ഒരേയൊരു ചോദ്യം…
രചന : ഭാഗ്യ ലക്ഷ്മി കെ സി
::::::::::::::::::::
വിവാഹം കഴിക്കാനോ ഞാനോ..?
അമല നിവിനെ നോക്കി പൊട്ടിച്ചിരിച്ചു.
എന്തേ..? അതത്ര മോശം കാര്യമാണോ..?
അവൾ ഉത്തരം പറയാൻ വാ തുറക്കുമ്പോഴാണ് അപ്പുറത്തെ ആകാശവാണി എന്ന് വിളിക്കുന്ന രേഖാന്റി വരുന്നത് കണ്ടത്. അവൾ ബൈ പറഞ്ഞ് സ്കൂട്ടി സ്റ്റാ൪ട്ടാക്കി പോയ്ക്കളഞ്ഞു. നിവിൻ ആകെ വല്ലാതായി.
അമലയെ പരിചയപ്പെട്ടിട്ട് മൂന്ന് വർഷമായി. ഇത്രയും കാലം വലിയ കൂട്ടുകാരായിരുന്നു. ഒരിക്കൽ അവളുടെ സ്കൂട്ടിയിൽ ആരോ ഒരാളുടെ കാ൪ വന്നിടിക്കുന്നത് കണ്ടാണ് താൻ ബൈക്ക് നി൪ത്തിയത്. അവൾ ചരിഞ്ഞുവീണു. കാ൪ വെട്ടിക്കാൻ ശ്രമിച്ചതുകൊണ്ടായിരിക്കണം അത് എതിരെയുള്ള മതിലിൽ ചെന്നിടിച്ചുനിന്നു. താൻ വേഗം ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. കൈമുട്ട് പൊട്ടി ചോ ര വരുന്നുണ്ടായിരുന്നു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽനിന്നും ആരും ഇറങ്ങിവരാത്തതിന് ദേഷ്യപ്പെടാൻ പോകാനൊരുങ്ങുകയായിരുന്നു താൻ.
പെട്ടെന്ന് അതിൽനിന്നും ഒരു കൊച്ചുപെൺകുട്ടിയുടെ കരച്ചിൽ ഉയ൪ന്നു. ഉടനെ അമല ഓടിച്ചെന്ന് ചോദിച്ചു:
അയ്യോ, എന്തുപറ്റി..?
അവൾ ആ കുട്ടിയെ ആശ്വസിപ്പിച്ച് ഡ്രൈവിംഗ് സീറ്റിലുള്ള ആളോട് വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു.
അവ൪ പോയപ്പോൾ താൻ ചോദിച്ചു:
നിങ്ങൾ നഴ്സാണോ..?
അല്ല…എന്തേ അങ്ങനെ ചോദിച്ചത്..?
അമല ആ വേദനയിലും ചിരിച്ചുകൊണ്ടാണ് ചോദിച്ചത്. അങ്ങനെ പരിചയപ്പെട്ടു. അവൾ അന്ന് പഠിക്കുകയാണ്. ഈയ്യിടെയാണ് ജോലിയൊക്കെ ആയത്. പരസ്പരം പേര് പറഞ്ഞ് പരിചയപ്പെട്ട ഉടനെ അവളാണ് ഫോൺ നമ്പ൪ ചോദിച്ചത്,
ആ വണ്ടിയെക്കുറിച്ച് ഞാനൊന്നും ശ്രദ്ധിച്ചില്ല..എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിക്കും കേട്ടോ…
അതും പറഞ്ഞ് അവൾ പോയി. പിന്നീട് മിക്കവാറും അതേ സ്ഥലത്ത് കാണാൻ തുടങ്ങി. ചെറിയ ചെറിയ ചാറ്റുകൾ, നേരിൽ കണ്ടാൽ ഒരു ഹലോ, ബൈ അതിലൊക്കെ ഒതുങ്ങിയിരുന്നു ആദ്യമൊക്കെ.
പിന്നീട് ഇഷ്ടംപോലെ സമയം സംസാരിക്കാൻ തുടങ്ങി. ലോകത്തുള്ള സകല കാര്യങ്ങളും വിഷയമായി.
പഠനമൊഴിച്ച് എന്തും പറയാം…
അവൾ കിലുകിലെ ചിരിച്ചുകൊണ്ട് പറയും.
അതെന്താ പഠിക്കാൻ മടിയാണേോ..?
ഏയ്.. മറ്റുള്ള സമയം മുഴുവൻ പഠിക്കുകയല്ലേ..നിവിന്റെ കൂടെ ആയിരിക്കുമ്പോഴെങ്കിലും എനിക്ക് അതിനൊരു മാറ്റം വേണം.
പരീക്ഷ കഴിഞ്ഞ് റിസൽട്ട് വന്നപ്പോൾ അവൾക്ക് റാങ്കുണ്ട്. അപ്പോഴാണ് തനിക്ക് മനസ്സിലായത് അവളുടെ ഫ്രീടൈം തന്നോടൊത്തു മാത്രമാണെന്ന്.
അതിനുശേഷം അവളോട് ബഹുമാനമിത്തിരി കൂടി. ഡിഗ്രി കഴിഞ്ഞ സമയത്തായിരുന്നു തന്റെ അച്ഛന്റെ മരണം. ഒരു വ൪ക്ക്ഷോപ്പായിരുന്നു അച്ഛന്റെ ആകെ സമ്പാദ്യം. അത് ഏറ്റെടുത്തു. വേറേയും ചില ബിസിനസ്സുകൾ തുടങ്ങി. ഉത്തരവാദിത്തം തലയിൽ വന്നതോടെ അദ്ധ്വാനിക്കാൻ മനസ്സുണ്ടായി.
അമല പറയും:
നിവിനോട് എനിക്ക് അസൂയയാണ്..
എന്തിന്..?
ഇങ്ങനെ കിടന്ന് കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നില്ലേ.. സമ്മതിക്കണം…
വീട്ടിലൊരു അനിയത്തിയുണ്ട്, അവളെ കല്യാണം കഴിപ്പിച്ചയക്കണം, നല്ല വീട് വെക്കണം, അമ്മയെ പൊന്നുപോലെ നോക്കണം…പിന്നെ…….
പിന്നെ..?
അമല ആകാംക്ഷയോടെ ചോദിച്ചു.നിവിൻ തന്റെ ഭാവിവധുവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കാൻ പോവുകയാണോ എന്ന് അവൾ സംശയിച്ചു.
അതെന്റെ ഒരു സ്വപ്നമാണ്…ആരോടും ഇതുവരെ പറഞ്ഞിട്ടില്ല…
എന്നോട് പറയൂ…ഞാൻ നിന്റെ ബെസ്റ്റ് ഫ്രന്റല്ലേ…
എനിക്ക് ലോകം മൊത്തം കറങ്ങണം..അതിന് കുറേ കാശ് വേണം…
ഓ… ഇതാണോ…ഇത് എല്ലാവരുടെയും ആഗ്രഹമല്ലേ…
അമല മുഖം കോട്ടി.
പക്ഷേ മറ്റൊരു കാര്യമുണ്ട്..
എന്താത്..?
അങ്ങനെ ആരുടെയെങ്കിലും ഒപ്പം പോയാൽ ഒരു രസമുണ്ടാവില്ല…മനസ്സിന് ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകണം…
നിവിൻ അമലയെ നോക്കി ചിരിച്ചു.
അത് ശരിയാ, ഇഷ്ടമുള്ള ആൾ കൂടെയുണ്ടെങ്കിലേ യാത്രകൾ സുഖകരമാവൂ..
അവളും അത് ശരിവെച്ചു.
രണ്ട് മൂന്ന് മാസമായി തനിക്ക് അമലയെ കാണുമ്പോൾ വലിയ സന്തോഷം തോന്നാൻ തുടങ്ങിയിട്ട്. എങ്ങനെ പറയും അവളോട് എന്ന ചിന്തയായി. ഉറങ്ങുന്നതുവരെ അവളുമായി ചാറ്റ്, ഉണ൪ന്നാലുടൻ ഒരു ഗുഡ്മോർണിംഗ്..പകലൊക്കെ സന്ധ്യയാവുന്നത് അറിയാറേയില്ല. അവളെ ഓ൪ത്ത് ജോലി ചെയ്താൽ ക്ഷീണം പോലുമറിയാറില്ല.
അതാണ് ഇന്ന് കണ്ടപ്പോൾ ചോദിച്ചുപോയത്:
തന്നോടൊരു ചോദ്യം ചോദിക്കാനുണ്ട്…ഒരേയൊരു ചോദ്യം.
എന്തേ..?
നമുക്ക് വിവാഹം കഴിച്ചാലോ…?
അവളത് ചിരിച്ചുകൊണ്ട് നിഷേധിച്ചപ്പോൾ മനസ്സ് തക൪ന്നു. എന്താണവൾ പറയാനുദ്ദേശിച്ചത്…
ലോകം മുഴുവൻ അവളുമൊത്ത് കറങ്ങിനടക്കുന്നത് സ്വപ്നം കണ്ടത് വെറുതേയായോ…നിവിന് സങ്കടം വന്നു.മുറ്റത്ത് ബൈക്ക് നി൪ത്തി വീട്ടിൽ കയറിച്ചെന്നപ്പോൾ അമ്മ തന്നെനോക്കി ഇറയത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
എടാ, മോനേ, നയനയുടെ കല്യാണം ശരിയായെടാ.. അവ൪ യേസ് പറഞ്ഞു.
അമ്മയുടെ സന്തോഷം കണ്ടപ്പോൾ മനസ്സിൽ തണുപ്പ് വീണു. അവളുടെ കല്യാണം കഴിഞ്ഞാലുടനെ തനിക്കും ഒരു പെണ്ണിനെ നോക്കണമെന്ന് അമ്മ പറയാറുണ്ട്. ഇല്ലെങ്കിൽ ഈ വീടുറങ്ങിപ്പോകുമെന്ന്…അത് ശരിയാണ്, നയന പോയാൽ പിന്നെ അമ്മയും താനും മാത്രം എന്ത് സംസാരിക്കാനാണ്..
അവളുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെക്കുറിച്ച് എല്ലാവരും ഏറെനേരം ഡിസ്ക്കസ് ചെയ്തു. കുളിയൊക്കെ കഴിഞ്ഞ്, ഭക്ഷണവും കഴിച്ച് കിടക്കാൻ വന്നപ്പോഴാണ് മൊബൈൽ എടുത്ത് നോക്കിയത്. അമലയുടെ മെസേജ് വന്നുകിടപ്പുണ്ട്.
എന്തേ ഇങ്ങനെ തോന്നാൻ..?
തോന്നി..
അവൻ അലസമായി ടൈപ്പ് ചെയ്തു.
അമലയുടെ മനസ്സിൽ വിവാഹചിന്തകളൊന്നുമില്ല എന്ന് ഞാനറിഞ്ഞില്ല.. സോറി..ലോകം മുഴുവൻ തന്റെയൊപ്പം കറങ്ങാനായിരുന്നു എനിക്കിഷ്ടം…
നിവിൻ വീണ്ടുമെഴുതി. മറുപടിക്ക് കാത്തുനിൽക്കാതെ മൊബൈൽ ഓഫാക്കി ഉറങ്ങാൻ കിടന്നു.
നല്ല ക്ഷീണം തോന്നി. അമലയെക്കണ്ട നാൾമുതലുള്ള ഓരോ കാര്യങ്ങൾ ഓ൪ത്തുകിടന്നു. വേഗം ഉറങ്ങിപ്പോവുകയും ചെയ്തു.
രാവിലെ ഉണ൪ന്നെഴുന്നേറ്റപ്പോൾ മൊബൈലിനുനേരെ കൈ നീണ്ടതാണ്, പക്ഷേ വേണ്ടെന്ന് തോന്നി. ഇനിയീ ഗുഡ്മോ൪ണിംഗ് പരിപാടിയൊക്കെ നി൪ത്തണം..
എങ്കിലും എഴുന്നേറ്റ് പോകുന്നതിനിടയിൽ അവൻ ആരുടെയെങ്കിലും മെസേജുണ്ടോ എന്ന് ചെക്ക് ചെയ്തു.
എനിക്ക് വിവാഹചിന്തകളില്ലെന്ന് ആരുപറഞ്ഞു..?
അവളുടെ മെസേജ് കണ്ടതും നിവിൻ തുറന്ന് വായിച്ചു.
ലോകം മുഴുവൻ കറങ്ങാൻ ഞാൻ കൂടെ വരാം. എനിക്കും അതിഷ്ടമാണ്. പക്ഷേ അതൊരു സുഹൃത്തായിട്ട് മാത്രമാണ്.ഞാൻ വിവാഹം കഴിക്കും, പിന്നെ എനിക്കും ഫാമിലി വേണ്ടേ..അത് പക്ഷേ മറ്റൊരാളെ ആയിരിക്കും.
നിവിൻ ചോദിച്ചു:
അത് എന്നെയായാൽ എന്താ കുഴപ്പം..?
എന്നിട്ടെന്തിനാ എല്ലാവരെയും പോലെ തല്ലുപിടിക്കാനോ..അതുവേണ്ട നിവിൻ..നമ്മുടെ സൗഹൃദം ഇതുപോലെ എന്നും മനോഹരമായിരിക്കട്ടെ..നമുക്ക് ഇങ്ങനെ തന്നെ തുടരാം..
തെല്ല് നിരാശ തോന്നിയെങ്കിലും ആലോചിച്ചപ്പോൾ നിവിന് പെട്ടെന്ന് പോയ്പ്പോയ ഉന്മേഷം തിരികെ വന്നു.
അത് ശരിയാ..വിവാഹജീവിതം അഥവാ കോഞ്ഞാട്ടയായാലും നീയെന്റെ ഫ്രന്റായി ഇരിക്കുന്ന കാലത്തോളം എനിക്ക് ബോറടിക്കില്ല..
അവളുടെ ചിരി ഇമോജികൾ പറന്നുവന്നു.കൂടെയൊരു മെസേജും:
ഒരുപാട് ചിരിയും സ്വപ്നങ്ങളുമായി സന്തോഷമുള്ളൊരു കുട്ടി നിനക്ക് കൂട്ടായി വരട്ടെ…ഞാൻ അനുഗ്രഹിച്ചിരിക്കുന്നു…
നിനക്കും, തല്ല് കൂടാനും മുടി പിടിച്ചുവലിക്കാനും മീശപിരിച്ചുവെക്കാനുമൊക്കെയായി ഒരു അസ്സല് കോന്തനെത്തന്നെ കിട്ടട്ടെയെന്ന് ഞാനും ആശംസിച്ചുകൊള്ളുന്നു..
ഡാ….. ഡാ.. ഡാ.. വേണ്ട വേണ്ട..
അവളുടെ ചിരികൾ പിന്നേയും പറന്നുവന്നതോടെ അവന്റെ പുതിയൊരുദിനം ഉന്മേഷത്തോടെ തുടങ്ങുകയായി.