പടിയിറങ്ങുമ്പോൾ….
രചന :AmMu Malu AmmaLu
:::::::::::::::::::::::::
“ദിവ്യ , ഒന്ന് നിർത്തുന്നുണ്ടോ നിന്റെയീ കരച്ചിൽ..ഞാൻ നിന്നെ കൊ ല്ലാ നൊന്നുമല്ല കൊണ്ടുപോകുന്നത്.”
നാലാം വിരുന്ന് കഴിഞ്ഞ് മടങ്ങവേ ദിവ്യയുടെ വീട്ടിൽ നിന്നും കാർ മെയിൻ റോഡിലേക്കെത്തിയതും ദാസ് ദിവ്യയോടായി പറഞ്ഞു.
പെട്ടന്നുള്ള ദാസിന്റെ ഒച്ചയെടുത്തുള്ള സംസാരം കേട്ടതും തന്റെ ഉള്ളം ഒന്ന്കൂടി കലങ്ങിമറിയാൻ തുടങ്ങി. പെട്ടന്ന് തന്നെ അവളത് കണ്ട്രോൾ ചെയ്യാനും ശ്രമിച്ചു.
എന്നിട്ടും അനുസരണയില്ലാത്ത അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വിറകൊള്ളാൻ തുടങ്ങിയിരുന്ന അധരങ്ങളാൽ അവൾ തേങ്ങലുകളടക്കുമ്പോൾ ദാസിന്റെ മുഖത്ത് തെല്ലൊരു ഭാവമാറ്റം പോലും ഉണ്ടായിരുന്നില്ല.
ദാസ് അറിയാതെ കാറിന്റെ വിൻഡോ സീറ്റിനോട് ചേർന്നിരുന്നവൾ പുറത്തു പെയ്യുന്ന മഴത്തുള്ളികളെ നോക്കിയെന്നോണം തികട്ടിവന്ന സങ്കടങ്ങളെ ഓരോരോ ചിന്തകളിലേക്കലിയിച്ചുകൊണ്ട് എപ്പോഴോ നിദ്രയിലേക്കൊഴുകിപ്പോയിരുന്നു.
വീടിന്റെ മുറ്റത്തേക്ക് കയറിയ ദാസിന്റെ കാർ സഡൺ ബ്രേക്ക് ഇട്ട് നിർത്തിയപ്പോളായിരുന്നു ദിവ്യ ഉറക്കത്തിൽ നിന്നുമുണർന്നത്.
പെട്ടന്ന് അഴിഞ്ഞുവീണ മുടിയിഴകളൊക്കെ കൈകൊണ്ട് നേരെയാക്കി ഇരുകൈകളാൽ കരഞ്ഞു കലങ്ങിയ കണ്തടങ്ങളെ തുടച്ചു കൊണ്ട് മുഖത്തൊരു പുഞ്ചിരി വരുത്തി ദിവ്യ ഡോർ തുറന്ന് പുറത്തിറങ്ങി.
ഉമ്മറത്ത് തന്നെ ഏട്ടനേയും ഏടത്തിയേയും കാത്തിരുന്ന മാളൂട്ടി കാറിനരികിലേക്കോടി വന്ന് ദാസിനെ ചുറ്റിപ്പറ്റി നിന്നു.
കാറിന്റെ പിൻ സീറ്റിൽ കുഞ്ഞുപെങ്ങൾക്കായി അയാൾ വാങ്ങിയ ചോക്ലേറ്റ്, ഡ്രസ്സ് മുതലായ സാധനങ്ങളെ നോക്കി ” അതിങ്ങെടുക്കാനെന്നോണം തന്നെ നോക്കി അയാൾ കൈകൾ ചൂണ്ടിയപ്പോൾ ദിവ്യ ഡോർ തുറന്നു സാധനങ്ങൾ എടുത്ത് മാളൂട്ടിക്ക് നൽകുമ്പോൾ ഒരു കള്ളച്ചിരി തനിക്ക് സമ്മാനിച്ചവൾ തന്നെ നോക്കി കണ്ണുചിമ്മി..
അവളുടെ നിഷ്കളങ്കമായ ആ ചിരിയിൽഅലിഞ്ഞു ചേരാവുന്നതേയുണ്ടായിരുന്നുള്ളു ദിവ്യയുടെ അപ്പോഴത്തെ സങ്കടങ്ങൾ.
വീടെത്താൻ ലേറ്റ് ആകുമെന്ന് നേരത്തെ ദാസേട്ടൻ അമ്മയെ വിളിച്ചു പറയുന്നത് താൻ ശ്രദ്ധിച്ചിരുന്നു.. ആയതിനാൽ തങ്ങൾക്കുള്ള ഭക്ഷണം അടുക്കളയിൽ ഒരുക്കി വെച്ചിട്ടായിരുന്നു അമ്മ കിടന്നത്..
മുറിയിലെത്തി ഡ്രസ്സ് മാറി കുളിച്ച് അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും മാളൂട്ടി കഴിക്കാനുള്ള ഭക്ഷണം എടുക്കാൻ തുടങ്ങുകയായിരുന്നു..
വേഗം അവിടേക്ക് ചെന്ന് താൻ അവളുടെ കയ്യിലിരുന്ന പ്ലേറ്റ് വാങ്ങി ഏട്ടനും തനിക്കുമുള്ള ചോറ് വിളമ്പാൻ തുടങ്ങി.. അപ്പോളാണ് അവളും കഴിച്ചിട്ടില്ലെന്നുള്ള കാര്യമവൾ പറയുന്നത്.
അത് കേട്ടതും താനവളെ രൂക്ഷമായൊന്ന് നോക്കി.. നോട്ടത്തിന്റെയര്ഥം മനസ്സിലായിട്ടെന്നോണം അവൾ പറഞ്ഞമറുപടി ” ഞാൻ നിങ്ങടെ കൂടെ കഴിക്കാൻ കാത്തിരുന്നതാ ഏടത്തി ” എന്നതായിരുന്നു..
അതൂടി കേട്ടതോടെ തനിക്കവളോട് ഏട്ടന്റെ അനിയത്തിക്കുട്ടി എന്നതിലുപരി ഒരു കുഞ്ഞിനോടെന്നപോലെ വാത്സല്യം തോന്നി.
അപ്പോഴേക്കും ഏട്ടന്റെ കുളി കഴിഞ്ഞ് ഏട്ടനും ഡൈനിങ് ടേബിളിൽ ഹാജർ ആയിരുന്നു.
ഭക്ഷണം കഴിക്കലും കഴിഞ്ഞ് മാളൂട്ടിയും താനും കൂടി പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി കിടക്കാൻ ചെന്നപ്പോഴേക്കും സമയം പന്ത്രണ്ടരമണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും ദാസേട്ടൻ ഉറക്കം പിടിച്ചിരുന്നു.
രാവിലെ മുതൽ യാത്ര ചെയ്തുവന്നതിന്റെ ക്ഷീണത്തിൽ കിടന്നപാടേ ഉറങ്ങിപ്പോയതിനാൽ പുലർച്ചെ 5 മണിക്കുള്ള അലാറം മുഴങ്ങിയപ്പോഴായിരുന്നു താൻ ഉറക്കമുണർന്നത്.
എന്നത്തേയും പോലെ തന്നെ ആ ദിവസവും കടന്നുപോയി.. ഓരോരോ പണികളെടുക്കുമ്പോളും മാളൂട്ടി തന്റെ പിന്നാലെ നടന്ന് ഓരോ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും..
അവൾക്ക് ഈ ജീവിതത്തിൽ ഏറ്റവും ഇഷ്ടം അവളുടെ ഏട്ടനെയാണ്.. അതുകൊണ്ട് തന്നെയും ഏട്ടനിഷ്ടമുള്ളതെല്ലാം അവൾക്കും ബെസ്റ്റാണ്. അതിൽ ആദ്യ സ്ഥാനം അവൾ തരുന്നത് തനിക്കാനെന്നവൾ പറയാതെ പറഞ്ഞപ്പോൾ അറിയാതൊരു തുള്ളി കണ്ണുനീർ തന്റെ കവിൾത്തടം തട്ടി അവളുടെ കൈത്തണ്ടയിൽ പതിച്ചുവപ്പോൾ.
ഒന്നും രണ്ടും പറഞ്ഞ് നാത്തൂന്മാര് പണികളൊന്നും തീർക്കാതെ അങ്ങനെ നടന്നാമതിയെന്നുള്ള അമ്മയുടെ സംസാരവും ഒപ്പം അവളിലേക്കുള്ള അമ്മയുടെ നോട്ടവും കൂടി കണ്ടപ്പോൾ മാളൂട്ടി മെല്ലെ അവിടെ നിന്നും എസ്‌കേപ്പ് ആകാൻ തുടങ്ങി..
കളിചിരികളും ഇണക്കങ്ങളും പിണക്കങ്ങളുമായി എനിക്കവൾ ഒരു കുഞ്ഞുമാലാഖയാവുകയായിരുന്നു ആ നാളുകളിലൊക്കെയും..
ദിവസങ്ങളും, മാസങ്ങളും വർഷങ്ങളും അവർക്കിടയിൽ വന്നുപോയിക്കൊണ്ടേയിരുന്നു..
മാളൂട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഏട്ടന്റെ ശ്രദ്ധ അവളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നത് താൻ കാണുന്നുണ്ടായിരുന്നു.. താൻ മാത്രമല്ല അവിടെയുള്ള ഓരോരുത്തരും..
ദാസേട്ടന്റെ കൈ പിടിച്ചു താനീ വീട്ടിലേക്ക് ആദ്യമായ് വരുമ്പോൾ ഇന്നത്തെ മാളൂട്ടിയുടെ പ്രായമായിരുന്നു അന്ന് തനിക്ക്.
ഒപ്പം മാളൂട്ടിക്ക് വയസ്സ് പതിനഞ്ചു കഴിഞ്ഞ സമയവും.. അതായത് അവൾ പത്താം തരം പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്ന സമയം..
തന്റെ കൗമാരത്തിൽ താൻ കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം തനിക്കായി ഇടംവലം നിന്ന് അച്ഛനും ഏട്ടനും ചെയ്തു തന്നത് ഇന്ന് ഒരച്ഛന്റെയും ഏട്ടന്റെയും സ്ഥാനത്ത് നിന്നുകൊണ്ട് ദാസേട്ടൻ ഒറ്റയ്ക്ക് മാളൂട്ടിക്കായി ചെയ്തുകൊടുക്കുമ്പോൾ ഒരേ സമയം എനിക്ക് സന്തോഷവും സങ്കടവും തോന്നിയിട്ടുണ്ട്..
കാരണം, ദാസേട്ടന് മാളൂട്ടി എങ്ങനെയോ അങ്ങനെ തന്നെ ആയിരുന്നു തന്റെ വീട്ടുകാർക്ക് താനും..
ഇന്ന് ഈ വീട്ടിൽ മാളൂട്ടി കഴിഞ്ഞേ ആർക്കും സ്ഥാനമുള്ളൂ.. അവൾക്ക് വേദനിക്കുന്നതൊന്നും ആരും ഇവിടെ ചെയ്യില്ല..
“ഒരിക്കൽ, താനും ഇങ്ങനൊക്കെയായിരുന്നു.. വാശിയും കുശുമ്പുകളും ആവോളമുള്ളൊരു കുഞ്ഞുമാലാഖ.. ആ വാശികൾക്കും ഇഷ്ടങ്ങൾക്കും പിന്നാലെ പാഞ്ഞെത്തുന്ന ഒരു പുന്നാര ഏട്ടൻ.. അങ്ങനെ, അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന തന്റെ സ്വർഗത്തിൽ നിന്നും തന്നെ അവർ ഇവിടേക്ക് പറഞ്ഞയച്ചു..”
ചങ്ക് പറിച്ച് കൊണ്ടുപോകുന്ന വേദനയിലും അന്നത്തെ തന്നിലൂടെ ഇന്ന് ദാസേട്ടന്റെ കൈകളിൽ പിടിച്ചു മാളൂട്ടി ഈ #പടിയിറങ്ങുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ഇന്ന് അവളുടെ കണ്ണുകളിൽ കണ്ട അതേ നക്ഷത്രത്തിളക്കം ആയിരുന്നു അന്നെന്റെ കണ്ണുകളിലുമുണ്ടായിരുന്നതെന്ന് ഈ വൈകിയ വേളയിലാണെങ്കിലും ദാസേട്ടൻ അറിയുകയായിരുന്നു.
കാരണം ആ മനസ്സിൽ ഒരുവേള തന്നോട് കാണിച്ച അറിവില്ലായ്‌മ ഇന്ന് അയാളിൽ ആവോളം കുറ്റബോധം ജനിപ്പിച്ചിട്ടുണ്ടായിരുന്നു.
അതിന് തെളിവായെന്നോണം ആ നിമിഷം ഗേറ്റ് കടന്ന് മറയുന്ന മാളൂട്ടിയുടെ കാറിലേക്ക് നോക്കി മിഴിവാർക്കുന്ന അയാളുടെ നീറിപ്പുകയുന്ന ഉള്ളം തളരാതിരിക്കാൻ തന്റെ ഇടംകയ്യിൽ പിടുത്തമിട്ട ആ വലം കൈ ഒന്നുകൂടെ മുറുകുന്നതപ്പോൾ താനുമറിയുന്നുണ്ടായിരുന്നു.
———————–
പുതുമയൊന്നും തന്നെയില്ല.. എങ്കിലും ഏറെയിഷ്ടപ്പെട്ടെഴുതിയ ഒരെഴുത്ത്. വായിച്ച് പ്രിയ സൗഹൃദങ്ങൾ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു…