സ്ത്രീസഹജമായ ലജ്ജക്കൊപ്പം സ്ത്രീയെന്ന നിറവിന്റെ, അതിജീവനത്തിന്റെ മാറ്റൊലി അവൾക്ക് ചുറ്റും പ്രസരിച്ചിരുന്നു…

_upscale

ബ്ലാക്ക് വിഡോ

രചന : ജിനിത

::::::::::::::::::

തേടി അലഞ്ഞതിലും ദുസ്സഹമാണ് അവളെ കാണുവാനുള്ള ആർത്തിയെന്ന മനോവിചാരത്തിൽ കയ്യിലിരുന്ന പകുതി കാലിയായ കുപ്പിയിലെ മ ദ്യം അയാൾ വായിലേക്ക് ഒഴിച്ചു.. കറുത്തകരിമ്പടത്തിനുള്ളിൽ കുനിഞ്ഞിരിക്കും കടൽക്കിളവനെപ്പോലെ ആരും ശ്രദ്ധിക്കാതെ നിന്നിരുന്ന പൊളിഞ്ഞ കടൽക്കോട്ടയിലേയ്ക്ക് അയാൾ നടന്നു..

തീവണ്ടി രണ്ട് മണിക്കൂർ വൈകിയതാണ് രാത്രിയുടെ മറവിൽ അയാൾ കോട്ടയിൽ എത്താൻ കാരണം.. ഒരുപക്ഷേ അത് തന്നെയാകണം അയാൾ ആഗ്രഹിച്ചിരുന്നതും.. പൂർത്തിയാക്കാതെ ഉപേക്ഷിക്കപ്പെട്ട ആ കോട്ടയെക്കുറിച്ചു ചില അന്ധവിശ്വാസങ്ങളുമുണ്ട്..

ഫ്രഞ്ചുകാർ നിർമ്മിച്ചു തുടങ്ങി എന്നാൽ പണി പുരോഗമിക്കവേ ആ നാട്ടിൽ കലഹവും അരാജകത്വവും അതിന്റെ ര ക്ഷസീയഭാവമെടുത്തു, എന്തിനധികം ഭരണതലവൻ വരെ കൊ ല്ല.പ്പെട്ടു.. കോട്ടയുടെ നിർമ്മാണം ഫ്രഞ്ചുകാർ കയ്യൊഴിഞ്ഞു, തുടർന്ന് മറ്റൊരു രാജ്യം അതേറ്റെടുത്തു.. ഏത് രാജ്യക്കാരാണോ കോട്ടയുടെ പണി തുടരുന്നത് അവരുടെ രാജ്യതലവൻ കൊ ല്ല പ്പെടുകയോ ആ നാട്ടിൽ യുദ്ധം ഉണ്ടാവുകയോ ചെയ്തതിനാൽ പലരാലും ഉപേക്ഷിക്കപ്പെട്ടതാണ് പ്രസ്തുത കോട്ട..

തങ്ങളുടെ സ്വൈരവിഹാരത്തിൽ ഭംഗം വരുത്തി കോട്ടയിൽ പ്രവേശിച്ച അയാളെ നോക്കി അമർഷത്തിൽ മുരണ്ടുകൊണ്ടു മൂന്ന് ശ്വാനന്മാർ ഇറങ്ങിപ്പോയി.. യാത്രാക്ഷീണം കണ്ണുകൾക്ക് ഭാരമാകവേ ട്രാവലർ ബാഗ് നിലത്തുവെച്ചു അരികിലായി അയാൾ കിടന്നു..

തിരമാലപോലെ ഒന്നിനുപുറകെ മറ്റൊന്നായി ഉയർന്നുവന്ന ശ്വാ നന്മാരുടെ ഓരിയിടൽ പാതിമയക്കത്തിൽ നിന്നും അയാളെ ഉണർത്തി.. മുഷിച്ചിലോടെ എഴുന്നേറ്റ് ബാക്കിയിരുന്ന മ ദ്യവും വായിലേക്ക് കമഴ്ത്തി ഇരുളിലേയ്ക്ക് നോക്കിയിരുന്നു.. കരിയറിലെ നിഗൂഢമായ നിമിഷങ്ങൾക്കായാണ് ഫോട്ടോഗ്രാഫറായ അയാൾ വന്നിരിക്കുന്നത്; അതിന്റെതായ മാനസികപിരിമുറുക്കം അയാളിലുണ്ട്..

പോക്കറ്റിൽ നിന്നും മൊബൈൽഫോൺ എടുത്തുനോക്കി, സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.. ഭാര്യയെ വിളിക്കാൻ തുടങ്ങുമ്പോൾ ടവർ ഇല്ലെന്നതും ചാർജ് കുറവെന്നതും മനസിലാക്കിയ അയാൾ വന്നിരുന്ന ഓരോ എസ്.എം.എസ്സും വായിച്ചു തുടങ്ങി.. എത്തിയോ എന്നതറിയാൻ അയാളുടെ ഭാര്യ അയച്ചതാണ് സന്ദേശങ്ങളിൽ ഏറെയും.. രഹസ്യസ്വഭാവം മുൻനിർത്തി മുംബൈക്ക് പോകുന്നുവെന്ന കളവാണ് അയാൾ അവരോട് പറഞ്ഞിരുന്നത്.. പെട്ടെന്ന് ഫോൺ സ്വിച്ച് ഓഫായി..

ധൃതിയിൽ ട്രാവലേർ ബാഗിൽ നിന്നും റാന്തൽ രീതിയിലുള്ള എൽ.ഇ.ഡി. ലൈറ്റെടുത്തു തെളിയിച്ചു തന്റെ നിക്കോൺ ക്യാമറ പരിശോധിച്ചു.. എല്ലാം തൃപ്തികരം എന്ന ബോധ്യത്തിൽ വീണ്ടും മണലിൽ നീണ്ടുനിവർന്നു കിടന്നു..

ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ‘ബ്ലാക്ക് വിഡോ’ എന്നറിയപ്പെടുന്ന അധോലോകറാണിയെ ക്യാമറയിൽ പകർത്താനാണ് വർഷങ്ങൾക്ക് ശേഷമുള്ള അയാളുടെ വരവ്.. പോലീസ് റിപ്പോർട്ടിൽ പതിമൂന്നിലധികം കൊ ല പാതകങ്ങൾ അവളുടെ പേരിലുണ്ട്; എല്ലാം അവളുടെ കാമുകന്മാർ; കഴുത്തിലെ ര ക്ത ക്കുഴലുകളിലെ മുറിവാണ് അവരുടെ മരണകാരണം.. അധോലോക ബന്ധമുള്ള ചില സൗഹൃദങ്ങളുടെ ശ്രമഫലമായാണ് അയാൾക്ക് ഈ അവസരം കൈവന്നത്.. മ യ ക്കു മരുന്ന് കൈമാറ്റം നടത്തുന്നതിലേയ്ക്കായി ഇന്നവൾ ഇവിടെ ഉണ്ടാകും എന്നറിയിച്ചതിനാലാണ് ഫോട്ടോഷൂട്ട് ഈ കോട്ടയിലാക്കിയത്..

ചിന്തിച്ചു കിടക്കവേ വളകിലുക്കവും ഉച്ചത്തിലെ സംഭാഷണങ്ങളും പൊട്ടിച്ചിരിയും ശ്രവിച്ച അയാൾ കോട്ടയുടെ പൊളിഞ്ഞ വിടവിൽകൂടി പുറത്തേയ്ക്ക് നോക്കി..

ദീപവുമേന്തി കുറച്ചു സ്ത്രീകളുടെ ഘോഷയാത്ര.. അവർക്ക് മുന്നിൽ കണ്ണുകൾ കെട്ടപെട്ട രീതിയിൽ ഒരുവൾ.. പൂമാല കഴുത്തിൽ അണിഞ്ഞിരുന്ന അവളുടെ തലയിൽ ഒരു കുടം.. ആൺഉടലിൻ തടവിലായിരുന്ന പെണ്ണിനെ നിർവ്വാണം നടത്തി മോചിപ്പിച്ചതിന്റെ പൂർത്തീകരണമായാ ജൽസ ചടങ്ങാണ് മുന്നിൽ എന്നത് അയാൾക്ക് മനസിലായി..

വിധിപ്രകാരമുള്ള പച്ചസാരി തന്നെയാണ് പാൽക്കുടം വഹിക്കുന്നവൾ ധരിച്ചിരുന്നതും.. ഭൂമിയുടെ അവകാശിയായി ഞാനുമുണ്ടെന്നു ലോകത്തോട് വിളിച്ചു പറയാൻ ഒരുവൾ പിറവിയെടുത്ത ജൽസ ചടങ്ങിന്റെ വിവിധ തലങ്ങൾ ഒപ്പിയെടുക്കാൻ അയാൾ ക്യാമറയുമായി അവർക്ക് പുറകെ ഇരുളിന്റെ മറവിൽ നീങ്ങി..

വിളറിയ നിലാവെളിച്ചത്തിൽ കടലിന് പുറംതിരിഞ്ഞു നിന്ന് കുടത്തിലെ പാൽ അവൾ കടലിൽ ഒഴിച്ചു.. കുടത്തിൽ കടൽജലം നിറച്ചു ബന്ധുജനങ്ങൾക്കൊപ്പം കടൽകോട്ടയുടെ മറ്റൊരു ഭാഗത്തേയ്ക്ക് അവർ നടന്നു..

അലങ്കരിച്ച പന്തലിൽ ദേവി സന്തോഷിമാതയെ പ്രതിഷ്‌ഠിച്ചിരുന്നു.. കണ്ണിനെ മറച്ചിരുന്ന തുണി അഴിച്ചുമാറ്റി അവൾ സന്തോഷിമാതായെ ദർശിച്ചു, വണങ്ങി.. ശാരീരികവും മാനസികവുമായി താനൊരു സ്ത്രീയായി എന്ന ബോധ്യത്തിൽ നിർവ്വാണം കഴിഞ്ഞതിന്റെ നാല്പത്തൊന്നാം നാളിൽ കണ്ണാടിയിൽ സ്വന്തം മുഖം ആദ്യമായി അവൾ കണ്ടു.. പുഞ്ചിരിക്കുകയും അതേസമയം സന്തോഷത്താൽ ആ കണ്ണുകൾ നിറയുകയും ചെയ്തിരുന്നു.. ഇവയെല്ലാം അതിവിദഗ്ധമായി ചാരുതയോടെ അയാൾ ക്യാമറയിൽ പകർത്തി..

പാട്ടും നൃത്തവും സമ്മാനം കൊടുക്കലും കെങ്കേമമായി നടക്കുമ്പോൾ അവളിൽ നിറഞ്ഞു നിന്നത് യുദ്ധക്കളത്തിൽ ഒറ്റയ്ക്ക് പോരാടി ജയിച്ചവളുടെ ആഹ്ലാദം തന്നെയായിരുന്നു.. ജീവന്മരണ പോരാട്ടം നടത്തി അവൾ സ്വന്തമാക്കിയ അവളുടെ സ്വത്വം..

ക്യാമറ ലെൻസിൽനിന്നും മുഖമുയർത്തി അയാൾ ആ പെൺകുട്ടിയെ അല്പസമയം നോക്കിനിന്നു.. ഇത്രയും സംതൃപ്തി തുടിക്കുന്ന ഒരുമുഖം കൃത്രിമത്വമില്ലാതെ അയാളുടെ കരിയറിൽ ആദ്യമായാണ് കാണുന്നത്.. ഭൂമിയുടെ ഉപരിതലത്തിൽ ആദ്യമായി എത്തിയ വിത്തിന്റെ മുള പോലെയാണ് അവൾ.. പടം പൊഴിച്ച് പുതുഉടലുമായി അവൾ പുറത്തു വന്നിരിക്കുന്നു.. സ്ത്രീസഹജമായ ലജ്ജക്കൊപ്പം സ്ത്രീയെന്ന നിറവിന്റെ, അതിജീവനത്തിന്റെ മാറ്റൊലി അവൾക്ക് ചുറ്റും പ്രസരിച്ചിരുന്നു..

അവളെ കാൺകെ മറ്റൊരുവളുടെ ദൈന്യമുഖം ഓർമ വന്നതിനാൽ അയാൾ വേഗം കോട്ടയിലെ തന്റെ സ്ഥലത്തേയ്ക്ക് പിൻവാങ്ങി.. കണ്ണുകൾക്ക് കുറുകെ കൈവെച്ചു മണലിൽ കിടന്ന അവന്റെ മറവിയുടെ മാറാലയിൽ നിന്നൊരു വർണ്ണശലഭം അവനുച്ചുറ്റും പറന്നു..

‘ഇസബെല്ല’

അയാൾ അവളെ മറന്നതാണോ അതോ മറന്നതായി ഭാവിച്ചിരുന്നതാണോ ശരി എന്നറിയില്ല.. വർഷങ്ങൾക്ക് മുൻപ് അയാൾ ഇവിടെ ആയിരിക്കുമ്പോൾ കടൽക്കരയുടെ മറ്റൊരു ഭാഗത്ത്‌ ഫ്രഞ്ച് കുടിയേറ്റക്കാരുടെ മ ദ്യശാ ല ഉണ്ടായിരുന്നു… അവിടത്തെ ഡാൻസറായിരുന്നു ഇസബെല്ല; ഇസബെല്ല ചിരിക്കാറില്ല.. പുരുഷന്മാർക്ക് മുന്നിൽ ആഭാസച്ചുവടുവയ്ക്കുന്ന അവളേയും അവളെ ചിരിപ്പിക്കാൻ തയ്യാറെടുക്കുന്നവരേയും അറപ്പോടെ നോക്കിയിരുന്ന അയാൾ പക്ഷെ അവളുടെ ചലനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു..

കാനഡയിലെ പ്രമുഖ പരസ്യക്കമ്പനിയിൽ ഫോട്ടോഗ്രാഫറായി നിയമനം ലഭിച്ചതിന്റെ സന്തോഷം ആഘോഷിക്കാൻ മ ദ്യ.ശാ ലയിൽ എത്തിയ അവൻ ലഹ രിയിൽ വഴിതെറ്റി പൊളിഞ്ഞ കോട്ടയിലെത്തി, ബോധരഹിതനായി.. ഏതോ യാമത്തിൽ ചെവിയിൽ അലയടിച്ച വയലിൻ സ്വരം അവനെ ഉണർത്തിയിരുന്നു.. പുലരിവെട്ടത്തെ സ്വാഗതം ചെയ്യാൻ കടലിനെനോക്കി ഒരുവൾ വയലിൽ വായിക്കുന്നത് അവൻ കണ്ടു.. സൂക്ഷിച്ചു നോക്കി.. സ്വയം മറന്ന് വയലിൻ വായിക്കുന്ന ഇസബെല്ല..

ലോകം മറന്നുള്ള വായന, ഇത്രയേറെ മനോഹരമായി മറ്റൊരാൾക്ക് വായിക്കാൻ സാധിക്കുമോ?? ഫിംഗർബോർഡിലെ തന്ത്രികളിൽ അവളുടെ വിരലുകൾ വിദഗ്ധമായി ചുംബിക്കുന്നുണ്ട്.. നിശബ്ദതയിൽ, ഏകാന്തതയിൽ അവൾ മീട്ടിയത് അവളുടെ ജീവിതമായിരുന്നു..

വയലിൻ ഉപേക്ഷിച്ചു കടലിലേക്ക് ഓടിയ അവളെ അവൻ പിടിച്ചുവെച്ചു.. പരസ്പരം ഒന്നും പറയാതെ, അറിയാൻ ആഗ്രഹിക്കാതെ ആര്യൻ എന്ന അവന്റെയും അവളുടെയും അനുരാഗാദിനങ്ങൾക്ക് കടൽക്കോട്ട സാക്ഷിയായി..

ഒരു പുലർച്ചെ,

“ആര്യൻ ഞാനൊന്ന് പറയട്ടെ??”

“മുഖവുരയോ ബെല്ലാ??”

ചോദ്യത്തോടൊപ്പം അവളെ നോക്കിയ അവൻ അരണ്ടപ്രകാശത്തിൽ അവളുടെ വ്യാകുലപ്പെട്ട മുഖം കണ്ടു.. സംസാരിക്കാൻ അവളെ അനുവദിച്ചു..

“ഞാൻ.. ഞാൻ സ്ത്രീ അല്ല ആര്യൻ..”

അവളുടെ വാക്കുകൾ തന്റെ കാതുകൾ കള്ളം പറയുകയാവും എന്നവൻ കരുതി..

“വിശ്വസിക്കണം.. ഞാൻ പുരുഷൻ ആയിരുന്നു പക്ഷെ ആ അഭിസംബോധന എന്നിലെ സ്ത്രീയ്ക്ക് പാകമാകാത്ത കുപ്പായം ധരിക്കുംപോലെയായിരുന്നു.. പീറ്റർ എന്ന ഞാൻ എന്നിലെ സ്ത്രീയെ സ്വന്തമാക്കാൻ നിർവ്വാണം നടത്തി.. ജീവിക്കാനായി ബാർഡാൻസറായി..”

ട്രാ ൻസെന്ന സത്യം അറിയിച്ചതും ഉമിനീർ വറ്റിവരണ്ട തൊണ്ടയുമായി അവൻ അവളെ നോക്കി; അപരാധിനിയായി തലതാഴ്ത്തി ഇരിക്കുന്നു.. അനുകമ്പ തോന്നിയ അവൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു, ഉപേക്ഷിക്കില്ലെന്ന ഉറപ്പിൽ..

ഇസബെല്ലയാണ് ട്രാൻസ്‌ജൻഡർ വ്യക്തികളെക്കുറിച്ചുള്ള അറിവ് അയാൾക്ക് നൽകിയത്.. ട്രാൻസ്‌ജൻഡറാണെന്ന യാഥാർത്ഥ്യം സ്വയം തിരിച്ചറിയുകയും നിസ്സഹായതയോടെ അത് അംഗീകരിക്കുകയും ചെയ്യുമ്പോൾ അവർ അനുഭവിക്കുന്ന വലിയ ആത്മസംഘർഷം; ഉറ്റവരോട് ഞാൻ അവനല്ല അവളാണ് എന്നത് എങ്ങനെ അറിയിക്കും എന്നോർത്തു ഭയന്ന് ഉറങ്ങാത്ത രാവുകൾ; കണ്ണാടിയിൽ തെളിയുന്നവൻ അപരിചിതനാകുമ്പോൾ ശരീരത്തോടാണോ മനസ്സിനോടാണോ നീതി പുലർത്തേണ്ടത് എന്നറിയാതെ തലതാഴ്ത്തി നിന്ന നാളുകൾ; അവരുടെ ശരീരഭാഷ ഇഷ്‌ടമാകാതെ നികൃഷ്‌ടജീവി കണക്കെ ഉറ്റവരാൽ അട്ടിയോടിക്കപെട്ട ഇടങ്ങൾ; ഇവയൊക്കെ അവൾ പറഞ്ഞവേളയിൽ ആര്യന്റെ മിഴികളും സജലമായിരുന്നു.. സ്ത്രീ’യെന്ന് വിളിക്കാനും ജീവിക്കാനും അറിയപ്പെടാനുമായി ആഗ്രഹിക്കുന്ന കുറച്ചുപേർ..

നാളുകൾ കഴിഞ്ഞു കാനഡ പോകുന്നതിനായുള്ള വിസയും ടിക്കറ്റും അവൻ കൈപ്പറ്റി.. കാനഡയിൽ തന്റെ സ്വപ്നങ്ങൾ നേടാനുള്ള യാത്രയിൽ ഇസബെല്ല ഒരു സമസ്യയായി തോന്നിത്തുടങ്ങി.. മനുഷ്യമനസ്സ് അങ്ങനെയാണല്ലോ; ചിന്തകളേറുമ്പോൾ ചഞ്ചലഹൃത്തർ പരാജിതരാകും..

ഇസബെല്ല വീണ്ടും പീറ്റർ ആകുമോ?? കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയാത്ത ഒരുവളെ എന്നും സ്നേഹിക്കാൻ പുരുഷന് സാധ്യമോ?? ആസക്തിയുടെ അനുഭൂതികൾ വിതറാൻ പീറ്ററിലെ സ്ത്രീയ്ക്ക് കഴിയുമോ?? സംശയങ്ങൾ പെരുകിയപ്പോൾ അവൻ ഇസബെല്ലയെ മറക്കാൻ തീരുമാനിച്ചു..

പിറ്റേന്ന്,

ദൈന്യതയോടെ നിറമിഴികളോടെ അവനെ നോക്കിയിരുന്ന ഇസബെല്ലയെ ഉപേക്ഷിച്ചു ആര്യൻ അന്ന് കടൽക്കരവിടും മുൻപ് ഒരു ചോദ്യം അവൾക്കായ് നൽകിയിരുന്നു..

“ഒരു സ്ത്രീ നൽകുന്ന അനുഭൂതിയും ആത്മസംതൃപ്തിയും പൂർണതൃപ്തിപ്പെടലും എന്നിലെ പുരുഷന് നൽകാൻ ബെല്ലയ്ക്ക് സാധിക്കുമോ??”

അന്നുമുതൽ ആര്യന്റെ മറവിയുടെ ശേഖരത്തിൽ ഇസബെല്ല മറഞ്ഞു..

ആരോ വിളിക്കുന്നതായി തോന്നിയതിനാൽ കണ്ണുകൾക്ക് മീതെയുള്ള കൈ മാറ്റി അയാൾ നോക്കി.. ലൈറ്റിന്റെ വെളിച്ചത്തിൽ, തനിക്കരുകിലായി ഒരുവൾ വയലിനുമായി മുട്ടിന്മേൽ നിൽക്കുന്നതായി കണ്ടു.. അറിയാതെ അയാൾ വിളിച്ചു..

“ഇസബെല്ല..”

മുന്നിൽ കാണുന്നത് സ്വപ്നമല്ലന്ന തിരിച്ചറിവിൽ അയാൾ പിടഞ്ഞെഴുന്നേറ്റു ആകാംക്ഷയുടെ സ്വരത്തിൽ ചോദിച്ചു..

“ബെല്ലാ.. നീ എങ്ങനെ ഇവിടെ??”

“ഒരുപക്ഷേ ആര്യൻ മടങ്ങി വന്നിരിക്കും എന്ന ചിന്തയിൽ ജൽസ ചടങ്ങുകൾക്കായി ഓരോ തവണയും വരുമ്പോൾ ഞാനിവിടെ വരാറുണ്ട്..” എന്നവൾ മറുപടി കൊടുത്തു..

ഇളംപച്ച സാരി അണിഞ്ഞു തനിക്ക് മുന്നിലിരിക്കുന്ന ഇസബെല്ലയെ കണ്ടപ്പോൾ അയാൾക്ക് താൻ ചെറുതാകുന്നതായി തോന്നി.. ശ്രമകരമായി ചിരിക്കാൻ ശ്രമിച്ച അവന് പുഞ്ചിരി നൽകി അവൾ ചോദിച്ചു..

“കുടുംബം??”

“ഭാര്യ ബെറ്റി മോഡൽ ആണ്.. മകൾ സാക്ഷ യൂണിവേഴ്സിറ്റി പഠനം നടത്തുന്നു..ബെല്ലയുടെ കുടുംബം??”

“എന്റെയൊരു മകളുടെ ജൽസ ഇന്നിവിടെ നടന്നു.. പങ്കെടുത്തവർ എന്റെ കുടുംബമാണ്..”

അവളുടെ സ്വരത്തിലെ ഇടർച്ചയറിഞ്ഞ ആര്യന് സന്താപം തോന്നി.. സമൂഹം രക്തബന്ധങ്ങളെ ചേർത്തുപിടിക്കുമ്പോൾ ട്രാൻസ്‌ജൻഡർ അന്യരെ ദത്തെടുത്തു സ്വന്തമായി ചേർത്തുപിടിക്കും.. അവർക്കിടയിൽ പന്തലിച്ച മൗനത്തെ തകർത്തവൾ ചോദിച്ചു..

“ആര്യൻ, പഴയതുപോലെ അൽപസമയം നമുക്ക് ചേർന്നിരിക്കാമോ??”

മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ അയാൾ സന്തോഷിക്കുമായിരുന്നു, പക്ഷെ ഇപ്പോൾ സമയം ഏറെ ആയിരിക്കുന്നു.. അധികം വൈകാതെ പുലർച്ചയാകും.. ‘ബ്ലാക്ക്‌ വിഡോ’ എന്ന അധോലോക റാണിയുടെ ഫോട്ടോഷൂട്ടിനു അനുവദിച്ചിരിക്കുന്ന സമയം സൂര്യോദയമാണ്.. ഇസബെല്ലയുമായി സംസാരിക്കുന്നത് അല്ലെങ്കിൽ അവനൊപ്പം മറ്റൊരാളുടെ സാന്നിധ്യം അറിഞ്ഞാൽ ബ്ലാക്ക്‌ വിഡോ ഒരുപക്ഷേ അവന് മുന്നിൽ വരില്ലെന്ന ഭീതിയും അയാൾക്കുണ്ട്..

മറുപടി നല്കാതെയിരുന്ന അവനോട്, “അധികസമയം ഞാനെടുക്കില്ല..”

ഇത്തവണ അവളെ കേൾക്കാതിരിക്കാൻ അവനായില്ല.. അവന്റെ മൗനം സമ്മതമായി കരുതി അവനോട് ചേർന്നവൾ ഇരുന്നു..

“ആര്യന് അറിയാമോ അന്ന് നിങ്ങൾ പോകുമ്പോൾ വലിയ ദുഃഖമാണ് ഞാൻ അനുഭവിച്ചത്‌.. മരിക്കാനായി കടലിൽ ചാടി..”

അസ്വസ്ഥതയോടെ അയാൾ, “ബെല്ലാ ആ സംഭവം ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..”

“ശരി, പക്ഷെ ഒന്ന് ചോദിക്കാതെ വയ്യ.. വർഷങ്ങൾ ഒരുപാട് കഴിഞ്ഞു.. ഇന്നും ആര്യന് എന്നിലെ സ്ത്രീയിൽ സംശയം ഉണ്ടോ??”

പെട്ടെന്നുതന്നെ അയാൾ മറുപടി നൽകി “ഇല്ല.. ഞാൻ ആഗ്രഹിച്ച ആദ്യ സ്ത്രീ നീയാണ് ബെല്ലാ..”

“നിന്റെ വായിൽ നിന്നും സ്ത്രീയെന്ന അഭിസംബോധന എന്നെയേറെ ആഹ്ലാദിപ്പിക്കുന്നു.. ആര്യൻ, നമ്മുടെ ആഗ്രഹങ്ങൾ ഇവിടെ കൈമാറാമോ??”

സമ്മതം നൽകി അയാളൊരു കാമുകനായി.. പരസ്പര തൃപ്തിപ്പെടലിനു ശേഷം ഇസബെല്ല പുറപ്പെടാൻ തയ്യാറായി.. അവളെ യാത്രയാക്കാൻ തയ്യാറെടുത്ത അവനോടവൾ ചോദിച്ചു..

“ആര്യൻ, ഞാൻ നൽകിയ അനുഭൂതി അതേരീതിയിൽ നൽകാൻ ബെറ്റിയോട് ആവശ്യപ്പെടുമോ??”

അറപ്പോടെ അവൻ, “ഛീ.. എത്ര മോശമാണ് നിന്റെ സംസ്കാരം??”

വെറുപ്പോടെ നോക്കിയ അവനെ ഏതാനും നിമിഷം ഇസബെല്ല ഇമവെട്ടാതെ നോക്കിനിന്നു.. സൗമ്യമായി അവൾ ചോദിച്ചു..

“മോശമായ ഈ ചോദ്യം ട്രാൻസ് എന്ന കാരണത്താൽ എന്നോട് ചോദിക്കാനുള്ള ധൈര്യം വർഷങ്ങൾക്ക് മുൻപ് ആര്യന് എങ്ങനെ ഉണ്ടായി??”

“സ്ത്രീയായി മാറിയവളും സ്ത്രീയായി പിറന്നവളും തുല്യരല്ല” അയാൾ അലറിപ്പറഞ്ഞു..

“സ്ത്രീയിലും രണ്ടുതരം??” സംശയത്തോടെ അവൾ ചോദിച്ചു..

“ബെല്ല തർക്കിക്കാൻ ഞാനില്ല.. ബെല്ല പൊയ്ക്കൊള്ളൂ.. ഇനി നമ്മൾ കാണാതെ ഇരിക്കട്ടെ..”

“മുഷിച്ചിലോടെ പിരിയാനാണോ വീണ്ടും കണ്ടുമുട്ടിയത്??”

“എനിക്കൊരു മുഷിച്ചിലും ഇല്ല.. ബെല്ല പൊയ്ക്കൊള്ളൂ.. എനിക്ക് വിശ്രമിക്കണം…” താല്പര്യമില്ലാതെ അവൻ പറഞ്ഞു…

അയാളുടെ കണ്ണുകളിലേക്ക് നോക്കി മൂർച്ചയേറിയ സ്വരത്തിൽ വ്യക്തമായി അവൾ ചോദിച്ചു.. “ബ്ലാക്ക്‌ വിഡോയുടെ ചിത്രങ്ങൾ പകർത്താതെ ദ ഗ്രേറ്റ്‌ ഫോട്ടോഗ്രാഫർ ആര്യന് ഉറങ്ങാൻ സാധിക്കുമോ??”

സ്വരമാറ്റം ശ്രദ്ധിച്ച അയാൾ സംശയത്തോടെ അവളെ നോക്കി വിരൽചൂണ്ടി,

“നീ.. നീ എങ്ങനെ അറിഞ്ഞു ഈ രഹസ്യം?? ആരാണ് നീ??”

ഉച്ചത്തിൽ പൊട്ടിച്ചിരിച്ച ഇസബെല്ല ലാഘവത്തോടെ മൊഴിഞ്ഞു, “ഞാൻ ചിലന്തി.. പെൺചിലന്തി…”

അവളിലെ ഭാവമാറ്റമറിഞ്ഞു ഭയത്തോടെ അവിടെനിന്നും ഓടാൻ തുടങ്ങിയ അയാളെ അതിവിദഗ്ധമായി അവൾ തള്ളിയിട്ടു.. ആ ഭി ചാരം നടത്തുന്ന മന്ത്ര വാദിനിയെപ്പോലെ കാലുകൾ ഇരുവശമിട്ടു അവന്റെ നെഞ്ചിൽ അവൾ കയറിയിരുന്നു ചെവിയിൽ മന്ത്രിച്ചു..

“ആര്യൻ നിനക്കായി ഞാൻ വയലിൽ വായിക്കട്ടെ??”

മറുപടി ലഭിക്കും മുൻപ് അവൾ വയലിൻ വായിച്ചു തുടങ്ങി; വർഷങ്ങൾക്ക് മുൻപ്, ഏകാന്തതയിൽ താളം പിടിച്ച അതേ രാഗം തന്നെയവൾ വായിച്ചു.. വയലിൻ വായിക്കുന്നതിനിടയിൽ അവൾ പറഞ്ഞു..

“ബ്ലാക്ക് വിഡോ എന്നത് എന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഈ കോട്ടയിലേക്ക് നീ വരില്ലായിരുന്നു.. ബ്ലാക്ക്‌വിഡോ എന്നത് പെൺചിലന്തിയാണ് ആര്യൻ.. ഇണചേർന്നശേഷം ഇരയ്ക്കായി നെയ്ത വലയിൽ സ്വന്തം ഇണയെ കുരുക്കിക്കൊന്നു ഭക്ഷണമാക്കുന്നതിനാൽ പെൺചിലന്തിയ്ക്ക് ലഭിച്ച വിശേഷണമാണ് ബ്ലാക്ക്‌ വിഡോ..”

“അന്ന് മരിക്കാനായി കടലിൽ ചാടിയ എന്നെ ഒരു വെള്ളക്കാരൻ രക്ഷിച്ചു.. അ ധോലോ ക മന്നനായ ഫ്രഡിയുടെ വലംകൈയാകാൻ എനിക്ക് അധികകാലം വേണ്ടിവന്നില്ല.. കൊ ല്ലും കൊ ലയും മ ദ്യവും മയ ക്കു മ.രുന്നും ര തി.യും ആവശ്യത്തിലേറെ ഞാൻ അറിഞ്ഞു.. അപ്പോഴും കെടാതെ നിന്റെ ചോദ്യം എന്നിൽ ഉണ്ടായിരുന്നു.. എന്റെ ഇരകൾ എന്റെ കാമുകന്മാരല്ല മറിച്ച് നിന്നെപ്പോലെ പലരിലും അനുഭൂതി തേടിയവരാണ്.. നീയും അത്തരത്തിൽ ഒരുവനായി മാറിയെന്നറിഞ്ഞതിനാലാണ് എന്റെ ചിത്രമെടുക്കാൻ അനുവാദം നൽകി നിന്നെ ഇവിടേയ്ക്ക് കൊണ്ടുവന്നത്.. ഈ അവസരം നിനക്കുള്ള കെണിയായിരുന്നു ആര്യൻ..”

ഒന്നു നിർത്തി അവൾ അവന്റെ കഴുത്തിൽ കൈവെച്ചു.. അവന്റെ ഭയത്തിന്റെ ആഴം അറിഞ്ഞയവൾ പൊട്ടിച്ചിരിച്ചു.. ത്സടുലരാഗത്തിൽ അവൾ വയലിൽ വീണ്ടും വായിച്ചു…

പെട്ടെന്ന് സാരി തുമ്പിൽ കെട്ടിവെച്ചിരുന്ന ചെറിയ തുണിക്കിഴിയിലെ ചില്ലുപൊടി വയലിൻ ബോ ഹെയറിൽ തേച്ചുപിടിപ്പിച്ചു.. ഭയന്നു വലിഞ്ഞുമുറുകിയ അവന്റെ കഴുത്തിലെ ഞരമ്പുകൾ തന്ത്രികളാക്കി വയലിൻ ബോ വന്യമായി അവൾ മീട്ടി..

“ഇ ണചേർന്ന് ഞാൻ കൊ ന്ന് ത ള്ളിയവരാണ് ആര്യൻ നിന്റെ പഴയചോദ്യത്തിന് ഉത്തരം.. ഇന്ന് ഉത്തരം നേടി നീയും… ഹ ഹ ഹ… “

ഭർത്താവിനെ കാണാനില്ലെന്ന പരാതി മോഡൽ ബെറ്റി നൽകിയതിനെ തുടർന്ന് മുംബൈ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ, അങ്ങുദൂരെ കടൽകോട്ടയിൽ അഴുകി തുടങ്ങിയ ഒരു ശവത്തിന്റെ തുറന്ന വായിൽ ഒരു പെൺചിലന്തി വല നെയ്തു തുടങ്ങിയിരുന്നു..