അതുമാത്രമോ ആറ് മണിക്ക് കിച്ചണിൽനിന്നിറങ്ങിയാലല്ലേ ഉടനെ മൊബൈൽ എടുത്ത് എനിക്ക് വല്ലവരുടെയും…

ഞാനും ചിലന്തിയും പിന്നെ ചില ധ൪മ്മാധ൪മ്മങ്ങളും…

രചന: ഭാഗ്യലക്ഷ്മി. കെ. സി

:::::::::::::::::::::::::

രാവിലെ എഴുന്നേറ്റ് പല്ല് രാകലും കുലുക്കുഴിയലും മുഖം തേച്ച് കഴുകി മിനുക്കലും കഴിഞ്ഞ് വിട്ടുമാറാത്ത ഉറക്കച്ചടവോടെ അടുക്കളയിൽ കയറുമ്പോൾ ദേ കിടക്കുന്നു കിച്ചൻസിങ്കിലൊരു ചിലന്തി.

പല്ലിയോ കൂറയോ ചിലന്തിയോ സിങ്കിൽ വീണുകഴിഞ്ഞാൽ അവയ്ക്ക് എളുപ്പത്തിൽ കയറിപ്പോകാൻ കഴിയില്ല. നനഞ്ഞ വശങ്ങളിൽ ഗ്രിപ്പ് കിട്ടാതെ വഴുക്കിക്കൊണ്ടിരിക്കും.

എനിക്ക് അവരെ നോക്കി നിന്നാൽ പോരല്ലോ..മണിക്കുട്ടി ഓടിക്കൊണ്ടിരിക്കയല്ലേ..ആറ് മണി എന്ന് പറയുമ്പോൾ ബ്രേക്ക് ഫാസ്റ്റ് ഡൈനിങ് ടേബിളിൽ ഹാജ൪ വെക്കണം. എന്നാലേ ഇത്തിരി ചൂടാറി കഴിച്ച് അദ്ദേഹത്തിന് ഓഫീസിൽ പോകാനൊക്കൂ.

ചോറും കറികളും റെഡിയാക്കി ചൂടാറ്റി പാത്രത്തിലാക്കി ബാഗിലെടുത്ത് വെക്കാൻ പറ്റൂ..

അതുമാത്രമോ ആറ് മണിക്ക് കിച്ചണിൽനിന്നിറങ്ങിയാലല്ലേ ഉടനെ മൊബൈൽ എടുത്ത് എനിക്ക് വല്ലവരുടെയും വായ്നോക്കി ഇരിക്കാൻ പറ്റൂ..അല്ല അതത്ര അത്യാവശ്യമൊന്നുമല്ലെങ്കിലും..പറഞ്ഞെന്ന് മാത്രം..ഒരു ഭംഗിക്ക് ഇരിക്കട്ട്..

അങ്ങനെ ഞാനെന്റെ ജോലികൾ തുടങ്ങി. ഓരോ പ്രാവശ്യം സിങ്കിലെ ടാപ്പ് തുറക്കുമ്പോഴും ചിലന്തി കിടന്ന് വട്ടത്തിലോടുന്നുണ്ട്. എടുത്ത് പുറത്ത് കളയണമെങ്കിൽ നാലരക്ക് വ൪ക്ക് ഏരിയയുടെ ഗ്രിൽസ് തുറക്കണം. പുലർച്ചെ വല്ല കള്ളനുമുണ്ടെങ്കിലോ…

അല്ല, ഈ കള്ളൻ ഞാൻ ഗ്രിൽസും തുറക്കുന്നതും നോക്കി രാത്രിമുഴുവൻ അവിടെ കുത്തിയിരിപ്പുണ്ടാവുമോ..കഷ്ടം..

അങ്ങനെ ചിലന്തിയെ മൈൻഡാക്കാതെ ഞാൻ എന്റെ തിരക്കിട്ട കൈക്രിയകളിലേക്ക് തിരിഞ്ഞു. അരി കഴുകുന്നു. പച്ചക്കറി കഴുകുന്നു,‌‌ പാത്രം കഴുകുന്നു. അടുപ്പിൽ പലതും തിളക്കുന്നു. കുക്ക൪ വിസിൽ മുഴക്കുന്നു.

ഓരോ തവണയും വെള്ളം തെറിച്ച് ചിലന്തി അസ്വസ്ഥമാകുന്നുണ്ട്. ഞാൻ ചിന്തിച്ചു:

ഞാനും നാളെ എവിടെയെങ്കിലും പെട്ട് സഹായത്തിനായി നിലവിളിച്ചേക്കാം.അന്ന് എന്നെ കണ്ടിട്ടും കാണാതെ പലരും തിരിച്ചുനടന്നേക്കാം. ഒരുകൈ നീട്ടി സഹായിക്കാനുള്ള മനസ്സ് കൈമോശം വരുന്നത് മനുഷ്യത്വമില്ലായ്മയാണ്…

ഇങ്ങനെ എന്റെ ധ൪മ്മാധ൪മ്മ ചിന്തകൾ നയാഗ്ര വെള്ളച്ചാട്ടത്തെ തോൽപ്പിച്ച് എന്നിലേക്ക് ചാടിക്കുതിച്ച് വന്നു.

ഒരു ചിലന്തിയെ കരകയറ്റാനാണോ ഈ ചിന്തകളത്രയും വണ്ടിപിടിച്ച് വന്നത്..എന്റമ്മോ…!

ഞാൻ ചിലന്തിയെ പുറത്തെത്തിക്കാൻ തീരുമാനിച്ചു. പക്ഷേ ഒരു കണ്ടീഷൻ,‌ എനിക്ക് പ്രത്യുപകാരകം ചെയ്യണം. പ്രത്യുപകാരകമല്ല, പ്രത്യുപകാരം…ആ ഗ്രാമ൪മിസ്റ്റേക്കും സ്പെല്ലിങ് മിസ്റ്റേക്കുമൊന്നും തിരുത്താൻ സമയമില്ല..കൂട്ടാൻ അടുപ്പത്തുകിടന്ന് തിളക്കുന്നു. അടിക്ക് പിടിച്ചാൽ പണിയാവും. വേഗം വേണം.

അതായത് പണ്ട് ഭീമസേനൻ നാഗലോകത്ത് ചെന്നുപെട്ടപ്പോൾ  വി ഷമേൽക്കാതിരിക്കാനുള്ള വരം ലഭിച്ചതുപോലെ എനിക്കും മേലാൽ ചിലന്തി വി.ഷമേൽക്കില്ലെന്ന് കൈയിലടിച്ച് ആണിയടിക്കണം. അല്ല,‌ ആണയിടണം. അല്ല അതുപോര, മുദ്രപത്രത്തിലെഴുതി ഒപ്പിട്ട് ‌തരണം. ആഹഹ..എനിക്ക് മാത്രമല്ല ഈ വീട്ടിലെ എല്ലാവ൪ക്കും. സമ്മതമാണോ..?

ചിലന്തി എന്തോ പറഞ്ഞുകാണും. നഹീന്നാണോ,‌ പോ പെണ്ണുമ്പിള്ളേ എന്നാണോ എന്ന് പ്രപഞ്ചസ്രഷ്ടാവിന് മാത്രമറിയാം. ഏതായാലും ഞാനതിനെ ജെസിബി കൊണ്ടുവന്ന് കോരി പുറത്തെത്തിച്ചു. പിന്നെയൊരു ഭീഷണിയും കാച്ചി:

ഇപ്പോൾ രക്ഷിച്ചെന്നുകരുതി മാറാല തൂക്കുമ്പോൾ അതിനിടയിൽപ്പെട്ടുള്ള ദാരുണാന്ത്യത്തിന് ഞാനായിരിക്കില്ല ഉത്തരവാദി…വേണമെങ്കിൽ ഇപ്പോഴേ കൂടും കുടുക്കയുമെടുത്ത് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി നാടുവിട്ടോള്വാ..

അടിയൻ എങ്ങോട്ട് പോവാനാ തമ്പ്രാട്ടീ എന്നൊരു കരച്ചിൽ ഗദ്ഗദം തീ൪ത്ത തൊണ്ടയോടെ അത് പയ്യെപ്പയ്യെ നടന്നുനീങ്ങുന്നത് എനിക്ക് നോക്കിനിൽക്കാൻ സമയമില്ലാത്തതുകൊണ്ട് ഞാൻ ബലദേവാനന്ദ് സാഗരാഹനെ സ്മരിച്ച് പറഞ്ഞു:

ഇതി സമ്പ്രതി വാ൪ത്താഹഃ

അതായത് ഇപ്പോൾ ഇത്രയേയുള്ളൂ എന്ന്…