ഗന്ധർവ്വയാമം
രചന: ദേവ ഷിജു
::::::::::::::::::::::
“ഞാനിങ്ങനെ വിളിക്കുവോം സംസാരിക്കുവോമൊന്നും ചെയ്യാതിരിക്കുമ്പോ നിനക്കെന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലേ നിക്കീ..?”
കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണാതിരിക്കാനാവും ചൈത്ര മുഖം തരാതിരിക്കുന്നതെന്നെനിക്കു തോന്നി. ഞാൻ ഫോണിന്റെ സ്ക്രീനിനടുത്തേക്ക് മുഖം അല്പം കൂടി അടുപ്പിച്ചു വച്ചു.
പക്ഷേ അവ്യക്തമായ ഒരു ചിത്രം പോലെ അവളുടെ കാതിൽ ഇളകിയാടുന്ന കമ്മലിന്റെ തിളക്കം മാത്രമേ എനിക്കു കാണാൻ കഴിഞ്ഞുള്ളു.
“ചൈത്രാ….!!”
എന്റെ ശബ്ദം താഴ്ത്തിയുള്ള വിളിയിൽ അവൾ ഞെട്ടിപ്പിടഞ്ഞ് മുഖമുയർത്തി.
ആ വിളി അവളുടെ ഹൃദയത്തിന്റെ അടിത്തട്ടോളം ചെന്നു തൊട്ടിട്ടുണ്ടാവുമെന്നിക്കു തോന്നി.
“നീ ഒരു ദിവസം വിളിക്കാതിരുന്നാൽ, നിന്റെ മുഖം ഒരു വട്ടമെങ്കിലും കാണാതിരുന്നാൽ ഞാൻ എത്രത്തോളം ഡൌൺ ആയിപ്പോകുമെന്ന് നിനക്കു നന്നായറിയാം…”
ചൈത്രയുടെ മുഖത്തിന്റെ ഒരു ഭാഗം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. മുറിയുടെ ഭിത്തിയിൽ കറങ്ങിത്തിരിഞ്ഞു കൊണ്ടിരുന്ന ഫാനിന്റെ കാറ്റിൽ അവളുടെ മുടിയിഴകൾ മുന്നോട്ടു പറന്ന് പാതി മുഖത്തിന്റെ കാഴ്ചയെ ഒട്ടു മുക്കാലും മറച്ചിരുന്നു
“….. എന്നിട്ടും നിനക്കെന്നെ വിളിക്കാതെയും സംസാരിക്കാതെയുമിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന് ഒരർത്ഥമെയുള്ളു…” അവളുടെ കവിളിൽ നനുത്ത സ്വർണ്ണ രോമങ്ങൾ ഇളകിക്കളിക്കുന്നത് മുടിയിഴകൾക്കിടയിലൂടെ എനിക്കു കാണാമായിരുന്നു.
“എന്താത്….?” അവൾ മുഖത്തു നിന്നും മുടിയിഴകളെ മാടിയൊതുക്കി. ആ നീണ്ടു വിടർന്നു നിൽക്കുന്ന കൺപീലികൾക്കിടയിൽ തുടച്ചു മാറ്റിയ കണ്ണീരിന്റെ ചെറിയൊരു നനവ് അപ്പോഴും തങ്ങി നിൽക്കുന്നത് ഞാൻ കണ്ടു.
“നിന്റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം നിനക്കു തുറന്നു പറയാനും പങ്കുവയ്ക്കാനും കഴിയുന്ന ഒരാളായി എന്നും നിന്നോടൊത്തുണ്ടാവണമെന്നാണ് ഞാൻ ആഗ്രഹിച്ചത്….. പക്ഷേ….”
എന്റെ ശബ്ദത്തിൽ ചെറിയൊരു പതർച്ച വന്നത് ചൈത്രയ്ക്കു മനസ്സിലായിയെന്നു തോന്നി. അവൾ എന്റെ കണ്ണുകളിൽ നിന്ന് മിഴികൾ പിൻവലിച്ചില്ല.
“…. പക്ഷേ ഞാൻ നിന്റെ മനസ്സിൽ അത്രത്തോളമൊന്നും സ്ഥാനം നേടിയിട്ടില്ലെന്ന് എനിക്കു മനസ്സിലായി.” കയ്യിൽപ്പിടിച്ചിരുന്ന മൊബൈലിന്റെ ക്യാമറിയിൽ നിന്ന് എന്റെ നോട്ടം പതറി മാറി.
“നിന്നെയെന്നല്ല ഒരാളെയും പ്രണയിക്കാനും പിന്നെ അവരുടെ ഇഷ്ടങ്ങളോട് കൂട്ടുകൂടാനുമൊന്നും , എനിക്ക് കഴിയില്ല നിക്കീ…. എന്റെ ഇഷ്ടങ്ങളെല്ലാം മറന്ന് ഞാൻ ഞാനല്ലാതായി….ഇതുകൊണ്ടൊക്കെയാണ് ഞാൻ ആദ്യം തൊട്ടേ വേണ്ടായെന്നു പറയുന്നത്….എന്നും വിളിക്കണം…എന്നും കാണണം… എന്നും സംസാരിക്കണം….രാവിലെ ഗുഡ് മോർണിംഗ് പറയണം…ഗുഡ് നൈറ്റ് പറഞ്ഞേ കിടക്കാവൂ…. ഇതൊന്നും എന്നെക്കൊണ്ടു സാധിക്കുന്ന കാര്യങ്ങളല്ല….”
“ഞാൻ നിന്നെ എപ്പോഴെങ്കിലും ഇങ്ങനെ എന്തിനെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ ചൈത്രാ…..? ഒരാൾ വേറൊരാളെ ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ അവരിലുള്ള എല്ലാറ്റിനെയുമാണ് സ്നേഹിക്കുന്നത്… നിന്റെ മുഖം, നിന്റെ സംസാരം, നിന്റെ ആറ്റിട്യൂട്സ്…..അങ്ങനെ എല്ലാമെല്ലാമായ നിന്നെയാണ് എനിക്കിഷ്ടം.”
“നീയൊന്നിനും എന്നെ നിർബന്ധിക്കാറില്ല …..പക്ഷേ… ഒരു സമയം കഴിഞ്ഞിട്ടും നിന്നെ വിളിക്കാതിരുന്നാൽ എന്റെ നെഞ്ചു പിടയ്ക്കാൻ തുടങ്ങും…അയ്യോ ഞാൻ വിളിച്ചില്ലെങ്കിൽ നീ വിഷമിക്കുമോ….നിന്നെ ഞാനായിട്ട് സങ്കടപ്പെടുത്തുവല്ലേ….അങ്ങനെ ആലോചിക്കുമ്പോൾ പെട്ടെന്നു തന്നെ ഫോണെടുത്ത് നിന്നെ വിളിക്കും…!”
“ഓഹോ….. അപ്പൊ നീ വിളിക്കുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ല…. ഞാൻ സങ്കടപ്പെടുമെന്നോർത്താണല്ലേ…..?” എന്റെ ശബ്‍ദത്തിലെ പരിഭവം പെട്ടെന്നു തന്നെ ചൈത്ര തിരിച്ചറിഞ്ഞു.
“നിന്നെ എനിക്ക് ഇഷ്ടമാണ് നിഖിൽ…പക്ഷേ നിന്നോടെനിക്ക് പ്രണയമാണെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ….?” ചൈത്രയുടെ ശബ്‍ദത്തിന് മൂർച്ചയുണ്ടായിരുന്നു.
“ഇല്ല…. നീ പറയില്ല… അല്ലേലും അതിനൊള്ള യോഗ്യതയൊന്നും എനിക്കില്ലന്ന് എനിക്കറിയാം…..” എന്റെ ശബ്ദം താഴ്ന്നു.
“ഓഹോ യോഗ്യത നോക്കിയാണോ ഒരാൾ മറ്റൊരാളെ പ്രണയിക്കുന്നത്…? അല്ല…..അങ്ങനെ നോക്കിയാലും നിന്നെപ്പോലൊരാളെ പ്രണയിക്കാൻ എനിക്കല്ലേ യാതൊരു യോഗ്യതയുമില്ലാത്തത്….!” എനിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.
“നിഖിൽ…. എനിക്കു നിന്നെയൊന്നു കാണണം… ഇതിങ്ങനെ തുടർന്നു പോകാൻ എനിക്കാവില്ല… എനിക്കു പറയാനുള്ളത് മുഴുവൻ നിന്നോടു നേരെ കണ്ണിൽ നോക്കിയിരുന്നു പറയണം….ഇല്ലാത്ത പ്രണയം അഭിനയിച്ചു കാട്ടി എനിക്കു നിന്നെ നഷ്ടപ്പെടുത്താൻ വയ്യ…. നീയെന്നും വേണം എന്റെ ജീവിതത്തിൽ, എന്റെ ഏറ്റവും നല്ല സുഹൃത്തായി….”
ഞാൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കിയിരുന്നതേയുള്ളു.
“ഞാൻ അങ്ങോട്ടു വരാം…. നാളെ ഉച്ച കഴിഞ്ഞ്…..” പറഞ്ഞിട്ട് ചൈത്ര എന്റെ മറുപടിക്കായി കാത്തു.
“വേണ്ട…. ഞാൻ അങ്ങോട്ടു വന്നോളാം…” എന്റെ ശബ്ദം തണുത്തതായിരുന്നു.
“എപ്പോ….?”
“നാളെ വൈകിട്ട്….”
“ഉം….. വിളിച്ചിട്ടു വരണം…”
ചെറിയൊരു മൂളലിൽ മറുപടി ഒതുക്കിക്കൊണ്ട് ഞാൻ പെട്ടെന്നു തന്നെ കോൾ കട്ട് ചെയ്തു.
ദീർഘമായ ഒരു നിശ്വാസത്തോടെ ഇരുന്നിരുന്ന കസേരയിൽ പിന്നോട്ടു ചായുമ്പോൾ എനിക്ക് നെഞ്ചിൽ വലിയൊരു ഭാരം കയറ്റി വച്ചതുപോലെ തോന്നി.
ചൈത്രയെ പരിചയപ്പെട്ടിട്ട് ആറുമാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ആദ്യം തമ്മിൽ കാണുന്നത്. ഒരു സാധാരണ പരിചയപ്പെടലിനപ്പുറം അന്ന് ഒന്നും തോന്നിയിരുന്നില്ല. രണ്ടുപേരും രണ്ടു നഗരങ്ങളിൽ ജോലി ചെയ്യുന്നവർ.
പിന്നീടെപ്പോഴോ ഫോണിൽ സന്ദേശങ്ങൾ അയച്ചു തുടങ്ങി. അതു പിന്നെ പരസ്പരമുള്ള വിളികളിലേക്കു വളർന്നു. പിന്നീടെപ്പോഴോ പരസ്പരം കണ്ടുകൊണ്ടു സംസാരിക്കാൻ തുടങ്ങി. ഒടുവിൽ കാണാതിരിക്കാൻ വയ്യെന്നായപ്പോൾ ഞാൻ തന്നെയാണ് അവളെ ഇഷ്ടമാണെന്നു പറഞ്ഞത്.
പക്ഷേ പ്രതീക്ഷിച്ച ഒരു മറുപടി ഒരിക്കലും അവളിൽ നിന്നുമുണ്ടായില്ല. എന്നിട്ടും പരസ്പരം വിളിച്ചു,.സംസാരിച്ചു.
പിന്നീടെപ്പോഴോ കോളുകൾ വിളിക്കാനുള്ള അവകാശം ചൈത്ര കൈവശമാക്കി. ഞാൻ വിളിച്ചാലും ‘ഞാൻ വിളിക്കാവേ’ എന്നൊരു മെസ്സേജിൽ മറുപടി ഒതുക്കും.
അവളുടെ വിളികൾക്കു വേണ്ടി കാത്തിരിക്കാനൊരാൾ മാത്രമായി ഞാൻ മാറിപ്പോയിരിക്കുന്നു.
പിറ്റേന്ന് ചൈത്ര താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ മുന്നിൽ ബസിറങ്ങുമ്പോൾ സൂര്യൻ പടിഞ്ഞാറോട്ടു ചാഞ്ഞു തുടങ്ങിയിരുന്നു.
അപ്പാർട്ടുമെന്റിന്റെ മുന്നിലുള്ള റോഡിനിപ്പുറം ചെറിയൊരു പാർക്കാണ്. വളർന്നു പന്തലിച്ചു നിൽക്കുന്ന ഗുൽമോഹർ മരങ്ങൾക്കിടയിൽ അങ്ങിങ്ങായി നിര തെറ്റിച്ചു നിൽക്കുന്ന പൂമരുതുകൾ. പാർക്കിലെ കൽബഞ്ചുകളിലൊന്നിൽ ഞാൻ പിന്നോട്ടു ചാരിയിരുന്നു.
ഫോൺ കയ്യിലെടുത്തിട്ടും എനിക്ക് ചൈത്രയെ വിളിക്കാൻ തോന്നിയില്ല. വെറുതേ കയ്യിലിട്ടു കറക്കിക്കൊണ്ടിരുന്നു
ഒരുപക്ഷേ ഇത് പരസ്പരമുള്ള അവസാനത്തെ കൂടിക്കാഴ്ചയായിരിക്കും..എപ്പോഴത്തെയും പോലെ അവൾ വിളിക്കട്ടെ!മുമ്പിലൊരു കൂറ്റൻ പൂമരുതു നിൽക്കുന്നു. മണ്ണിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്ന അതിന്റെയൊരു വേരിന് പഴയ ഓർമ്മകളുടെ മധുരമുണ്ട്. ഇതിനു മുൻപൊരു വട്ടം ഞാനിവിടെ വന്നിട്ടുണ്ട്. അന്നൊരു ഞായറാഴ്ച വൈകുന്നേരമായിരുന്നു. തമ്മിൽ സംസാരിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായ് അവളെ കാണുന്നത് അന്നായിരുന്നു.അവൾ തന്നെയായിരുന്നു വഴിപറഞ്ഞുതന്നതും ഇവിടെ കാത്തു നിന്നതും.
അന്ന് പാർക്കിലെ കൽബെഞ്ചുകളിൽ നിറയെ ആളുകളുണ്ടായിരുന്നു. ഇരിക്കാനൊരിടം തേടി നടന്നപ്പോഴാണ് ഈ മരത്തിന്റെ വേരുകൾക്കിടയിൽ രണ്ടാളുകൾക്കിരിക്കാനുള്ള പച്ചപ്പുല്ലു വളർന്നു നിൽക്കുന്ന സ്ഥലം അവൾ ചൂണ്ടിക്കാണിച്ചത്
രണ്ടു വശത്തുമുള്ള വേരുകളിൽ ചാരി ഇരുട്ടു വീഴും വരെ സംസാരിച്ചിരുന്നു. ഒരുവട്ടം കണ്ടു പരിചയപ്പെട്ട ചൈത്രയായിരുന്നില്ല അന്ന് അടുത്തു വന്നിരുന്നത്. ഒരുപാടു സ്വാതന്ത്രത്തോടെ മുട്ടിയിരുമ്മിയിരുന്ന് പൊട്ടിച്ചിരിച്ചു സംസാരിക്കുന്ന പുതിയൊരാൾ. അന്നു പിരിയുമ്പോൾ കൈത്തലങ്ങൾ ചേർത്തു വച്ചപ്പോളുള്ള ചൂട് ഇന്നലെ വരെ അതുപോലെ തന്നെ എന്റെ നെഞ്ചിലുണ്ടായിരുന്നു.
“എന്തേ ഇവിടിരുന്നേ….?” ചൈത്ര അടുത്തു വന്നു നിന്നത് ഞാൻ അറിഞ്ഞിരുന്നില്ല.
വെറുതെ അവളെ നോക്കി പുഞ്ചിരിച്ചു.
“വാ നമുക്ക് അവിടിരിക്കാം….” അവൾ പൂമരുതിന്റെ വേരുകൾക്കു നേരെ കൈ ചൂണ്ടി. ഒന്നും പറയാതെ അവൾക്കൊപ്പം നടന്ന് വേരുകൾക്കിടയിലെ പച്ചപ്പുല്ലിലേക്ക് പടിഞ്ഞിരുന്നു. മുന്നിലെ പച്ചപ്പിൽ കൊഴിഞ്ഞു വീണു കരിഞ്ഞുണങ്ങിപ്പോയ മരുതിൻപൂക്കൾ കറുത്ത നിറം പൂണ്ടു കിടന്നു.
“പൂക്കാലം കഴിഞ്ഞുപോയി….” എന്റെ നോട്ടം കണ്ട് കുസൃതിച്ചിരിയോടെ ചൈത്ര പറഞ്ഞു
“മരം വീണ്ടും തളിർത്തിരിക്കുന്നു….പൂക്കൾ വീണ്ടും വിടരും…” ഞാൻ മുകളിലേക്ക് നോക്കി.
“പിന്നേ….. ഗന്ധർവ്വയാമം വരാൻ കാത്തിരിക്കുവല്ലേ പൂക്കൾ വിടരാൻ…”
ചൈത്രയുടെ കണ്ണുകൾ എനിക്കു പിടിതരാതെ ദൂരത്തെവിടെയോ അലയുകയായിരുന്നു
“മുഖത്തു നോക്കി എന്തൊക്കെയോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു…..?” ഞാൻ അവളെത്തന്നെ നോക്കിക്കൊണ്ടു ചോദിച്ചു.
“എന്തൊക്കെയോ ഉണ്ടായിരുന്നു….ഇപ്പൊ എല്ലാം മറന്നു പോയപോലെ…” അവളുടെ ശബ്ദം പതറിയിരുന്നു.
“ആലോചിക്കാൻ സമയം വേണോ…?” എനിക്കു കുസൃതി തോന്നി
“ഹേയ്…. കിട്ടിയിട്ടും വല്ല്യ കാര്യമൊന്നുമില്ല… നിന്നെക്കാണുമ്പോ ഞാൻ വീണ്ടും മറക്കും…!”
“അതെന്തു കൊണ്ടാണെന്നു ഞാൻ പറയട്ടേ…?”
“എനിക്കു നിന്നോടു പ്രണയമാണെന്നല്ലേ നീ പറയാൻ വരുന്നത്…..’ അവൾ ഒരു നിമിഷം നിർത്തി.
“….അങ്ങനെയൊന്നും ഇല്ലെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്….പക്ഷേ…”
“പക്ഷേ…..?”
ഇത്തവണ തല തിരിച്ച് എന്റെ കണ്ണുകളിലേക്കു നോക്കാതിരിക്കാൻ അവൾക്കു കഴിഞ്ഞില്ല.
“…. പക്ഷേ നീ മറ്റേതെങ്കിലും പെൺകുട്ടികളെക്കുറിച്ചു പറയുമ്പോൾ എനിക്കു ദേഷ്യം വരും…. നിന്നോട് ആരെങ്കിലും അടുത്തിടപഴകുന്നത് എനിക്കു സഹിക്കാൻ കഴിയില്ല….. “
എന്റെ കണ്ണിന്റെ കോണിൽ അറിയാതെ ഒരു ചിരി വിടർന്നു
“നീ വിളിക്കുന്ന ഫോൺ കോളുകളിൽ ഞാൻ പറയുന്ന വാക്കുകൾക്കപ്പുറം എന്നെ നിനക്കറിയില്ല… പിന്നെ ഞാൻ ആരോടെങ്കിലും അടുത്തിടപഴകിയാൽ നീയെങ്ങനെയറിയാൻ….?” ഞാൻ പുരികം മേല്പോട്ടും കീഴ്പോട്ടും വെട്ടിച്ചു.
“നീ കഴിഞ്ഞ ദിവസം കൂട്ടുകാരൊത്ത് പുറത്തു പോയിരുന്നില്ലേ….?”
“ഉവ്വ്….. ഓഫീസിൽ നിന്ന് എല്ലാവരും കൂടി ഒരു ട്രിപ്പ്…. ഞാൻ നിന്നെ വിളിച്ചതല്ലേ….. നീ വന്നില്ല….”
“അന്നു നിന്നോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടി ഏതാ….?”
“പെൺകുട്ടിയോ…. ഒരാളല്ലല്ലോ… കുറച്ചധികം പേരുണ്ടായിരുന്നില്ലേ…?”
“കഷ്ടി മുട്ടിനു താഴെയെത്തുന്ന ഫ്രോക്കുമിട്ട് നിന്നെ മുട്ടിയിരുമ്മി ഒരുത്തി നടപ്പുണ്ടായിരുന്നല്ലോ…അവൾ..?”
അത്രയും നേരം അകലങ്ങളിൽ നോക്കിയിരുന്ന ചൈത്രയുടെ കണ്ണുകൾ എന്റെ കണ്ണുകളുമായി കൊരുത്തു. അവളുടെ ശബ്‍ദത്തിൽ അതുവരെയുണ്ടായിരുന്ന പതർച്ച മാറി സ്വരം തീഷ്ണമായി
“നീ….. നീയതെങ്ങനെ കണ്ടു….?” പെട്ടെന്നുണ്ടായ എന്റെ ചോദ്യത്തിനു മുൻപിൽ അവൾ പതറിപ്പോയി.
“എങ്ങനെയായാലെന്താ….? നിന്റെ മേത്തേക്ക് ചാരി മുട്ടിയുരുമ്മുന്നുണ്ടാരുന്നല്ലോ…. ആരാ അവള്….?”
“അപ്പൊ വരുന്നില്ലെന്ന് എന്നോടു പറഞ്ഞിട്ട് ഞാൻ ആരോടെങ്കിലും മുട്ടിയുരുമുന്നുണ്ടോന്നു നോക്കാൻ നീയെന്റെ പിന്നാലെ ഇറങ്ങിയേക്കുവാരുന്നുവല്ലേ…?”
എന്റെ ചിരിക്കുന്ന കവിളത്ത് ചൈത്രയുടെ കൈ മൃദുവായി പതിഞ്ഞു.
“ആഹ്…..” ഞാൻ മുഖം തിരിച്ചു.
“ആരാ അവളെന്ന്…..?”
“അതു മാല…. എന്റെ ഓഫീസിൽ വർക്കു ചെയ്യുന്ന കുട്ടി….അതേയുള്ളു…!” ഞാൻ കവിളിൽ തടവി.
“അത്രേയുള്ളൂ…..?” അവൾ ഇടതു കൈകൊണ്ട് എന്റെ ടിഷർട്ടിൽ പിടിച്ച് എന്റെ മുഖം അവളുടെ മുഖത്തിന്റെ മുന്നിലേക്കു ചേർത്തു നിർത്തി.
“മാലയായാലും കൊള്ളാം ശീലയായാലും കൊള്ളാം….ഇനിയൊരു പെണ്ണ് ഈ ശരീരത്തെങ്ങാൻ തൊട്ടാൽ…!”
“തൊട്ടാലെന്നാ കുഴപ്പം….. നീയെന്നെ പ്രണയിക്കുന്നൊന്നുമില്ലല്ലോ….?”
ഞാൻ എന്റെ ഷർട്ടിൽ പിടുത്തമിട്ടിരുന്ന അവളുടെ കൈത്തണ്ടയിൽ പിടിച്ചു.
“ഛെ പോ…..” അവൾ എന്റെ കൈ കുടഞ്ഞു വിടുവിച്ചു.
“ഞാൻ കണ്ടിരുന്നു….. “
“എന്ത്…..?”
“ഞങ്ങളവിടെ ചെന്നിറങ്ങുമ്പോൾ മുതൽ എന്നെ നിഴൽ പോലെ പിന്തുടരുന്ന ഈ രൂപം…..”
ഞാൻ അവളുടെ താടിയിൽപ്പിടിച്ച് ആ മുഖം മെല്ലെയുയർത്തി. അവൾ എന്റെ കൈ തട്ടിക്കളഞ്ഞിട്ട് വീണ്ടും മുഖം കുനിച്ചു.
“കണ്ടിട്ടും എന്നെ കാണാത്തപോലെ നടന്നില്ലേ….. ഒന്ന് അരുകിൽ വിളിക്കുക പോലും ചെയ്യാതെ…..?”
അവളുടെ മിഴികൾ തുളുമ്പാൻ തുടങ്ങിരുന്നു.
“അപ്പോൾ അരുകിൽ ഞാൻ വിളിച്ചിരുന്നെങ്കിൽ അറിയാതെ പോകില്ലായിരുന്നോ…?”
“എന്ത്….?”
“എന്നോടുള്ള നിന്റെ പ്രണയം…!”
“ഛെ പോ…. പിന്നേം പിന്നേം അതുതന്നെ പറയുന്നു, എനിക്ക് അങ്ങനൊന്നുമില്ലാന്ന് എത്ര വട്ടം പറഞ്ഞു….!!”
“മാല എന്റെയടുത്തു വന്നപ്പോൾ ദേഷ്യം കൊണ്ട് നിന്റെ മുഖം തുടുത്തത് കൺകോണിലൂടെ ഞാൻ കണ്ടു….അവൾ എന്നെ മുട്ടിയുരുമ്മിയപ്പോൾ അമർത്തിച്ചവിട്ടിയുള്ള നിന്റെ നടത്തവും……”
എനിക്കെന്റെ കണ്ണുകൾ ചൈത്രയുടെ കണ്ണിന്റെ ആഴങ്ങളിൽ നഷ്ടമായി. നീലക്കടൽ പോലെ അവളുടെ മിഴികളിൽ അലകൾ ഇളകി.
“……. അപ്പോൾ നിന്റെ മിഴികൾ ഇതുപോലെ നിറഞ്ഞു തുളുമ്പുന്നതു ഞാൻ കണ്ടു…”
എന്റെ മുഖം അവളുടെ കണ്ണുകൾക്ക് തൊട്ടരുകിലായിരുന്നു
“ആ നിറഞ്ഞു തുളുമ്പിയ മിഴികൾ എന്നോട് ഇതുവരെ നീ പറയാത്ത ആ രഹസ്യം പറഞ്ഞു…..”
ചൈത്രയ്ക്ക് താൻ ഇരുന്നിടത്തു നിന്നും മറിഞ്ഞു വീണുപോയേക്കുമെന്നു തോന്നി. പിടിച്ചു നിൽക്കാൻ താങ്ങു തേടിയ അവളുടെ കൈകൾ എന്റെ ടീഷർട്ടിന്റെ ഇരു വശങ്ങളിലും മുറുകെപ്പിടിച്ചു.
“ഈ പെണ്ണിന് എന്നെ ഒരുപാടൊരുപാടിഷ്ടമാണെന്ന്……!!”
എന്റെ ശ്വാസം അവളുടെ മിഴിനീർക്കണങ്ങളെ ചൂടുപിടിപ്പിക്കുന്നത് ഞാനറിഞ്ഞു. കൂമ്പിയടഞ്ഞു പോയ അവളുടെ മിഴികളെ ഞാനെന്റെ അധരങ്ങൾകൊണ്ടു ബലമായി തുറന്നു.
അവളുടെ കൃഷ്ണമണിയിൽ പറ്റിച്ചേർന്നിരുന്ന നീർക്കണത്തിന്റെ ഉപ്പുരസം എന്റെ നാവ് സ്വന്തമാക്കിയപ്പോൾ അവൾ ഒരു പിടച്ചിലോടെ എന്നെ തള്ളിയകറ്റി.
“പൊയ്ക്കോ…. എനിക്കു നിന്നെ ഇഷ്ടമല്ല….” അവൾ കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി.
“ഞാൻ പോകും…..” ഞാൻ കുസൃതിയോടെ എഴുന്നേൽക്കാൻ തുടങ്ങി. അവളുടെ ഇടതുകൈ വീണ്ടുമെന്റെ ടീഷർട്ടിനെ സ്വന്തമാക്കി.
“ചൈത്രാ… നീ മുൻപു പറഞ്ഞില്ലേ ഗന്ധർവ്വയാമമെന്ന്……. നിനക്കറിയുമോ അതെപ്പോഴാണെന്ന്….?”
“ഉം….. രാത്രിയിൽ ഗന്ധർവ്വന്മാർ അപ്സരസുകളെ തേടിയിറങ്ങുന്ന സമയമല്ലേ…. എനിക്കറിയാം.”
“അല്ല…. ആയിരക്കണക്കിന് അപ്സര സുന്ദരിമാർക്കിടയിലൂടെ ആകാശവും ഭൂമിയും കടലും കരയുമെല്ലാം തേടിയലയുന്ന ഗന്ധർവ്വൻ തന്റെ മാത്രമായ അപ്സരസിനെ കണ്ടുമുട്ടി സ്വന്തമാക്കുന്ന യാമം…ആ സംഗമനിമിഷത്തിനു സാക്ഷിയാകുമ്പോൾ പുളകിതയാവുന്ന ഭൂമിയിൽ ഉണങ്ങി വരണ്ട മരച്ചില്ലകൾ പോലും തളിരിട്ടു പൂക്കും!”
“ഓഹോ….. അങ്ങെനെയാണെങ്കിൽ ഇപ്പോൾ ഈ പൂമരുതിൽ പൂക്കൾ വിടരുമായിരിക്കും അല്ലേ….. എവിടെ കാണുന്നില്ലല്ലോ….”
അവൾ കുസൃതിയോടെ കണ്ണുകളുയർത്തി മുകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മരത്തിന്റെ തളിരിലച്ചാർത്തുകളിലേക്കു നോക്കി പൊട്ടിച്ചിരിച്ചു.
“അതിനു നീ ഞാൻ തേടി നടന്ന അപ്സരസാണെന്ന് ആരു പറഞ്ഞു….?”
“അയ്യേ…. ഒരു ഗന്ധർവ്വൻ…അപ്സ്സരസിനെയും തേടി ഇറങ്ങിയേക്കുന്നു… പോയേ പോയേ..” അവൾ എന്റെ ടീഷർട്ടിന്മേലുണ്ടായിരുന്ന പിടുത്തം വിട്ടു.
“അല്ലേലും …. എന്റെ കയ്യിൽ ഇനിയൊന്നുമില്ല നിനക്കു തരാൻ…. നീ പൊക്കോ!”
കാലുകൾ പിണച്ച് നിലത്തേക്കു പടിഞ്ഞിരുന്ന് രണ്ടു കൈകൾ കൊണ്ട് മുഖം താങ്ങി വച്ച് അവളെന്നെ നോക്കി.
“ഞാനല്ല… നീയ്…. നീ നടന്നു നടന്ന് അപ്പാർട്ടുമെന്റിൽ എത്തുന്നതും നോക്കി ഞാനിവിടെ ഇരിക്കാം…..”
“വേണ്ട…. എന്റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം തുറന്നു പറയാനും പങ്കുവയ്ക്കാനും കഴിയുന്ന ഒരാളായി എന്നും നീ എന്നോടൊത്തുണ്ടാവണം ഇനിയൊരിക്കലും നിന്നെ തനിച്ചാക്കി നടന്നകലാൻ എനിക്കാവില്ല…. നീ പൊക്കോ….” അവൾ നിലത്തേക്ക് ഒന്നുകൂടി പടിഞ്ഞിരുന്നു.
ഞാൻ അവൾക്കു മുന്നിലേക്ക് മുട്ടുകുത്തിയിരുന്നു. ആ മുഖം കയ്യിലെടുത്ത് കണ്ണീർക്കണങ്ങളില്ലാതെ വിടർന്നു നിൽക്കുന്ന മിഴികളിൽ മാറി മാറി ചുംബിച്ചു…… “
“നൗ ഐ തിങ്ക് ഐ ആം ഇൻ……” ശബ്‍ദമില്ലാതെ പിറുപിറുക്കുന്ന അവളുടെ ചുണ്ടുകളെ ഞാൻ പെരുവിരൽ കൊണ്ടു മൂടി.
“നിന്റെ കണ്ണുകളിൽ ഞാൻ അന്നു കണ്ടത്…….. അതു മതി…. അത്രയും മതി എനിക്ക്..!”
“വേറൊന്നും വേണ്ടാ…?” അവൾ എന്റെ മുടിയിഴകൾക്കിടയിലൂടെ വിരലുകൾ കോർത്ത് മുഖം നേരെ പിടിച്ചു.
“പിന്നെ….. ഇന്നുമുതൽ എന്നും വിളിക്കണം… എന്നും കാണണം… എന്നും സംസാരിക്കണം…. രാവിലെ ഗുഡ് മോർണിംഗ് പറയണം… ഗുഡ് നൈറ്റ് പറഞ്ഞേ കിടക്കാവൂ……”
“പോടാ….. കൊ ല്ലും ഞാൻ….” അവൾ നിലത്തെ പുല്ലുകൾക്കിടയിൽ നിന്ന് പെറുക്കിയെടുത്ത ചെറിയ ചരൽക്കല്ലുകൾ എന്റെ നേരെ ഓങ്ങി. ഞാൻ ചാടിയെഴുന്നേറ്റു പിന്നോട്ടു മാറി. ഒരു നിമിഷം അവളെ നോക്കി അതുപോലെ നിന്നിട്ട് തിരിച്ചു നടന്നു. പിന്തിരിഞ്ഞു പിന്തിരിഞ്ഞു നോക്കിക്കൊണ്ട് ഞാൻ നടന്നകലുന്നതും നോക്കി തളിർത്തു നിൽക്കുന്ന പൂമരുതിന്റെ ചോട്ടിൽ അവളിരിപ്പുണ്ടായിരുന്നു. പാർക്കിന്റെ പച്ചപ്പിൽ നിന്ന് കറുത്ത ടാർ റോഡിന്റെ അരുകിലേക്ക് ആദ്യത്തെ ചുവടുവച്ചിട്ട് ഞാൻ ഒരു നിമിഷം തിരിഞ്ഞു നിന്നു. പിന്നെ പൂമരുതിന്റെ തളിരിട്ടു നിൽക്കുന്ന ചില്ലകളിലേക്ക് വിരൽചൂണ്ടി. അവൾ ഇരിക്കുന്നതിന്റെ നേരെ മുകളിലായി മരത്തിന്റെ താഴേക്കു ചാഞ്ഞുനിൽക്കുന്ന ചില്ലയിൽ ഇളംപിങ്ക് നിറത്തിൽ പൂക്കൾ വിരിഞ്ഞു തുടങ്ങിയിരുന്നു.
ഗന്ധർവ്വയാമം കഴിഞ്ഞിരിക്കുന്നു!വരാൻ പോകുന്ന വസന്തത്തിൽ ഒരു ഗന്ധർവ്വനും അപ്സ്സരസിനും ഒന്നു ചേരുവാൻ പൂമരുതു നിറയെ പൂത്തുലയുന്നതിന്റെ ആദ്യസുമങ്ങൾ വിടർന്നിരിക്കുന്നു!!!