എപ്പോഴോ മയക്കത്തിലാണ്ടു പോയ താൻ ആരോ ചേർത്തു പിടിച്ചത് അറിഞ്ഞിട്ടാണ് ഞെട്ടി ഉണർന്നത്…

_upscale

മാളവിക…

രചന : അപ്പു

:::::::::::::::::::::::::

” ഇതെന്തൊരു ശല്യമാണ്.? ഒന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൂടേ..? വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയിട്ട്.. “

ആ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞതും ഉറക്കത്തിൽ പോലും ഒന്ന് ഞെട്ടി വിറച്ചു. പതിയെ മയക്കത്തിൽ നിന്ന് ഉണർന്നു. അടുത്തു കിടന്ന കുഞ്ഞിനെ ശല്യം ചെയ്യാതെ മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. മുറിയിലോ ഹാളിലോ ഒന്നും അന്വേഷിച്ച ആളെ കാണാതെ ബുദ്ധിമുട്ടി.

ഇത്രയും വർഷങ്ങൾക്കിടയിൽ ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു പിണക്കം. ഈ വീട്ടിൽ നിന്ന് പോലും ഇറങ്ങി പോകണമെങ്കിൽ അതിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് ഊഹിക്കാം. ഇതിൽ എന്റെ തെറ്റ് എന്താണെന്ന് മാത്രമാണ് മനസ്സിലാകാത്തത്.

തളർച്ചയോടെ തിരികെ ബെഡിലേക്ക് തന്നെ വന്നിരുന്നു. ഓർമ്മകൾ ആ നിമിഷം അവനൊപ്പം സഞ്ചരിക്കുകയായിരുന്നു.

കോളേജിൽ ചേർന്ന് രണ്ടാം ദിവസമാണ് അപ്രതീക്ഷിതമായി അവനെ പരിചയപ്പെടുന്നത്. കോളേജിലെ അറിയപ്പെടുന്ന പാട്ടുകാരൻ. അലക്സ്..! ശബ്ദ മാധുര്യവും, സൗന്ദര്യവും ഒക്കെ കൊണ്ട് തന്നെ കോളേജിൽ നിറയെ ആരാധികമാരാണ് കക്ഷിക്ക്.. രണ്ടാം ദിവസം കോളേജ് യൂണിയന്റെ ഭാഗമായി ഓഡിറ്റോറിയത്തിൽ വച്ച് പുതിയ കുട്ടികൾക്ക് ഒരു വെൽക്കം ഉണ്ടായിരുന്നു. ആ പരിപാടിയിലാണ് ആദ്യമായി ഇദ്ദേഹത്തെ കാണുന്നത്.

പഴയ ബാച്ചുകളിൽ ഒക്കെ തന്നെ അയാൾക്ക് നിറയെ ആരാധികമാർ ഉണ്ടായിരുന്നു.അന്ന് ഒരു ദിവസത്തെ പരിപാടിയുണ്ട് ഞങ്ങളുടെ ബാച്ചിലും ഉണ്ടായി അയാൾക്ക് ഇഷ്ടം പോലെ ഫാൻസ്.പണ്ടു മുതൽക്കേ കലയോടും സംഗീതത്തോടും ഒക്കെ ഒരു പ്രത്യേക താല്പര്യം ഉള്ളതുകൊണ്ട് എനിക്ക് അദ്ദേഹത്തിനോട് ആരാധന തോന്നി.

പിന്നീട് കോളേജിൽ വച്ച് പലപ്പോഴും കാണുമെങ്കിലും, അദ്ദേഹം യാതൊരു പരിചയവും കാണിക്കാറുണ്ടായിരുന്നില്ല. കാണുമ്പോഴൊക്കെ ഞാൻ ചിരിച്ചു കാണിക്കുന്നത് മാത്രമാണ് ബാക്കി. എങ്ങനെയെങ്കിലും അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണമെന്ന് വല്ലാത്ത മോഹമായിരുന്നു.

ആർട്സ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് അതിനുള്ള അവസരം കിട്ടിയത്.

” ഹലോ.. “

എന്തോ തിരക്കിലായിരുന്ന ആളിനെ പിന്നിൽ നിന്ന് വിളിച്ചു. അതിന്റെ ഈർഷ്യയോടെയാണ് തിരിഞ്ഞു നോക്കിയത്.

“ഹായ് ചേട്ടാ.. എന്റെ പേര് മാളവിക. ഇവിടെ ഞങ്ങൾക്ക് വെൽക്കം നടത്തിയ ദിവസം ചേട്ടന്റെ പാട്ട് ഞാൻ കേട്ടിരുന്നു. അന്നു മുതൽ ചേട്ടനെ ഒന്ന് പരിചയപ്പെടണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നു.. എനിക്ക് ഈ പാട്ടു പാടുന്നവരെയൊക്കെ ഒരുപാട് ഇഷ്ടമാണ്..”

ഞാൻ പറഞ്ഞു നിർത്തിയപ്പോൾ ദേഷ്യത്തോടെ നോക്കുന്നത് കണ്ടു. കാരണം അന്നേരം മനസ്സിലായതുമില്ല.

“ഓരോ കാര്യത്തിനും സമയവും സന്ദർഭവും ഒക്കെയുണ്ട്.ഇവിടെ ഞാൻ അത്യാവശ്യമായി ഒരു കാര്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ നിന്നോട് വർത്തമാനം പറയാൻ എനിക്ക് പറ്റില്ല. പരിചയപ്പെടാൻ ഒക്കെ പിന്നീട് വാ.. “

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ആള് ചെയ്തിരുന്ന ജോലിയിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തപ്പോൾ ആകെ നാണക്കേട് തോന്നി. പിന്നീട് അവിടെ നിൽക്കാതെ വേഗത്തിൽ തന്നെ പുറത്തേക്ക് ഇറങ്ങി.

പിന്നീട് ആളിനെ കാണാതെ നടക്കലായിരുന്നു എന്റെ പണി. മുന്നിൽ ചെന്ന് നിന്ന് നാണം കെടാൻ വയ്യ എന്നുള്ളത് തന്നെയാണ് കാരണം.

പക്ഷേ ഒരു ദിവസം അപ്രതീക്ഷിതമായി ആള് ക്ലാസിലേക്ക് കയറി വന്നു.

” മാളവിക ഒന്നു പുറത്തേക്ക് വരാമോ..? “

ക്ലാസിൽ അത്രയും കുട്ടികളുടെ മുന്നിൽ നിന്ന് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറയാൻ മടി തോന്നി. അതുകൊണ്ടുതന്നെ അയാളെ അനുഗമിച്ചു പുറത്തേക്കിറങ്ങി.

“എടോ.. ഐ ആം സോറി. അന്ന് ഞാൻ ഇത്തിരി ടെൻഷനിൽ ആയിരുന്നു. അതുകൊണ്ടാണ് അന്ന് ഞാൻ തന്നോട് അങ്ങനെയൊക്കെ പെരുമാറിയത്. ശരിക്കും പറഞ്ഞാൽ അതിനു ശേഷം തന്നെ ഒന്ന് കണ്ടു കിട്ടാൻ വേണ്ടി ഞാൻ ഒരുപാട് ബുദ്ധിമുട്ടി. ആ ഒരു സംഭവത്തിന് മുൻപ് ഇടയ്ക്കൊക്കെ എന്റെ കൺമുന്നിൽ പെടാറുള്ളതായിരുന്നല്ലോ താൻ.. പക്ഷേ അതിനുശേഷം മനപ്പൂർവ്വം എന്റെ മുന്നിലേക്ക് വരാത്തതു പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. തന്നോട് ഒരു സോറി പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാകില്ല എന്ന് തോന്നിയതു കൊണ്ടാണ് ക്ലാസ്സിലേക്ക് കയറി വന്നു വിളിച്ചിറക്കേണ്ടി വന്നത്..”

അയാൾ അത്രയും പറഞ്ഞു നിർത്തിയപ്പോൾ കേട്ടതൊന്നും വിശ്വസിക്കാൻ പറ്റില്ല എന്നൊരു അവസ്ഥയിലായിരുന്നു ഞാൻ.

“എടോ.. താനൊന്നും പറഞ്ഞില്ല..”

പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്. അന്ന് ഞാൻ അനുഭവിച്ച അപമാനം ഓർക്കുമ്പോൾ അയാളെ തിരികെ ചീ ത്ത വിളിക്കാന്‍ തോന്നുന്നുണ്ടെങ്കിലും, ദയനീയമായ ആ മുഖം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല.

” സാരമില്ല.. ആ സാഹചര്യം മനസ്സിലാക്കാതെ ഞാനല്ലേ.. അതൊക്കെ കഴിഞ്ഞ കാര്യമല്ലേ..? “

അത്രയും പറഞ്ഞുകൊണ്ട് ഞാൻ ക്ലാസ്സിലേക്ക് നടക്കാൻ ഒരുങ്ങി.

” പ്രശ്നങ്ങളെല്ലാം തീർന്ന സ്ഥിതിക്ക് നമുക്ക് ഒരു ചായ കുടിച്ചാലോ..?”

പ്രതീക്ഷയോടെയാണ് ക്ഷണം.

“എനിക്ക് ചായ വേണ്ട.”

” അപ്പോൾ തനിക്ക് എന്നോടുള്ള പിണക്കം മാറിയിട്ടില്ല എന്നർത്ഥം.. “

അങ്ങനെയല്ലെന്ന് തെളിയിക്കാൻ വേണ്ടി മാത്രം അയാൾക്കൊപ്പം കാന്റീനിലേക്ക് പോകേണ്ടി വന്നു.അവിടെ മുതൽ തുടങ്ങുകയായിരുന്നു ഞങ്ങളുടെ സൗഹൃദം.അധികം വൈകാതെ അത് ഒരു പ്രണയമായി മാറി. ആ കോളേജിലെ ഏറ്റവും നല്ല പ്രണയ ജോഡികളായി ഞങ്ങൾ പാറിപ്പറന്നു.

ആ ബന്ധം അധികം വൈകാതെ തന്നെ വീട്ടിലും അറിഞ്ഞു. വീട്ടിൽ നിന്ന് ഒരുവിധത്തിലും എന്നെ പുറത്തേക്ക് വിടില്ല എന്ന അവസ്ഥ. അന്യമതസ്ഥനായ അനാഥനായ ഒരുവനോടൊപ്പം ജീവിക്കാൻ മകളെ വിടില്ല എന്നുള്ള വാശി.

അതിന്റെ പേരിൽ അച്ഛനും ഏട്ടനും ഒക്കെ അയാളെ ത ല്ലി അവശനാക്കി. ഒടുവിൽ എന്റെ വീട്ടുകാരെ ഉപേക്ഷിച്ച് ഞാൻ അയാൾക്കൊപ്പം ഇറങ്ങി പോന്നു.

അയാൾക്കൊപ്പം ഇറങ്ങി വന്നത് മുതൽ കണ്ണുനീർ എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല. സന്തോഷം മാത്രം നിറഞ്ഞ ജീവിതം ആയിരുന്നു ഞങ്ങളുടേത്. ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞു കൂടി വന്നതോടെ ആ സന്തോഷം ഇരട്ടിയാവുകയായിരുന്നു.

ഇന്ന് അപ്രതീക്ഷിതമായിട്ടാണ് അയാൾ എന്നോട് ആ വാചകം പറഞ്ഞത്. എന്തോ കാര്യത്തിന് പരസ്പരം തല്ലു കൂടി കൊണ്ടിരുന്നപ്പോൾ അയാളുടെ വായിൽ നിന്ന് വന്ന വാചകം.

ആർക്കു വേണ്ടിയാണോ ഞാൻ എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നത്, അയാൾക്ക് പോലും താൻ ഇപ്പോൾ ഒരു അധികപ്പറ്റായിരിക്കുന്നു.

അതോർക്കവേ,അനിയന്ത്രിതമായി കണ്ണുകൾ നിറഞ്ഞു.വേദനയോടെ ബെഡിലേക്ക് ചാഞ്ഞു.കുഞ്ഞിനെ ചേർത്തു പിടിച്ചു കിടന്നു.

എപ്പോഴോ മയക്കത്തിലാണ്ടു പോയ താൻ ആരോ ചേർത്തു പിടിച്ചത് അറിഞ്ഞിട്ടാണ് ഞെട്ടി ഉണർന്നത്. ആ കൈകളുടെ ഉടമ ആരാണെന്ന്, നോക്കാതെ തന്നെ അറിയാം. നേരത്തെ ഉണ്ടായിരുന്ന ദേഷ്യവും വാശിയും ഒക്കെ കൊണ്ട് തന്നെ ആ കൈകൾ തട്ടി മാറ്റി.

” മാളൂ.. സോറി.. ഞാൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. എനിക്കറിയാം എനിക്ക് വേണ്ടിയാണ് നീ ആരുമില്ലാത്തവൾ ആയതെന്ന്. ഞാൻ മാത്രമാണ് ഈ ഭൂമിയിൽ നിനക്ക് ഇപ്പോൾ അവശേഷിക്കുന്ന ബന്ധമെന്നും എനിക്കറിയാം. പിന്നെയുള്ളത് നമ്മുടെ മോളാണ്.അന്നേരത്തിന് ദേഷ്യവും വാശിയും ഒക്കെ കൊണ്ട് പറഞ്ഞു പോയതാണ്. അത് തനിക്ക് എത്രത്തോളം ഫീൽ ആവുമെന്ന് ഞാൻ ആ സമയത്ത് ചിന്തിച്ചിരുന്നില്ല. സോറി.. “

കൈകൾ വീണ്ടും മേലേക്ക് എടുത്തു വച്ചുകൊണ്ട് ക്ഷമാപണം നടത്തി. പക്ഷേ മനസ്സിന്റെ വേദന കൊണ്ടാവാം വിട്ടുകൊടുക്കാൻ തോന്നുന്നില്ല.

“ഇനി ഞാൻ എന്ത് ചെയ്താലാണ് തന്റെ പിണക്കം മാറുക..? “

ദയനീയമായി ചോദിക്കുന്നുണ്ട്.

“എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്തു തരണമെന്നില്ല.നേരത്തെ അലക്സ് പറഞ്ഞില്ലേ ദേഷ്യം കൊണ്ട് പറഞ്ഞതാണെന്ന്. ഇങ്ങനെ ദേഷ്യം കൊണ്ടും വാശി കൊണ്ടും നമ്മൾ വിളിച്ചു പറയുന്ന ഓരോ വാക്കുകളും മറുവശത്തു നിൽക്കുന്ന ആളിനെ എത്രത്തോളം വേദനിപ്പിക്കും എന്ന് ചിന്തിച്ചാൽ മതി.അലക്സ് പറഞ്ഞിട്ട് പോയ ആ വാചകങ്ങൾ എന്ന് എത്രത്തോളം തളർത്തിക്കളഞ്ഞു എന്ന് തനിക്കറിയില്ല. തനിക്ക് പോലും വേണ്ടെങ്കിൽ എന്തിനാണ് ഈ ജീവിതം എന്നു വരെ ഞാൻ ഓർത്തു പോയി. നമ്മുടെ കുഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനോടകം തന്നെ ഞാൻ ഈ ജീവിതം ഉപേക്ഷിച്ചേനെ..”

പറഞ്ഞു കഴിഞ്ഞതും കൈകളുടെ മുറുക്കം കൂടുന്നതും പുറം കണ്ണീരിൽ നനയുന്നതും അറിഞ്ഞു.

” നീ ഇങ്ങനെ ആവശ്യമില്ലാത്തതൊന്നും ചിന്തിക്കല്ലേ. നിനക്ക് അറിയാത്ത ഒന്നുമല്ലല്ലോ എന്നെ.. എന്റെ ജീവനല്ലേ.. ഏതെങ്കിലും സമയത്ത് എന്തെങ്കിലും ഒരു അബദ്ധം പറഞ്ഞു എന്ന് കരുതി ഇങ്ങനെയൊന്നും ചിന്തിക്കരുത്. നീയില്ലെങ്കിൽ പിന്നെ ഞാൻ ഇല്ലല്ലോ..!”

പൊട്ടിക്കരഞ്ഞുകൊണ്ട് അലക്സ് പറയുമ്പോൾ എനിക്ക് പറയാൻ ഒരേയൊരു കാര്യമേ ഉണ്ടായിരുന്നുള്ളൂ.

“നിങ്ങൾക്ക് എന്നോട് സ്നേഹമാണെന്ന് എനിക്കറിയാം.പക്ഷേ അനാവശ്യമായ ഈ ദേഷ്യവും വാശിയും ഒക്കെ ഒന്ന് ഒഴിവാക്കണം. പെട്ടെന്നൊന്നും നടക്കില്ല എന്ന് എനിക്കറിയാം. പതിയെ പതിയെ അതിൽ മാറ്റം ഉണ്ടാകണം. ദേഷ്യം തോന്നുമ്പോൾ വിളിച്ചു പറയുന്ന ഈ വാചകങ്ങളും ശ്രദ്ധിക്കണം. ഇനിയും ഇതൊക്കെ തന്നെ ആവർത്തിക്കാൻ ആണെങ്കിൽ നിങ്ങളോടൊപ്പം ഞാൻ ഉണ്ടാവില്ല അലക്സ്..”

“ഇല്ല.. ഇനി ഒരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകാതെ ഞാൻ ശ്രദ്ധിച്ചോളാം.. “

വാക്ക് തരുന്നത് പോലെ അയാൾ പറഞ്ഞതും, അയാളുടെ കൈകൾക്ക് മേലെ കൈ ചേർത്തുവച്ചിരുന്നു ഞാൻ..!