അങ്ങനെയാണ് എന്നെക്കൊണ്ട് വിവാഹം കഴിപ്പിച്ച് ആ വഴിയിൽ കിട്ടുന്ന സ്ത്രീധനം കൊണ്ട് അനിയത്തിയെ വിവാഹം കഴിപ്പിക്കാം എന്നൊരു…

മകൾ

രചന : അപ്പു

::::::::::::::::::::::

ഒരു രജിറ്റേർഡ് ഉണ്ടെന്ന് പോസ്റ്റുമാൻ വന്നു പറയുമ്പോൾ അത് അവളുടെ ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി ഒരിക്കലും അവൾ എന്റെ ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് തന്നെയാണ് ഈ നിമിഷം വരെയും കരുതിയിരുന്നത്. പക്ഷേ അവൾക്ക് ഒരിക്കലും എന്നെ മറക്കാൻ കഴിയില്ല എന്ന് ഈ ഒരു കത്തിലൂടെ ഉറപ്പായി.

അത് പൊട്ടിച്ചു വായിക്കാൻ വല്ലാത്തൊരു ആവേശമായിരുന്നു.

” ദേഷ്യവും വാശിയും ഒക്കെ മനസ്സിൽ നിന്ന് മറന്നു കളഞ്ഞെങ്കിൽ, എനിക്ക് ഒരു വട്ടം കാണാൻ ഒരു ആഗ്രഹമുണ്ട്. കഴിയുമെങ്കിൽ ഒന്ന് ഇതുവരെ വരണം..

പാർവതി.. “

ഇത്രമാത്രമായിരുന്നു ആ വാചകങ്ങൾ.പക്ഷേ ഈ ചുരുങ്ങിയ വാക്കുകൾക്ക് പറയാൻ ഒരു ആയുസ്സിന്റെ കഥയുണ്ട്. ഞാനെന്ന മനുഷ്യന്റെ ജീവിതത്തിന്റെ കഥ..!

ഞാൻ രാജീവൻ. അച്ഛനെയും അമ്മയുടെയും നാലു മക്കളിൽ മൂത്തവൻ ആയിരുന്നു ഞാൻ. അച്ഛനെയും അമ്മയെയും സഹോദരങ്ങളേയും കൂടാതെ അച്ഛഛനും അച്ഛമ്മയും ഒക്കെ അടങ്ങുന്ന വലിയൊരു തറവാട് തന്നെയായിരുന്നു ഞങ്ങളുടേത്. അച്ഛൻ ഒരാളിന്റെ വരുമാനം കൊണ്ടാണ് ആ കുടുംബം നടന്നു പോയിരുന്നത്.

പക്ഷേ ഞാൻ കോളേജിൽ എത്തിയ സമയമായപ്പോഴേക്കും അച്ഛന് തീരെ സുഖമില്ലാതെയായി. ഒരുപാട് ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ ഒന്നും അച്ഛനെക്കൊണ്ട് ചെയ്യിക്കരുത് എന്ന് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചു. അതോടുകൂടി അച്ഛന് ജോലിക്ക് പോകാൻ കഴിയാതെയായി.

എന്റെ ഡിഗ്രി പഠനം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളതു കൊണ്ടുതന്നെ പഠനം വേണ്ട എന്ന് വയ്ക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. മറിച്ച് പഠനം കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയത്തൊക്കെ ഓരോരോ ജോലികൾക്കായി ഞാൻ പോകുമായിരുന്നു. ജോലിയും പഠിത്തവും ഒക്കെ കൂടി ഞാൻ ആകെപ്പാടെ കുഴഞ്ഞു പോയിരുന്ന ദിവസങ്ങൾ ആയിരുന്നു അത്.

ഒരു ജോലി എന്നെ സംബന്ധിച്ച് അത്യാവശ്യമാണ് എന്നുള്ളതുകൊണ്ടുതന്നെ ആദ്യം മുതൽക്കേ പി എസ് സി ടെസ്റ്റുകൾ ഒക്കെ എഴുതാറുണ്ടായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് തന്നെ ആ സമയത്ത് ഒരു ലിസ്റ്റിൽ എന്റെ പേര് വന്നു. ചെറുപ്പകാലത്ത് തന്നെ എനിക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥനായി പേരെടുക്കാൻ കഴിഞ്ഞു.

എനിക്ക് ജോലി കിട്ടിയതോടെ കുടുംബം നന്നായി എന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചു. എന്റെ ഒരാളുടെ വരുമാനത്തിൽ വീട് പുലർന്നു പോകുന്ന അവസ്ഥ. എനിക്ക് താഴെ രണ്ട് അനിയന്മാരും ഒരു അനിയത്തിയും ആണുള്ളത്. അവൾക്ക് 20 വയസ്സ് ആയപ്പോൾ തന്നെ അവളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

സർക്കാർ ജോലിക്കാരൻ ആണെങ്കിലും അവൾക്ക് നാട്ടുകാർ ചോദിക്കുന്നതുപോലെ അത്ര വലിയ സ്ത്രീധനം കൊടുത്തയക്കാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും എനിക്കുണ്ടായിരുന്നില്ല. മാസമാസം കിട്ടുന്ന ശമ്പളം വീട്ടുചെലവിനും അച്ഛന്റെയും അച്ഛമ്മയുടെയും ഒക്കെ മരുന്നിനും അല്ലാതെ മറ്റൊന്നിനും തികയുന്നുണ്ടായിരുന്നില്ല. ആ ഒരു സാഹചര്യത്തിൽ ഒരു വിവാഹം നടത്തി കൊടുക്കാൻ കൂടി എന്നെക്കൊണ്ട് പറ്റുമായിരുന്നില്ല.

അങ്ങനെയാണ് എന്നെക്കൊണ്ട് വിവാഹം കഴിപ്പിച്ച് ആ വഴിയിൽ കിട്ടുന്ന സ്ത്രീധനം കൊണ്ട് അനിയത്തിയെ വിവാഹം കഴിപ്പിക്കാം എന്നൊരു ബുദ്ധി അമ്മ ഉപദേശിച്ചത്. അത് സാമാന്യം തട്ടുകേട് ഇല്ലാത്ത ഒരു ബുദ്ധിയായി എല്ലാവർക്കും തോന്നുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ നല്ല രീതിയിൽ സ്ത്രീധനം കിട്ടുമെന്ന് ഉറപ്പായിരുന്നു. അച്ഛനും അമ്മാവനും ഒക്കെ ചേർന്ന് അത് വിലപേശി വാങ്ങുകയും ചെയ്തു.

അങ്ങനെ എന്റെ ജീവിതത്തിലേക്ക് വന്നു പെട്ടതാണ് പാർവതി. വലിയൊരു തറവാട്ടിലെ ഒരേയൊരു പെൺ തരിയായിരുന്നു അവൾ. അത്യാവശ്യം തരക്കേടില്ലാത്ത ചുറ്റുപാട് ഞങ്ങൾക്ക് ഉണ്ടായിരുന്നത് കൊണ്ടും, നല്ല തറവാട്ടുകാർ ആയിരുന്നത് കൊണ്ടാണ് ആ വിവാഹം നടന്നതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. സുഖലോലുപതയിൽ കഴിഞ്ഞ അവൾക്ക് എന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് പലപ്പോഴും ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. അവൾക്ക് പറ്റില്ല എന്ന് പറഞ്ഞാലും എനിക്ക് കൂടുതൽ ഒന്നും ചെയ്തു കൊടുക്കാൻ പറ്റുമായിരുന്നില്ല.

അവൾ എന്റെ വീട്ടിലേക്ക് വന്നു കഴിഞ്ഞ് കൃത്യം രണ്ടുമാസം കഴിയുന്നതിനു മുൻപ് തന്നെ അനിയത്തിയുടെ വിവാഹം നടന്നു. പാർവതി കൊണ്ടുവന്ന പൊന്നും പണവും ഒരു അണു തെറ്റാതെ അനിയത്തിക്ക് കൊടുത്തു വിട്ടപ്പോൾ പോലും അവൾ പരാതി പറഞ്ഞിട്ടില്ല. മറിച്ച് അത് തന്റെ കടമയായി കണ്ട് ചെയ്തു തീർത്തതേയുള്ളൂ.പക്ഷേ അമ്മയ്ക്ക് പാർവതിയെന്നും ശത്രുവായിരുന്നു. അവളെക്കുറിച്ചുള്ള പരാതികൾ മാത്രമാണ് ദിനംതോറും ഞാൻ കേട്ടിരുന്നത്.

ആ വീട്ടിലുള്ള പണികളൊക്കെയും അവൾ ചെയ്യുമായിരുന്നു. ആരോടും മറുത്തൊക്ഷരം പോലും പറയാതെ എല്ലാവരെയും അനുസരിക്കാൻ മാത്രം ശീലിച്ച ഒരു പെൺകുട്ടിയായിരുന്നു അവൾ.പക്ഷേ അവളുടെ ഭർത്താവായ ഞാൻ പോലും അവളെ മനസ്സിലാക്കിയിരുന്നില്ല.

വിവാഹം കഴിഞ്ഞ് അധികനാൾ ആവുന്നതിനു മുൻപ് തന്നെ അനിയത്തി വിശേഷം അറിയിച്ചു. അവൾക്ക് ബെഡ് റസ്റ്റ് പറഞ്ഞു എന്ന കാരണം കൊണ്ട് അവൾ തിരികെ വീട്ടിലേക്ക് തന്നെ വന്നു. അതോടെ പാർവതിയുടെ ജോലിഭാരം വർദ്ധിച്ചു. അനിയത്തിയുടെ പ്രസവം കഴിഞ്ഞ് അവൾ പോകുമ്പോഴേക്കും എന്റെ കയ്യിൽ ഒരു രൂപ പോലും നീക്കിയിരിപ്പില്ലാത്ത അവസ്ഥ.

നാളുകൾ കടന്നുപോകുമ്പോൾ ചിലവുകൾ ഒരുപാട് കൂടി. അപ്പോഴും ഒരാൾക്ക് കൂടി ചിലവ് കൊടുക്കാൻ ഇല്ല എന്ന പേരിൽ തങ്ങൾക്ക് ഒരു കുട്ടി വേണ്ട എന്നൊരു തീരുമാനത്തിൽ ആയിരുന്നു ഞാൻ. പക്ഷേ ഒരു കുഞ്ഞിന് വേണ്ടി അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് മൂന്നുവർഷമായപ്പോഴേക്കും കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ പലരും ഒളിഞ്ഞും തെളിഞ്ഞും അവളെ കുറ്റപ്പെടുത്തി തുടങ്ങി. എല്ലാം കേട്ട് കണ്ണുനീർ വാർക്കുന്ന അവളെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.

നിങ്ങൾക്ക് ഇപ്പോഴൊന്നും കുട്ടികൾ വേണ്ട എന്ന് ഉപദേശിച്ച അമ്മ തന്നെ, അവളുടെ കുറവു കൊണ്ടാണ് കുട്ടികൾ ആവാത്തത് എന്നു പറഞ്ഞ് അവളെ കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുണ്ട്. അപ്പോഴൊന്നും താൻ പ്രതികരിച്ചിട്ടില്ല.

പിന്നീട് എപ്പോഴും അവൾ നാണത്തോടെ തന്റെ ചെവിയിൽ പറഞ്ഞു, തങ്ങളുടെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്ന്.പക്ഷേ ആ നിമിഷം സന്തോഷത്തേക്കാൾ ഉപരി ദേഷ്യമാണ് തോന്നിയത്. അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റാൻ പോകുന്നതിന്റെ ദേഷ്യവും സങ്കടവും ഒക്കെ തോന്നി.

വിവരമറിഞ്ഞപ്പോൾ അമ്മ പൊട്ടിത്തെറിക്കുകയായിരുന്നു. ഒടുവിൽ അവരുടെയൊക്കെ വഴക്കു കേട്ടിട്ടാണ് അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിട്ടത്. അന്ന് പറഞ്ഞ വാചകം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്.

” ഇവളുടെ വയറ്റിൽ കിടക്കുന്ന കുട്ടി ആരുടെ ആണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല.. വല്ലവന്റെയും കൂട്ടി എന്റെ മകനെ അച്ചാ എന്ന് വിളിക്കുന്നത് എനിക്ക് കേൾക്കാൻ പറ്റില്ല. ഇങ്ങനെയൊരുത്തിയെ ഇനി ഞങ്ങളുടെ വീട്ടിൽ നിർത്താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഇനിമേലിൽ ഒരു ബന്ധവും പറഞ്ഞ് ഇവൾ ആ പടി ചവിട്ടരുത്. “

തനിക്കൊപ്പം വന്ന അമ്മയാണ് അത് മുഴുവൻ അവിടെ പറഞ്ഞത്.എന്തൊക്കെയോ ശാപവചനങ്ങൾ പറഞ്ഞുകൊണ്ട് ആ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയിരുന്നില്ല. അവളുടെ കണ്ണിലെ അപേക്ഷയും സങ്കടവും കാണാൻ കഴിയുമായിരുന്നില്ല.

പക്ഷേ അന്നൊന്നും അവളെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല.കാലങ്ങൾ കടന്നു പോയപ്പോൾ രണ്ട് അനിയന്മാരും വിവാഹിതരായി. അവർക്ക് കുട്ടികളും കുടുംബവും ഒക്കെയായി. അച്ഛനും അമ്മയും ഒക്കെ മരണപ്പെട്ടു. ശരിക്കും പറഞ്ഞാൽ ഭൂമിയിൽ ഒറ്റപ്പെട്ടു പോയത് താൻ മാത്രം.

കുടുംബമില്ലാത്ത തനിക്ക് സ്വത്ത് വകകളുടെ ആവശ്യമില്ലാ എന്ന് പറഞ്ഞ് നേരത്തെ തന്നെ അച്ഛനും അമ്മയും തന്റെ വിഹിതം കൂടി അനിയന്മാർക്ക് എഴുതി കൊടുത്തിരുന്നു.ജോലിയുണ്ടായിരുന്നത് കൊണ്ട് തന്നെ അതിന്റെ പെൻഷൻ വാങ്ങിയാണ് ഇപ്പോൾ മുന്നോട്ടുള്ള ജീവിതം.

പത്തിരുപത്താറ് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷം അവൾ തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.

വല്ലാത്ത ആവേശത്തോടെയാണ് അവളെ കാണാനായി അവളുടെ വീട്ടിലേക്ക് പുറപ്പെട്ടത്. പക്ഷേ അവിടെ കിട്ടിയിരുന്ന കരിങ്കോടി മനസ്സിൽ വല്ലാത്ത ഭയം വിതച്ചു. അതിനോട് അടുത്ത് തന്നെ സ്ഥാപിച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി കണ്ണുനീർ വർക്കാനല്ലാതെ തനിക്ക് ഒന്നിനും കഴിയില്ലായിരുന്നു.

” ക്യാൻസർ ആയിരുന്നു.. അവസാനം നിമിഷം വരെയും അവൾ ആഗ്രഹിച്ചത് തന്നെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു. ആ ആഗ്രഹം ബാക്കി വച്ചുകൊണ്ടാണ് അവൾ ഈ ഭൂമിയിൽ നിന്ന് വിട പറഞ്ഞത്.. “

തോളിൽ കൈവച്ചുകൊണ്ട് അവളുടെ ഏട്ടൻ പറയുമ്പോൾ,പൊട്ടിക്കരയാൻ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ..

“അച്ഛാ…”

എന്ന് വിളിച്ചുകൊണ്ട് ഒരു പെൺകുട്ടി മാറോടു ചേർന്നപ്പോൾ, പകച്ചു നിന്നു പോയിരുന്നു താൻ. പക്ഷേ നിമിഷങ്ങൾക്കകം അവൾ തന്റെ സ്വന്തമാണെന്ന് ബോധ്യമായപ്പോൾ, എത്ര ഹതഭാഗ്യനായ പിതാവാണ് താനെന്ന് ഒരു നിമിഷം ഓർത്തുപോയി.

അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുമ്പോൾ, ഇത്രകാലവും ചെയ്ത തെറ്റ് ഇനിയൊരിക്കലും ആവർത്തിക്കില്ല എന്നുകൂടി മനസ്സിൽ ഉറപ്പിക്കുകയായിരുന്നു. ഇനിയുള്ള ജീവിതം ഈ മകൾക്ക് വേണ്ടി ആയിരിക്കുമെന്ന് മനസ്സാൽ പ്രതിജ്ഞ എടുക്കുകയായിരുന്നു..!!