തരവാദിത്വത്തോടെ അവൾ പറഞ്ഞു.

“എന്നാലും മോളെ; ഒരുത്തൻ്റെ കയ്യിൽ ഏൽപ്പിച്ചാൽ ഒരു സമാധാനം ഉണ്ടാവും ലോ. ഇന്നത്തെ കാലമാണ്. എന്തെങ്കിലും ബുദ്ധിമോശം കാണിച്ചാൽ ….. നേരത്തിനു ഒരാളുടെ കൂടെ പറഞ്ഞയച്ചാൽ അത്രേം ആശ്വാസം “. ഒരു സാധാരണക്കാരൻ്റെ വികാരത്തോടെയാണ് വാസുവേട്ടൻ അത് പറഞ്ഞത്.

“ഇതാണ് നിങ്ങളുടെ ഒക്കെ തെറ്റ്. ഇന്ന് വരെ പരിചയമില്ലാത്ത ഒരാളെ നിങ്ങൾക്ക് വല്യേ വിശ്വാസാ, സ്വന്തം മക്കളെ വിശ്വാസമില്ല. നമ്മൾ കണ്ടെത്തിക്കൊടുക്കുന്ന ആൾ നല്ലവനാണെന്ന് എന്താ ഉറപ്പ്. അതൊക്കെ ഒരു ലോട്ടറി ടിക്കറ്റ് എടുക്കുന്ന പോലെയാ. അടിച്ചാൽ അടിച്ചു. ഒക്കത്ത് ഒരു കൊച്ചും എങ്ങനെ ജീവിക്കണം എന്നറിയാത്ത അവസ്ഥയും തന്നെയാ ഫലം. അവളായിട്ട് എന്തെങ്കിലും ബുദ്ധിമോശം ചെയ്യുമെന്ന പേടിയാണേൽ ലോകത്തെ സംഭവങ്ങൾ ഒക്കെ അവളും കാണുന്നതല്ലേ. അങ്ങനെ ഒന്നും അവൾ ചെയ്യില്ലെന്നു നമുക്ക് വിശ്വസിക്കാം. എന്നാലും നമ്മുടെ തെറ്റ് കൊണ്ട് അവളുടെ ഭാവി നശിക്കരുത് വാസുവേട്ടാ.” മൃദുലയുടെ വാക്കുകൾ കേട്ട് എന്തു തീരുമാനിക്കണം എന്നറിയാതെ വാസുവേട്ടൻ അന്തിച്ചു നിന്നു.

“വാസുവേട്ടൻ നന്നായി ആലോചിച്ച് തീരുമാനിക്ക് .അനുമോളുടെ അഭിപ്രായം കൂടി ചോദിക്ക്. അവൾക്കും ഇതൊക്കെ തന്നെ ആകും പറയാനുണ്ടാവുക. എന്നിട്ട് നല്ലൊരു തീരുമാനമെടുക്ക് ” അത്രയും പറഞ്ഞ് മൃദുല നടന്നു.

ഇന്നലെ അനുമോളും ഇതൊക്കെ തന്നെയാ പറഞ്ഞത് എന്ന് വാസുവേട്ടൻ ഓർത്തു. അപ്പോ അത് വല്യേ കാര്യായിട്ട് തോന്നിയില്ല. മൃദുല മോൾ പറഞ്ഞപ്പോഴാ ചിന്തിച്ചത്. പെൺമക്കളുള്ള ഒരു ശരാശരി അച്ഛനായി മാത്രം ചിന്തിച്ചുള്ളൂ. നമ്മൾ ജീവിച്ച കാലം അല്ല. അവൾ പഠിക്കട്ടെ. മക്കളുടെ സന്തോഷമല്ലേ വലുത്. ഉള്ളതൊക്കെ നുള്ളിപറുക്കി കെട്ടിച്ചു വിട്ടിട്ട് എന്തിനാ അവരുടെ കണ്ണീര് കാണാൻ നിൽക്കണെ. വാസുവേട്ടൻ ഫോണെടുത്ത് ബ്രോക്കറെ വിളിച്ച് നാളെ വരണ്ട എന്നു പറഞ്ഞ് അയാളുടെ മറുപടി കാത്ത് നിൽക്കാതെ ഫോൺ വച്ചു. ചുണ്ടിൽ ഒരു പുഞ്ചിരിയും പിന്നെ ഒരു മൂളിപ്പാട്ടും ആയി വാസുവേട്ടൻ തൻ്റെ ജോലികളിലേക്ക് കടന്നു……..