അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പിന്നീട് തന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ തിളക്കം വെക്കും…

വഴിവക്കിലെ നീലക്കണ്ണുകൾ…

രചന : ഭാഗ്യലക്ഷ്മി. കെ. സി

::::::::::::::::::::::

അവളുടെ ഒരു നോട്ടത്തിനായി എന്നും താൻ ക്ഷമയോടെ പുറത്തേക്ക് നോക്കിയിരിക്കും. ബസ്സ് ലേറ്റായാൽ അവൾ സ്കൂളിലേക്ക് പോയിക്കളയുമോ എന്നൊരു വേവലാതി തന്നെ വന്നുപൊതിയും.

ഇതൊരു അനാവശ്യചിന്തയല്ലേ എന്ന് താൻ ചിലപ്പോഴൊക്കെ തന്നെ ശാസിക്കും. കണ്ടാലെന്ത്.. കണ്ടില്ലെങ്കിലെന്ത് എന്ന് താൻ തന്നോട് നിരന്തരം ചോദിക്കും. എന്നും അവളെ കാണണമെന്ന് തോന്നിത്തുടങ്ങിയത് ഒരുദിവസം അവൾ സ്കൂളിൽ ബെല്ലടിക്കുന്നത് കേട്ട് ധൃതിയിൽ ബാഗുമെടുത്ത് അമ്മയുടെ അടുത്തുനിന്നും ഓടിപ്പോകുന്നത് കണ്ട ദിവസം മുതലാണ്.

അന്നുതൊട്ട് തന്റെ കണ്ണുകൾ ആ ബസ് സ്റ്റോപ്പിലെത്തുമ്പോൾ അവളുടെ നേരെ നീളാൻ തുടങ്ങി. ചില ദിവസങ്ങളിൽ അമ്മയെ പച്ചക്കറി എടുത്തുകൊടുക്കാൻ സഹായിച്ചുകൊണ്ട് അക്ഷമയോടെ അവൾ സ്കൂളിലേക്ക് നോക്കും. അങ്ങനെ ഒരു ദിവസം തങ്ങളുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി.

അവളോട് താൻ ആംഗ്യം കാണിച്ചു.

പരിഭ്രമിക്കണ്ട. ബെല്ലടിക്കാനാവുന്നതേയുള്ളൂ.

അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പിന്നീട് തന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ തിളക്കം വെക്കും. കുറഞ്ഞ ദിവസത്തിനകം തങ്ങളുടെ ആംഗ്യങ്ങൾ പരസ്പരം വലിയ രീതിയിൽ കൈമാറപ്പെട്ടുതുടങ്ങി.

ആളുകൾ കൂടുതൽ കയറാനുള്ള ഒരു സ്റ്റോപ്പായതിനാൽ താൻ കൂടുതൽ സമയം അവളോട് ആശയവിനിമയം ചെയ്യാൻ ഉപയോഗിച്ച് തുടങ്ങി. അവളും കുഞ്ഞുകുഞ്ഞ് ഉത്തരങ്ങൾ തന്നുതുടങ്ങി.

കഴിച്ചോ..?

എന്ന് അങ്ങോട്ട്.

ഉം

എന്നൊരു തലയാട്ടൽ ഇങ്ങോട്ട്.

കാണാത്ത ദിവസം ഓ൪ത്തുവെച്ച് അടുത്ത ദിവസം ചോദിക്കും:

ഇന്നലെ എവിടെ പോയിരുന്നു..?

സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു, നേരത്തെ പോയി.

മുടി ഇരുപുറവും മടഞ്ഞുകെട്ടിയത് നന്നായിട്ടുണ്ട് എന്നൊരാംഗ്യത്തിന് അവളൊന്ന് പുഞ്ചിരിച്ചു.

ഉള്ളിയും തക്കാളിയും ത്രാസിൽ എടുത്ത് വെച്ച് സഞ്ചിയിലാക്കിക്കൊടുത്ത് യൂനിഫോമിൽ ചളിയാവാതെ ബാഗുമെടുത്ത് ധൃതിയിൽ നടക്കുമ്പോഴും അവളിടയ്ക്ക് തിരിഞ്ഞുനോക്കി ചിരിക്കും.

ഒരുദിവസം അവളെ പരിചയപ്പെടാനായി ഓഫീസിൽ നിന്ന് വരുന്നവഴി അവിടെയിറങ്ങി. വൈകുന്നേരം അവളെ കാണാറില്ല.

പച്ചക്കറി പാക്കറ്റിൽ എടുത്ത് തരുമ്പോൾ അവളുടെ അമ്മയോട് ചോദിച്ചു:

മകളെവിടെ..?

അവൾക്ക് പഠിക്കാനുണ്ട്..വൈകുന്നേരം നിൽക്കാറില്ല.

എത്രാം ക്ലാസ്സിലാ..?

ആറിലാ..

എന്താ മോളുടെ പേര്..?

ശെൽവി..

എത്രനാളായി കേരളത്തിൽ വന്നിട്ട്..?

പതിനേള് വ൪ഷമാച്ച്..

അവ൪ നിഷ്കളങ്കമായി ചിരിച്ചു.

അവൾക്കായി വാങ്ങിയ ചോക്കലേറ്റ്സും നോട്ട്ബുക്ക്സും കൊടുത്തുകൊണ്ട് പറഞ്ഞു:

ഇത് അവൾക്ക് കൊടുക്കണം.അവളെപ്പോലെ ചെറിയ കുട്ടിയായിരുന്നപ്പോൾ അമ്മയെ സഹായിച്ച് സ്കൂളിൽ പോയി പഠിച്ച് ജോലി നേടിയ ഒരു ചേച്ചി തന്നതാണെന്ന് പറയണം..

പറയാം…

അവർ പിന്നെയും വെളുക്കെ‌ ചിരിച്ചു.

മകൾ നന്നായി പഠിക്കുമോ..?

പിന്തിരിയുന്നേരം വെറുതേ ചോദിച്ചതാണ്. അതൊന്നും അവളോടുള്ള ഇഷ്ടത്തിനെ കുറക്കില്ലെന്ന മട്ടിൽ.

ഉത്തരം പറഞ്ഞത് തൊട്ടുപിറകിൽ പച്ചക്കറി വാങ്ങാൻ വന്നുനിന്നയാളാണ്.

കൊള്ളാം, പഠിക്കുമോന്നോ..?

അവളല്ലേ നമ്മുടെ സ്കൂളിന്റെ അഭിമാനം. ക്വിസ് കോംപറ്റീഷനിൽ ജില്ലാതലത്തിൽ ഫസ്റ്റ് പ്രൈസ് നേടിയ കുട്ടിയാ.അവൾ വായിക്കാത്ത പുസ്തകങ്ങളില്ല..

സാറാണോ..?

അതെ ശെൽവിയുടെ കണക്ക് സാറാ..

പിറകിൽനിന്നും അവളുടെ അമ്മ ഭയഭക്തിയോടെ പറഞ്ഞു.

അയാളോട് പുഞ്ചിരിച്ച് വീണ്ടും ബസ്സിൽ കയറി.

യാത്രയിലുടനീളം ഓർമ്മകളിൽ മുങ്ങിപ്പൊങ്ങി. തന്റെ കുട്ടിക്കാലവും ഇങ്ങനെ ആയിരുന്നു. അമ്മ കറന്നുതരുന്ന പശുവിന്റെ പാലുമായി വീടുവീടാന്തരം കയറിയിറങ്ങണം. വൈകുന്നേരം വന്നാൽ പുല്ലരിയാൻ പോകണം. കടയിൽ പോയി സാധനങ്ങൾ വാങ്ങണം. വായിക്കാനൊരുപാട് ബാക്കിയുണ്ടാവും. എന്നാലും അമ്മയുടെ കഷ്ടപ്പാട് കാണുമ്പോൾ എല്ലാം വേഗം തീ൪ത്തിട്ട് സഞ്ചിയുമെടുത്ത് സ്കൂളിലേക്കൊരു ഓട്ടമാണ്.

വൈകിട്ട് വന്നാൽ എല്ലാ പിള്ളേരും കളിക്കാൻ പോകുമ്പോൾ തനിക്ക് മുറ്റമടിക്കലും വെള്ളം കോരലുമൊക്കെ ചെയ്ത് കണ്ണീരടക്കാനായിരുന്നു വിധി. പക്ഷേ ഒരു നിരാശയും അമ്മയെ കാണിക്കില്ല. അമ്മയ്ക്ക് താനും തനിക്ക് അമ്മയും മാത്രമുള്ളതല്ലേ എന്ന ചിന്ത എപ്പോഴും ഉള്ളിലുണ്ടായിരുന്നു..

ഓരോന്നോ൪ത്ത് വീടെത്തിയതറിഞ്ഞില്ല.

മോളേ നീ വന്നോ..?

അമ്മയുടെ ശബ്ദം കേട്ടതും ഓടി അകത്തേക്ക് ചെന്നു. വയ്യാതെകിടക്കുന്ന അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച് ചാരിയിരുത്തിച്ചു. ചായ ഉണ്ടാക്കി കൊടുത്തു. ദേഹം മുഴുവൻ തുടച്ചു കൊടുത്തു. രാത്രിയത്തെ ആഹാരവും ഉണ്ടാക്കിവെച്ച് കുളിച്ചുവന്ന് അമ്മയുടെ അടുത്ത് പോയിരുന്നു. ആ മടിയിൽ തലചായ്ച്ചു.

മുടിയിഴകളിൽ വിരലോടിച്ച് അമ്മ പറഞ്ഞു:

എന്റെ കുട്ടിക്ക് വയസ്സെത്രയായിന്നാ വിചാരം..? പത്ത് നാൽപ്പതായില്ലേ..എന്നെ വിചാരിച്ച് വിവാഹം പോലും കഴിക്കാതെ..ഞാൻ പോയാൽ നിനക്ക് ഒരു ലക്ഷ്യം വേണ്ടേ.?

അതൊക്കെയുണ്ടമ്മേ…

പകൽ നടന്ന സംഭവങ്ങൾ അമ്മയോട് പറഞ്ഞപ്പോൾ മനസ്സിലെന്തോ പെയ്തുതോ൪ന്നപോലെ..

അവൾക്ക് പഠിക്കാൻ വേണ്ടുന്ന സഹായം ചെയ്യണം…

അമ്മയുടെ നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊടുത്തുകൊണ്ട് അത് പറയുമ്പോൾ നിറയെ പ്രതീക്ഷകളോടെ തന്നെ നോക്കുന്ന ആ കുഞ്ഞു കണ്ണുകളായിരുന്നു മനസ്സിൽ.