അവകാശത്തോടെയും അധികാരത്തോടെയും തുറന്നു പറയാൻ മടിക്കുന്ന സത്യം…

കീർത്തി

രചന : അപ്പു

:::::::::::::::::::::

“മലയാളികൾക്ക് അഭിമാനമായി ഈ യുവ ഡോക്ടർ.. കീർത്തി മനീഷ്…”

ആ വാർത്തയിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു. വാർത്തയ്ക്ക് ഒപ്പം കാണുന്ന പെൺകുട്ടിയുടെ ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു.

തന്റെ.. മകളാണ്. അവകാശത്തോടെയും അധികാരത്തോടെയും തുറന്നു പറയാൻ മടിക്കുന്ന സത്യം..

അയാളുടെ ഓർമ്മകൾ കുറച്ചുകാലം പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു.

അയാൾ മനീഷ്. ഭാര്യ ഹേമ. ഒരേ ഒരു മകൾ കീർത്തി. ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു മനീഷ്.വളരെ വൈകിയാണ് അവരുടെ വിവാഹം കഴിഞ്ഞത്. ജാതകത്തിലെ പ്രശ്നവും അയാളുടെ ജോലിയും ഒക്കെ തന്നെയായിരുന്നു വിവാഹം വൈകാനുള്ള കാരണങ്ങൾ. ഹേമ പിജി വരെ പഠിച്ച പെൺകുട്ടിയായിരുന്നു. അതുകൂടാതെ സംഗീതത്തിലും വൃത്തത്തിലും ഒക്കെ അഭിരുചിയുള്ള ആളു കൂടിയായിരുന്നു ഹേമ.

പക്ഷേ മനീഷിനെ സംബന്ധിച്ച് അവളുടെ ഇത്തരം കഴിവുകൾ ഒന്നും ഇഷ്ടമായിരുന്നില്ല. തന്റെ ഭാര്യ എന്നും തനിക്ക് താഴെയായിരിക്കണം എന്നൊരു ചിന്താഗതിയാണ് അയാളുടെത്. വിവാഹത്തിന് മുൻപ് തന്നെ അവൾക്ക് ജോലിക്ക് പോകാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചിരുന്നു.

പക്ഷേ വിവാഹശേഷം അയാൾ ആഗ്രഹം നടത്തിക്കൊടുക്കാൻ താല്പര്യം കാണിച്ചില്ല. എന്നുമാത്രമല്ല വിവാഹം കഴിഞ്ഞ് അധികം വൈകാതെ കീർത്തി അവരുടെ ജീവിതത്തിലേക്ക് വരികയും ചെയ്തു. അതോടെ ജോലിക്ക് പോകുക എന്നുള്ള ഹേമയുടെ ആഗ്രഹം അവസാനിച്ചു.

കീർത്തി വലുതായി സ്കൂളിൽ പോയി തുടങ്ങിയപ്പോഴും തനിക്ക് ജോലിക്ക് പോകണം എന്നുള്ള ആഗ്രഹം ഹേമ പ്രകടിപ്പിച്ചു. പക്ഷേ കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോകാൻ പറ്റില്ല എന്ന് മനീഷ് ശഠിച്ചു.

അങ്ങനെയെങ്കിൽ വീട്ടിൽ കുറച്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കാം എന്നായി ഹേമ. അങ്ങനെയാണെങ്കിൽ വീട്ടിൽ എല്ലായിപ്പോഴും പിള്ളേരുടെ ബഹളം ആകുമെന്നും അതോടെ തങ്ങളുടെ ഇല്ലാതാകുമെന്ന് മനീഷ് പറഞ്ഞു. കുട്ടികളുടെ സിലബസ് തീർക്കാൻ വേണ്ടി ഒരുപാട് സ്ട്രെയിൻ എടുത്തു പഠിപ്പിക്കേണ്ടി വരും. അതോടുകൂടി കുടുംബത്തിനോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടില്ല എന്ന് അവൻ പറഞ്ഞു.

അങ്ങനെയാണ് പ്രശ്നം എങ്കിൽ അവൾ ചെറുപ്പം മുതൽ അഭ്യസിക്കുന്ന നൃത്തം പഠിപ്പിക്കാം എന്നായി. പക്ഷെ, അവനു അതിന്റെ ശബ്‌ദം ഇഷ്ടമല്ല എന്ന് പറഞ്ഞു അവൻ എതിർത്തു. ശരിക്കും പറഞ്ഞാൽ അവന്റെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ വേണ്ടി മാത്രമുള്ള ഒരു ഉപകരണം ആയിരുന്നു ഹേമ. അവളുടെ ഒരു അഭിപ്രായങ്ങളും ആ വീട്ടിൽ ഒരിക്കൽ പോലും നടപ്പിലാക്കാൻ അനുവദിച്ചിരുന്നില്ല.

കീർത്തിയുടെ കാര്യത്തിൽ ആണെങ്കിൽ പോലും അവളെ അധികം ഇടപെടാൻ മനീഷ് സമ്മതിച്ചിരുന്നില്ല. കീർത്തി എല്ലായിപ്പോഴും അച്ഛന്റെ തണലിൽ തന്നെ വളരണമെന്ന് അയാൾക്ക് നിർബന്ധം ഉണ്ടായിരുന്നു.ഹേമയുടെ അവൾ ഒരുപാട് അടുക്കാതെ ഇരിക്കാൻ വേണ്ടി, പലപ്പോഴും ഹേമയിൽ നിന്ന് അയാൾ ബലമായി കീർത്തിയെ അടർത്തി മാറ്റിയിരുന്നു.

കുട്ടിയുടെ മുന്നിൽ വച്ച് പലപ്പോഴും അയാൾ ഹേമയെ പരിഹസിച്ചിട്ടുണ്ട്. അവളെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്നുള്ള തരത്തിൽ തന്നെയായിരുന്നു അയാൾ സംസാരിച്ചത്. പതിയെ പതിയെ കുട്ടിയുടെ മനസ്സിലും അങ്ങനെയൊരു ചിന്ത വളർന്നു വരുമെന്ന് അയാൾ കണക്കു കൂട്ടി.

മിക്കപ്പോഴും കീർത്തിയുടെ മുന്നിൽ വച്ച് ഹേമയെ ഉപദ്രവിക്കുക കൂടി ചെയ്യാറുണ്ടായിരുന്നു. അന്നൊക്കെ ഭയത്തോടെ കീർത്തി മുറിയിൽ ഒളിക്കുകയായിരുന്നു പതിവ്.

പക്ഷേ ആ പതിവുകൾ ഒക്കെ തെറ്റിയത് നാലഞ്ചു വർഷങ്ങൾക്കു മുമ്പാണ്. കൃത്യമായി പറഞ്ഞാൽ ഹേമയുടെയും മനീഷിന്റെയും വിവാഹമോചനം നടക്കുമ്പോൾ.

ആ സമയമായപ്പോഴേക്കും മോൾക്ക് പ്രായപൂർത്തിയായിരുന്നു. അതിനുശേഷം ആണ് ഹേമ ഡിവോഴ്സിന് വേണ്ടി അപ്ലൈ ചെയ്തത്. കോടതിയിൽ വച്ച് മക്കൾക്ക് ആരോടൊപ്പം പോകണം എന്നുള്ള ജഡ്ജിന്റെ ചോദ്യത്തിന്, എനിക്ക് എന്റെ അമ്മയുടെ ഒപ്പം പോയാൽ മതിയെന്ന് ആ കോടതി മുറിയിൽ വച്ച് അവൾ വിളിച്ചു പറഞ്ഞു. മനീഷിന്റെ അഹങ്കാരത്തിന് കിട്ടിയ ആദ്യത്തെ തിരിച്ചടിയായിരുന്നു അത്. മകൾ ഒരിക്കലും ഹേമക്കൊപ്പം പോകില്ല എന്നായിരുന്നു അയാളുടെ ചിന്ത.

കോടതി വിട്ട് പുറത്തേക്ക് ഇറങ്ങിയ മകളെയും ഹേമയെയും അയാൾ പകയോടെയാണ് നോക്കിയത്.

” നീ എന്ത് കൈവിഷം കാണിച്ചു മയക്കീട്ടാണ് ഇവളെ കയ്യിലെടുത്തു വച്ചിരിക്കുന്നത്..? ഞാൻ പ്രാണനെ പോലെ സ്നേഹിച്ച എന്റെ മകളെയാണ് നീ എന്നിൽ നിന്ന് അടർത്തിക്കൊണ്ടുപോകുന്നത്. പക്ഷേ ഇത് അധിക കാലം നിലനിൽക്കും എന്ന് കരുതരുത്.”

അയാൾ ദേഷ്യത്തോടെ ഹേമയോട് പറഞ്ഞു.

” അച്ഛൻ വെറുതെ അമ്മയോട് ദേഷ്യപ്പെടേണ്ട. അമ്മയോടൊപ്പം പോകണം എന്നുള്ള തീരുമാനം എന്റേതായിരുന്നു. അതിൽ അമ്മയ്ക്ക് യാതൊരു പങ്കുമില്ല. പക്ഷേ അങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റില്ല. കാരണം എന്റെ ജീവിതത്തിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത് എന്റെ അമ്മയാണ്.. “

മകളുടെ നാവിൽ നിന്ന് കേൾക്കുന്ന ഓരോ വാക്കുകളും മനീഷിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.

” വീടിന്റെ നാല് ചുവരിനു പുറത്തേക്കിറങ്ങാത്ത അവൾ നിന്നെ എങ്ങനെ സ്വാധീനിച്ചു എന്നാണ്..? മനുഷ്യനോട് നേരെ ചൊവ്വേ ഇടപെടാൻ പോലും അറിയാത്ത അവൾ നിന്നെ എന്തു പഠിപ്പിച്ചു എന്നാണ്..? “

ദേഷ്യത്തോടെ അയാൾ അന്വേഷിച്ചു.അതിനു മറുപടിയായി കീർത്തി ചിരിച്ചു.

” അച്ഛൻ പറഞ്ഞല്ലോ വീടിന്റെ നാല് ചുവരിന് പുറത്തേക്ക് ഇറങ്ങാത്ത അമ്മയെ കുറിച്ച്.. അതിനുള്ള അവസരം എപ്പോഴെങ്കിലും അച്ഛൻ അമ്മയ്ക്ക് കൊടുത്തിട്ടുണ്ടോ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ..? ശരിക്കും പറഞ്ഞാൽ അമ്മയുടെ ജീവിതം അങ്ങനെ ഡിസൈൻ ചെയ്തത് അച്ഛനാണ്. അമ്മയ്ക്ക് യാതൊരു സ്വാതന്ത്ര്യവും കൊടുക്കാതെ ആ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ അടച്ചിട്ടത് അച്ഛനാണ്. അമ്മയുടെ ആഗ്രഹങ്ങളെ എല്ലാം എതിർത്തു നിൽക്കാൻ മാത്രമേ അച്ഛൻ ഇതുവരെയും ശ്രമിച്ചിട്ടുള്ളൂ. അമ്മയ്ക്ക് ജോലിക്ക് പോകണമെന്നും ഡാൻസ് പഠിപ്പിക്കണം എന്നുമൊക്കെ അമ്മ പറയുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുള്ളതാണ്. അതൊന്നും അച്ഛൻ സമ്മതിച്ചു കൊടുത്തിട്ടില്ല. പിന്നെ ആളുകളോട് ഇടപെടുന്ന കാര്യം.. ഒരു മനുഷ്യൻ ഫുൾടൈം വീടിനകത്ത് ഇരുന്നാൽ മറ്റുള്ള ആളുകളോട് എങ്ങനെ ഇടപെടണം എന്ന് മറന്നുപോകും. അമ്മയെ ഒരിടത്തേക്കും അച്ഛൻ കൂടെ കൊണ്ടുപോകാറില്ല. ഫാമിലി ഫങ്ക്ഷന്, അതും തീരെ ഒഴിവാക്കാൻ പറ്റാത്ത ഇടങ്ങളിലേക്ക് മാത്രമാണ് അച്ഛൻ അമ്മയെ കൂടെ കൂട്ടാറുണ്ട്. അതും അവിടെ ചെന്നാൽ ആരോടും മിണ്ടരുത് ചിരിക്കരുത് അങ്ങനെയങ്ങനെ നൂറു നൂറു നിർദ്ദേശങ്ങൾ കൊടുത്തിട്ട് ആയിരിക്കും വീട്ടിൽ നിന്ന് കൊണ്ടുപോവുക. സത്യം പറഞ്ഞാൽ അച്ഛൻ വളർത്തുന്ന ഒരു വളർത്തു നായയെ പോലെ ആയിരുന്നില്ല അച്ഛനു അമ്മ..? “

മകൾ പറയുന്ന വാക്കുകളിലെ ശരി തെറ്റുകൾ കണ്ടെത്താൻ മനീഷ് ഒരിക്കലും ശ്രമിച്ചില്ല. മറിച്ച് മകളെ അമ്മ സ്വാധീനിച്ചു എന്ന കാരണം പറഞ്ഞ് മകളെ ഉപേക്ഷിച്ച് അയാൾ ആ കോടതി മുറ്റത്തു നിന്ന് പടിയിറങ്ങി.

പിന്നീട് ഒരിക്കൽ കീർത്തി അയാളെ ഫോണിൽ വിളിച്ചിരുന്നു.

“എനിക്കറിയാമായിരുന്നു അധികം വൈകാതെ നീ എന്നിലേക്ക് തന്നെ മടങ്ങി വരുമെന്ന്. അല്ലാതെ നിന്റെ അമ്മയുടെ കയ്യിൽ നിന്നെ മുന്നോട്ടേയ്ക്ക് വളർത്താനുള്ള വരുമാനം ഒന്നുമില്ലല്ലോ..”

അച്ഛനോട് സംസാരിക്കാനുള്ള കൊതിയിൽ വിളിച്ച മകൾക്ക് ഈ വാക്കുകൾ താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

” അച്ഛന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായിരിക്കും എന്ന് കരുതിയാണ് ഞാൻ വിളിച്ചത്. അങ്ങനെ ഒന്നുമില്ല എന്ന് ഇപ്പോൾ എനിക്ക് ഉറപ്പായി. ഇനി എനിക്ക് അച്ഛനോട് ഒന്നേ പറയാനുള്ളൂ. ഇനി ഞാൻ അച്ഛനെ അങ്ങോട്ടേക്ക് ഫോൺ വിളിക്കില്ല. അച്ഛനെ കാണാനും വരില്ല. അഥവാ ഞാൻ അങ്ങനെ വരുന്നുണ്ടെങ്കിൽ, എന്റെ അമ്മയായിരുന്നു ശരി എന്ന് തെളിയിക്കാൻ പറ്റുന്ന കാലത്ത് മാത്രമായിരിക്കും. എനിക്ക് മുന്നോട്ടേയ്ക്ക് വളരാനും പഠിക്കാനും ഒന്നും അച്ഛന്റെ ഒരു രൂപ പോലും ആവശ്യമില്ല. എന്റെ അമ്മയ്ക്ക് എന്നെ നോക്കാൻ അറിയാം. ഇല്ലെങ്കിൽ എനിക്ക് എന്നെയും എന്റെ അമ്മയെയും നോക്കാൻ പറ്റും എന്ന് നല്ല കോൺഫിഡൻസ് ഉണ്ട്.. “

അന്ന് ഫോണിൽ അങ്ങനെ പറഞ്ഞ് അവൾ കട്ട് ചെയ്തതിനു ശേഷം പിന്നീട് ഒരിക്കൽ പോലും മനീഷിനെ വിളിച്ചിട്ടില്ല. ആദ്യമൊക്കെ മനീഷിനും അത് വാശി ആയിരുന്നെങ്കിലും ആകെയുള്ള ഒരു മകളെ കാണാനും സംസാരിക്കാനോ കഴിയാതെ അയാൾക്ക് ആകെ ബുദ്ധിമുട്ടായി തുടങ്ങിയിരുന്നു.

ഇപ്പോൾ നാലഞ്ചു വർഷങ്ങൾക്ക് ശേഷം അവളുടെ ഒരു ഫോട്ടോ കണ്ടപ്പോൾ അയാൾക്ക് പഴയ ഓർമ്മകൾ ഒക്കെ തികട്ടി വരുന്നുണ്ടായിരുന്നു.

‘ ഇപ്പോഴെങ്കിലും അവൾ എന്നെ തേടി വന്നിരുന്നെങ്കിൽ..പക്ഷേ അവൾ അവളുടെ അമ്മയുടെ മകളാണ്.വാശി ആണെങ്കിൽ വാശി തന്നെ. പൂർണ്ണമായും പരാജയപ്പെട്ടുപോയ ഈ അച്ഛന്റെ മുന്നിൽ വന്നു നിൽക്കാനുള്ള കഴിവൊക്കെ ഇപ്പോൾ മകൾക്ക് ഉണ്ട്.. ഒരിക്കലെങ്കിലും ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ..!’

അയാൾ കൊതിയോടെ ഓർക്കുമ്പോൾ, അയാളെ കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു ആ മകൾ…!