വരാനിരിക്കുന്ന ചോദ്യങ്ങളെയെല്ലാം, ആ ഒരൊറ്റ ഉത്തരം കൊണ്ട് അച്ഛൻ തളച്ചിടുകയായിരുന്നു, അച്ഛൻ അങ്ങനെയാണ്…

നീ മാത്രം….

രചന: സിയ യൂസഫ്

“” നീയ് ഉറങ്ങാണോ ?? “” ഏടത്തിയുടെ വിരലുകളെന്റെ മുടിയിഴകളെ തഴുകിയപ്പോഴാണ് ഞാൻ കണ്ണു തുറന്നത്…

“”” ചെറുങ്ങനെയൊന്ന് മയങ്ങിപ്പോയി… ഏടത്തി ഇത്ര വേഗം പോന്നോ? “””

“”” താലികെട്ടു കഴിഞ്ഞതും ഞാനിങ്ങ് പോന്നു…എന്തോ, അവടെ നിൽക്കാൻ തോന്നീല്ല്യ…അമ്മേം കൂടെ പുറപ്പെട്ടതാ… അച്ഛന്റെ കൂടെ വന്നാ മതീന്ന് പറഞ്ഞ് ഞാനവടെ പിടിച്ചു നിർത്തി…. ആര്ക്കും അതിനൊരു നീരസം തോന്നണ്ടാന്നു കരുതി… ഏട്ടനുംകൂടി കൂടാത്തതല്ലേ “”” അത് പറയുമ്പോ ഏടത്തീടെ മുഖത്തിന് ഒരു വിഷാദഛായയുണ്ടായിരുന്നു…..

“”” എങ്ങനേണ്ട് ജയേട്ടന്റെ പെണ്ണ്…. സുന്ദരിയായിരിക്കും ല്ലേ ??””” ഞാൻ ചോദിച്ചു…

“”” ഉവ്വ്, ഞാനൊരു നോട്ടേ കണ്ടുള്ളൂ…. പിന്നെ കാണാനൊന്നും നിന്നില്ല്യ….. ആ സ്ഥാനത്ത് നെന്നെ മാത്രം സങ്കല്പിച്ചു വച്ചോണ്ടാവും , വീണ്ടും അങ്ങട്ട് നോക്കാൻ തോന്നീല്ല്യ…””” ഏടത്തിയുടെ മനസ്സിന്റെ വിങ്ങല്, ആ കണ്ണുകളിൽ പ്രതിഫലിച്ചു….അവരെന്റെ അരികിലായി വന്നിരുന്നു….

“”” ന്നാലും, ഓർമ്മവെച്ചനാള് മുതല് സ്നേഹിച്ചു തുടങ്ങീതല്ലേ നിങ്ങള് രണ്ടാളും…ഇത്ര പെട്ടന്ന് എങ്ങന്യാ ആളോള്ക്ക് മാറാൻ കഴിയണേ…?? മനസ്സ് നോക്കിയല്ലേ പരസ്പരം സ്നേഹിക്കണ്ടേ, അല്ലാതെ മുഖം നോക്കീട്ടല്ലല്ലോ….””” ഏടത്തിയുടെ പതം പറച്ചില് കേട്ട് ഞാനൊന്നു ചിരിച്ചു….

“”” സ്നേഹം മനസ്സിലാണെന്ന് പറഞ്ഞ്, മുഖത്ത്ക്ക് നോക്കാതിരിക്കാൻ പറ്റ്വോ ന്റെ ഏടത്തീ…പരസ്പരം കണ്ണില് നോക്കി സംസാരിച്ചാ പ്രണയം വരുംന്നാ ജയേട്ടൻ പറയാറ്…. ന്റെ മുഖത്തിപ്പോ കണ്ണെവിട്യാ ഇരിക്കണേന്ന് നിക്കെന്നെ നിശ്ചയല്യ….മാത്രല്ല, ജയേട്ടന് ന്റെ മുഖത്ത് നോക്കുമ്പോ ഇപ്പോ പ്രണയല്ല പേടിയാത്രേ തോന്നാറ്…””” ഞാൻ വീണ്ടും ചിരിച്ചു…ഒരു വരണ്ട ചിരി!

“”” നീയൊന്നും കഴിച്ചില്യാലോ…. വാ നമുക്ക് ഒരുമിച്ചിരിക്കാം… ഞാനീ വേഷൊന്ന് മാറീട്ടു വരാം “””

ഏടത്തി മുറിവിട്ടതും, അതുവരെ പിടിച്ചു നിർത്തിയതെല്ലാം ഒരു തേങ്ങലോടെ പുറത്തു വന്നു…ചുക്കിച്ചുളിഞ്ഞ് വികൃതമായ എന്റെ കവിളിലൂടെ, കണ്ണുനീർ താഴേക്ക് കുതിച്ചു ചാടി….ബാല്യവും കൗമാരവും കടന്ന് ഇന്ന് ഈ യൗവ്വനം വരേയും എന്റേതെന്നു മാത്രം കരുതിയിരുന്നൊരാൾ….എന്റെ പ്രാണൻ….ഇന്ന് ,,തന്റെ താലിച്ചരടുകൊണ്ട് മറ്റൊരുവളെ ചേർത്തു പിടിച്ചിരിക്കുന്നു!

ആ മുഖത്തെ പുഞ്ചിരിയും,, ചില നേരത്തെ അധികാരഭാവവും,, മറ്റു ചിലപ്പോഴുള്ള മുൻ ശുണ്ഠിയുമെല്ലാം കണ്ണിൽ നിന്നും മാറാതെ എന്നെ ആഴത്തിൽ നോവിച്ചുകൊണ്ടിരിക്കുന്നു. ഈ വേദന, മരണത്തേക്കാൾ കഠിനമാണെന്ന് തോന്നിപ്പോകുന്നെനിക്ക്…..

“”” ദ്രുപേ വന്നോളൂട്ടോ…. ഊണ് എടുത്തു വച്ചേക്കണു “”” ഏടത്തി വിളിച്ചു..

കണ്ണുകൾ അമർത്തിത്തുടച്ച് , ദുപ്പട്ടകൊണ്ട് മുഖമൊന്ന് ഒപ്പിയെടുത്ത് ഹാളിലേക്ക് ചെന്നു…..

“”” ന്നാലും, ഇത് വല്യേ കഷ്ടായീട്ടോ ഏടത്തീ..നല്ലൊരു സദ്യ വേണ്ടാന്നു വച്ച് ,, ഈ തൈരും മെഴുക്കുപുരട്ടീം കൂട്ടി ചോറുണ്ണാൻ വേണ്ടി തിരിച്ചു വന്നേക്കണു…മ്മടെ ഫേവറേറ്റ് പാലടപോലും വെറുതെ കളഞ്ഞില്ലേ ബുദ്ദൂസ്…””” ചോറുരുള വായിലേക്ക് വച്ചു കൊണ്ട് ഞാൻ കളിയായി പറഞ്ഞു….

“”” നിക്ക് അതില് യാതൊരു വെഷമൂല്യാട്ടോ കുട്ടീ…. അല്ലേലും, ഊണിന് നിൽക്കില്യാന്ന് തീരുമാനിച്ചന്നേണ് ഞാനിവടന്ന് ഇറങ്ങീത്…ഏട്ടനെ പോലെ, കല്യാണത്തിന് കൂടണില്യാന്നെന്നേണ് ആദ്യം കരുതീത്…പിന്നെ അന്യരല്ലല്ലോ, അച്ഛൻ പെങ്ങളല്ലേന്നു വിചാരിച്ചാ ഇഷ്ടല്യാഞ്ഞിട്ടും ഉടുത്തൊരുങ്ങി പോയത്….”””” ഏടത്തി അനിഷ്ടത്തോടെ തന്നെ മറുപടി തന്നു…

“”” ഞാനും കൂടി വരണ്ടതായിരുന്നു ല്ലേ ഏടത്തീ “””

“”” ഉവ്വുവ്വ്… എന്നാപ്പിന്നെ,, ഏട്ടൻ കുട്ടീനെ ബാക്കി വച്ചൂന്ന് വരില്ല്യ…ന്നാലും എല്ലാരും തെരക്കീട്ടോ നെന്നെ…. എന്തേ വരാഞ്ഞേന്നു വരെ ചോദിച്ചു ചെലര്..

അല്ലേലും, പഴുപ്പടിഞ്ഞ വ്രണത്തില് പിന്നേം പിന്നേം കുത്തി നോവിക്കല് ചെലോര്ക്കൊരു രസാ….”””” ഏടത്തീടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു

ഞാനൊന്നും പറഞ്ഞില്ല. എങ്കിലും, വെറുതെയൊന്ന് ചിരിക്കാൻ ശ്രമിച്ചു…..

“”” നിക്ക് ചെലപ്പോ തോന്നും, ഒക്കെ കരുതിക്കൂട്ടീട്ടാന്ന്…..””” ഏടത്തി, പെട്ടന്നതു പറഞ്ഞപ്പോ ഞാനൊന്നു ഞെട്ടി!

“”” അ…അതെന്താ ഏടത്തി അങ്ങനെ പറഞ്ഞേ??”””

“”” അല്ല, അത്ര വേഗത്തിലായിരുന്നൂലോ ജയന്തൻ, ദ്രുപേനെ ഒഴിവാക്കീതും ഈ കല്യാണത്തിന് സമ്മതം പറഞ്ഞതും….”””

“”” അത് എനിക്ക് ഈ അപകടം പറ്റീതോണ്ടല്ലേ ഏടത്തീ…. എന്റെ അഭിപ്രായത്തില് ജയേട്ടന്റെ തീരുമാനം തന്നെയാ ശരി…””” ഞാൻ കഴിക്കല് നിർത്തി എഴുനേറ്റു.

“”” മതിയാക്ക്യോ നീയ്…. ?? നീയൊന്നും കഴിക്കണില്ലാന്ന് ദേവേട്ടൻ പരാതി പറയണുണ്ട് ട്ടോ ദ്രുപേ…”””

“”” മതി ഏടത്തീ… വിശപ്പില്ലാഞ്ഞിട്ടാ”””

കൈ കഴുകി, വീണ്ടും അവിടെത്തന്നെ വന്നിരുന്നു….

“”” ഉള്ളില് തട്ടിയ സ്നേഹണ്ടെങ്കി, തളർന്നു വീണാൽ പോലും ഇട്ടേച്ചു പോവില്ല…അങ്ങനേം എത്രപേര് ജീവിക്കണു ഈ ലോകത്ത്…എന്നിട്ടാണ്, മുഖം ഇത്തിരിയൊന്ന് പൊള്ളീന്നും പറഞ്ഞ്, ഒക്കെ മതിയാക്കി പോയത് “”” കക്ഷി, വിടാൻ ഭാവമില്ലായിരുന്നു.

“”” അതിന്, എല്ലാരും ന്റെ ഏട്ടനെ പോലെ വിശാലമനസ്കരവാണ്ടേ ഗൗരിക്കുട്ട്യേ….””” ഞാൻ കുസൃതിയോടെ ഏടത്തിയുടെ ഇടംകയ്യിൽ തൊട്ടു..

“”” വിശാലമനസ്സന്ന്യാ കുട്ടീടെ ഏട്ടന്…അല്ലാച്ചാല്, ആരോരുല്യാത്ത വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത നിക്കൊരു ജീവിതം തരാൻ വേറാരാ തയ്യാറാവാ…? ഒരു ജന്മം മുഴുവനും ആ കാൽചോട്ടില് കെടന്നാലും തീര്വോ നിക്ക് ആ മനുഷ്യനോടുള്ള കടപ്പാട്….”””

ഒരു തമാശ മാത്രം ഉദ്ധേശിച്ചാണ് ഞാനത് പറഞ്ഞതെങ്കിലും,,, ഏടത്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…ഞാനേഴുനേറ്റ് അരികിലേക്കു ചെന്നു….

“”” ഒരു തമാശ പറഞ്ഞതല്ലേ ന്റെ ഏടത്തിക്കുട്ട്യേ… അപ്പഴേക്കും കണ്ണു നിറച്ചാലോ….””” ഞാനാ കണ്ണുനീർ തുടച്ചെടുത്തു….

“”” പഠിപ്പില്ലെങ്കിലെന്താ, ഏടത്തി ന്റെ ഏട്ടന്റെ ഭാഗ്യല്ലേ… ഏട്ടന്റെ മാത്രല്ല, ഈ വീടിന്റെ തന്നെ മഹാലക്ഷ്മിയല്ലേ ന്റെ ഗൗര്യേടത്തി…””” താടിത്തുമ്പ്, പതിയെ പിടിച്ച് ഉലച്ചപ്പോ ഏടത്തിയുടെ കണ്ണുനീരൊക്കെ എങ്ങോ അലിഞ്ഞു പോയി….ആ ചുണ്ടുകളിൽ ഒരു കുഞ്ഞുപുഞ്ചിരി മൊട്ടിട്ടു…..

“”” ഒക്കെ ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങളല്ലേ ഏടത്തീ…. സ്നേഹം, എത്ര ആത്മാർത്ഥമാണെന്നു പറഞ്ഞാലും,, ചെലപ്പോഴൊക്കെ നമ്മളും പാതിവഴിയിൽ വീണുപോകും…നമ്മുടെ കൊതിയല്ലല്ലോ, അവന്റെ വിധിയല്ലേ പ്രധാനം! “””” ഏടത്തിയെ നോക്കിയൊന്ന് മന്ദഹസിച്ച്, ഞാൻ മുറിയിലേക്കു പോന്നു….മറ്റാരുടെ മുന്നിലും എന്റെ കണ്ണീരു വീഴാൻ പാടില്ലെന്ന വാശിയായിരുന്നു എനിക്ക്…..

************************

“”” അത്ര വല്യേ സുന്ദരി എന്നൊന്നും പറയാനില്ല്യ, ഇത്തിരി നെറണ്ട് അതേ ഉള്ളൂ പറയാനായിട്ട്…””” കയറിവന്ന പാടേ അമ്മ പറഞ്ഞതും, എനിക്ക് ചിരി വന്നു….

“”” അതിലിത്തിരി കുശുമ്പ് ഇല്ലാതില്ലല്ലോ സുമത്യമ്മേ…”” ഞാൻ ചോദിച്ചു

“” ഉള്ളതു പറഞ്ഞാ, കുശുമ്പാവണതെങ്ങനാ പെണ്ണേ….””

“” ഉവ്വുവ്വ്…ഏടത്തി പറഞ്ഞൂലോ, നല്ല കുട്ട്യാന്ന്….””

“”” അവളതിന്, ആരേലും പറ്റി കുറ്റം പറയണത് നീയ് കേട്ടിട്ടുണ്ടോ….”” അമ്മ പറഞ്ഞ ആ സത്യത്തെ ഞാനും ശരിവച്ചു….

ശുദ്ധഗതിക്കാരിയായ ഗൗര്യേടത്തി ഇന്നുവരെ ഒരാളേയും പറ്റി, നല്ലതല്ലാത്തതൊന്നും പറഞ്ഞു കേട്ടിട്ടില്ല! ജയേട്ടനെന്നെ വേണ്ടെന്നു വച്ചപ്പോ മാത്രാണ്, ഏടത്തി ഇത്തിരി നീരസം പ്രകടിപ്പിച്ചത്….മറ്റാരേക്കാളും, ജയേട്ടന്റെ പിൻമാറ്റം ഏടത്തിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു…ഇപ്പോഴും എന്നെയോർത്ത് ആ മനസ്സ് നീറുന്നത് ഞാനറിയുന്നുണ്ട്….

“”” ഗൗര്യേ, അച്ഛനിത്തിരി വെള്ളങ്ങട്ട് എടുത്തോളൂ “”” അച്ഛന്റെ ശബ്ദം കേട്ടപ്പോ ഞാൻ പൂമുഖത്തേക്കു ചെന്നു

“””കല്യാണത്തിന് പോയിട്ട് അച്ഛനും, സദ്യ ബഹിഷ്കരിച്ചോ ?? “” ഞാൻ ചിരിച്ചു.

“”” ഇല്ല കുട്ട്യേ, അച്ഛൻ കഴിച്ചു…വെഷമണ്ടെന്ന് വച്ച് വിരോധം കാണിക്കാൻ പറ്റ്വോ, ന്റെ ഒടപ്പിറന്നോളായിപ്പോയില്ലേ..”” അച്ഛൻ, കസേരയിലേക്ക് ചാഞ്ഞിരുന്നു…

“””എന്തിനാപ്പോ വിരോധം കാണിക്കണേ? ഓരോരുത്തരുടെ ജീവിതം, അവരടെ അവകാശല്ലേ…നമ്മളെ ക്ഷണിച്ചാ നമ്മള് പോണം… സന്തോഷത്തോടെ പങ്കെടുക്കണം…. ഒരു ബന്ധം മുറിഞ്ഞു പോയതിന്, എല്ലാ ബന്ധങ്ങളും അറുത്തു കളയാൻ പാടുണ്ടോ”” ഞാൻ പറഞ്ഞു..

“”” ദേവേട്ടൻ വന്നാ, എന്ത് പുകിലൊക്കെയാണാവോ ഉണ്ടാക്കാ… അതാ ന്റെ പേടി. ആരും, ചെങ്ങോത്തേക്ക് പോകാൻ പാടില്ലാന്നായിരുന്നല്ലോ ഏട്ടന്റെ കല്പന!””” ഏടത്തി അച്ഛന് വെള്ളം നീട്ടിക്കൊണ്ട് പറഞ്ഞു..

അച്ഛനൊന്നും പറയാതെ, വെള്ളം വാങ്ങിക്കുടിച്ച് ചാരിക്കിടന്നു….കൈകൾ നെഞ്ചിനെ ഉഴിയുന്നുണ്ടായിരുന്നു…

“”” എന്തിനാ ഇങ്ങനെ വേദനിക്കണേ…എന്നെ ഓർത്തിട്ടാണെങ്കി, അത് വേണ്ടാട്ടോ…നിക്കൊരു വിഷമൂല്യ…. ദാ കണ്ടില്ലേ ഞാൻ ഹാപ്പിയാണ്…..””” എന്റെ കൈകൾ അച്ഛന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ചു.

“”” അച്ഛൻ കണ്ടുവോ ആ കുട്ടീനെ?? “””

“”” ഉം…”””

“”നല്ല ചേർച്ചയായിരിക്കും ല്ലേ അവര് തമ്മില്?? “”

“”” ദൈവം ചേർത്തു വച്ചതിനെ കുറിച്ച് നമ്മളെന്തു പറയാനാ മോളേ… ഒക്കെ അവന്റെ തീരുമാനങ്ങളല്ലേ…..””

വരാനിരിക്കുന്ന ചോദ്യങ്ങളെയെല്ലാം, ആ ഒരൊറ്റ ഉത്തരം കൊണ്ട് അച്ഛൻ തളച്ചിടുകയായിരുന്നു! അച്ഛൻ അങ്ങനെയാണ്…എല്ലാം ദൈവഹിതമാണെന്ന് മാത്രം വിശ്വസിക്കാനാണ് അച്ഛനിഷ്ടം….

*************************

ഒരുപാട് നാളുകൾക്ക് ശേഷമാണ്, ഞാനെന്നെ തന്നെ നേരിൽ കാണുന്നത്…വിരൂപമായ എന്റെ മുഖത്തിന്റെ വലതുവശം ഞാൻ കൈകൊണ്ട് തടവി നോക്കി…ഇപ്പോഴും നേരിയൊരു വേദനയുണ്ട്…വലതുകണ്ണിന്റെ കാഴ്ച എനിക്കിന്ന് അന്യമാണ്….

ഈ ക്രൂരത ഏറ്റുവാങ്ങാൻ മാത്രം, ഞാൻ ചെയ്ത പാപത്തിന്റെ വ്യാപ്തിയെനിക്ക് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല!

“”” എന്നാലും, ആസിഡ് മുഖത്തൊഴിക്കാൻ മാത്രം, നിന്നോട് ആർക്കാ ദ്രൗപതീ ഇത്ര വിദ്വേഷം?? “””

പലയാവർത്തി പലരിൽ നിന്നുമായി കേൾക്കേണ്ടി വന്ന ചോദ്യം…ഞാൻ മൗനം കൊണ്ട് മറുപടി നൽകി…മുഖം മറച്ച ആ അജ്ഞാതൻ, എന്റെ ഉത്തരത്തേയും മറച്ചുപിടിച്ചിരുന്നു….

“”” എനിക്കിനി അവളെ വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുണ്ട് അമ്മാവാ…എന്നോടൊന്നും തോന്നരുത്…. എങ്ങനെയാ ഞാനവളെ മറ്റുള്ളവരുടെ മുന്നിലിനി കൊണ്ടു നടക്കാ….. “”” ജയേട്ടന്റെ വാക്കുകളായിരുന്നു എന്റെ ഹൃദയത്തെകൂടി പൊള്ളിച്ചു കളഞ്ഞത്…..

“”” തളരുന്ന സമയത്ത് താങ്ങാവേണ്ട നീ, എന്റെ കുട്ടിയെ ഉപേക്ഷിച്ചു പോവാണോടാ ജയന്താ…ഇതിനായിരുന്നോടാ ഈ കണ്ട കാലമത്രയും നീയവൾക്ക് ആശ കൊടുത്തത് ?? “”” ഏട്ടന്റെ വെറുങ്ങലിച്ച ശബ്ദം ഞാൻ, മുറിയിലിരുന്ന് കേട്ടു…

“” സ്നേഹിച്ചിരുന്നെന്നു പറഞ്ഞ്, അതൊരു ബാധ്യതയായി കൊണ്ടുനടക്കാൻ പറ്റില്ലല്ലോ ദേവേട്ടാ…എനിക്ക്… എനിക്കിനി ദ്രുപേനെ വേണ്ട…ആര് മനസ്സിലാക്കിയില്ലേലും അവൾക്കെന്നെ മനസ്സിലാവും….””” കൂടുതലൊന്നും പറയാതെ, പടികടന്നു പോകുന്ന ജയേട്ടനെ ഞാൻ, ജനലഴികൾക്കിടയിലൂടെ നോക്കിക്കണ്ടു….ചുട്ടുപൊള്ളുന്ന കവിൾത്തടത്തിലൂടെ, എന്റെ കണ്ണുനീരിനെ ഒഴുക്കിക്കളയാൻ പോലും പേടിച്ചിരുന്നു ഞാനപ്പോൾ, ‘പ്രണയം’ എത്രപെട്ടന്നാണ് ‘ബാധ്യത’ എന്ന മറ്റൊരു വാക്കിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതെന്ന് ഞാനോർത്തുപോയി….

” ഇരു ശരീരങ്ങളുടെ ഒത്തുചേരലല്ല ദ്രുപേ പ്രണയം, പ്രണയം,, പൂത്തുലയുന്ന രണ്ടു മനസ്സുകളുടെ ഒന്നുചേരലാണ്…ആ ഒത്തുചേരലിലൂടെ സാധ്യമാകുന്ന നല്ലൊരു ജീവിതമാണ്…നമ്മൾ സ്വപ്നം കാണുന്ന അതേ സുന്ദരമായൊരു ജീവിതം…” ജയേട്ടൻ, എപ്പഴോ എന്റെ കാതിൽ മൊഴിഞ്ഞ വാക്കുകൾ അന്നെന്നെ കുളിരണിയിപ്പിച്ചിരുന്നെങ്കിൽ,,ഇന്നതെന്റെ ഹൃദയത്തെ കുത്തി മുറിവേൽപ്പിക്കുന്നു….

**********************

“”” ഇവടന്നാരും ചെങ്ങോത്തേക്ക് പോകരുതെന്ന് പറഞ്ഞതല്ലേ ഞാൻ…പിന്നെന്തിനാ, ഇവളെ ഇവടെ തനിച്ചാക്കി എല്ലാരും കൂടി പോയത് ?? നമ്മടെ കുട്ടീടെ കണ്ണീരു വീഴ്ത്തിട്ടാ അവിടെയിന്ന് കല്യാണപ്പന്തല് പൊങ്ങീത്…മറന്നോ എല്ലാരും ?? “”” വന്നയുടനെ ഏട്ടൻ വിചാരണ തുടങ്ങിയിരുന്നു…

“” ഇനിക്കൊരു താൽപര്യോം ണ്ടായിട്ടല്ല, നെന്റെ അച്ഛൻ നിർബന്ധിച്ചോണ്ട് മാത്രാ ഒന്നു പോയി തലകാണിച്ചത്..””അമ്മ പറഞ്ഞു

“”” ജയന്തൻ കാണിച്ച നെറികേടിന്, മറ്റുള്ളോര് എന്തു പി ഴച്ചു ദേവാ….നെന്റെ അമ്മായി, അവളടെ സങ്കടം ഞാനല്ലാണ്ട് വേറാരാ കാണാൻ…. ഇന്നുംകൂടി കൊറേ കരഞ്ഞു പാവം..!”” അച്ഛൻ പറഞ്ഞപ്പോ ഏട്ടൻ പിന്നൊന്നും മിണ്ടിയില്ല…അല്ലേലും അച്ഛനെ എതിർത്ത് ശീലല്യല്ലോ ഏട്ടന്…

“”” കഴിഞ്ഞോ വിസ്താരൊക്കെ ?? ന്റെ ഏട്ടാ,, ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം എന്താ ണ്ടായേ… ഞാനും കൂടി നിർബന്ധിച്ചിട്ടാ എല്ലാരും പോയേ…വയ്യായ്ക തോന്നി, അല്ലേൽ ഞാനും പോയേനെ കല്യാണത്തിന്..””

ഞാനതു പറഞ്ഞതും ഏട്ടനെന്നെ നോക്കി കണ്ണുരുട്ടി, പിന്നെ, എന്നോട് ചേർന്നിരുന്ന് എന്റെ നെറുകിൽ പതിയെ തലോടി….. ഞാൻ ഏട്ടന്റെ മാറിലേക്ക് ചാഞ്ഞു കിടന്നു….

“”നമ്മളെ വേണ്ടാത്തോരെ നമുക്കും വേണ്ട…എന്റെ മോൾക്ക്, ഏട്ടൻ കണ്ടുപിടിച്ചു തരും നല്ലൊരു ചെക്കനെ…ഈ നാട്, ഇതുവരെ കാണാത്ത രീതിയിൽ ഏട്ടൻ നിങ്ങടെ കല്യാണം നടത്തും…എന്റെ കുട്ടി വിഷമിക്കരുത് ട്ടോ…””

അത് പറയുമ്പോ ഏട്ടന്റെ ഉള്ള് പിടയ്ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു….ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല….നോക്കിയാൽ ചിലപ്പോ,, അടക്കി വച്ചതെല്ലാം ഒരുനിമിഷം കൊണ്ട് ചിതറിത്തെറിക്കും….ന്റെ ഏട്ടന്റെ കണ്ണീരെനിക്ക് കാണേണ്ടി വരും…..

അതു വയ്യ…..മറ്റെന്തിനേക്കാളും വേദനയാണെനിക്കത്…എനിക്കു വേണ്ടി, ഒരായുസ്സിന്റെ സൂര്യതാപം മുഴുവനും ,, കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നെഞ്ചിലേറ്റിയിട്ടുണ്ട് എന്റെ ഏട്ടൻ…..

“” എനിക്കൊരു സങ്കടൂല്യ…എന്നെ കുറിച്ചോർത്ത് മറ്റാരും സങ്കടപ്പെടുത്താതിരുന്നാ മതി….ഞാൻ…. ഞാനിവിടെ ഇങ്ങനൊക്കെ കഴിഞ്ഞോളാം ദേവേട്ടാ…. “”

നിയന്ത്രണം വിട്ടുപോയി…ഞാൻ, പൊട്ടിക്കരഞ്ഞു പോയി…

ഏട്ടൻ, ഏത് രാജകുമാരനെ കൊണ്ടു വന്നാലും എനിക്കിനി ഈ ജന്മം കൂടെ ജീവിക്കാൻ കഴിയില്ലെന്ന് ഞാനെങ്ങന്യാ ന്റെ ഏട്ടനോട് പറയാ…കുഞ്ഞുനാള് മുതല് എന്റെ മനസ്സില് പ്രതിഷ്ഠിച്ച ആ മനുഷ്യനെ, ഇനിയുമെനിക്ക് മറക്കാനായിട്ടില്ലെന്ന് എനിക്ക് പറയാൻ കഴിയോ?? ആരെങ്കിലും ആ സത്യത്തെ അംഗീകരിച്ചു തരോ??

ദ്രൗപതീടേ മനസ്സിന്റെ മണ്ണില് മുളപൊട്ടിയ, ജയന്തനെന്ന പ്രണയപുഷ്പം, ഈ കൊടിയ വേനലിലും വാടാതെ നിലകൊള്ളുന്നത്,,,എന്റെ സ്നേഹത്തിന്റെ നീരൊഴുക്കിനാൽ മാത്രമാണെന്ന് അവർക്കറിയില്ലല്ലോ…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….