തിരുത്താൻ വൈകുന്ന തെറ്റുകൾക്ക് മാപ്പില്ല…
രചന : രമ്യ ഭാരതി
::::::::::::::::::
ആ മരബെഞ്ചിൽ ഇരിയ്ക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി. കരഞ്ഞും ആവലാതികൾ ചൊല്ലി പറഞ്ഞും ഏറെക്കുറെ തളർന്നു ഏട്ടത്തിയുടെ തോളിൽ ചാരി ഇരിക്കുകയാണ്. ബാഗിനുള്ളിൽ നിന്ന് ഫോണിന്റെ വൈബ്രേഷൻ അറിയുന്നുണ്ട്. പക്ഷെ ഫോണെടുക്കാൻ തോന്നുന്നില്ല.
കയ്യിലിരുന്ന ബോട്ടിൽ എടുത്ത് എന്റെ നേരെ നീട്ടി ഏട്ടത്തി പറഞ്ഞു,
“ലേശം വെള്ളം കുടിക്ക് ഷീബേ.”
“എനിക്ക് വേണ്ട ഏട്ടത്തി, എന്നാലും എന്റെ മോൻ… എനിക്ക് അവനെ കാണണം.”
“നീ ഒന്ന് അടങ്ങു, അകത്തു മുരളിയേട്ടനും ദീപക്കും സംസാരിക്കല്ലേ, ഒക്കെ ശരിയാവും. നീ ആശ്വസിക്ക്. നീ ഇങ്ങനെ ആയാൽ എങ്ങനെയാ. മൊബൈൽ ഒന്ന് എടുത്ത് നോക്ക്, ഗോപിയാവും. നീ ഒന്ന് അവനോട് സംസാരിക്കു. അവനും ആധി പിടിച്ച് ഇരിക്കാവും.”
മനസ്സിലൂടെ നൂറു നൂറു ചിന്തകളും വികാരങ്ങളും ഓടി. ഗോപിയേട്ടനെ വിളിച്ച് എന്തു പറയാനാണ്? ഒന്ന് ഓടി വരാൻ പോലും പറ്റാത്ത ദൂരത്തുള്ള ആളെ പറഞ്ഞു പേടിപ്പിച്ചിട്ട് എന്താണ്. അല്ലേൽ തന്നെ എല്ലാം അറിഞ്ഞിട്ടാവും വിളിക്കുന്നത്. ഇതിന്റെയും കുറ്റം കൂടെ എന്റെ തലയിൽ ചാരാൻ. അതല്ലേലും എന്നും അങ്ങനെ ആണല്ലോ. കിച്ചുവിന്റെ നല്ല ഗുണങ്ങൾ മുഴുവൻ അവരുടെ വീട്ടുകാരുടെ പ്രഭാവവും, ദോഷങ്ങൾ മുഴുവൻ എന്റേതും.
ഗോപിയേട്ടന് നാട്ടിലെ ചെറിയ ജോലി ഉണ്ടായിരുന്ന കാലത്തെ ജീവിതം എത്ര നല്ലതായിരുന്നു. വിദേശത്തു നല്ലൊരു ജോലി കിട്ടിയപ്പോൾ ഒത്തിരി സന്തോഷമായിരുന്നു. അകന്നു കഴിയേണ്ടി വരുമെന്ന സങ്കടം മാത്രം. ഗോപിയേട്ടൻ നാട്ടിൽ ഇല്ലാത്തപ്പോൾ സ്വന്തം വീട്ടിൽ പോയി നിൽക്കാൻ ഒത്തിരി വട്ടം ചോദിച്ചതാണ്. സമ്മതിച്ചില്ല. അനിയൻ ദീപക് അന്ന് കോളേജിൽ പഠിക്കുന്ന കാലമാണ്. വീട്ടിലെ തിരക്കുകൾ അമ്മക്ക് ഒറ്റക്ക് നോക്കാൻ പറ്റില്ല എന്ന പേരും പറഞ്ഞാണ് എന്നെ കാണാചരടിൽ കെട്ടി പൂട്ടി ഇട്ടത്.
വീട്ടിലെ പണികൾ മുഴുവൻ ഞാനും, മോനെ നോക്കുന്ന ജോലി അമ്മയും. ആദ്യമാദ്യമൊക്കെ ഞാനും സന്തോഷിച്ചു. അവന് അവന്റെ അച്ഛമ്മയുടെയും അച്ഛച്ഛന്റെയും വാത്സല്യം കിട്ടി വളരാമല്ലോ എന്നാലോചിച്ച്. പക്ഷെ പതിയെ പതിയെ എന്റെ മോനെ എനിക്ക് കിട്ടാതെയായി. അവനെ എല്ലാം പറഞ്ഞു പഠിപ്പിക്കുന്നത് വരെ അവരായി.
ഒരിക്കൽ മോൻ എന്നെ എന്റെ പേര് വിളിച്ച് കേട്ടപ്പോൾ ഞാൻ തിരുത്താൻ ശ്രമിക്കുകയും, അവരായിട്ട് വിളിപ്പിക്കുന്നത് കണ്ടപ്പോൾ എതിർക്കുകയും ചെയ്തതിന്റെ പേരിൽ ആയിരുന്നു ആദ്യത്തെ വഴക്ക്. അത് വിദേശത്തു ജോലി തിരക്കിൽ ഇരിക്കുന്ന ഗോപിയേട്ടനെ വിളിച്ച് പറഞ്ഞ്, എന്നേ വഴക്കു കേൾപ്പിക്കുക കൂടെ ആയപ്പോൾ പൂർത്തിയായി.
ആ വാശിക്ക് അവനെ കൊണ്ട്, സ്ഥാനം നോക്കാതെ എല്ലാവരുടെയും പേര് വിളിപ്പിക്കുന്നത് അവർ ശീലമാക്കി. കേൾക്കുന്നവർ മുഴുവൻ എന്നേ തെറ്റുകാരിയായി കരുതുകയും ചെയ്യും.
കോളേജ് വിട്ടു വന്നാൽ ദീപക്കാണ് കിച്ചുവിന് കൂട്ട്. കിച്ചുവിന്റെ വായിൽ ആദ്യത്തെ തെറി വാക്ക് കേട്ടു ഞാൻ പൊട്ടിത്തെറിച്ചപ്പോൾ, ‘അവൻ കുഞ്ഞല്ലേ, വലുതാവുമ്പോൾ ശരിയാവും’ എന്ന് പറഞ്ഞ് അവർ അവന് വളം വെച്ചു.
കൂടെ കളിക്കുന്നവരെയും, അവന്റെ വാശികൾ അംഗീകരിക്കാൻ നിൽക്കാത്തവരെയും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ, ‘ആൺകുട്ടികൾ ആയാൽ കുറച്ച് ഉശിരും വാശിയും കുറുമ്പും ഒക്കെ കാണും’ എന്നായി.
സ്കൂളിൽ ചേർക്കാൻ നേരം ഏട്ടത്തിയമ്മ ജോലി ചെയ്യുന്ന സ്കൂളിൽ, കിച്ചുവിന്റെ അതേ പ്രായത്തിൽ ഉള്ള, ഏട്ടന്റെ മകൻ വിഷ്ണുവിന്റെ കൂടെ ചേർത്താം എന്ന് പറഞ്ഞപ്പോൾ, അതും സമ്മതിച്ചില്ല. പടിക്കൽ നിന്ന് സ്കൂൾ ബസ് ഉണ്ടെങ്കിലും അത്ര ദൂരം പോയി പഠിക്കണ്ട എന്ന്. അടുത്തുള്ള ഒരു പ്രൈവറ്റ് സ്കൂളിൽ ചേർത്തു. വെറും ആഡംബരം മാത്രമുള്ള സ്കൂൾ.
പഠിക്കാനൊന്നും വലിയ താൽപ്പര്യം കാണിക്കാഞ്ഞപ്പോൾ, ന്യായം, ‘ചെറുപ്പത്തിൽ ഗോപിയും ദീപക്കും ഇങ്ങനെ ഒക്കെ ആയിരുന്നു. അവർ വലുതായപ്പോൾ ശരിയായത് പോലെ കുറച്ച് കാലം കഴിയുമ്പോൾ കിച്ചുവും ശരിയായിക്കോളും’ എന്നായി.
വാങ്ങിച്ചു കൊടുക്കില്ല എന്ന് ഞാൻ കൊള്ളി മുറിച്ചിട്ട് പറയുന്ന കളിപ്പാട്ടങ്ങളും സാധനങ്ങളും വാങ്ങി കൊടുക്കുകയും ഗോപിയേട്ടനെ കൊണ്ട് കൊടുത്തു വിടീക്കുകയും ചെയ്യുന്നത് അവർക്ക് ഒരു വിനോദം പോലെ ആയി. കിച്ചുവിന്റെ മുന്നിൽ ഞാൻ ക്രൂരയും അവർ രക്ഷകരും ആയി. ഞാൻ പറയുന്നതൊന്നും അനുസരിക്കാതെയായി. നല്ലത് പറഞ്ഞ് കൊടുത്തും തിരുത്തിയും അവനെ വളർത്താൻ പോലും ആരും എന്നേ സമ്മതിച്ചില്ല.
ആദ്യമൊക്കെ സ്കൂളിലെ പ്രശ്നങ്ങളിൽ ടീച്ചർമാർ എന്നെയായിരുന്നു വിളിപ്പിച്ചിരുന്നത്. പിന്നെ അത് അച്ഛനെയും, പതിയെ ദീപക്കിനെയും ആയി. അതെങ്ങനെ എന്ന് എനിക്ക് ഇന്നും അറിയില്ല. വാങ്ങിച്ചു കൊടുക്കരുത് എന്ന് പറഞ്ഞ ഫോണും, ബൈക്കും, ആവശ്യത്തിൽ കൂടുതൽ പോക്കറ്റ് മണിയും, ഞാൻ എതിർക്കും തോറും അവരുടെ വാശി കൂടുന്നത് കണ്ടപ്പോൾ ഞാൻ എന്നിലേക്ക് ഒതുങ്ങി.
അവന് ഏതോ ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്ന് അവന്റെ പെരുമാറ്റത്തിൽ നിന്നും രാത്രി മുഴുവൻ ഉറക്കമിളച്ചുള്ള ഫോൺ വിളികളിൽ നിന്നും മനസ്സിലായിരുന്നു. ചോദിച്ചപ്പോൾ, ഒന്നുമില്ല എന്ന് പറഞ്ഞ് അവൻ ഒഴിയുകയും ചെയ്തു.
പഠിത്തമൊക്കെ കഴിഞ്ഞ്, ഒരു ജോലി ഒക്കെ ആയിട്ട് ഇതിലേക്കൊക്കെ തിരിയാം എന്ന് ഞാൻ പറഞ്ഞ് നോക്കി. ‘അവരുടെ പ്രായത്തിൽ ഇങ്ങനെ ഒക്കെ കാണും, നിങ്ങളും പ്രേമിച്ചല്ലേ കെട്ടിയത്’ എന്ന് പറഞ്ഞ് അമ്മ എന്റെ വായടച്ചു.
അവനും ആ കുട്ടിയുമായി ഫോണിൽ വഴക്ക് കൂടുന്നത് കണ്ടപ്പോൾ പഴയ ഗോപിയേട്ടനെ ഓർമ വന്നു. എന്റെ പുറകെ ക്ഷമയോടെ നടന്ന് എന്റെ പിണക്കം മാറ്റിയിരുന്ന അച്ഛന്റെ സ്വഭാവം അവനും കിട്ടിയിട്ടുണ്ടാവും എന്നോർത്തു. അപ്പഴും, ഇന്നത്തെ കുട്ടികളുടെ ചിന്ത പഴയ കാലത്തെ പോലെ അല്ല എന്നും, അവർക്ക് അവരുടെ ശരി തെറ്റുകൾ തിരിച്ചറിയാനും, തീരുമാനം എടുത്ത് മുന്നോട്ട് പോകാനും ഉള്ള ബുദ്ധിയും തന്റേടവും ഉണ്ടെന്ന് ആശ്വസിച്ചു.
പക്ഷെ എനിക്ക് തെറ്റി, പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ, പ്രണയിച്ച പെണ്ണ്, വേണ്ടാ എന്ന് പറഞ്ഞ് വേറെ കല്യാണം കഴിക്കാൻ പോയപ്പോൾ, ചെറുക്കന്റെ വീട്ടിൽ ചെന്നു കല്യാണം മുടക്കിയ അവന്റെ ചെറിയച്ഛന്റെ ഗുണമാണ് അവന് കിട്ടിയത്.
പോരാത്തതിന് എന്തിനും പോന്ന പോലത്തെ കുറേ കൂട്ടുകാരും. ഒരെണ്ണവും പഠിക്കുകയും ഇല്ല, കൂട്ടത്തിൽ ഉള്ള വേറെ കുറേ എണ്ണം വയസ്സ് പത്തു മുപ്പത് ആവാറായിട്ടും ഒരു ജോലിക്കും പോകാതെ, വീട്ടുകാരുടെ കാശും മുടിച്ചു നടക്കുന്നു. ആ കൂട്ടുകെട്ടിൽ നിന്നവനെ ഒന്ന് പുറത്തേക്ക് കൊണ്ടു വരാൻ നോക്കുമ്പോൾ മുഴുവൻ ദീപക്കിന്റെ ഇടപെടലും.
മുരളിയേട്ടൻ ഉപദേശിക്കാൻ നോക്കിയാലും കിച്ചുവിന് പുല്ല് വില. അല്ലേലും എന്റെ വീട്ടുകാരെ പറ്റി അങ്ങനെ ആണല്ലോ ചെറുപ്പം തൊട്ടേ അവനെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. സ്വന്തം കസിൻ ആയ വിഷ്ണുവിന്റെ പഠനനേട്ടങ്ങളെ പറ്റി പറയുമ്പോൾ അവർ എന്നേ കിച്ചുവിന്റെ ശത്രുവാക്കും.
കുറച്ച് ദിവസമായി, എന്റെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്നുണ്ടായിരുന്നു, എന്തോ അപകടം വരാൻ പോകുന്നു എന്ന്.
ഏട്ടത്തി എന്റെ തോളിൽ തട്ടി. ഞാൻ ഫോണും കയ്യിൽ വെച്ചു ചിന്തിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയിരുന്നു.
“ഏട്ടത്തി ആ കുട്ടിയുടെ അമ്മയെ ഒന്ന് വിളിച്ച് നോക്കു. ആ കുട്ടിക്ക് എങ്ങനെ ഉണ്ടെന്ന്.” ഏട്ടത്തി ഫോണുമായി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അകത്തു നിന്നും ദീപക്കിന്റെ ശബ്ദം ഉയർന്നത് കേട്ടത്. ഞാൻ അകത്തേക്ക് നടന്നു.
” സാറേ, അവന്റെ കയ്യിൽ ആ കുപ്പിയിൽ ഒരു അര ലിറ്റർ പെട്രോളെ ഉണ്ടായിരുന്നുള്ളു. അതൊന്നും ഒഴിച്ച് ഒരാളെ കൊല്ലാനൊന്നും പറ്റില്ലല്ലോ. പിന്നെ അവൻ അവളെ ഒന്ന് പേടിപ്പിക്കാൻ നോക്കി, വെറുതെ ഒന്നും അല്ലല്ലോ, രണ്ടു കൊല്ലം കൂടെ നടന്നിട്ട് ഇപ്പോൾ വേണ്ടാ ന്നു പറഞ്ഞ് പോയാൽ ആർക്കായാലും ദേഷ്യം വരില്ലേ. അവൻ അറിയാതെ ഒന്ന് അടിച്ചിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു. ബാക്കി അപകടം ഒക്കെ ആ കൊച്ച് പേടിച്ച് ഓടി മറിഞ്ഞു വീണ് പറ്റിയതാണ്. അല്ലേലും അത്ര വലിയ പരിക്കൊന്നും ഇല്ല. ആ കുട്ടിക്ക് ജീവന് ആപത്തൊന്നും വന്നിട്ടില്ലല്ലോ.”
എവിടുന്ന് ധൈര്യം കിട്ടിയിട്ടാണ് എന്നറിയില്ല, സർവ്വ ശക്തിയും എടുത്തു ഞാൻ അവനെ വലിച്ച് തിരിച്ചു നിർത്തി മുഖത്ത് ആഞ്ഞടിച്ചു.
മുരളിയേട്ടനും ഒന്ന് രണ്ടു പോലീസുകാരും കൂടെ എന്നെ പിടിച്ച് മാറ്റി. ഇത് കണ്ട് അഴികൾക്ക് അപ്പുറത്ത് നിന്ന് എന്റെ മോൻ എന്നെ അമ്പരപ്പോടെ നോക്കുന്നത് എന്റെ കണ്ണിൽ നിറഞ്ഞ കണ്ണീരിന്റെ മങ്ങളിൽ കൺകോണിലൂടെ കണ്ടു.
“ഞാൻ അവന്റെ അമ്മയാണ് സാറേ, ഇത് എന്റെ ചേട്ടനും, അത് ഭർത്താവിന്റെ അനിയനും. സാറ് അവനെ രക്ഷിക്കാൻ വേണ്ടി ഒന്നും ചെയ്യണ്ട അവന് നിയമം പറയുന്ന ശിക്ഷ കിട്ടിക്കോട്ടേ.”
“നീയിതെന്താ പറയുന്നത്?” ഏട്ടൻ എന്നെ തിരിച്ചു പിടിച്ച് ചോദിച്ചു.
“എനിക്ക് വയ്യ ഏട്ടാ, ആ ഹോസ്പിറ്റലിൽ കിടക്കുന്നതും എന്നെ പോലെ ഒരു അമ്മ പെറ്റ കുട്ടിയാണ്. എനിക്കാണ് ഇങ്ങനെ പറ്റിയിരുന്നത് എങ്കിൽ ഏട്ടൻ സഹിക്കുമോ? എന്റെ മോനെ സ്നേഹിച്ചു എന്നൊരു തെറ്റേ അവൾ ചെയ്തുള്ളു. ഇവന്റെ സ്വഭാവം ശരിയല്ല എന്ന് അവൾക്ക് തിരിച്ചറിയാൻ പറ്റിയതിൽ നിന്ന് തന്നെ അവൾ എത്രത്തോളം ആത്മാഭിമാനം ഉള്ള കുട്ടിയാണ് എന്ന് മനസ്സിലായില്ലേ. ഇവന്റെ പ്രവർത്തി കൊണ്ട് ഇവൻ തന്നെ തെളിയിച്ചില്ലേ, അവളുടെ തീരുമാനം ശരിയായിരുന്നു എന്ന്. പിന്നെ അവൾ എന്തു ചെയ്യണമായിരുന്നു? ജീവിതകാലം മുഴുവൻ ഇതുപോലെ ഒരുത്തനെ സഹിക്കണമായിരുന്നോ?”
“ഏട്ടത്തിക്ക് എന്താണ് ചെയ്യുന്നത് എന്ന് വല്ല ബോധ്യവും ഉണ്ടോ? അവന്റെ ഭാവി? അവൻ നമ്മുടെ കുട്ടിയാണ്. വേറെ ആരാണ് അവനെ രക്ഷിക്കുക? അവനോട് പൊറുക്കുക.” ദീപക്ക് ദേഷ്യത്തോടെnവേദനയും ചേർത്ത് പറയാൻ തുടങ്ങി.
“ദീപക്കേ, ഈ ഭാവി എന്നൊക്കെ പറയുന്നത്, ഇത്തിരി മനുഷ്യത്വം ഉള്ളവർക്ക് മതി. ചില തെറ്റുകൾ പൊറുക്കാൻ പറ്റില്ല. ഇവന് ശിക്ഷ കിട്ടിയില്ലെങ്കിൽ ഒരു ആൺകുട്ടിയുടെ അമ്മ എന്ന നിലയിൽ എനിക്ക് എന്നോട് പൊറുക്കാൻ പറ്റില്ല. ഈ നിലപാട് ഞാൻ നേരത്തേ എടുത്തിരുന്നെങ്കിൽ എന്റെ മോന് ഈ ഗതി വരില്ലായിരുന്നു. അവനെ നേരെ വഴിക്ക് നടത്താൻ നിങ്ങൾ ആരും എന്നെ അനുവദിച്ചില്ല. ഒരിടത്തു നിന്നും ഒരു NO കേൾക്കാനുള്ള സഹിഷ്ണുതയില്ലാത്ത ഒരുത്തനാക്കി നിങ്ങൾ അവനെ മാറ്റി.
പെട്ടെന്നുള്ള ഒരു ആവേശത്തിൽ അവൻ ബഹളം വെച്ച് ഒരു സീൻ ഉണ്ടാക്കിയതോ, തെറ്റാണെങ്കിലും, നിയന്ത്രണം വിട്ട് ഒരു അടി കൊടുത്തിരുന്നെങ്കിലും, ഒരു അമ്മയെന്ന നിലയിൽ ഞാൻ അവനെ ശിക്ഷിക്കുകയോ ശാസിക്കുകയോ, ആ പെൺകുട്ടിയുടെയും, വീട്ടുകാരുടെയും കാലിൽ വീഴുകയും ചെയ്യാമായിരുന്നു.
പക്ഷെ അങ്ങനെ ഒരു നിമിഷത്തെ പ്രതികരണം അല്ലല്ലോ. അവൻ തീരുമാനിച്ചു പ്ലാൻ ചെയ്ത് വന്നത് കൊണ്ടാണല്ലോ കയ്യിൽ പെട്രോൾ ഉണ്ടായത്. കയ്യിൽ കിട്ടുമായിരുന്നെങ്കിൽ ചിലപ്പോൾ അവൻ വല്ല അസിഡും കൊണ്ടു വന്നേനെ. അവന്റെ ഉള്ളിൽ ഒരു കുറ്റവാളി ഉണ്ടെന്ന് തന്നെ ആണ് ഇതിന്റെ ഒക്കെ അർത്ഥം. അത് മാറ്റിയെടുക്കാൻ, ഈ നാട്ടിലെ നിയമം പറയുന്ന ശിക്ഷ തന്നെ അവന് കിട്ടണം. അടുത്ത വട്ടം ഇങ്ങനെ ദേഷ്യം വരുമ്പോൾ ഓർക്കാൻ എങ്കിലും.”
ഏട്ടത്തിയമ്മ അകത്തേക്ക് കയറി വന്നു.
“ആ കുട്ടിക്ക് ബോധം വന്നു. അടിച്ചതിന്റെ ആഘാതത്തിൽ പല്ല് കുത്തി കയറി കവിളിൽ പരിക്കുണ്ട്. ഓടി വീണപ്പോൾ കല്ലിൽ തട്ടി കൈവിരലിൽ ഒടിവുണ്ട്. പിന്നെ ചില മുറിവുകൾ സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ബോധം വന്നെങ്കിലും അവൾ ഇപ്പഴും ആ ട്രോമയിൽ ആണ്. ആരേലും തീവെക്കുമോ എന്നൊക്കെ പുലമ്പുന്നുണ്ട്. ഒന്ന് സ്റ്റേബിൾ ആയാൽ സൈക്കാട്രിസ്റ്റ് വന്നു നോക്കും എന്ന് പറഞ്ഞു.” ഏട്ടത്തി വേദനയോടെ പറഞ്ഞു നിർത്തി.
“ദീപക്കെ നീ ചോദിച്ചില്ലേ, ജീവന് ആപത്തൊന്നും ഇല്ലല്ലോ എന്ന്. മനസ്സ് മരിച്ചിട്ടുണ്ടാവും അവളുടെ. മരിച്ചത് പോലെ തന്നെ കുറച്ച് കാലത്തേക്ക്. ഈ പേടിയിൽ നിന്ന് അവൾ ഒന്ന് മുക്തയാവാൻ അവൾ ഇനിയും എത്രകാലം എടുക്കുമെന്നറിയുമോ? ഒന്ന് ബാത്‌റൂമിൽ പോകാൻ? ഭക്ഷണം കഴിക്കാൻ, ആ കയ്യിലെ എല്ലൊന്നു മുറി കൂടാൻ? നമ്മൾ ക്ഷമിച്ചു ഇവനെ ഇവിടെ നിന്ന് കൂട്ടി കൊണ്ടു പോയാൽ നാളെ ഇവൻ ഫോണും ബൈക്കും ആയി ഇറങ്ങും. ഒന്നും സംഭവിക്കാത്തത് പോലെ. അത് ആ കുട്ടിയോട് വലിയ അന്യായം ആവും.”
“മോളെ, ഗോപി അറിഞ്ഞാൽ? അവനോട് ചോദിച്ചിട്ട്.” ഏട്ടന് പിന്നെയും എന്നോടുള്ള സ്നേഹം.
“സാരമില്ല ഏട്ടാ, ഇതിന്റെ പേരിൽ എനിക്ക് എന്തു പറ്റിയാലും എനിക്ക് കയറി വരാൻ ആ വീടുണ്ടല്ലോ. ഞാൻ ഇത് അന്നേ ചെയ്തിരുന്നേൽ എന്റെ മോനെ ഇങ്ങനെ എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഗോപിയേട്ടൻ മനസ്സിലാക്കുന്നേൽ മനസ്സിലാക്കട്ടെ. ഇനി എന്ത് വന്നാലും എനിക്ക് ഒന്നുമില്ല.”
ഏട്ടനെയും ഏട്ടത്തിയമ്മയെയും വിളിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ പുറകെ നിന്ന് എന്റെ മോൻ വിളിക്കുന്നത് കേൾക്കാമായിരുന്നു. അവന്റെ മാപ്പപേക്ഷയും. തിരിഞ്ഞു നോക്കാതെ, കണ്ണ് നിറഞ്ഞും മനസ്സ് കല്ലാക്കി ഞാൻ സ്റ്റേഷന്റെ പടി കടന്നു.