വെളുത്തചെമ്പരത്തി – ഭാഗം 1 – രചന: വൈഗ വസുദേവ്
അഖില തലവഴി പുതപ്പിട്ടു മൂടി. കുറച്ചു നേരംകൂടി കിടന്നു. വേണ്ട എണീറ്റേക്കാം. എണീറ്റു ബെഡ് നന്നായി വിരിച്ചിട്ടു. പുതപ്പ് മടക്കി തലയിണയുടെ മുകളിൽ ഇട്ടു. എണീറ്റാൽ ഇങ്ങനെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ്. തനിക്ക് ഇപ്പോൾ ശീലവും.
എന്താണെന്നറിയില്ല നല്ല സന്തോഷം ആകെ ഒരുണർവ്വ്. ഇന്ന് അമ്പലത്തിൽ പോയാലോ. വിടില്ല എന്നാലും ചോദിക്കാം. അഖില അടുക്കളയിലേയ്ക്ക് നടന്നു. അമ്മ കാപ്പി ഉണ്ടാക്കുന്ന തിരക്കിലാണ്.
എന്തുപറ്റി…ഇന്നു നേരത്തെ എണീക്കാൻ…? സാധാരണ ഒഴിവുദിവസങ്ങളിൽ താമസിച്ചല്ലേ എണീക്കൂ…
അമ്മേ ഞാനൊന്ന് അമ്പലത്തിൽ പൊക്കോട്ടെ…?
ഇന്നെന്നാ പ്രത്യേകത. എനിക്ക് സമയം ഇല്ല കൂട്ടുവരാൻ. ഒരുപണിയും തീർന്നില്ല.
അമ്മ കൂട്ടുവരേണ്ട ഞാൻ തന്നെ പൊക്കോളാം…
അതുവേണ്ട, നീ ശരത്തിനെ കൂട്ടി പോ…
വേണ്ടമ്മേ എന്നിട്ടുവേണം പോകുംവഴി അടിയുണ്ടാക്കാൻ…
അച്ചനോട് ചോദിച്ചിട്ടു വിട്ടാൽ പൊക്കോളൂ…ലളിത പറഞ്ഞു.
ഉംം…അച്ഛൻ എവിടെ…?
ഉമ്മറത്തുകാണും ഞാൻ ഇപ്പോൾ ചായ കൊടുത്തതേ ഉള്ളൂ…
അമ്മ പറഞ്ഞാൽ മതീ…
പെണ്ണേ കളിക്കാതെ പോകണം എന്നുണ്ടെങ്കിൽ നേരിട്ട് ചോദിക്ക്.
ഓ..അല്ലേലും എനിക്ക് അമ്പലത്തിൽ പോണേൽപോലും എല്ലാവരുടെയും സമ്മതം വേണമല്ലോ. ഇവിടെ വേറൊരുത്തൻ ഉണ്ടല്ലോ. അവന് എവിടേംപോകാം…ഞാനെന്നാ ആദ്യത്തെ കുടിലെയാ…അഖിലയ്ക്ക് നല്ല അരിശം വന്നു.
നിനക്ക് പോകണമെങ്കിൽ ചോദിക്ക്.
ചോദിച്ചോളാം…
കുറെ നാളായി ഇവിടെ തിരിച്ചു വ്യത്യാസം തുടങ്ങിയിട്ട്. തന്നോട് ശ്രദ്ധകൂടതൽ ആണ്. കോളേജിൽ അല്ലാതെ എവിടെ പോകണമെങ്കിലും അമ്മ കൂടെയുണ്ടാവും, അല്ലേൽ അച്ഛൻ. ഇവരൊക്കെ ഇങ്ങനാവാൻ എന്താ കാര്യം ആവോ…ഉമ്മറത്ത് അച്ഛൻ ഉണ്ട്. അച്ഛാ…അഖില വിളിച്ചു.
ഉംം…പത്രത്തിൽനിന്നും തലപൊന്തിക്കാതെ സുകു മൂളി. അച്ഛാ….കാര്യം പറയ്…ഞാൻ അമ്പലത്തിൽ പൊക്കോട്ടെ…
അമ്പലത്തിൽ പോകുന്ന കാര്യം അവൾ പറഞ്ഞില്ലല്ലോ…?
അമ്മ വരുന്നില്ല.
പിന്നെ നീ ഒറ്റയ്ക്കോ…?
സാരമില്ല സുകുവേട്ടാ അടുത്തല്ലേ, അവൾ പോയിട്ട് വരട്ടെ…ലളിത മകൾക്ക് സപ്പോർട്ടിന് എത്തി.
അതുവേണോ ലളിതേ…ഒറ്റയ്ക്ക് പോകേണ്ട ഞാനും കൂടി വരാം.
സുകുവേട്ടൻ പോകേണ്ട. രാവിലെ കുളിച്ചാൽ കഫക്കെട്ട് കൂടും.
മോളേ വേഗം വന്നേക്കണം…
വേഗം വരാം അച്ഛാ…
അഖിലയ്ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. അമ്പലത്തിൽ എത്തി പ്രദക്ഷിണം കഴിഞ്ഞ് പ്രസാദത്തിന് കൈനീട്ടിയ അഖിലയോട് തിരുമേനി ചോദിച്ചു, എന്തേ ഇന്നു കുട്ടി ഒറ്റയ്ക്കാണോ…? അതെ എന്ന അർത്ഥത്തിൽ തലകുലുക്കി. പ്രദക്ഷിണം വച്ചു പറത്തിറങ്ങിയ അഖിലയെ നോക്കി നിന്നു തിരുമേനി.
എന്തേ തിരുമേനി വലിയ സന്തോഷത്തിലാണല്ലോ…മാലകെട്ടുന്ന വാരസ്യാർ ചോദിച്ചു. അതെ നല്ല ശ്രീത്വം വിളങ്ങുന്ന മുഖാണേ…ആ കുട്ടിക്ക്…
അതൊക്കെ ശരിന്ന്യാ…ആ കുട്ടിയെ തനിയെ വിടാറില്ല. ഇന്നെന്താണോ ഒറ്റയ്ക്കാണല്ലോ…
അതെന്താവോ അങ്ങനെ…?
അതൊക്കെ ഒരു കഥയാ തിരുമേനി…
കഥയോ…? ഒരു കഥയ്ക്കുള്ള സംഭവങ്ങളുണ്ടോ വാരസ്യാരേ…?
ഉംം…സംഭവം തന്നെ ആരുന്നു. ബാക്കി കേൾക്കാൻ ഉത്സുകനായി നിന്നു തിരുമേനി. തിരുമേനി ഒരു അർച്ചന…ഓ…ദാ വന്നു.
*** *** *** ***
പാടവരമ്പത്തുകൂടി നടക്കുന്നത് അഖിലയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ചെറിയ കൈത്തോട് കടന്നുവേണം പോകാൻ. പാടത്തേയ്ക്കുള്ള വെള്ളം ഇതിൽ നിന്നാണ്. ഒരു കൈകൊണ്ട് പാവാട ഉയർത്തി പിടിച്ച് മറുകയ്യിൽ അമ്പലത്തിലെ പ്രസാദവുമായി കൈത്തോടിനു കുറുകെയുള്ള തെങ്ങിൻതടിയിൽ കൂടി സൂക്ഷിച്ചു നടന്നു.
പാലം കടന്ന് പാടവരമ്പത്തുകാലു ചവിട്ടിയതും കാലു തെറ്റി വീണു. ശ്ശെ… തട്ടിപിടഞ്ഞ് എണീറ്റ് ചുറ്റു നോക്കി, ആരും കണ്ടില്ല. കൈത്തോട്ടിൽ ഇറങ്ങി കാലും മുഖവും കഴുകി. നല്ല തെളിഞ്ഞ വെള്ളം. നെറ്റിയെപ്പൊന്നൻ…വാഴയ്ക്കാവരയൻ ഒക്കെ തൻെറ കാലിനരികിൽ…അഖില അവയെ നോക്കി നിന്നു.
ചെറുതായിരുന്നപ്പോൾ താനും ശരത്തും തോർത്തുവലയാക്കി എത്ര തവണ ഇവയെയൊക്കെ പിടിച്ച് കുപ്പിയിലാക്കിട്ടുണ്ട്.
അന്ന് പിടുത്തം തരാതെ ഓടിപോയിരുന്നു. ചെറുതായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഈ പാടത്തൂടെ നടക്കാൻ എന്തു രസാ…
വളർന്നതോടെ എല്ലാ സ്വാതന്ത്ര്യവും പോയി. കടലലകൾപോലെ നെൽച്ചെടികൾ ആടുന്നത് കാണാൻ തന്നെ എന്തു ഭംഗിയാ…കുറച്ചു നേരം നോക്കി നിന്നിട്ട് മനസ്സില്ലാ മനസ്സോടെ അഖില നടന്നു.
പാടം കടന്ന് റോഡിലെത്തിയ അഖില കണ്ടു. നിർത്തിയിട്ട ബൈക്കിൽ ഒരാൾ. ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. ആരാണോ…താൻ വീണത് ഇയാൾ കണ്ടോ…ഏയ് കണ്ടുകാണില്ല. കാണാത്ത ഭാവത്തിൽ നടന്നു.
നിൽക്കൂ… അയാൾ പറഞ്ഞു.
ആരോടാണോ…മനസ്സിൽ ചിന്തിച്ചു.
അഖിലാ നിന്നോടാണ്. ങേ…തൻെറ പേരുവിളിച്ചല്ലോ. അഖില തിരിഞ്ഞു നോക്കി. അഖിലയ്ക്ക് വിശ്വസിക്കാൻ പറ്റിയില്ല…
തുടരും…