എല്ലാവിധ സൗകര്യങ്ങളും,  ഇടതിങ്ങി നിബിഢമായ വീട്ടുപകരണങ്ങളും നിറഞ്ഞ വലിയ വീട് ധനാഢ്യത്വത്തിന്റെ പരിപ്രേക്ഷ്യമാണ്…

ഇരുതലച്ചിപ്പക്ഷികൾ

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

::::::::::::::::::::::::::::

നാഗരികതയുടെ നാട്യങ്ങളിലേക്ക് അതിദ്രുതം ചുവടുവയ്ക്കുന്ന നാട്ടിലെ, ഇരുനിലവീടിന്റെ മുകൾ നിലയിലെ വായനാമുറിയുടെ ജാലകപ്പാളികളിലൊന്നു തുറന്ന്,  സുനന്ദ പുറംകാഴ്ച്ചകളിലേക്കു കണ്ണുനട്ടു.

രാവിലെ എട്ടര മുതൽ ഒമ്പതര വരേ, ഉമ്മറവശത്തേ ടാർ നിരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങൾ ചിരപരിചിതങ്ങളാണ്. സ്കൂൾ വാഹനങ്ങളുടെ, മീൻ വണ്ടികളുടെ, മുരണ്ടു മണ്ടുന്ന ഓട്ടോറിക്ഷകളുടെ, ഒന്നിച്ചു ജോലിയിടങ്ങളിലേക്കു പോകുന്ന ദമ്പതികളുടെ ഇരുചക്രവാഹനങ്ങളുടെ പതിവു ധ്വനികൾ. പ്രഭാതങ്ങളിൽ, പാൽക്കാരന്റെയും പത്രക്കാരുടെയും സൈക്കിൾ മണിയൊച്ചകൾ കൂടി കേൾക്കാം. റോഡിന്നപ്പുറത്തേ നിരയൊപ്പിച്ചു പണിത വീടുകളിൽ ചിലതിന്റെ തുറന്ന ഗേറ്റിനരികിൽ കാൽവണ്ണ കാണും വിധം ഉടുപ്പു കയറ്റിക്കുത്തി ചെടികൾ നനയ്ക്കുന്ന പെണ്ണുങ്ങൾ. വളർത്തുനായുടെ തുടലിൽ പിടിച്ച്, അവയ്ക്കൊപ്പം പ്രഭാതനടത്തം പൂർത്തിയാക്കിയെത്തുന്ന കാരണവൻമാർ. പതിവു കാഴ്ച്ചകൾ.

സുനന്ദയ്ക്കു വല്ലാത്തൊരു മടുപ്പു തോന്നി. തുറന്ന ജാലകവാതിലടച്ച്, അവൾ പിന്തിരിഞ്ഞു നടന്നു. ഷെൽഫിൽ നിരയൊപ്പിച്ചു വച്ച മലയാളം പുസ്തകങ്ങളുടെ വലിയ ശേഖരം. അവയിൽ, എം ടിയും മാധവിക്കുട്ടിയും, വൈശാഖനും പത്മനാഭനുമെല്ലാം നിറനിറഞ്ഞു. വാതിൽ ചാരി ഗോവണിയിറങ്ങുമ്പോൾ, അവൾ ഭർത്താവിനെയോർത്തു. രാവിലെ കൃത്യം എട്ടരയ്ക്ക്, സ്വന്തം കാറിൽ ഉദ്യോഗത്തിനു പുറപ്പെടുന്ന വിദ്യുച്ഛക്തി ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ കൃഷ്ണദാസിന്റെ ഭാര്യയെന്ന നിലയിൽ തനിക്കു ലഭിയ്ക്കുന്ന ആദരവു ഏറെ വലുതാണ്. ശമ്പളമായും, കൈക്കൂലിയായും ഒത്തിരി നേടിയവനോടുള്ള പുറംപൂച്ചു മാത്രമായ ബഹുമാനത്തിന്റെ ഒരരികു ഭാഗം മാത്രമാണോ തനിക്കു കിട്ടുന്നതെന്നു തീർച്ചയില്ല.

എല്ലാവിധ സൗകര്യങ്ങളും,  ഇടതിങ്ങി നിബിഢമായ വീട്ടുപകരണങ്ങളും നിറഞ്ഞ വലിയ വീട് ധനാഢ്യത്വത്തിന്റെ പരിപ്രേക്ഷ്യമാണ്.

ഈ വീടു പൂർത്തിയാക്കിയ ശേഷമാണ്, കൃഷ്ണദാസ് തന്നെ വിവാഹം ചെയ്തത്.
വിവാഹത്തലേന്നായിരുന്നുവത്രേ ഗൃഹപ്രവേശത്തിന്റെ ആഘോഷത്തിമിർപ്പുകൾ..ഓരോ അണുവിലും പുതുഗന്ധം പേറിയ വലിയ വീട്ടിലേക്ക് വലതുകാൽ വച്ചു കയറിയിട്ട് വ്യാഴവട്ടം പിന്നിടുന്നു. അരികുവീടുകളിലെ പെണ്ണുങ്ങൾ, തെല്ലു കുശുമ്പോടെ പറയാറുണ്ട്.

“സുനന്ദയുടെ ഭാഗ്യം. അമ്മായിയമ്മപ്പോരോ, അമ്മായിയച്ഛന്റെ വിഴുപ്പുകളോ ഇല്ലാത്ത വീടിന്റെ നായികയാവുകയെന്നതു വലിയ കാര്യമാണ്. കൃഷ്ണദാസിന്റെ സമ്പാദ്യങ്ങൾ,  അവയുടെ അനുദിനപ്പെരുക്കങ്ങൾ..ഏതു കാര്യത്തിലും സുനന്ദയോടു ചേർന്നുനിൽക്കുന്ന പ്രകൃതം..മഹാഭാഗ്യമല്ലാതെന്തു പറയാൻ…”

ആദ്യമൊക്കെ ആ വാഴ്ത്തുമൊഴികളിൽ ആനന്ദമുണർന്നിരുന്നുവെങ്കിലും, പഴകവേ അതിന്റെ ജീർണ്ണത വ്യക്തമാകുന്നു. മുപ്പത്തിയഞ്ചാം വയസ്സിൽ, പ്രശംസകൾ വെറും വാക്കിന്റെ വിരസത നൽകുന്നു. അവർ പറയുന്നതു സത്യമാണ്. ഒന്നിച്ചുള്ള സഞ്ചാരങ്ങൾക്കായി ഇഷ്ടനിറമുള്ള സാരി തിരഞ്ഞെടുത്തു തന്ന്, അതിന്റെ മടക്കുകൾ കുനിഞ്ഞിരുന്നു ചേർത്തുപിടിക്കുന്നൊരാൾ. കാണാക്കാഴ്ച്ചകൾ തേടി നാടെങ്ങും സഞ്ചരിക്കുന്ന രണ്ടുപേർ. ചില രാത്രികളിൽ, അനാവൃത ശരീരത്തിലിഴുകിച്ചേർന്ന് നിറഞ്ഞ മാറിടങ്ങളെ ഞെരിച്ചുടയ്ക്കുകയും, മറ്റുചിലപ്പോളെല്ലാം മാറോടു ചേർന്നുറങ്ങുകയും ചെയ്യുന്നൊരാൾ..നല്ല വാക്കു മാത്രം പറയുകയും, പനിക്കാലങ്ങളിലും രജസ്വലയുടെ വൈഷമ്യങ്ങളിലും ചുടുചായ പകർന്നു തരികയും ചെയ്യുന്നൊരാൾ. അപ്പോൾ, പൊതുജനാഭിപ്രായം തെറ്റാകുവാൻ കാരണമില്ല.

ഗോവണിപ്പടവുകളിറങ്ങി അവൾ, വിശാലമായ അകത്തളത്തിലൂടെ പൂമുഖത്തേക്കു വന്നു. മുറ്റം നിറയേ വിവിധയിനം പൂച്ചെടികൾ നിറഞ്ഞു നിന്നു..വിലയേറിയ, വൈവിധ്യമാർന്ന പൂക്കളുടെ ചേതോഹാരിതയും ചേലും നിറഞ്ഞ അനേകം ചെടികൾ..മുറ്റത്തിന്റെ കിഴക്കേക്കോണിലെ ചെമ്പകത്തിനു, വീടോളം തന്നെ പ്രായം കാണണം. മഞ്ഞച്ച ചെമ്പകപ്പൂവുകൾ മരം നിറഞ്ഞും, നിലം പതിച്ചുമെല്ലാം അവിടെയെല്ലാം പരിമളം പരത്തുന്നു..മിഴികൾ ഉടക്കി നിന്നത് ചമ്പകക്കൊമ്പിലെ ഇരട്ടത്തലച്ചിപ്പക്ഷികളുടെ കൂട്ടിലാണ്.

വിളറിയ വെയിൽ പതിഞ്ഞ ശിശിരത്തിലാണ് രണ്ടിണപ്പക്ഷികൾ അവിടെ പാർപ്പാരംഭിച്ചത്. പകലുകളിൽ അവയുടെ പ്രണയചേഷ്ടകളുടെ നിർവൃതിയിൽ സ്വയം മറന്നു നിൽക്കാറുണ്ട്. ആൺപക്ഷിയായിരുന്നു കൂടൊരുക്കുവാൻ ഏറെ പരിശ്രമിച്ചത്. നാരും ചകിരിയും കൊണ്ട് ഏറെ അനുപമമായി നിർമ്മിച്ച കിളിക്കൂട്. തെല്ലുനാളുകൾക്കപ്പുറം കൂട്ടിൽ പെൺകിളി മൂന്നു മുട്ടകളിട്ടു. ചുവന്ന പുള്ളിക്കുത്തുകളുള്ള കുഞ്ഞു കിളിമുട്ടകൾ. പകൽ നേരം മുഴുവൻ, ആൺകിളി ചെമ്പകച്ചില്ലയിൽ നോമ്പും നോറ്റിരുന്നു. പെണ്ണാൾ അടയിരുന്നു. രാത്രികളിലാകും അവർ ഒന്നിച്ചു ചേക്കേറിയത്. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയിട്ട് ഇപ്പോൾ, രണ്ടാഴ്ച്ചയോളമാകുന്നു.

അരിപ്പൂച്ചെടിയുടെ പഴങ്ങളും, ഇത്തിരിപ്പോന്ന ചെറുജീവികളുമായി പെൺകിളി എന്നും അവയെ പോറ്റി. അതിന്റെ കാതോരത്തേ ചുവപ്പും വെളുപ്പും സമന്വയിച്ച ഭംഗിയും, പുലർവെയിൽ കൊണ്ട് ചെമ്പകമൊട്ടുകളിൽ തൂങ്ങി നിന്ന പ്രാലേയബിന്ദുക്കളിലെ മഴവില്ലഴകും എത്ര കൺപാർത്താലാണ് തൃപ്തി വരിക. അമ്മയെന്ന അവസ്ഥയുടെ സമസ്ത ചാരുതയും പേറിയ പക്ഷിക്കാഴ്ച്ചകൾക്ക് ഇപ്പോൾ രണ്ടുവാരം പ്രായമാകുന്നു.

നോക്കി നിൽക്കേ, ചെമ്പകക്കൊമ്പിലിരുന്നു അമ്മക്കിളി ചിലച്ചു. മൂന്നു കുഞ്ഞു പറവകൾ പൂഞ്ചിറകുകൾ വിടർത്തി, അമ്മയ്ക്കരികിലേക്കു പറന്നടുത്തു. കുഞ്ഞുവാകളിൽ അമ്മ അത്തിപ്പഴം നൽകി. വല്ലാതൊന്നു കുറുങ്ങിയ ശേഷം, അവയെല്ലാം ഒന്നിച്ചു ചിറകടിച്ചകന്നു. പതംഗക്കാഴ്ച്ചകൾ മറഞ്ഞു. കൂടനാഥമായി. എവിടെയോ വായിച്ചതോർമ്മ വന്നു..കുഞ്ഞുങ്ങൾ പറക്കമുറ്റിയാൽ, പക്ഷികൾ കൂടുപേക്ഷിക്കുമെന്ന കാര്യം..സുനന്ദയുടെ കാതുകളിൽ വീണ്ടും അയൽഭവനങ്ങളിലെ പെൺശബ്ദങ്ങൾ ഓർമ്മകളായി അലയടിച്ചു.

“സുനന്ദ ഭാഗ്യം ചെയ്തോളാണ്. സുഖജീവിതം, കുട്ടികളില്ലെങ്കിലെന്ത്, ഇത്രയും സ്വസ്ഥതയും സമാധാനവുമുള്ള ഒരു പെണ്ണ് ഇവിടെ വേറെയുണ്ടാ…?”

അവൾ, തിരികേ അകത്തേക്കു നടന്നു. ആ വലിയ വീട്, ഒഴിഞ്ഞൊരു ഇരുതലച്ചിപ്പക്ഷിക്കൂടു പോലെ അവൾക്കു തോന്നി. കുട്ടികൾ ഒഴിഞ്ഞ, അലങ്കാരവസ്തുക്കൾ ഏറെയുള്ള വലിയൊരു ഇരുതലച്ചിക്കൂട്. അതിലവൾ വെറുതേയിരുന്നു. പറന്നുപോകുവാൻ കുഞ്ഞുങ്ങളില്ലാത്ത, ചിറകറ്റൊരു പക്ഷിയായി. സമയവും, അവളുടെ പതിവുകളും മുന്നോട്ടു നീങ്ങി. തനിയാവർത്തനങ്ങളുടെ വിരസതകളുമായി.