ഓലപ്പുര…ഒരു ഓർമ്മകുറിപ്പ് – രചന: അബ്ദുൾ റഹീം പുത്തൻചിറ
നല്ല തണുത്ത കാറ്റുവീശുന്നു, എവിടെയോ നല്ല മഴ പെയ്യുന്നുണ്ട്. സ്കൂൾ വിട്ടു വന്നതു മുതൽ വീടിന്റെ കോലായിൽ ഇരിക്കാണ്. ഇന്ന് വേഗം ഇരുട്ടായത് പോലെ.
ഉമ്മ ഇതേവരെ വന്നട്ടില്ല. എന്നും മഗ്‌രിബ് ബാങ്കിനു മുൻപാണ് ഉമ്മ വരുന്നത്…മഴ…തുള്ളി…തുള്ളി…ആയി പെയ്തു തുടങ്ങി…
ഞാൻ, ഉമ്മ, രണ്ടു പെങ്ങന്മാർ ഇതാണ് കുടുംബം. ഞാൻ ഏറ്റവും ഇളയതാണ്. നാലാം ക്ലാസ്സിൽ പടിക്കുന്നു. ഒരു പെങ്ങൾ വാപ്പാടെ അകന്ന ബന്ധു വീട്ടിലാണ് നിൽക്കുന്നത്. വീട്ടിൽ ഞാനും പെങ്ങളും ഉമ്മയും മാത്രം. വാപ്പ അകലെ എവിടെയോ ആണ്.
ഉമ്മ പുറത്തു വീട്ടിൽ പണിക്ക് പോകുന്നത് കൊണ്ടാണ് കഴിഞ്ഞു പോകുന്നത്. ഉമ്മ വരുന്നതും നോക്കി ഞാൻ ഇങ്ങനെ ഇരുന്നു. ഉമ്മ വന്നാൽ കഴിക്കാൻ എന്തേലും കാണും അതാണ്.
അപ്പുറത്തെ വീട്ടിലെ ശാന്തേച്ചിയുടെ മകൻ അനു അവന്റെ വീടിൻ്റെ ഉമ്മറത്ത് ഇരിക്കുന്നുണ്ട്. അവൻ ചായയിൽ എന്തോ മുക്കി കഴിക്കുന്നു. ഞാൻ അവനെ നോക്കി, അവൻ എന്നെയും ഇടക്ക് നോക്കുന്നുണ്ട്. എത്ര നോക്കീട്ടും കാര്യമില്ല, അവനതു തരില്ല.
അവനും ഞാനും ഉണ്ണിക്കുട്ടനും ഒരേ ക്ലാസ്സിലാണ്. നാലാം ക്ലാസ്സിൽ. എന്റെ വീടിന്റെ നേരെയാണ് അനുന്റേം ഉണ്ണികുട്ടന്റേം വീട്. ഉണ്ണിക്കുട്ടൻ ഇതേവരെ പുറത്തു വന്നട്ടില്ല. അവനും അകത്തു ചായ കുടിക്കുകയായിരിക്കും.
മഴ നല്ലോണം പെയ്ത് തുടങ്ങി. അകലെ ഉമ്മ വരുന്നതു കണ്ടു. തലയിൽ ഓലക്കെട്ടുണ്ട്. ഉമ്മ പണി കഴിഞ്ഞു വരുമ്പോൾ എപ്പോഴും ഒരു ഓലക്കെട്ടു തലയിൽ ഉണ്ടാകും. വരുന്ന വഴിക്കു പാടത്തു കിടക്കുന്ന ഓലകൾ വെട്ടി നുറുക്കി കെട്ടാക്കി തലയിൽ വെയ്ക്കും.
മുണ്ടും ബ്ലൗസും ആണ് ഉമ്മാന്റെ വേഷം. ഉമ്മ സാരിയുടുത്തു ഇതേവരെ കണ്ടട്ടില്ല. അല്ലങ്കിലും ഞങ്ങളുടെ കോളനിയിലുള്ളവർ സാരിയുടുത്തു അതികം കാണാറില്ല. ഉമ്മാന്റെ കയ്യിൽ ഒരു പൊതിയുണ്ട്. വേഗം ചെന്നു അതുവേടിച്ചു.
അതിൽ നിറയെ പഴുത്ത ചാമ്പക്കയും കറുകല ഇലയുമായിരുന്നു. ഉമ്മ ഓലക്കെട്ട് താഴെയിട്ടു കോലായിൽ ഇരുന്നു. കൂടെ ഞാനും. അപ്പോഴേക്കും മഴയുടെ ശക്തി കൂടി വന്നു. നല്ല കാറ്റും….
വീടിനുളിൽ നല്ല ചോർച്ചയുണ്ട്. ചോരുന്ന സ്ഥലത്തൊക്കെ പെങ്ങൾ പാത്രങ്ങൾ വെക്കുന്നുണ്ട്. ചോരുന്ന സ്ഥലത്തൊക്കെ പാത്രം വെച്ചാൽ രാത്രി കഞ്ഞി കുടിക്കാൻ പാത്രം കാണില്ല. അല്ലങ്കിലും ചോരാത്ത ഓലപ്പുര ഈ ലോകത്തു ഉണ്ടാകില്ല.
നല്ല ഇടിവാള് മിന്നി…ഞാനും ഉമ്മയും അകത്തു കയറി ഇരുന്നു. പാത്രം വെച്ചു കഴിഞ്ഞു പെങ്ങളും വന്നു അടുത്തിരുന്നു. അവൾക്കും കൊടുത്തു ചാമ്പക്ക. ആ നല്ല മഴ നോക്കി ഞങ്ങളിരുന്നു. മഴ കുറഞ്ഞു നല്ല തണുപ്പ് തോന്നി. മരങ്ങളിലുള്ള വെള്ളങ്ങൾ കാറ്റിൽ താഴെ വീഴുന്നുണ്ട്.
ഞാൻ പതിയെ പുറത്തെക്കിറങ്ങി ഉണ്ണിക്കുട്ടന്റെ വീട്ടിലേക്ക് ചെന്നു. കയ്യിലുള്ള ചാമ്പക്കയിൽ ഒരെണ്ണം അവനു കൊടുത്തു. അവനു സന്തോഷമായി. ഞാനും അവനും ചാമ്പക്കയും തിന്നു അനുവിന്റെ വീട്ടിലെക്കു നോക്കി. അവൻ മുറ്റത് പ്ലാങ്ങി നിൽക്കുന്നുണ്ട്. അവനും ഞങ്ങളുടെ അടുത്തേക്കു വരണമെന്നുണ്ട്. പക്ഷെ അവൻ്റെ അമ്മ സമ്മതിക്കില്ല.
അവന്റെ അമ്മയെ കോളനിയിലുള്ള എല്ലാവർക്കും പേടിയാണ്. കാരണം ശാന്തേച്ചി എല്ലാവരെയും ചീത്ത പറയും. സ്കൂളിലെ ടീച്ചർമാരെ പോലെയാണ് അവന്റെയമ്മ. തൊട്ടതിനും പിടിച്ചതിനും ചീത്ത പറയും.
പോയ്…പൂഓയ്…പെടക്കണ മീൻ പെടക്കണ മീൻ…മീൻ കാരൻ മമ്മദ്ക്കയാണ് സൈക്കിളിൽ മീനുമായി. ആളു മാത്രം പെടക്കുന്നുണ്ടാകുള്ളൂ. ചെന്ന് നോക്കിയാൽ കാണാം പെടക്കുന്നത് പോയിട്ട് ശ്വാസം പോലും വലിക്കുന്നുണ്ടാകില്ല മീനുകൾ.
ഞങ്ങൾ പഞ്ചായത്തു കിണറിന്റെ അടുത്തേക്ക് ചെന്നു. പെണ്ണുങ്ങളെല്ലാം മീൻവേടിക്കാൻ വന്നിട്ടുണ്ട്. നോക്കുമ്പോൾ അനും മീൻ വേടിക്കാൻ വന്നേക്കുന്നു. കയ്യിലുള്ള ഒരു ചാമ്പക്ക അവനും കൊടുത്തു. എവിടെ യൊക്കെയോ മരം വീണിട്ടുണ്ടന്ന് മമ്മദ്ക്ക അയൽക്കാരൻ അയ്യപ്പൻ ചേട്ടനോട് പറയുന്നത് കേട്ടു.
നേരം ഇരുട്ടി തുടങ്ങി ഞാൻ വീട്ടിലേക്ക് പോന്നു. ഉണ്ണികുട്ടനും അവന്റെ വീട്ടിലേക്കു പോയി. പണി കഴിഞ്ഞു വന്ന ഉമ്മ വീട്ടിലെ പണികൾ തുടങ്ങി. പെങ്ങൾ പാത്രത്തിൽ നിറഞ്ഞ വെള്ളങ്ങൾ പുറത്തു കളഞ്ഞു. പാത്രം അവിടെ തന്നെ വെച്ചു. കാരണം രാത്രി മഴ വീണ്ടും വരാൻ സാധ്യതയുണ്ട്…
ഉമ്മ അടുക്കളയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അടുക്കള എന്നാൽ അത്ര വലിയതൊന്നുമല്ല നേരെ നിന്നാൽ തല മുകളിൽ മുട്ടും. അത് കൊണ്ട് പണികളൊക്കെ ഇരുന്നിട്ടാണ്. (ഓലപ്പുരയിൽ കിടന്നവർക്ക് അറിയാം).
പെങ്ങൾ പുസ്തകം എടുത്ത് പഠിക്കാൻ ഇരുന്നു. ഞാൻ പിന്നെ ക്ലാസ്സിൽ ഫസ്റ്റ് ആയത് കൊണ്ട് പഠിക്കാൻ നിൽക്കാറില്ല. വെറുതെ വെളുക്കിൽ കളിച്ചു കൊണ്ടിരുന്നു. അവൾക്ക് വെട്ടം മറയുമ്പോൾ അവൾ എന്നെ തല്ലും. ഇനിക്കു ഒരെണ്ണം കിട്ടിയാൽ ഞാൻ രണ്ടെണ്ണം കൊടുക്കും, പിന്നെ അവളെന്നെ തല്ലില്ല. അപ്പോൾ ഞാൻ ഗുസ്തിയിൽ ജയിച്ച ആളെ പോലെയാണ്. അപ്പോൾ തോന്നും എനിക്കാണ് കൂടുതൽ ശക്തിയെന്ന്.
പണികളൊക്കെ കഴിഞ്ഞു ഉമ്മ ദിക്‌ർ ചൊല്ലാൻ ഇരുന്നു. ദിക്കിറിനെക്കാൾ കൂടുതലും അല്ലാഹുവിനോടുള്ള പരാതികൾ ആയിരിക്കും. അടുത്ത വലിയ മഴക്ക് മുൻപ് ഓല കിട്ടണം. കാരണം കഴിഞ്ഞ വർഷം വീട് മേഞ്ഞട്ടില്ല.
ഈ വർഷമെങ്കിലും മേഞ്ഞില്ലെങ്കിൽ മുഴുവൻ വെള്ളവും അകത്തു തന്നെയുണ്ടാകും…എന്നും പണിയുണ്ടാകണം…കൊയ്ത്തിനു നെല്ല് ഒരുപാട് കിട്ടണം…ഇതൊക്കെയാണ് ഉമ്മാന്റ് പരാതികൾ.
ഉമ്മ കൊയ്യാൻ പോകുമ്പോൾ സ്കൂൾ ഇല്ലാത്ത ദിവസം കൂടെ ഞാനും പോകും…കാരണം കൊയ്ത്തു കഴിഞ്ഞ കറ്റകൾ പാടത്തു നിന്ന് ചോന്ന് ഹാജിയാരുടെ വീട്ടിൽ കൊണ്ട് വെക്കണം. പാടങ്ങൾ മുഴുവനും ഹാജ്യാരുടെതാണ്.
പകൽ കൊയ്ത് കഴിഞ്ഞു രാത്രിയാണ് മെതിക്കുക. ഒരു കൂട്ടം ചേച്ചിമാർ കൊയ്യാൻ ഉണ്ടാകും. രാത്രി മെതിക്കലോക്കെ കഴിഞ്ഞു ചൂട്ടു കത്തിച്ചു വീട്ടിലേക്കു പോകും. ഉമ്മ ചൂട്ട് കത്തിച്ചു മുന്നിലും ഞാൻ പിന്നിലും നടക്കും. ഹാജിയാരുടെ വീട്ടിൽ നിന്നു പാടം കഴിഞ്ഞു വേണം ഞങ്ങളുടെ വീട്ടിലേക്ക് പോകാൻ. അന്നു കുളിച്ചു കഴിഞ്ഞാലും മേൽ നല്ല ചൊറിച്ചിലായിരിക്കും….
ശാന്തേച്ചിയുടെ വീട്ടിലെ റേഡിയോയിലെ പാട്ടു നിറുത്തി. എല്ലാവരും കിടന്നുന്ന തോന്നുന്നെ. ഞങ്ങളും കഞ്ഞി കുടിച്ചു കിടന്നു. വീട്ടിൽ എന്നും രാത്രീ കഞ്ഞി ആയിരിക്കും, കൂടെ പപ്പടവും. എന്നാലും നല്ല രുചിയാണ് കഴിക്കാൻ…
പുറത്തു കാറ്റു ആഞ്ഞു വീശുന്നുണ്ട് അടുത്ത മഴക്കുള്ള മുന്നറിയിപ്പാണത്. വീശുന്ന കാറ്റിൽ വീട് പറന്ന് പോകുമോ എന്ന് തോന്നും. അല്ലങ്കിലും നല്ലൊരു കാറ്റ് വീശിയാൽ പറന്ന് പോകാവുന്നതേയുള്ളു. ഞാനും ഉമ്മയും പെങ്ങളും ഒരു പായയിലാണ് കിടക്ക.
കാറ്റിന്റെ ശക്തി കൂടുമ്പോൾ ഉമ്മാന്റെ ദിക്കിറിന്റെ ഒച്ചയും കൂടും…പാവം ഉമ്മ…എന്റെ കണ്ണുകളും പതിയെ അടഞ്ഞു…ഒരുനാൾ ഞാനും വലിയ വീട് പണിയും…