നീയാണ് എന്റെ സൗഭാഗ്യം എന്ന്‌ കരുതി സ്നേഹിക്കുന്നവർ വരും നിന്റെ ജീവിതത്തിൽ…അപ്പോൾ അർത്ഥമില്ലാത്ത ജീവിതത്തിനൊക്കെ ഒരു അർത്ഥമുണ്ടാകും

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

നാട്ടിൽ നിന്നു അമ്മ വിളിച്ചപ്പോഴാണ് പറഞ്ഞത്. നമ്മുടെ രാമേട്ടൻ പോയെടാ എന്ന്‌…മനസ്സിലെവിടെയോ കിടന്നു നീറുന്നതുപോലെ തോന്നി ആ വാർത്ത.

ബാഗ്ലൂർ നിന്നു അന്ന് നൈറ്റ്‌ തന്നെ ടിക്കറ്റ് എടുത്തു നാട്ടിലേക്കു തിരിക്കുമ്പോൾ മനസുമുഴുവൻ നിറഞ്ഞു നിന്നത് ആ ചിരിയിയായിരുന്നു…ശ്രീകുട്ടാ എന്നുള്ള വിളികളായിരുന്നു…

കാവിലെ ഉത്സവത്തിന് അമ്മേടെ കൈ പിടിച്ചു ആനയെ തൊടണമെന്നു പറഞ്ഞു വാശി പിടിച്ചു കരഞ്ഞപ്പോൾ…ദേ മിണ്ടാണ്ട് നിന്നോട്ടാ ശ്രീകുട്ടാ…എന്ന്‌ കയ്യിൽ മുറുക്കെ പിടിച്ചു പറഞ്ഞപ്പോൾ…എന്റെ കണ്ണിൽ നിന്നൂർന്നു വീണത് വലിയൊരു ആഗ്രഹം നടക്കാത്തതിന്റെ കണ്ണീർ തുള്ളികളായിരുന്നു.

അപ്പോൾ എന്റെ പ്രാർത്ഥനപോലെയാണ് വളയിട്ട കൈകൾ എന്നെ കോരി എടുത്തത്. ആനയെ തൊടാണോ ശ്രീകുട്ടന്…രാമേട്ടൻ തൊടിക്കാട്ടോ…എന്ന്‌ പറഞ്ഞപ്പോൾ ആ കയ്യിലിരുന്നു ഞാൻ അമ്മയെ നോക്കി.

ഈ ചെക്കനെകൊണ്ടു തോറ്റു രാമേട്ടാ…എന്ന്‌ അമ്മ പറഞ്ഞപ്പോൾ, പിള്ളേരല്ലേ…സാരല്യാന്നു രാമേട്ടനാണ് പറഞ്ഞത്. അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഞാൻ ആ പരുപരുത്ത മേനിയിൽ തൊട്ടു. എന്റെ കുഞ്ഞികൈയിൽ മുള്ളുകുത്തുന്നതുപോലെ തോന്നി എന്നാലും മനസു സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു.

ഉത്സവം കഴിഞ്ഞു പോരുമ്പോൾ ഞാൻ നന്ദിയോടെ രാമേട്ടനെ നോക്കി ചിരിച്ചപ്പോൾ ആളും ചിരിച്ചു. എന്നാലും എന്റെ മനസ്സിൽ ഒരു ചോദ്യം പിന്നെയും കിടന്നു.

അമ്മ രാത്രി അവീലും മെഴുക്കുവരട്ടിയും കൂട്ടി ചോറു വാരി തരുമ്പോൾ ഞാൻ അമ്മയോട് അതു ചോദിക്കുകയും ചെയ്തു. അമ്മേ രാമേട്ടൻ എന്തിനാ പെണ്ണുങ്ങളുടെ പോലത്തെ വള ഇട്ടിരിക്കുന്നത്…?

അമ്മ അതു കേൾക്കാത്തത് പോലെ ഭാവിച്ചിരുന്നപ്പോൾ ഞാൻ പിന്നെയും ചോദിച്ചു. എന്തെല്ലാം കാര്യങ്ങൾ അറിയണം നിനക്കു മര്യാദക്ക് ചോറുണ്ടിട്ട് പോയി കിടക്കാൻ നോക്ക് എന്ന്‌ ദേഷ്യപ്പെട്ടപ്പോൾ പിന്നൊന്നും ഞാൻ ചോദിച്ചില്ല.

പിന്നെയും ഞാൻ രാമേട്ടനെ കണ്ടു. ഞങ്ങളുടെ പറമ്പിലെ കുളം വൃത്തിയാക്കാൻ രാമേട്ടനാണ് വന്നത്. അന്ന് കൊമ്പുള്ള മുഷുവിനെയും ബ്രാലിനേയും ഒക്കെ ഈസിയായി പിടിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.

പോവുമ്പോൾ ഈർക്കിലിയിൽ കോർത്ത ബ്രാലിനെ അച്ഛന്റെ കയ്യിൽ കൊടുത്തിട്ടു ഇവന് വറുത്തുകൊടുക്കാൻ പറഞ്ഞിട്ടാണ് രാമേട്ടൻ അന്ന് പോയത്. അന്നും രാമേട്ടന്റെ കയ്യിൽ പെണ്ണുങ്ങൾ ഇടുന്നപോലത്തെ സ്വർണവള ഉണ്ടായിരുന്നു.

അമ്പലകുളത്തിൽ കുളിക്കാൻ പോയി തുടങ്ങിയപ്പോഴാണ് രാമേട്ടനുമായി കൂട്ടാവുന്നതു…രാമേട്ടനെപ്പോഴും ഓരോ കഥകൾ പറയാൻ ഉണ്ടാവും. അല്ലെങ്കിൽ മൂളി പാട്ടുണ്ടാവും. എനിക്കറിയാത്ത പാട്ടുകളാണെങ്കിലും വല്ലാത്ത രസമാണ് അതു കേൾക്കാൻ…

കുഞ്ഞുണ്ണി മാഷിനെ കുറിച്ചു ശാരദ ടീച്ചർ പറഞ്ഞതിൽ കൂടുതൽ രാമേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്…ന്റെ ഉപ്പൂപ്പാക്കൊരു ആനേ ണ്ടാർന്നു, ബാല്യകാലസഖി ഒക്കെ വായിച്ചുനോക്കാൻ തന്നത് രാമേട്ടനായിരുന്നു.

ടോൾസ്റ്റോയ് ടെ അന്ന കരീനയെയും ചൈൽഡു ഹുഡ് ഉം എല്ലാം രാമേട്ടനിൽ കൂടെയാണ് എന്റെ കൈകളിലെത്തിയത്. ഇന്നു എന്തെങ്കിലുമൊക്കെ രണ്ടുവരി കുത്തികുറിക്കുന്നുണ്ടെങ്കിൽ അതു രാമേട്ടൻ തന്ന പുസ്തകങ്ങളുടെ…വെളിച്ചത്തിൽ തന്നെയാണ്…

വളയിട്ടു നടക്കുന്നതിന്റെ കഥ നാട്ടിലെ പലരിൽ നിന്നും ഞാൻ അറിഞ്ഞെങ്കിലും…രാമേട്ടനിൽ നിന്നു അതു കേൾക്കണം എന്നുണ്ടായിരുന്നു…

ദിവാകരൻ മാഷിന്റെ മകളുമായുള്ള പ്രണയം പൊളിഞ്ഞു മനസ്സിൽ സങ്കടകടൽ ആർത്തിരമ്പുന്ന കാലം…മറക്കാനുള്ള മരുന്ന് മദ്യമാണെന്നു കൂട്ടുകാരൻ രമേശൻ പറഞ്ഞതിന്റെ വെളിച്ചത്തിൽ തുരുത്തിന്റെ അവിടെ പോയി കള്ളു കുടിക്കുമ്പോഴാണ് രാമേട്ടൻ വന്നത്.

കയ്യിലുള്ള കുപ്പി എടുത്തെറിഞ്ഞു എന്നോട് കുറേ ദേഷ്യപ്പെട്ടു…ആദ്യമായിട്ടാണ് ദേഷ്യപ്പെട്ടു കാണുന്നത്. കുറച്ചുനേരത്തെ നിശബ്ദതക്കു ശേഷം രാമേട്ടൻ പറഞ്ഞു തുടങ്ങി…

നമ്മളെ വേണ്ടാത്തവർക്കു വേണ്ടി കുടിച്ചു നശിപ്പിക്കാനുള്ളതല്ല ശ്രീകുട്ടാ ജീവിതം…തുടങ്ങിയിട്ടല്ലേ ഉള്ളൂ ജീവിതം. ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ടെന്ന്…

നീയൊരിക്കൽ ചോദിച്ചില്ലേ കയ്യിലു എന്തിനാ ഈ വള എന്ന്‌…എന്റെ സ്വന്തമെന്നു കരുതിയവളുടെ ഓർമ്മകൾ ആണ് ഇത്…ആരുമില്ലാത്തവനെ സ്നേഹിച്ച വലിയ വീട്ടിലെ കുട്ടി. എന്റെ ലക്ഷ്മി…ജീവനായിരുന്നു.

ഈ ഇഷ്ടത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അമ്പിനും വില്ലിനും അടുക്കാത്ത വീട്ടുകാർ വേറെ കല്യാണം ഉറപ്പിച്ചപ്പോൾ മരിക്കാൻ വേണ്ടി ഓടി. ദാ ഈ കാണുന്ന തുരുത്തിലേക്കു…ഞാനും പിന്നാലെ ഓടി.

ഈ ഒഴുക്കിന്റെ ശബ്ദത്തിൽ എന്റെ വിളി കേൾക്കാതെ അവൾ ഇതിലേക്ക് എടുത്തു ചാടിയപ്പോൾ കൂടെ ഞാനും ചാടി. ആവുന്നതിന്റെ പരമാവധി നോക്കിയിട്ടും രക്ഷിക്കാൻ പറ്റിയില്ല. തളർന്നു കരക്ക്‌ കേറിയപ്പോൾ ഈ വള മാത്രമേ അവളുടേതായി എന്റെ കയ്യിലുണ്ടായിരുന്നുള്ളു. മരണംകൊണ്ടു മായ്ക്കാൻ പറ്റാത്ത പ്രണയവും…

എനിക്കറിയാം നിനക്കവളെ എന്തു മാത്രം ഇഷ്ടമായിരുന്നു എന്ന്‌. പക്ഷേ…വേറെ സൗഭാഗ്യങ്ങൾ തേടി എത്തുമ്പോൾ ഇട്ടിട്ടു പോകുന്നവർക്ക് വേണ്ടി നീ വിഷമിക്കണ്ട…

നീയാണ് എന്റെ സൗഭാഗ്യം എന്ന്‌ കരുതി സ്നേഹിക്കുന്നവർ വരും നിന്റെ ജീവിതത്തിൽ…അപ്പോൾ അർത്ഥമില്ലാത്ത ജീവിതത്തിനൊക്കെ ഒരു അർത്ഥമുണ്ടാകും…

അനുഭവങ്ങൾ കൊണ്ടു പറയുന്ന വാക്കുകൾക്ക് വല്ലാത്തൊരു ആശ്വാസം നൽകാൻ കഴിയും അല്ലേ…?

എല്ലാം പ്രാവശ്യവും ലീവിന് വരുമ്പോൾ ഞാൻ രാമേട്ടനെ കാണാൻ പോവും. ഒന്നുകിൽ അമ്പലകുലത്തിന്റെ അവിടെ, അല്ലെങ്കിൽ രാമേട്ടനു പ്രിയപ്പെട്ടവളെ നഷ്ടപെട്ട തുരുത്തിന്റെ അവിടെ…

ഓരോ പ്രാവശ്യം യാത്രയാകുമ്പോഴും ഇനിയെന്നാ കാണാ എന്ന്‌ ചോദിക്കും…ഞാൻ ഒരു ചിരിയോടെ പറയും…ഞാൻ അവിടെയാണെങ്കിലും ഇവിടെയാണ് എന്ന്‌…

നാട്ടിൽ എത്തിയപ്പോൾ നേരം വെളുത്തിരുന്നു. നേരെ രാമേട്ടന്റെ വീട്ടിലേക്കു നടന്നു. എത്തും മുൻപ് കണ്ടു ഇരുവശത്തും നിറയെ വണ്ടികൾ. റോഡിൽ നിറയെ ആളുകൾ. ഒരു ഗ്രാമം മുഴുവൻ കരയുന്നതായി എനിക്കു തോന്നി.

എല്ലാരുടെയും ആവശ്യത്തിന് ഒന്നും നോക്കാതെ മുൻപിൽ നിൽക്കുന്ന രാമേട്ടന്റെ വിയോഗത്തിൽ ആ നാട് കരയാതെ പിന്നെ…?

നീല ടാർപ്പായ വലിച്ചുകെട്ടിയ മുറ്റത്തേക്ക് കാലെടുത്തു വെക്കാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ തിരിച്ചു നടന്നു. കയ്യിലുള്ള ബാഗ് പരിജയമുള്ള ആരുടെയോ കയ്യിലേൽപ്പിച്ചു ഞാൻ ഓടി. തുരുത്തിന്റെ അവിടേക്കു…

രാമേട്ടനിരിക്കാറുള്ള കല്ലിന്റെ താഴെ ഞാൻ ഇരുന്നു. ഇനിയെന്നാ കാണാ…എന്ന്‌ ചോദിക്കാൻ എനിക്കാരാ ഉള്ളേ രാമേട്ടാ…എന്ന്‌ പറഞ്ഞു ഞാൻ ഉറക്കെ കരഞ്ഞു. ഒരു പാട് വർഷങ്ങൾക്കു മുൻപ് ഉത്സവപറമ്പിൽ നിന്നു കരഞ്ഞിരുന്ന ശ്രീകുട്ടനായിട്ടു…

അതുവരെ അടക്കി പിടിച്ചതൊക്കെയും കണ്ണിൽ നിന്നു തോരാതെ പെയ്യുന്നുണ്ടായിരുന്നു. ഒരു ചെറുകാറ്റെന്നെ വന്നു തഴുകിപോയി…ആ കാറ്റിന് രാമേട്ടന്റെ വിളിയുടെ വാത്സല്യം.

അവിടെ ഇപ്പോൾ രാമേട്ടന്റെ ശരീരം ചിതയിൽ കത്തിയമരുന്നുണ്ടാകും. ശതകോടി നക്ഷത്രങ്ങൾക്കിടയിൽ രാമേട്ടനു വേണ്ടി ലക്ഷിമിയേടത്തി കാത്തിരിക്കുന്നുണ്ടാവാം. ഇന്നുമുതൽ അവിടെ ഒരു നക്ഷത്രമായി രാമേട്ടൻ പുനർജനിച്ചേക്കാം.

എന്റെ മനസ്സിലിപ്പോഴും ഇങ്ങള് മരിച്ചിട്ടില്ല രാമേട്ടാ…മരണം കൊണ്ടു പോലും അടർത്തി മാറ്റാൻ പറ്റാത്ത വിധം ആ വളയിട്ട കൈകളെ ഞാൻ ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്നു…