മനുവിന്റെ അമ്മൂട്ടി…
രചന: സിയാദ് ചിലങ്ക
:::::::::::::::::::::::
അമ്മയും അമ്മായിയും എന്തോ അടക്കം പറയുന്നത് കേട്ടിട്ടാണ് മനു അടുക്കളയിൽ ചെന്ന് കയറിയത്..
“കിഴക്കേലെ ലളിതാടെ മോള് വയസ്സറിയിച്ചു…”
അമ്മൂട്ടിയെ കുറിച്ചാണല്ലൊ ഇവര് പറയുന്നത്… മനു അടുക്കളയിൽ തന്നെ ഒന്ന് വട്ടം കറങ്ങി…
“മുതിർന്നവർ വർത്താനം പറയുന്നതിനിടയിൽ നിൽക്കാണ്ട് അപ്പുറത്തേക്കെങ്ങാനും പോയെ ചെക്കാ…”
അമ്മ കൈ ഓങ്ങിയപ്പോൾ മനു അവിടെ നിന്ന് ഓടി പോയി…
അവൾക്ക് ഇത് എന്ത് പറ്റി… സ്കൂളിൽ നിന്നും ഒരുമിച്ച് വരുന്നത് വരെ ഒരു കുഴപ്പം ഇല്ലായിരുന്നല്ലൊ..
രാത്രി മനുവിന് കിടന്നിട്ട് ഉറക്കം വന്നില്ല… ഓർമ്മ വെച്ച അന്ന് മുതൽ രണ്ടാളും ഒരുമിച്ചാണ്..പഠിത്തവും കളിയും.. എല്ലാം ഒരുമിച്ച്…. ഒരേ ക്ലാസ്സിൽ തന്നെയാണ് രണ്ടാളും…
രാവിലെ സ്കൂളിൽ പോകാൻ അമ്മുവിന്റെ വീട്ടിൽ ചെന്നപ്പോൾ, അവിടെ ആൾക്കാരും ബഹളവും…അമ്മുവിനെ പുറത്ത് ഒന്നും കണ്ടില്ല..
വാതിൽക്കൽ നിന്ന് ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ…അവളുടെ അമ്മ വന്ന് പറഞ്ഞു…
“മനു പൊയ്ക്കോളൂ…. അവൾ ഇന്ന് വരുന്നില്ല…”
അമ്മുവില്ലാതെ മനുവിന് സ്കൂളിൽ പോകാൻ തോന്നിയില്ല… അവൻ ദാസൻ ചേട്ടന്റെ പറമ്പിൽ ചെന്ന്… അവർ പോയി ഇരിക്കാറുള്ള… മാവിന്റെ അടിയിൽ അവൻ ഒറ്റക്ക് ചെന്നിരുന്നു….
മനുവിന് ആകെ അങ്കലാപ്പ് ആയി ഇരിക്കുകയാ… അമ്മുവിന് എന്താ പറ്റി യതെന്നറിയാതെ… അവന് ഒരു സമാധാനവും ഉണ്ടായില്ല…
രാത്രി കിടക്കാൻ നേരം അമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞു..
“അമ്മു വല്ല്യ കുട്ടിയായി……”
ദിവസങ്ങളും മാസങ്ങളും കടന്ന് പോകുന്നത് എത്ര വേഗമാണ്..കൗമാരത്തിന്റെ
വർണ്ണ ശലഭങ്ങൾ അവരിൽ നിന്ന് പാറി പറന്നു കഴിഞ്ഞിരുന്നു.
”അമ്മൂട്ടീ ദാസേട്ടന്റെ പറമ്പിലെ മാവുമ്മേൽ നിറച്ച് ചപ്പിക്കുടിയന്‍ മാങ്ങ ഉണ്ടായിട്ടുണ്ട്….നമുക്ക് വാ പോവാം ….”
മനു മാവിൽ കയറി പഴുത്ത് കിടക്കുന്ന മാങ്ങയെല്ലാം കുലുക്കി താഴേക്കിട്ടു…
ചപ്പിക്കുടിയൻ മാങ്ങ ഞെട്ടി കടിച്ചു കളഞ്ഞു വായിൽ വെച്ചാൽ നല്ല മധുരമുള്ള നീര് വരും… അതിന്റെ രുചി കാരണം ഒറ്റ ഇരുപ്പിൽ അഞ്ച് പത്ത് മാങ്ങ എങ്കിലും രണ്ടാളും ഒറ്റയടിക്ക് അകത്താക്കും…
അമ്മൂട്ടിയുടെ ചുവന്ന ചുണ്ടിൽ നിന്ന് മാങ്ങാനീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു, മനു പെട്ടെന്ന് വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകൾ തുടച്ചു… അവൻ അവളുടെ ചുണ്ടിൽ ചുംബിച്ചു…
അപ്രതീക്ഷിതമായി അവൻ അങ്ങിനെ ചെയ്തപ്പോൾ അവൾ ആകെ പകച്ചു പോയി…
അവനെ അവൾ തള്ളി മാറ്റി… അവളുടെ കണ്ണുകൾ കലങ്ങി ചുവന്നു… കരഞ്ഞു കൊണ്ട് അവൾ ഓടി…മനു പുറകെ ഓടി…
അവളുടെ വീട്ടിലേക്ക് ഓടി ചെന്നപ്പോൾ മുറ്റത്ത് തന്നെ അവളുടെ അമ്മ നിൽക്കുന്നുണ്ടായിരുന്നു.കരഞ്ഞു നിൽക്കുന്ന അമ്മൂട്ടിയെ അമ്മ കണ്ടല്ലൊ ഈശ്വരാ…. അമ്മൂട്ടി നടന്നത് പറഞ്ഞാൽ ആകെ കുഴപ്പം ആകുമല്ലൊ…
മനു മമ്മൂട്ടിയുടെ പിന്നിലായി നിന്നു.
“എന്താടി നീ കരയുന്നത്..?”
“അത് ഞാൻ…. ഞാൻ… പറമ്പിൽ വീണതാണ്….”
“അവൾ മെല്ലെ മനുവിനെ നോക്കി….. “
” വീട്ടില് അടങ്ങി ഒതുങ്ങി ഇരുന്നൊ..പെണ്ണെ…. വന്ന്.. വന്ന്… പെണ്ണിന് ഒരു അടക്കവും ഒതുക്കവും ഇല്ല…”
വേലിയിൽ നിന്ന് പത്തല് ഓടിച്ചെടുത്ത് അമ്മുവിനെ അമ്മ പൊതിരെ തല്ലി.
” പോ ത്ത് പോലെ വളർന്നിട്ടെന്താ രണ്ടിനും ബോധമില്ല…
പത്താം ക്ലാസ്സ് ഫലം പേപ്പറില്‍ വരുന്നതിന്റെ തലേദിവസം….കാത്തിരിക്കാന്‍ ക്ഷമയില്ലാത്തത് കൊണ്ട്….അമ്മൂട്ടിയെ കൂട്ടി ഗീതടീച്ചറെ വീട്ടില് പോയി….ഗീത ടീച്ചറെ അടുത്ത് റിസൽട്ട് നേരത്തെ എത്തിയിട്ടുണ്ടാവും…. രണ്ടാളുടെയും നമ്പർ നോക്കി…..ടീച്ചറ് പറഞ്ഞു…..
”കുട്ട്യേളെ… രണ്ടാള്‍ക്കും ഡിസ്റ്റിന്‍ക്ഷന്‍ ഉണ്ട്…..എല്ലായിടത്തും രണ്ടാളും ഒന്നിച്ചാണല്ലൊ….ദൈവം അനുഗ്രഹിക്കട്ടെ”
അന്ന് മനുവിന് ഉറക്കം വന്നില്ല…..തുടർന്ന് പഠിക്കാൻ ഉള്ള സാഹചര്യം അല്ല വീട്ടിൽ ഉള്ളത്… അച്ഛൻ മരിച്ചതിന് ശേഷം അമ്മ ഒത്തിരി കഷ്ടപ്പെട്ടാണ് ഇത് വരെ എത്തിച്ചത്…
സമപ്രായക്കാരായ ഞാനും അമ്മൂട്ടിയും ഒന്നിക്കണമെങ്കില്‍ എനിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണം……..പഠിക്കാൻ നടന്നാൽ സമപ്രായക്കാരായ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിയില്ല….എത്രയും വേഗം പണിയെടുത്ത് നാല് കാശ് ഉണ്ടാക്കണം…
പിന്നെ ഒന്നും ആലോജിച്ചി ല്ല ….ദക്ഷിണയെടുത്ത് നേരെ അയ്യപ്പനാശാരിടെ അടുത്തേക്ക് ചെന്നു……ഈ തീരുമാനമെടുത്ത മനുവിനെ വീട്ടുകാര്‍ കുറേ വഴക്ക് പറഞ്ഞു…….
അമ്മൂട്ടി പ്രീഡിഗ്രിക്ക് ചേരാന്‍ അപ്ലിക്കേഷന്‍ കൊണ്ട് വന്ന ദിവസം അവന്റെ തീരുമാനം അറിഞ്ഞു അവൾ മുഖത്ത് ഒരടി വച്ചു കൊടുത്തു ……
കാലചക്രം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ലല്ലൊ….സ്വന്തം കാലില്‍ നില്‍ക്കാനും അമ്മൂട്ടിയെ സ്വന്തമാക്കാനും ഉളള അവന്റെ പരിശ്രമം……ആ നാട്ടിലെ അറിയപ്പെടുന്ന മരപ്പണിക്കാരനാക്കി.നാട്ടിൽ വലിയ ഒരു ഫർണീച്ചർ ഷോപ്പും തുടങ്ങി..
അമ്മൂട്ടി ബികോം കഴിഞ്ഞു ……എംകോമിന് ചേര്‍ന്നു…….
രാവിലെ കട തുറന്നപ്പോള്‍ ദാ വരുന്നു രമേശേട്ടന്‍.
”എന്താ രമേശേട്ടാാ…?
ടാ മനു….ഒരു ഡബിള്‍ കോട്ട് കട്ടില് പണിയണം…….നല്ല മരം തന്നെ ഇടണം ട്ടൊ….തേക്ക് തന്നെ ആയിക്കോട്ടെ……അമ്മൂട്ടിടെ കല്ല്യാണം ഇങ്ങ് അടുത്ത് വരല്ലെ .അവളുടെ പഠിപ്പിനും ആഗ്രഹത്തിനും എല്ലാം ചേർന്ന ഒരു ബന്ധം തന്നെ കിട്ടി….ദൈവാനുഗ്രഹം……. “
അവന് ആകെ തല കറങ്ങുന്നത് പോലെ തോന്നി ……എന്താ ചെയ്യേണ്ടത് എന്നറിയില്ല……ഇന്നലെ കൂടി അമ്മൂട്ടിയെ കണ്ടതാ….. ബസ്സില് കയറുമ്പോൾ ചിരിക്കുന്ന അമ്മൂട്ടിയുടെ മുഖം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്…..
ഇത് വരെ സ്വപ്നം കണ്ടതും മനക്കോട്ട കിട്ടിയതും തകർന്ന് വീഴുകയാണല്ലൊ….പിന്നെ ഒരു കാര്യം ചിന്തിച്ചപ്പൊ അവന് വീണ്ടും ആധി കയറി……താൻ ഇത് വരെ അമ്മൂട്ടിയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ല.അവളുടെ ഉള്ളിലും തന്നോട് ഇഷ്ട്ടം തന്നെയാകും എന്നാ കരുതിയത്…
ഇനി സമയം കളയാതെ അമ്മുവിന്റെ വീട്ടിൽ പോവുക ..നേരിട്ട് പോയി പെണ്ണ് ചോദിക്കുക…..അമ്മൂട്ടിയെ കെട്ടിച്ച് തരുമോ എന്ന് രമേശേട്ടനോട് ചോദിക്കണം ……വരുന്നിടത്ത് വെച്ച് കാണുക തന്നെ…..അമ്മുവില്ലാതെ ഒരു ജീവിതം ചിന്തിക്കാനെ പറ്റുന്നില്ല…
അമ്മൂട്ടിയുടെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ രമേശേട്ടന്‍ ഉമ്മറത്ത് തന്നെ ഉണ്ട്……നെഞ്ച് പട…പടാ ഇടിക്കുന്നുണ്ട് …….
”വാ മനു കയറിയിരിക്ക്…….
അമ്മൂ … ആരാ വന്നത് എന്ന് നോക്കിയേ…………
അമ്മു ഓടി വാതിലിനരികിൽ പുഞ്ചിരിയുമായി വന്ന് നിന്നു…
“അമ്മു നീ നോക്കി നിൽക്കാതെ ചായ എടുക്ക്… പെണ്ണ് കാണാൻ ചെക്കൻ വരുമ്പോൾ ഉള്ള പതിവ് തെറ്റിക്കണ്ട…”
അവൻ ആകെ അന്തം വിട്ടു….പകച്ചുപോയി…..
”മനു ആദ്യമായി അമ്മൂട്ടിക്ക് ആലോചന വന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്….അന്ന് തന്നെ അമ്മു പറഞ്ഞു
”അവൾ മനുവിന്റെ പെണ്ണാണെന്ന്…. “
“അവൾക്കാണെങ്കിൽ കുറേ ആലോചനകൾ ആയി വരുന്നു… പ്രായമായ പെൺകുട്ടികൾ ഉള്ള അച്ഛനമ്മമാർക്ക് ഉള്ളിൽ എപ്പോഴും ഒരു ആധിയാ…നിന്നെ പോലെ ഉള്ള പയ്യനെ എന്റെ മോളെ ഏല്പിച്ചു തരാൻ സന്തോഷമേ ഉള്ളു… മോനെ… നീ അവളെ പൊന്ന് പോലെ നോക്കും എന്ന് ഞങ്ങൾക്കറിയാം..”
മനുവിന്റെ കണ്ണുകള്‍ക്ക് നിറഞ്ഞത് ആരും കാണാതിരിക്കാൻ അവൻ ശ്രമിച്ചു …
മുല്ലപ്പൂ ചൂടി….കയ്യിൽ പാലുമായി മുറിയിലേക് അമ്മു കയറി വന്നപ്പോൾ…മനുവിന് സ്വപ്നംകാണുകയാണോ എന്ന് തോന്നി …..
.” മോനെ മനു …ഒന്ന് കണ്ണടച്ചെ ….
” എന്താണ് അമ്മൂ…”
“കണ്ണടക്ക്… എന്നിട്ട് കൈ നീട്ട്…”
മനു കണ്ണ് തുറന്ന് നോക്കിയപ്പോൾ കയ്യിൽ നല്ല പഴുത്ത ചപ്പിക്കുടിയൻ മാങ്ങ…
……………………………