കല്യാണം കഴിഞ്ഞു അഞ്ചു കൊല്ലമായും കുട്ടികളില്ലാത്ത അപ്പുറത്തെ വീട്ടിലെ നമിത ഇന്നലെ കൂടെ പറയുന്നത് കേട്ട്…

മഴവിൽ ചിറകുകൾക്ക് ഒരാകാശം…

രചന : രമ്യ ഭാരതി

::::::::::::::::::::::::

“ആ ഉണ്ണിയപ്പം ഇനീം എണ്ണയിൽ കിടന്നാൽ ആകെ ബലം വെക്കും. അത് കോരി എടുക്കു. വല്ലാണ്ടെ ബലം വെച്ചാൽ തിന്നാൻ കൊള്ളില്ല.”

അമ്മയുടെ മേൽനോട്ടത്തിൽ ആണ് ഉണ്ണിയപ്പമുണ്ടാക്കൽ. മറ്റന്നാൾ കുഞ്ഞുണ്ണി തിരിച്ചെത്തും. അവനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിൽ ആണ് അമ്മ. അമ്മയോട് തിരിച്ചു അഭിപ്രായങ്ങൾ പറയുന്നത് വെറുതെ പ്രശ്നങ്ങളിലേക്ക് പോകും എന്നത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അമ്മ പറഞ്ഞത് പോലെ ആ ഉണ്ണിയപ്പം കോരി എണ്ണ വാർന്നു പോകാൻ വെച്ച് അടുത്ത സെറ്റ് മാവ് ഒഴിച്ചു.

“അമ്മേ ഞാൻ തീയൊന്നു കുറച്ചിട്ടുണ്ട്. ഒന്ന് നോക്കണേ. ഞാൻ ഉമ്മറത്തുള്ള കുട്ടികൾക്ക് ഇതൊന്നു കൊടുത്തിട്ട് വരട്ടെ. ” അമ്മ എന്റെ കയ്യിൽ നിന്ന് പപ്പടകോല് വാങ്ങി ഉണ്ണിയപ്പത്തിന്റെ പാകം നോക്കാൻ തുടങ്ങി.

ഒരു പാത്രത്തിൽ കുറച്ച് ഉണ്ണിയപ്പം എടുത്തു ഞാൻ ഉമ്മറത്തേക്ക് നടന്നു. അവിടെ ഗിരീശേട്ടൻ കുട്ടികൾക്ക് അവധികാല ക്ലാസ്സ്‌ എടുക്കുകയാണ്. കോളേജ് പ്രൊഫസർ ആണേലും മൂപ്പർക്ക് ഇഷ്ടം കുഞ്ഞു കുട്ടികളുമായി സയൻസ് സംസാരിച്ചു ഇരിക്കാനാണ്. വലിയ ക്ലാസ്സൊന്നും അല്ല. പരിചയത്തിലുള്ള കുട്ടികൾക്ക് സയൻസും, കണക്കും പ്രൊജക്ടുകളും മറ്റും പറഞ്ഞ് കൊടുക്കുന്നു, അവരുടെ സംശയങ്ങൾ തീർത്തു കൊടുക്കുന്നു.

“… അങ്ങനെ ഞാൻ പറഞ്ഞ് വന്നത്, വെറും വെളിച്ചം എന്നതിനെ പിന്നീട് കുറെ നിറങ്ങളായി തിരിച്ചു. പിന്നെയും ആ സ്പെക്ട്രത്തിനുള്ളിൽ വേറെയും കിരണങ്ങളും തരംഗങ്ങളും കണ്ടെത്തി. ഇന്നും തുടരുന്നു. ശാസ്ത്രം ഇന്നും അതിന്റെ വളർച്ചാ ഘട്ടത്തിൽ ആണ്. ഇനിയും ഒത്തിരി ഒത്തിരി കണ്ടുപിടിക്കാൻ ഉണ്ട്, എല്ലാ ശാസ്ത്ര ശാഖകളിലും. അറിയാത്തതിനെ ഇല്ല എന്നും ഏതോ ശക്തി എന്നും പറയുന്നതിന് പകരം, എന്ത് എന്നും എങ്ങനെ എന്നും ഉള്ള അന്വേഷണമാണ് ശാസ്ത്രത്തിന്റെ വഴി.

ശാസ്ത്രം ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടേ ഇരിക്കും. ഉത്തരങ്ങൾ മാത്രമല്ല, ഇന്നലെ കണ്ടെത്തിയ പലതിലും കൂട്ടലും കുറക്കലും എല്ലാം നടക്കും. അതാണ്‌ ശാസ്ത്രത്തിന്റെ പ്രത്യേകത. നിങ്ങളാണ് ഇനി വരുന്ന തലമുറ. നിങ്ങളാണ് ഇനി പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനുള്ളവർ. അപ്പോൾ ഇത് വരെ എന്തൊക്കെ കണ്ടെത്തി എന്നും എന്തൊക്കെ അറിവുകൾ ശാസ്ത്ര ലോകത്തിനു ഉണ്ടെന്നും അറിയാൻ ശ്രമിക്കണം. അപ്പഴേ നമുക്ക് കണ്ടെത്താനുള്ള ഇടം കണ്ടു പിടിക്കാൻ പറ്റു…”

ആകാംഷയോടെ ഇത് കെട്ടിരുന്ന കുട്ടികളുടെ ഇടയിലേക്കാണ് ഞാൻ ഉണ്ണിയപ്പവുമായി ചെന്നത്. ചെന്നതും അവരുടെ ശ്രദ്ധമാറി. ഗിരീശേട്ടൻ ചിരിച്ചു കൊണ്ട് കൈ കാണിച്ചു. എല്ലാരോടും കഴിച്ചോളാൻ. എല്ലാരും ഓടി വന്ന് ഉണ്ണിയപ്പം എടുത്തു കഴിക്കാൻ തുടങ്ങി.

“കുഞ്ഞുണ്ണിയേട്ടൻ എന്നാ വരാ മാലതി അമ്മായി?”

“ഇന്ന് ഇവിടത്തെ 5 മണിക്കാണ് അവന്റെ കോൺവൊക്കേഷൻ എന്ന് വെച്ചാൽ ഡിഗ്രി കൊടുക്കുന്ന ചടങ്ങ്. അത് കഴിഞ്ഞ് നാളെ വൈകിട്ട് ഇങ്ങോട്ട് എത്തും. മറ്റന്നാളു വന്നാൽ കുഞ്ഞുണ്ണിയെ കാണാം. കോൺവൊക്കേഷൻ കാണാൻ താൽപ്പര്യം ഉള്ളവർ ഇങ്ങോട്ട് പോന്നോളു. ലൈവായിട്ട് കാണാൻ പറ്റും. അത് ടിവിയിൽ കണക്ട് ചെയ്ത് കാണാൻ പറ്റും. എല്ലാർക്കും കൂടെ ഇരുന്ന് കാണാം.”

വൈകിട്ട് വരാമെന്ന് പറഞ്ഞ് അവർ പിരിഞ്ഞു പോയി. അടുക്കളയിൽ ചെന്നു ബാക്കി ഉണ്ണിയപ്പം നോക്കുന്നതിനിടെ ഫോണിൽ കുറെ നോട്ടിഫിക്കേഷൻ വന്നത് കേട്ടു. എടുത്തു നോക്കിയപ്പോൾ ഗിരീശേട്ടൻ എല്ലാ ഗ്രൂപ്പിലേക്കും ഇന്നത്തെ കോൺവൊക്കേഷന്റെ ലിങ്ക് ഒക്കെ ഇട്ടിട്ടുണ്ട്.

അഭിമാനമിങ്ങനെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്നു. ഒരേ ഒരു മകനാണ്. പഠിക്കാൻ മിടുക്കൻ. ഇവിടെ വേണ്ടാ, വിദേശത്തു പോയി പഠിക്കണം എന്ന് പറഞ്ഞപ്പോൾ പിരിഞ്ഞിരിക്കുന്ന സങ്കടം ഉണ്ടെങ്കിലും എതിർത്തില്ല. അവന്റെ ആഗ്രഹങ്ങളും ഉയർച്ചയും തന്നെ അല്ലേ നമുക്ക് വലുത്. രണ്ടു കൊല്ലമായി അവൻ വന്നു പോയിട്ട്. ഓരോരോ തിരക്കുകൾ പറഞ്ഞ് നാട്ടിൽ വരാതെ ഇരിക്കുകയായിരുന്നു. അവന്റെ തിരക്കുകൾ പറഞ്ഞാൽ പലതും എനിക്ക് മനസ്സിലാവില്ല. അവൻ അത്തരം വർത്തമാനമൊക്കെ അവന്റെ അച്ഛനോടാണ്.

പേരിന് ഒരു ഡിഗ്രിയും പിജിയും എല്ലാം എടുത്തു വെച്ചിട്ടുണ്ട് എന്നല്ലാതെ, ജോലിക്കൊന്നും പോവാൻ എനിക്ക് ഒരു താൽപ്പര്യവും ഇല്ലായിരുന്നു. വീടും വീട്ടിലെ കാര്യങ്ങളും നോക്കി ഇങ്ങനെ നടക്കാനായിരുന്നു എന്റെ ഇഷ്ടം. ഇവിടത്തെ അമ്മയും അച്ഛനും ഗിരീശേട്ടനും ഒക്കെ കുറെ നിർബന്ധിച്ചു. കുറഞ്ഞ പക്ഷം ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് ട്യൂഷൻ എങ്കിലും എടുത്തു കൊടുക്കാൻ. പക്ഷെ എനിക്ക് അതിനും കൂടെ ഉള്ള ധൈര്യം ഇല്ല. പേടിയായിരുന്നു, മോൻ എന്നേ പോലെ ആവുമോ എന്ന്. ഭാഗ്യത്തിന് അവന് അവന്റെ അച്ഛന്റെ ബുദ്ധിയാണ് കിട്ടിയത്. അത് ഓർക്കുമ്പോൾ തോന്നുന്ന അഭിമാനം മതി എനിക്ക്.

ഇനിയും ഒത്തിരി സാധനങ്ങൾ റെഡി ആക്കാനുണ്ട് അവൻ വരുന്നതിനു മുന്നേ. എത്രേം വേഗം തീർന്നിട്ട് 5 മണി ആവുമ്പഴേക്ക് ടിവിക്ക് മുന്നിൽ സ്ഥലം പിടിക്കണം. ഗിരീശേട്ടൻ ആരെയൊക്കെയോ ക്ഷണിച്ചിട്ടുണ്ട് ചടങ്ങ് കാണാൻ.

എല്ലാം തീർത്തു കുളിച്ചു റെഡി ആയി. അപ്പഴേക്കും ഗിരീശേട്ടന്റെ കൂട്ടുകാർ കുടുംബസഹിതം വന്നു. അവർക്കുള്ള വാഹയായും പലഹാരവും ഒരുക്കി കൊടുത്തു ടിവിയുടെ മുന്നിൽ കണ്ണും ഉറപ്പിച്ചു ഇരുപ്പായി. ചടങ്ങുകൾ തുടങ്ങി. ഓരോരുത്തരെ വിളിക്കുന്നു. അവർ കയറി സർട്ടിഫിക്കറ്റ് വാങ്ങി താഴേക്ക് ഇറങ്ങുന്നു. കുറച്ച് നിമിഷങ്ങൾ മാത്രം മുഖമൊന്നു കാണിക്കും. അത്രേം ഉള്ളൂ. അവന്റെ പേര് വിളിക്കാനായി കാത്തിരുന്നു.

ഗൗതം ഗിരീഷ്… ആ പേര് കേട്ടപ്പോൾ ഉള്ളിൽ തോന്നിയ വികാരം എന്തെന്ന് പറയാൻ വയ്യ. അമ്മയും ഗിരീശേട്ടനും ഒക്കെ ഒന്ന് നിവർന്നിരുന്നു. ഞാനും എല്ലാവരുടെയും മുഖം നോക്കി അഭിമാനത്തോടെ ടിവിയിൽ നോക്കി. അവൻ കയറി വരുന്നു. അവന് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടോ? കുറച്ച് കാലമായി മുടി വളർത്തുന്നുണ്ട്. അതിന്റെ ഫോട്ടോകൾ ഒക്കെ കണ്ടിട്ടുണ്ട്. ഇത് വേറെ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടോ? പെട്ടന്നാണ് കൂട്ടത്തിൽ ഇരുന്ന ഒരു കുട്ടി ഉറക്കെ പറഞ്ഞത്

“കുഞ്ഞുണ്യേട്ടനെ കാണാൻ പെൺകുട്ടികളെ പോലെ…”

നെഞ്ചിലൂടെ ഒരു മിന്നലു പാഞ്ഞു. ശരിയാണ്. അവന്റെ മുഖത്ത് മേക്കപ്പ് ഇട്ട പോലെ ഉണ്ട്. കണ്ണെഴുതിയിട്ടുണ്ടോ? ചുണ്ടിൽ ചായം തേച്ചിട്ടുണ്ടോ? എന്റെ കണ്ണുകൾ നിറഞ്ഞു. ദേവീ ഇത് എന്തു രൂപം? ഞാൻ പേടിയോടെ ഗിരീശേട്ടനെ നോക്കി. ഞെട്ടിയിട്ടുണ്ട് മൂപ്പരും. പക്ഷെ അത് പുറത്തേക്ക് കാണിക്കാതെ, ശാന്തനായി ഇരിക്കുന്നുണ്ട്. അമ്മ സഹിക്കാൻ വയ്യാതെ പൊട്ടി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി. ഞാൻ പുറകെ ചെന്നു വിളിച്ചിട്ട് മിണ്ടാൻ കൂട്ടാക്കാതെ മുറിയിൽ കയറി വാതിലടച്ചു.

അവിടെ നിൽക്കണോ തിരികെ ടിവിയിരിക്കുന്ന സ്വീകരണ മുറിയിലേക്ക് വരണോ എന്ന സംശയത്തിൽ ആയി ഞാൻ. ദേവീ എന്താണ് ഞാൻ കണ്ടത്? എന്റെ മോൻ… വാർത്തകളിലും ഫേസ്ബുക്കിലും ഒക്കെ കാണുന്ന പെണ്ണാവാൻ നടക്കുന്ന ആൺകുട്ടികളും ആണാവാൻ ശ്രമിക്കുന്ന പെൺകുട്ടികളും, അതിനു വേണ്ടിയുള്ള ഓപ്പറേഷൻ നടത്തുന്നവർ. ആ വാർത്തകൾ കാണുമ്പോൾ ഒക്കെ ഓർക്കുന്നതാണ് അവരുടെ വീട്ടുകാരെ പറ്റി.

കല്യാണം കഴിഞ്ഞു അഞ്ചു കൊല്ലമായും കുട്ടികളില്ലാത്ത അപ്പുറത്തെ വീട്ടിലെ നമിത ഇന്നലെ കൂടെ പറയുന്നത് കേട്ട് ചിരിച്ചതാണ്.

“ട്രീറ്റ്മെന്റിന് കാശ് കുറെ ചിലവായാലും, കുറച്ച് സമയം എടുത്താലും, തരുമ്പോൾ ആരോഗ്യമുള്ള ഒരു ആൺകുട്ടിയെയോ പെൺകുട്ടിയെയോ തരണേ ഗുരുവായൂരപ്പാ” എന്ന്. അത് കേട്ടപ്പോൾ ആദ്യം മനസ്സിലായില്ല. ഒന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ അവളു പറഞ്ഞു,

“ഇപ്പോൾ ഇങ്ങനെ ഉള്ള വെളിപ്പെടുത്തൽ കൂടുതലല്ലേ മാലതി ഏട്ടത്തി. അത് തെറ്റൊന്നും അല്ല, എന്നാലും മ്മക്ക് വരുമ്പോ ആലോചിക്കാൻ വയ്യ. അങ്ങനെ ഒന്നും പരിചയത്തിൽ എവിടെയും ഉണ്ടാവല്ലേ… അതൊന്നും ഉൾക്കൊള്ളാനുള്ള മനസ്സും പക്വതയും ഒന്നും എനിക്കില്ലേ…”

അപ്പോൾ ഓർത്തു. ശരിയാണ്. ഇപ്പോൾ അങ്ങനെ കുറെ കേൾക്കുന്നല്ലോ. ഒരുമിച്ച് ജീവിക്കുന്ന ആണുങ്ങളും, കല്യാണം കഴിക്കുന്ന പെണ്ണുങ്ങളും. അതിനിപ്പോ എന്താ, അവർക്ക് അതാണ്‌ വേണ്ടത് ന്നു വെച്ചാൽ അവർ അങ്ങനെ ജീവിക്കട്ടെ, അവര് സന്തോഷമായിട്ട് ഇരിക്കട്ടെ എന്നൊക്കെ ഉള്ളിൽ പറയാനും ചുറ്റുമുള്ളവരോട് പറയാനും എളുപ്പമാണ്. അവനവന്റെ കുടുംബത്തിൽ വന്നാൽ കാണാം. ഈശ്വരാ ഞാൻ ഇനി ബാക്കി കുടുംബക്കാരോടൊക്കെ എന്തു പറയും? ഗിരീശേട്ടന്റെ മുഖത്ത് നോക്കാൻ വയ്യ.

പേടിച്ച് പേടിച്ച് അങ്ങോട്ട് ചെന്നപ്പോൾ അതൊന്നും ഒരു കാര്യമായി എടുക്കാത്ത മട്ടിൽ മൂപ്പര് ബാക്കി ഉള്ളവരോട് സംസാരിക്കാ. ഇറങ്ങാൻ നേരം മൂപ്പരുടെ ഫ്രണ്ടിന്റെ ഭാര്യയും മകളും അകത്തേക്ക് വന്നു. ഭാര്യ എന്റെ കൈ പിടിച്ച് പറഞ്ഞു.

“സങ്കടപ്പെടണ്ട. ഇപ്പഴാ മോള് പറയണേ, കുഞ്ഞുണ്ണിടെ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനത്തെ ആൾക്കാരുടെ കൂടെ ഇങ്ങനത്തെ ഫോട്ടോ ഒക്കെ അവൾ നേരത്തേ കണ്ടിട്ടുണ്ടെന്ന്.” ആ കുട്ടി അവളുടെ ഫോണിൽ കുറെ ഫോട്ടോകൾ എന്നേ കാണിച്ചു. എന്റെ കണ്ണിൽ തീ പടരുന്ന പോലെ. പല വിധം വേഷം കെട്ടിയ ആൾക്കാരുടെ കൂടെ എന്റെ മോൻ. വിരലുകളിലും ചുണ്ടിലും കൺ പോളകളിലും പല വിധ ചായങ്ങൾ വാരി പൂശി. എനിക്ക് സങ്കടം ചങ്കിൽ കയറി വന്നു. എല്ലാരും പോയി കഴിഞ്ഞു ഞാൻ പതിയെ ഗിരീശേട്ടന്റെ അടുത്തേക്ക് ചെന്നും. ഞാൻ പതിയെ വിളിച്ചു.

“ഗിരീശേട്ടാ… നമ്മുടെ മോൻ…” ഗിരീശേട്ടൻ എന്റെ അടുത്തേക്ക് വന്ന് എന്റെ തോളിൽ കൈ വെച്ചു. ഞാൻ അത് വരെ അടക്കി പിടിച്ചത്തൊക്കെ പൊട്ടിപ്പോയി ആ നെഞ്ചത്തേക്ക് വീണു കരഞ്ഞു. എന്നേ ആശ്വസിപ്പിച്ചു കൊണ്ട് തോളിൽ തട്ടിക്കൊണ്ടു മൂപ്പര് പറഞ്ഞു.

“നീയെന്തിനാ ഇങ്ങനെ ഇമോഷണൽ ആവുന്നത്? നാളെ അവൻ ഇങ്ങോട്ട് വരുമല്ലോ. നമുക്ക് നേരിട്ട് സംസാരിക്കാമല്ലോ. അവന് പറയാനുള്ളത് കൂടെ കേൾക്കണ്ടേ. ഇനി ഇപ്പോൾ എന്തു തന്നെ ആയാലും അവൻ നമ്മുടെ കുഞ്ഞാണ്. അത് മറക്കണ്ട. പിന്നെ അമ്മയുടെ കാര്യം. പ്രായമായവരല്ലേ. അതൊക്കെ അവൻ വരുമ്പോൾ ശരിയായിക്കോളും. നീ ബാക്കി കാര്യങ്ങൾ ചെയ്യാൻ നോക്ക്.”

അപ്പോഴാണ് ഫോണിൽ മോന്റെ വീഡിയോ കാൾ വന്നത്. ഗിരീശേട്ടൻ ഫോണെടുത്തു. ഞാൻ ഫോണിന്റെ മുന്നിൽ പെടാതെ ദൂരെ മാറി നോക്കി. പക്ഷെ അപ്പോൾ നേരത്തേ കണ്ട പോലെ ഒന്നും ഇല്ല. ഗിരീശേട്ടൻ സംസാരിച്ചു ഫോൺ വെച്ചു.

“അവൻ ഇറങ്ങി. അത് പറയാനാ വിളിച്ചത്.” എന്നോടായി ഗിരീശേട്ടൻ പറഞ്ഞു.

“ഇതിൽ ഒന്നും കണ്ടില്ലല്ലോ.” ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.

“നാളെ നിന്റെ അടുത്തേക്കല്ലേ വരാ. നീ നേരിട്ട് ചോദിച്ചോ.” ഗിരീശേട്ടൻ ടിവി ഓൺ ആക്കി വാർത്ത ചാനൽ വെച്ചു.

അന്നും പിറ്റേന്നും അമ്മ മിണ്ടുകയുണ്ടായില്ല. അമ്മയുടെ പെരുമാറ്റം കണ്ടാൽ ഞാനെന്തോ തെറ്റ് ചെയ്ത മട്ടായിരുന്നു. വൈകിട്ട് കുഞ്ഞുണ്ണിയെ വിളിക്കാൻ വേണ്ടി ഗിരീശേട്ടൻ പോയി. അവനെ കാത്തിരിക്കുമ്പോഴും എന്റെ മനസ്സിൽ ആധിയായിരുന്നു.

അവൻ കയറി വന്നതും അമ്മ ഓടി വന്ന് അവനെ കെട്ടിപ്പിച്ചു കരയാൻ തുടങ്ങി.

“എന്തു പറ്റി അച്ഛമ്മേ… ഞാൻ വന്നല്ലോ. ഇനി ഇപ്പോൾ എന്താ?” അവൻ അമ്മയെ ചേർത്തു പിടിച്ച് പറഞ്ഞു.

“അമ്മ ഇന്നലത്തെ നിന്റെ കോലം കണ്ടിട്ട് ആകെ സങ്കടത്തിലാണ്. നിന്റെ അമ്മയും.” ഗിരീശേട്ടൻ അവനോട് പറഞ്ഞു.

“അതാണോ, അത് ഞങ്ങൾ ഒരു തരത്തിലുള്ള പ്രൊ ട്ടസ്റ്റ് ചെയ്തതാ. ഞങ്ങളുടെ ഒരു ഫ്രണ്ടിനെ മറ്റു ചിലർ മാനസികമായി പീ ഡി പ്പിച്ചതിനെതിരെ, ചില അധ്യാപകർ പ്രതികരിക്കാത്തതിന്റെ പേരിൽ. അത് ഇന്നലെ തന്നെ സോൾവ് ആയി. ഞാൻ മാത്രമല്ല. ഒത്തിരി പേര് ഇത്തരത്തിൽ മേക്കപ്പ് ചെയ്തും വസ്ത്രം ധരിച്ചും എത്തിയിരുന്നു.” അവൻ വിശദീകരിച്ചു.

“അതൊന്നും അല്ല, നീയാ ചാന്തു പൊട്ടു സിനിമയിലെ പോലെ ആവും.” അമ്മ മൂക്ക് ചീറ്റാൻ തുടങ്ങി.

“അച്ഛമ്മക്ക് എന്താ? ഇനി അങ്ങനെ ആണേൽ തന്നെ അതിനു കരയുന്നതെന്തിനാ? ഈ ലോകത്ത് അങ്ങനെ എത്ര പേരുണ്ട്. അവരും മനുഷ്യരാണ്.”

“അപ്പൊ നിനക്ക് ആൺകുട്ടികളെ കല്യാണം കഴിക്കാൻ പ്ലാൻ ഉണ്ടോ?” ഞാൻ സഹികെട്ടു ചോദിച്ചു.

“എനിക്കിപ്പോ ഒരു പ്ലാനും ഇല്ല.” അവൻ കൈ മലർത്തി.

“നിനക്ക് ട്രാൻസ്ജൻഡർ ആവാനുള്ള മോഹമുണ്ടോ?” എന്റെ കൗതുകം ഞാൻ ഒളിപ്പിച്ചു വെച്ചില്ല.

“നിനക്ക് എന്താ മാലതി? അവൻ പറഞ്ഞില്ലേ എന്താ ഉണ്ടായേ എന്ന്.” ഗിരീശേട്ടൻ ഇടപെട്ടു. കുഞ്ഞുണ്ണി അച്ഛനെ തടഞ്ഞു. എന്നിട്ട് എന്നേ അടുത്ത് പിടിച്ച് ഇരുത്തി. അപ്പുറത്തു അമ്മയെയും.

“രണ്ടാളും കേൾക്കാനാ പറയുന്നേ. നിങ്ങൾ അവിടേം ഇവിടേം പാതി കേട്ടത് പോലെ ഈ ലോകത്ത് പല തരം മനുഷ്യർ ഉണ്ട്. ആൺകുട്ടികൾ തമ്മിൽ ആകർഷണമുള്ള ‘ഗേ’ വിഭാഗക്കാർ ഉണ്ട്, പെൺകുട്ടികൾ തമ്മിൽ ആകർഷണം തോന്നുന്ന ‘ലെ സ്ബി യൻ’ ഉണ്ട്. ആണുങ്ങളോടും പെണ്ണുങ്ങളോടും ലൈം ഗിക താൽപ്പര്യം തോന്നുന്ന ‘ബൈ സെ ക്ഷ്വൽ’ കളുണ്ട്, താൻ സത്യത്തിൽ തന്റെ ബയോളജിക്കൽ ജൻഡറല്ല എന്നും അത് മാറ്റണം എന്ന് ആഗ്രഹിക്കുന്ന, മാറുന്ന ‘ട്രാ ൻസ്ജ ൻഡറു’കൾ ഉണ്ട്. ഏതാണ് സ്വന്തം ജൻഡർ എന്ന് വ്യക്തതയില്ലാത്ത ‘ക്വീർ’ ഉണ്ട്, ആരോടും ലൈം ഗി ക ആകർഷണം തോന്നാത്ത ‘അ സെ ക്ഷ്വ ൽ’ ഉണ്ട്. ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത, ഒത്തിരി വകഭേദങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുമുണ്ട്.

ഇതൊന്നും ഇന്നും ഇന്നലെയും ഈ കാലഘട്ടത്തിലും കണ്ടു പിടിച്ചതൊന്നും അല്ല. കാലങ്ങളായി ഉണ്ട്. പലരും ഇതൊന്നും പുറത്ത് പ്രകടിപ്പിക്കാനാവാതെ ജീവിച്ചു മരിച്ചു. പലരെയും ഇതൊന്നും തിരിച്ചറിയാനാവാതെ വിവാഹബന്ധങ്ങളിൽ നിർബന്ധിച്ചു പെടുത്തി. ഇപ്പോൾ ഇതൊക്കെ തിരിച്ചറിയാനും, അവനവനു യോജിക്കുന്ന ഇണയെ തിരിച്ചറിയാനും തുടങ്ങി. അതെന്താ നല്ലതല്ലേ?

ഒരു ജീവിതമല്ലേ ഉള്ളൂ. അത് അവനവന് ഇഷ്ടമുള്ള പോലെ ജീവിച്ചൂടെ? പണ്ട് സ്ത്രീകൾ പാന്റും ഷർട്ടും ഇട്ടു മുടി മുറിച്ചു നടന്നപ്പോൾ സമൂഹം കുറച്ചൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ലേ. പിന്നീട് അതൊക്കെ നോർമൽ ആയല്ലോ. പക്ഷെ ഒരു ആൺകുട്ടി അണിഞ്ഞൊരുങ്ങുകയോ മുടി വളർത്തുകയോ കാത് കുത്തുകയോ ചെയ്യുമ്പഴേക്ക് പേടിയായി. അവര് ജൻഡർ മാറാൻ പോവുകയാണോ എന്ന്. അങ്ങനെ ആണെങ്കിൽ തന്നെ എന്താണ്.

എനിക്ക് എന്റെ ഉള്ളിലെ ആ ബുദ്ധിമുട്ടിനെ ഒന്നു പറിച്ചെറിഞ്ഞു കളയണം എന്നുണ്ടായിരുന്നു. ഒരു അവസരം വന്നപ്പോൾ ഞാൻ അത് ചെയ്തു നോക്കി. എനിക്ക് ഇഷ്ടമായി. എന്ന് കരുതി ദിവസവും അങ്ങനെ നടക്കാനൊന്നും തോന്നുന്നില്ല. ഇനിയിപ്പോൾ തോന്നിയാൽ തന്നെ എന്താണ്? ശരിയാണ്. ഇവിടെ പറ്റില്ല. പക്ഷെ പുറമെ പല രാജ്യങ്ങളിലും ഇതെല്ലാം വളരെ സാധാരണമായി ആണ് ഇപ്പോൾ കാണുന്നത്.”

അവൻ പറയുന്നത് കേട്ട് ഇരിക്കുന്ന ഗിരീശേട്ടന്റെ മുഖത്തുള്ള ആത്മവിശ്വാസം എനിക്കില്ല എന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. രണ്ടും കൽപ്പിച്ചു ഞാൻ ചോദിച്ചു.

“നീ ഇതിൽ ഏതാ? അത് പറ.”

“പലർക്കും ഇതിനെ കുറിച്ചുള്ള അറിവില്ലായ്മ കാരണം തിരിച്ചറിയാൻ പറ്റാറില്ല. പക്ഷെ എനിക്ക് അറിയാം ഞാൻ ഒരു ‘പാൻസെക്ഷ്വൽ’ ആണെന്ന്.” അവൻ ശാന്തനായി പറഞ്ഞു.

“അതെന്താ സംഭവം? ഇപ്പറഞ്ഞതൊന്നും അല്ലാതെ?”എനിക്ക് ഒന്നും മനസ്സിലായില്ല.

“എനിക്ക് എന്റെ ബയോളജിക്കൽ ജൻഡറിൽ അവ്യക്തതയൊന്നും ഇല്ല. പക്ഷെ എനിക്ക് ഇന്ന ജൻഡറിൽ പെട്ട ആളോട് മാത്രമേ ആകർഷണം തോന്നു എന്നൊന്നും ഇല്ല. എനിക്ക് പ്രണയം തോന്നുന്ന വ്യക്തി, മേൽ പറഞ്ഞതിൽ ഏത് വിഭാഗത്തിൽ പെട്ടതായാലും, അയാളുടെ ജൻഡർ എനിക്ക് ബാധകമല്ല. അതാണ് പാൻ സെക്ഷ്വൽ.” അവൻ വിശദീകരിച്ചു.

എല്ലാം കേട്ട് ബോധം കെട്ട മട്ടിൽ ഇരുന്ന അമ്മ പറഞ്ഞു, “എനിക്ക് ഇപ്പറഞ്ഞ പലതും മനസ്സിലായിട്ടില്ല. പക്ഷെ ഇപ്പോൾ എനിക്ക് ഒരു പ്രാർത്ഥനയെ ഉള്ളൂ, ന്റെ കുട്ടിക്ക് ഏറ്റവും നല്ല ഒരു ഇണയെ തന്നെ കിട്ടട്ടെ. ന്നാലും ഒരു ആഗ്രഹം. അത് ഒരു പെൺകുട്ടി ആയാൽ നന്നായിരുന്നു എന്ന്. പഴേ മനസ്സല്ലേ. മാറി വരാൻ സമയം എടുക്കും.”

എല്ലാരും കൂടെ ചിരിച്ചു. അവൻ എന്നെയും അമ്മയെയും രണ്ടു കൈ കൊണ്ടും ചേർത്തു പിടിച്ചു. ആ ദൃശ്യം നോക്കി ഗിരീശേട്ടൻ അഭിമാനത്തിൽ ഒന്നൂടെ നിവർന്നിരുന്നു.