പെൺകുട്ടികളിലൊരാൾ സുമംഗലിയായിരിക്കുന്നു. അവളും, വരനും എങ്ങോട്ടോ പോകാനിറങ്ങുകയാണ്…

മകൻ

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

:::::::::::::::::::::::::::::

ദൂരങ്ങൾ താണ്ടി അയാൾ ആ വീട്ടിലെത്തുമ്പോൾ, പകൽ മങ്ങാൻ തുടങ്ങിയിരുന്നു. വീടിനു പുതുമ കൈവന്നിരിക്കുന്നു. ചുവരുകൾ ചായം തേച്ചു ഭംഗിയാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം ഓണത്തിനു വരുമ്പോൾ, വീട് മുഷിഞ്ഞതായിരുന്നു.

ഉമ്മറത്തേ ചാരുകസേരയിൽ, അറുപതു പിന്നിട്ടൊരാൾ ഇരിപ്പുണ്ട്. ഭാര്യ അടുത്തുണ്ട്. ഒപ്പം, മൂന്നു പെൺകുട്ടികളും, ഒരു യുവാവും.

കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി, പെൺകുട്ടികളിലൊരാൾ സുമംഗലിയായിരിക്കുന്നു. അവളും, വരനും എങ്ങോട്ടോ പോകാനിറങ്ങുകയാണ്.

അയാൾ ഒതുങ്ങി നിന്നു. മിഥുനങ്ങൾ യാത്ര പറഞ്ഞു പടിയിറങ്ങിപ്പോയി. വീട്ടിൽ, മാതാപിതാക്കളും രണ്ടു പെൺകുട്ടികളും, അയാളും മാത്രമായി. തെല്ലിട മിണ്ടാതെ നിന്ന ശേഷം, കയ്യിൽക്കരുതിയ വസ്ത്രങ്ങളുടെ പാക്കറ്റും, കുറച്ചധികം പണവും ചാരുകസേരയിലിരുന്ന രൂപത്തിനു നൽകി അയാൾ നീങ്ങിനിന്നു.

പെൺകുട്ടികളുടെ അമ്മയാണ് മൗനം മുറിച്ചത്.

“മോനിനി ഇങ്ങോട്ടു വരരുത്. എൻ്റെ മക്കളുടെ അച്ഛനു പറ്റിയ തെറ്റാണ് മോൻ എന്നറിയാം. മോൻ്റെ അമ്മയെ വഞ്ചിച്ചതാണെന്നുമറിയാം. എൻ്റെ പെൺമക്കൾക്ക്, മോൻ ജ്യേഷ്ഠൻ തന്നെയാണ്. ഇതുവരേ എല്ലാ ഓണത്തിനും മോനിവിടെ വന്നിട്ടുണ്ട്. ഇപ്പോൾ, ഇവിടുത്തേ മോളുടെ വിവാഹം കഴിഞ്ഞു. അവൾ, മോൻ്റെ കൂടി പെങ്ങളാണ്. അവളുടെ ഭർത്താവിനേയോ, വീട്ടുകാരേയോ ഈ അച്ഛൻ്റെ ഇന്നലെകളേ അറിയിക്കണോ..? അതുകൊണ്ട് മോനിനി ………..”

അയാൾ മറുപടി പറഞ്ഞില്ല. തിരിഞ്ഞു നടക്കുമ്പോൾ, പതിയേ പറഞ്ഞു.

“കഴിഞ്ഞ മാസം എൻ്റെയമ്മ മരിച്ചു. ഞാൻ അനാഥനായി. അച്ഛനും, മൂന്നു പെങ്ങൻമാരുമുള്ള അനാഥൻ”

അയാൾ പടികടന്നു പോകുമ്പോൾ, ചാരുകസേരയിലെ രൂപം മിഴിവാർക്കുന്നുണ്ടായിരുന്നു. പുതുവസ്ത്രങ്ങളുടെ ഗന്ധം അവിടമാകെ പ്രസരിക്കുന്നുണ്ടായിരുന്നു. കയ്യിലിരുന്ന പച്ചനോട്ടുകൾ ആ വിറയലുകൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.

……………………………….

(ഞാനെഴുതിയ ‘ഒറ്റയാൾ ദേശം’ എന്ന കഥാസമാഹാരത്തിൽ നിന്ന്….)