ഇനി എന്റെ മോനെ എങ്ങനെ ഊറ്റി നിന്റെ വീട്ടിൽ കൊണ്ട് കൊടുക്കാം എന്നാണോ ആലോചന…

അക്കിടി

രചന : നിള

::::::::::::::::::::

” അവന്റെ ചെലവിൽ തിന്നും കുടിച്ചും നീ കഴിയുന്നതും പോരാ.. ഇനി നിന്റെ വീട്ടുകാരുടെ ചെലവ് കൂടി അവൻ നോക്കണോ..? എന്റെ മോന്റെ ജീവിതം തുലക്കാൻ ആയിട്ടാണ് നീ അവന്റെ ജീവിതത്തിലേക്ക് കെട്ടിയെടുത്തത്. എന്നു നീ കുടുംബത്തെ വന്നു കയറിയ അന്നു മുതൽ എന്റെ മോന്റെ ജീവിതം കഷ്ടത്തിലായി.”

രേണുക രാവിലെ മുതൽ തുടങ്ങിയതാണ് ഈ ബഹളം. അടുക്കളയിൽ നിന്ന് അതൊക്കെ കേട്ട് നിന്ന ശാലിനിക്ക് വല്ലാത്ത സങ്കടം തോന്നി.

ശാലിനിയുടെ അച്ഛന് ആസ്മയുടെ പ്രശ്നമുണ്ട്. അത് വന്നു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് നല്ല ബുദ്ധിമുട്ടാണ്. ശ്വാസം പോലും കിട്ടാതെ അനുഭവിക്കും.

ഇപ്പോൾ അച്ഛന് അസുഖം കൂടുതലാണ്. ചികിത്സയ്ക്ക് മറ്റുമായി നല്ല ചെലവ് വരുന്നുണ്ട്. ഇത്തവണ ആശുപത്രിയിൽ പോയപ്പോൾ ശാലിനിയുടെ കയ്യിൽ നിന്ന് കുറച്ചു പണം അവളുടെ അമ്മ വാങ്ങിയിരുന്നു. ആ വിവരം ഇന്നലെയാണ് രേണുക അറിയുന്നത്.

ആ സമയം മുതൽ തുടങ്ങിയതാണ് ഈ വീട്ടിലെ വഴക്ക്.

” തമ്പുരാട്ടി സ്വപ്നം കണ്ട് കഴിഞ്ഞെങ്കിൽ എനിക്ക് ഒരു ഗ്ലാസ് ചായ തരുമോ..? “

തൊട്ടടുത്തു നിന്ന് രേണുകയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഒന്നു ഞെട്ടി.

“വേറെ എന്താ പണി..? തിന്നുക ഉറങ്ങുക സ്വപ്നം കാണുക എന്നല്ലാതെ നിനക്ക് ഈ വീട്ടിൽ മറ്റെന്തെങ്കിലും ജോലി ഉണ്ടോ..? “

രേണുകയുടെ ദേഷ്യത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.

” ഇനി എന്റെ മോനെ എങ്ങനെ ഊറ്റി നിന്റെ വീട്ടിൽ കൊണ്ട് കൊടുക്കാം എന്നാണോ ആലോചന..? “

അവർ ദേഷ്യത്തോടെ ചോദിച്ചു.

“അമ്മ ഇതെന്തു വർത്തമാനമാണ് പറയുന്നത്.? ഞാൻ എപ്പോഴാണ് ഏട്ടന്റെ പണം എന്റെ വീട്ടിലേക്ക് വേണ്ടി ചെലവാക്കിയത്..? ഇപ്പോൾ വാങ്ങിയ പണം കടമായിട്ട് വാങ്ങിയതാണ്. എന്റെ സാലറി കിട്ടുമ്പോൾ ഞാൻ തിരിച്ചു കൊടുക്കും.”

അത്രയും നേരത്തെ ക്ഷമ നശിച്ചിരുന്നു.

” അതു കൊള്ളാം അപ്പോൾ ഇന്നുവരെ എന്റെ മോൻ നിന്റെ വീട്ടിലേക്ക് വേണ്ടി ഒന്നും വാങ്ങിയിട്ടില്ല എന്നാണോ..? ഓരോ ഓണത്തിനും നിന്റെ വീട്ടിലേക്ക് പോകുമ്പോൾ നിന്റെ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും അവളുടെ ഭർത്താവിന് ഉൾപ്പെടെ ഡ്രസ്സ് വാങ്ങിയല്ലേ പോകുന്നത്..? അതുമാത്രമോ കാണുന്ന ബേക്കറിയിൽ ഒക്കെ കയറി അവിടെ നിന്നും വാങ്ങി കൂട്ടും കുറെ.. ഇതൊക്കെ എന്റെ മോന്റെ പൈസ അല്ലാതെ പിന്നെ ആരുടേതാണ്..? ഇതൊന്നും പോരാഞ്ഞിട്ട് മാസം ഒരു തുക നിന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കുന്നില്ലേ..? എന്റെ മോന്റെ ശമ്പളത്തിന്റെ പകുതിയും ഇങ്ങനെ തന്നെയാണ് ചെലവായി പോകുന്നത് എന്ന് ഇപ്പോൾ എനിക്കറിയാം.”

അവർ ദേഷ്യം അടക്കാൻ ആകാതെ വിളിച്ചു പറഞ്ഞു.

” ഞങ്ങൾ എന്റെ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങി കൊടുക്കുന്നുണ്ടെങ്കിൽ അതുപോലെ തന്നെ ഞാൻ തിരികെ വരുമ്പോൾ ഇവിടേക്കും വാങ്ങിക്കൊണ്ടു വരാറില്ലേ..? എന്റെ വീട്ടുകാർ ഇവിടേക്ക് കൊണ്ടു വരുന്ന സാധനങ്ങൾക്കൊന്നും ഒരു കണക്കും ഇല്ലല്ലോ..! പിന്നെ മാസ മാസം എന്റെ വീട്ടിലേക്ക് പണം കൊടുക്കുന്നുണ്ടെങ്കിൽ അത് എന്റെ സാലറിയിൽ നിന്നാണ്. അല്ലാതെ ഏട്ടന്റെ ഒരു രൂപ പോലും ഞാൻ ആ കാര്യത്തിനു വേണ്ടി ചെലവാക്കുന്നില്ല.”

അവളുടെ സ്വരത്തിലും ദേഷ്യം കലർന്നിരുന്നു.

” നീ കുറെ നേരമായല്ലോ സാലറി സാലറി എന്ന് പറയാൻ തുടങ്ങിയിട്ട്..? ആകെപ്പാടെ 8000 രൂപയല്ലേ നിനക്ക് കിട്ടുന്നത്..? അതിൽ നിന്ന് നീ എന്തൊക്കെ ചെയ്യുന്നു..? പറയുമ്പോൾ നിന്റെ സാലറി. പക്ഷേ ചെലവ് മൊത്തം എന്റെ മോന്റെതും.. “

അവരുടെ വഴക്കിന് അവസാനം ഒന്നുമില്ലെന്ന് കണ്ടതോടെ അവൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു.അവൾക്ക് ആകപ്പാടെ സങ്കടമോ ദേഷ്യമോ ഒക്കെ തോന്നുന്നുണ്ടായിരുന്നു.

ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന, രമേഷ് കാണുന്നത് എന്തൊക്കെയോ ചിന്തകളിൽ ഇരിക്കുന്ന  ശാലുവിനെയാണ്.

” താൻ ഇതെന്താടോ ആലോചിച്ചിരിക്കുന്നത്..? പതിവില്ലാത്തത് ആണല്ലോ ഈ സമയത്ത് ഒരു ആലോചന..? “

അവൻ കുസൃതിയോടെ അന്വേഷിച്ചു.

” ഒന്നുമില്ല ഏട്ടാ.. വെറുതെ ഇരുന്നതാണ്.”

അവളുടെ ആ മറുപടിയിൽ തന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൻ ഊഹിച്ചു.

” നാളെ എന്റെ വീട് വരെ പോയാലോ എന്നൊരു ആലോചന. അച്ഛന് സുഖമില്ലാതായിട്ട് ഞാൻ ഒന്നു പോയി കണ്ടില്ലല്ലോ. പോയി അച്ഛനെയും അമ്മയെയും കണ്ട് രണ്ടു ദിവസം അവിടെ നിന്നിട്ട് വരാം.”

അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് അവൾക്കടുത്തിരുന്നു.

” ഇതിനായിരുന്നു ഇത്ര ഗൗരവം..? തനിക്ക് വീട്ടിൽ പോകണം എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ എപ്പോഴെങ്കിലും തന്നെ എതിർത്തിട്ടുണ്ടോ..? ഇടയ്ക്കൊക്കെ അവരെ പോയി കാണേണ്ടതും വിവരങ്ങൾ തിരക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. എന്തായാലും താൻ ഒറ്റയ്ക്ക് പോകണ്ട നാളെ ഞാനും വരാം. രണ്ടുദിവസം അവിടെ തന്നോടൊപ്പം ഞാനും നിൽക്കാം. എന്റെയും കൂടെ വീടല്ലേ… “

അവൻ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നതു പോലെയാണ് അവൾക്ക് തോന്നിയത്.

” എന്തായാലും താൻ പോയി എനിക്ക് ഒരു ഗ്ലാസ് ചായ തരാമോ..? “

അവൻ ചോദിച്ചപ്പോൾ പുഞ്ചിരിച്ചു കൊണ്ട് തന്നെ അവൾ എഴുന്നേറ്റു. റൂമിലെ വാതിൽ തുറന്ന് അവൾ കാണുന്നത് റൂമിനു മുന്നിൽ പരുങ്ങി കളിക്കുന്ന അമ്മയെയാണ്.

“എന്താ അമ്മ..? അമ്മ എന്താ ഇവിടെ..?”

അവൾ പെട്ടെന്ന് ചോദിച്ചു.

” ഇതു കൊള്ളാം.. എന്റെ വീട്ടിൽ എനിക്ക് എവിടെയെങ്കിലും നിക്കണമെങ്കിൽ ഇനി നിന്റെ അനുവാദം വേണോ..? വന്ന് വന്ന് നിനക്ക് എന്നെ ഭരണം ഇത്തിരി കൂടുതലാണ്.”

അവർ ദേഷ്യപ്പെട്ടു.

” കിട്ടിയ നേരത്ത് ഓരോന്ന് പറഞ്ഞു കൊടുത്തു എന്നെയും എന്റെ മോനെയും തമ്മിൽ തെറ്റിക്കാം എന്ന് കരുതി അല്ലേ..? നിന്റെ ഉദ്ദേശം ഒന്നും ഇവിടെ നടക്കില്ല. “

അവളെ നോക്കി പുച്ഛിച്ച് ചിരിച്ചു കൊണ്ട് അവർ പറഞ്ഞു. അവരോട് ഇത്രയൊക്കെ തർക്കിച്ചിട്ടും കാര്യമില്ലെന്നറിയുന്നതു കൊണ്ടുതന്നെ അവളൊന്നും മിണ്ടിയില്ല.

“അവൾ എന്നോട് എന്തെങ്കിലും പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അമ്മയ്ക്ക് എന്താ..? അത് ഞങ്ങൾക്കിടയിലുള്ള കാര്യമല്ലേ..? ഭാര്യക്കും ഭർത്താവിനും എന്തെല്ലാം കാര്യങ്ങൾ പരസ്പരം പറയാനും അറിയാനും ഒക്കെ ഉണ്ടാകും..? അതൊക്കെ അമ്മയോടും പറയണമെന്ന് നിർബന്ധമുണ്ടോ..? “

പെട്ടെന്ന് അവൻ ചോദിച്ചപ്പോൾ അവർ ചൂളിപ്പോയി.

” അല്ലെങ്കിലും പെണ്ണ് കെട്ടിയപ്പോൾ മുതൽ നീ ഒരു അച്ചിക്കോന്തൻ ആയി മാറിക്കൊണ്ടിരിക്കുകയാണ്. അവളുടെ വാക്ക് കേട്ട് അമ്മയുടെ മെക്കിട്ട് കേറുന്നത് അത്ര നല്ല ശീലം ഒന്നുമല്ല. ഒന്നുമില്ലെങ്കിലും നിന്നെ 10 മാസം ചുമന്നു പെറ്റതല്ലേ ഞാൻ..? “

കള്ള കണ്ണീരൊഴുക്കി അവർ പറഞ്ഞു.

” ഭാര്യയെ സ്നേഹിക്കുന്നവരൊക്കെ അച്ചിക്കോന്തൻ ആണെങ്കിൽ ഞാനും അങ്ങനെ തന്നെയാണ്. പിന്നെ അമ്മ ഇപ്പോൾ പറഞ്ഞില്ലേ 10 മാസം ചുമന്ന് പെറ്റ കാര്യം..? ഈ നിൽക്കുന്ന എന്റെ ഭാര്യയെയും അവളുടെ അമ്മ അങ്ങനെ തന്നെയാണ് പ്രസവിച്ചത്. അമ്മയുടെ മോള് ഒരു ദിവസം അമ്മയെ വിളിച്ചില്ലെങ്കിലും അവളുടെ ശബ്ദം കേട്ടില്ലെങ്കിലും അമ്മയ്ക്ക് എത്രത്തോളം വിഷമമാകുമെന്ന് ഞാൻ കണ്ടിട്ടുണ്ട്. ആഴ്ചയിൽ ആഴ്ചയിൽ അവൾ ഇങ്ങോട്ട് ഓടി വരുന്നത് അമ്മയുടെ നിർബന്ധം കൊണ്ടല്ലേ..? അമ്മയുടെ ഇതേ അവസ്ഥയിൽ കൂടി കടന്നു പോകുന്ന ഒരു അമ്മ തന്നെയാണ് ഇവളുടെ അമ്മയും. മോളെ കാണണമെന്നും അവളുടെ വിശേഷങ്ങൾ അറിയണമെന്നും ഒക്കെ ആഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും അവൾക്കും ഉണ്ട്.മകൾക്ക് ഒരു നിയമം മരുമകൾക്ക് മറ്റൊരു നിയമം എന്നുള്ള രീതി ഒന്നും ഈ വീട്ടിൽ വേണ്ട. എല്ലാവരെയും ഒരേ തട്ടിൽ കാണാൻ പറ്റിയാൽ അതാണ് ഭാഗ്യം. “

അവൻ പറഞ്ഞു നിർത്തിയതും ഒരു കൈയ്യടി ശബ്‌ദം കേട്ടു.

” അങ്ങനെ പറഞ്ഞു കൊടുക്കെടാ മോനെ..മോളായാലും മരുമോളായാലും ഇവിടെ ഒരുപോലെ ആണ്. നമ്മുടെ മകൻ നമ്മളെ നോക്കുന്നതു പോലെ അവളുടെ അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ അവൾക്കും ഉത്തരവാദിത്വം ഇല്ലേ..? അച്ഛനെയും അമ്മയുടെയും കാര്യത്തിൽ മക്കൾക്കൊക്കെ ഒരേ ഉത്തരവാദിത്വമാണ്. പെണ്ണായത് കൊണ്ട് അവരുടെ കാര്യത്തിൽ ഉത്തരവാദിത്വം ഒന്നും ഇല്ല എന്നല്ല. ഇനി മേലാൽ അവൾ അവളുടെ വീട്ടിലേക്ക് എന്തെങ്കിലും കൊടുക്കുന്നതിനു നീ ശബ്ദം ഉയർത്തി വഴക്കു പറയരുത്. നിന്റെ മകൻ നിനക്ക് തരുന്നതിനെ കുറിച്ച് അവൾ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലല്ലോ.. അപ്പോൾ അവൾ അവളുടെ അമ്മയ്ക്ക് കൊടുക്കുന്നതിനെ നീയും ചോദ്യം ചെയ്യേണ്ട.. “

അവസാനവാക്ക് പോലെ അയാൾ പറഞ്ഞു അവസാനിപ്പിക്കുമ്പോൾ അക്കിടി പറ്റിയ പോലെ ഒരു ഇരിപ്പായിരുന്നു അവർ..