മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“”” കമ്പനീല് പുതിയ സ്റ്റാഫ് വന്നിട്ടുണ്ട്, അനസൂയ! ആണുങ്ങളെല്ലാം ഇപ്പോ അവളുടെ പിറകേയാ..””” കഴിഞ്ഞ പ്രാവശ്യം സ്റ്റഡി ലീവിനു വന്നപ്പോ ജയേട്ടൻ പറഞ്ഞ പുതിയ വിശേഷം അവളെ കുറിച്ചായിരുന്നു…
“”” എല്ലാ ആണുങ്ങളും എന്ന് പറയുമ്പോ ജയേട്ടനും പെട്വോ അതില്?? “”
“”” പിന്നല്ലാതെ…ഞാനും ഒരാണല്ലേ… സുന്ദരിയായൊരു പെണ്ണ് മുന്നിലിങ്ങനെ നിറഞ്ഞു നിൽക്കുമ്പോ എങ്ങനെയാ നോക്കാതിരിക്ക്യാ..””” തമാശയായിട്ടു പറഞ്ഞതാണെന്ന് അറിയാമെങ്കിലും,, ജയേട്ടൻ മറ്റൊരു പെണ്ണിനെ കുറിച്ച് പറയുന്നതു പോലും എനിക്ക് ദഹിക്കില്ലായിരുന്നു….ഞാൻ മുഖം വീർപ്പിച്ചു….
“”” എന്റെ പെണ്ണേ, ഞാനൊരു തമാശ പറഞ്ഞതല്ലേ… നിന്നെയല്ലാതെ വേറൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ പോലും നിന്റെ ജയേട്ടന് കഴിയുംന്ന് നിനക്ക് തോന്നുന്നുണ്ടോ ?? “””
“” അങ്ങനെ വല്ലതും സംഭവിച്ചാ,, കാവിലെ ഭഗവതിയാണേ, ഒരു മുഴം കയറിൽ ന്റെ ജീവിതം അവസാനിപ്പിച്ചിരിക്കും ഈ ദ്രുപ!””
എന്റെ കണ്ണു നിറഞ്ഞു കണ്ടപ്പോ ജയേട്ടനെന്നേട് ചേർന്നിരുന്നു… ആ കണ്ണുകൾ എന്റെ കണ്ണുകളുമായി കോർത്തു വലിച്ചു… “”” അങ്ങനെ കൈവിട്ടു കളയോ ഞാൻ, എന്റെ ദ്രുപേനെ…നിന്നെ വെടിഞ്ഞിട്ട് ജയേട്ടന് വേറൊരു ജീവിതം ണ്ടാവോ മോളേ…””” പതിയെ, ആ അധരങ്ങളെന്റെ നെറുകിൽ മുത്തം ചാർത്തിയപ്പോൾ,, നാണത്താൽ കൂമ്പിയടഞ്ഞിരുന്നു എന്റെ മിഴികൾ…..
“”” ഒന്നു പോയേ ജയേട്ടാ, ആരേലും കാണൂട്ടോ..”””
ജയേട്ടനെ തള്ളിമാറ്റി, കൊലുസിന്റെ താളത്താൽ ഞാനോടിയകന്നപ്പോൾ ,,,പ്രണയാതുരനായി ഏട്ടനെന്നെതന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…..
“”” ദ്രുപേ…”””
ഏടത്തിയുടെ വിളിയാണെന്നെ ചിന്തകളിൽ നിന്നുണർത്തിയത്…..
“”” അവടെ പൂമുഖത്ത് ചിലരൊക്കെ വന്നിട്ടുണ്ട് “”” ഏടത്തി പറഞ്ഞു
“””ആരാ ഏടത്തീ?? “”
“”” അമ്മാവനും അമ്മായീം പിന്നെ…. ജയന്തന്റെ ഭാര്യേം ണ്ട് “””
“””ഉവ്വോ…അവരൊക്കെ വന്നിട്ട് ഒരുപാട് നേരായോ… ഞാനൊന്നും അറിഞ്ഞില്യ “””
“”” കണ്ണടച്ചു കെടക്കണ കണ്ടപ്പോ ഉറങ്ങാന്നു കരുതി… പിന്നെ, ഓടിപ്പിടിച്ച് ചെല്ലേണ്ട കാര്യൊന്നൂല്ലാന്നു തോന്നി അതാ വിളിക്കാഞ്ഞേ “” ഏടത്തിയുടെ പരിഭവം മാഞ്ഞു പോയിരുന്നില്ല!
“” ജയനോട് മോളേം കൂട്ടി വരാൻ പറഞ്ഞപ്പോ അവനൊരു മടി പോലെ…അതോണ്ടാ ഞങ്ങളു തന്നെ ഇറങ്ങീത് “” അമ്മായി, അമ്മയോട് പറയുന്നത് കേട്ടു… അമ്മ പക്ഷേ, മറുപടിയൊന്നും പറഞ്ഞു കേട്ടില്ല!
എനിക്ക് ജയേട്ടന്റെ പെണ്ണിനെ കാണാൻ തിടുക്കം തോന്നിയെങ്കിലും,, നീ അങ്ങോട്ടു പോയി കാണേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ഏടത്തിയെന്നെ തടഞ്ഞു…. “”” നെന്നെ കാണണം എന്നുള്ളോര് ഇങ്ങട്ട് വരും… നീയ് കെടക്കാണെന്ന് ഞാൻ പറഞ്ഞേക്കണു “”” എന്ന് പറഞ്ഞ് ഏടത്തി പോയി..
മുറിയിൽ തനിച്ചായപ്പോ, ഞാൻ വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടു….
“”” എന്റെ ദ്രുപേ, നീ കോളേജിലൊക്കെ പോകുന്നുണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം.. നിനക്ക് കുറച്ചു മോഡേണായിട്ടൊക്കെ നടന്നൂടെ ?? ജീൻസും ടോപ്പൊക്കെയല്ലേ ഇപ്പോഴത്തെ ട്രെന്‍ഡ് “”
പറഞ്ഞത് ജയേട്ടനായതു കൊണ്ട് ഞാൻ ആശ്ചര്യപ്പെടാതിരുന്നില്ല! ‘പെണ്ണ്, പെണ്ണായി തന്നെ നടക്കണം’ എന്ന് വായ്ക്കു വായ്ക്കു പറയുന്ന ആളാണ് ഇപ്പോ മോഡേൺവേഷത്തെ കുറിച്ച് സംസാരിക്കുന്നത്….
“”” ജയേട്ടനിത് എന്താ പറ്റ്യേ? ങും… കാണണുണ്ട് ഞാൻ, കുറച്ചീസായിട്ടുള്ള ഈ മാറ്റം….ഞാൻ, അടുത്തില്ലാന്നു കരുതി ഒന്നും അതറിയുന്നില്ലെന്നു കരുതണ്ടാട്ടോ…”””
ഞാൻ പറഞ്ഞതും, അന്നാദ്യമായി ജയേട്ടനിൽ പുതിയ ഭാവ ഭേദങ്ങൾ ഞാൻ കണ്ടു…
“”” നോക്ക് ദ്രുപേ, എന്നും ഒരാള്‍ക്ക് ഒരുപോലെ ജീവിക്കാൻ കഴിഞ്ഞൂന്ന് വരില്ല!കാലം മാറുന്തോറും മനുഷ്യരിലും മാറ്റം വരും, വരണം…! അല്ലാതെ, എന്നും നിന്നെ പോലെ പഴഞ്ചനായി ജീവിക്കാനൊക്കില്ലല്ലോ “” ആ സ്വരമൊന്ന് മാറുന്നത്, എനിക്കെന്നും നൊമ്പരമാണല്ലോ….എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി….
“” ദാ, ഇതാണെനിക്ക് തീരെ പിടിക്കാത്തത്… എന്തു പറഞ്ഞാലും, ഉടനെയുള്ള ഈ കണ്ണീര്… ഇങ്ങനെ കരയാൻ, നീയെന്താ നഴ്സറി കുട്ടിയാണെന്നാ വിചാരം??
പെണ്ണായാൽ കുറച്ചൊക്കെ ബോൾഡാവണം അല്ലാതെ…””” എന്നെ ആശ്വസിപ്പിക്കുന്നതിനു പകരം കൂടുതൽ വേദനിപ്പിച്ചു കൊണ്ട്, ദേഷ്യത്തോടെ ജയേട്ടനെന്നെ കടന്നു പോയി….ഞാനാകെ തകർകന്നു പോയിരുന്നു!
അനസൂയ! അവൾ, ജയേട്ടന്റെ ഹൃദയത്തിൽ സ്വാധീനം ചെലുത്തിത്തുടങ്ങിയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല….വർഷങ്ങളായി എന്റെ പ്രണയത്തെ മാത്രം മനസ്സിൽ സൂക്ഷിച്ച ജയേട്ടന്, കുറച്ചു നാളുകൾ മാത്രം പരിചയമുള്ള മറ്റൊരുവളെ മനസ്സിൽ പ്രതിഷ്ഠിക്കാൻ കഴിയില്ലെന്ന് ഞാൻ അന്ധമായി വിശ്വസിച്ചിരുന്നു….!
“”” ഉറക്കം കഴിഞ്ഞോ ദ്രൗപതീടെ? “”
അപരിചിതമായൊരു ശബ്ദം, വീണ്ടുമെന്റെ ചിന്തകൾക്ക് ഭംഗം വരുത്തിയപ്പോൾ,, ഞാൻ എഴുനേറ്റിരുന്നു….
“” മനസ്സിലായോ എന്നെ?? “”” അവർ ചോദിച്ചു
“”” അനസൂയ, ജയേട്ടന്റെ….””
“”” വാട്ട് എ സർപ്രൈസ്! ഒരിക്കൽ പോലും കാണാതെ, ഇതെങ്ങനെ ഇത്ര കൃത്യമായി..?? “””
“”” കണ്ടിട്ടില്ലെങ്കിലും, പറഞ്ഞു കേട്ടിട്ടുണ്ടല്ലോ ഒരുപാട്…. പറഞ്ഞതു പോലെതന്നെ! ഒരു മാറ്റവും ഇല്ല… വളരെ കൃത്യമായ വർണ്ണന””” ഞാൻ, പുഞ്ചിരിയോടെ മറുപടി കൊടുത്തു. കൂടെ, അവരും ചിരിച്ചു….
“”” എനി വേ, കൺഗ്രാജുലേഷൻസ്….വിവാഹ ദിവസം തരേണ്ടതായിരുന്നു അതിന് കഴിഞ്ഞില്ല…”” ഞാനവരുടെ വലം കയ്യിൽ പിടിച്ചു….അവരുടെ ഉള്ളം കയ്യിന്, വല്ലാത്തൊരു ചൂടുണ്ടെന്ന് തോന്നിപ്പോയെനിക്ക്….
“”” ദ്രൗപതിയെ കുറിച്ച്, ജയന്തനും പറഞ്ഞിട്ടുണ്ട് ഒരുപാടൊക്കെ…. പറഞ്ഞു കേട്ടതിനേക്കാൾ ബ്യൂട്ടിഫുളാണു താൻ…..””
വേദിയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും, സമ്മാനം ലഭിക്കാതെ പോകുന്നൊരു കുട്ടിക്ക് വിഷമം മാറ്റാൻ വേണ്ടി മാത്രം നൽകുന്ന ചെറിയൊരു പ്രോത്സാഹന സമ്മാനം! അതേ അനുഭവമായിരുന്നു, അനസൂയയുടെ പ്രശംസ എനിക്കും നേടിത്തന്നത്…
ഞാനൊന്നു ചിരിച്ചു…മനസ്സറിയാത്ത ഈ ചിരി, ഇന്നെന്റെ ജീവിതത്തിൽ പലപ്പോഴായി കടന്നു വരാറുണ്ട്!
ഞാൻ, വെറുതെ പുറത്തേക്കൊന്നു നോക്കി..മുറ്റത്ത് ജയേട്ടന്റെ കാറ് കിടപ്പുണ്ട്…
“”” ജയേട്ടനും വന്നിട്ടുണ്ടോ??””” ഞാൻ സംശയത്തോടെ ചോദിച്ചു
“”” ഇല്ല…ജയന്തന് , തന്നെ ഫേസ് ചെയ്യാൻ ഭയങ്കര മടി…. “””
“” കാറ്… കാറ് കണ്ടപ്പോ ചോദിച്ചു എന്നേള്ളൂ””
“”” ഓഹ്, അതിന്റെ ഡ്രൈവർ ഞാനാ..അങ്കിളിന് ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്റെ കൂടെ കാറിൽ വരാൻ.. ബട്ട് ആന്റിക്ക് നല്ല ഇൻട്രസ്റ്റായിരുന്നു കേട്ടോ”” അവർ, ഇത്തിരി ഉറക്കെ തന്നെ ചിരിച്ചു….
“”” പരിചയപ്പെട്ടു കഴിഞ്ഞെങ്കി, നമുക്ക് ഇറങ്ങ്യാലോ മോളേ….അധികം വൈകിക്കാൻ നിക്കണ്ട, നിങ്ങക്ക് ഇനീം കൊറേ സ്ഥലം പോകാന്ള്ളതല്ലേ””” അമ്മായി, മുറിയിലേക്കു വന്നുകൊണ്ട് പറഞ്ഞു. എന്റെ മുന്നീന്ന്, എത്രയും വേഗം ഓടി രക്ഷപ്പെടാനൊരു വ്യഗ്രത കാട്ടും പോലെയാണ് എനിക്കു തോന്നിയത്…..
“””മോള്ക്ക് സുഖല്ലേ? “”” വെറുതെയൊരു ചോദ്യം!
“”” മ്ഹ്..”” ഞാൻ തലയനക്കി…
അമ്മാവനെ കാണണം എന്നുണ്ടായിരുന്നു… എന്നാലും പോയില്ല! എന്നെ കാണാനുള്ള മനപ്രയാസം കാണും.. അതാ മുറിയിലേക്കു വരാതിരിക്കുന്നത്….
“”” ഞങ്ങളിറങ്ങട്ടെ..””” പുറത്തെ യാത്ര പറച്ചിലിന് ഞാൻ കാതോർത്തു….അവരിറങ്ങാൻ നേരത്താണ്, ഏട്ടനും വന്നത്..
“”” അമ്മാവനെപ്പോ വന്നു? “”” താല്പര്യമേതുമില്ലാത്ത ഏട്ടന്റെ ചോദ്യത്തിന്, “കുറച്ചു നേരായി” എന്ന് അമ്മാവനും മറുപടി പറഞ്ഞു…
അമ്മായിയെ ഒന്നു നോക്കി അകത്തേക്കു കയറിയ ഏട്ടൻ, അനസൂയയെ ഗൗനിച്ചതേയില്ല!
“” ഒന്നു നോക്കേലും ചെയ്യാർന്നില്ലേ ആ കുട്ടീനെ? ആദ്യായിട്ട് വന്നിട്ട്, അതിനെന്താ തോന്നാ..”” ഏടത്തി, ഏട്ടനോട് അടക്കം പറഞ്ഞതും,, ഏട്ടൻ തറപ്പിച്ചൊന്ന് നോക്കുന്നതു കണ്ടു..
“”” ഞാൻ നോക്കിയില്ലെങ്കിലെന്താ, നിങ്ങളൊക്കെ നന്നായി സൽക്കരിച്ചു കാണൂലോ ല്ലേ”” ഏട്ടൻ പറഞ്ഞത് ഉച്ചത്തിലായതുകൊണ്ട്, വന്നവർ കേട്ടു കാണുമോ എന്ന ആശങ്ക ഏടത്തിയുടെ മുഖത്തുണ്ടായിരുന്നു….
“”” എന്തിനാ ദേവേട്ടാ ഇത്രയ്ക്കൊക്കെ ദേഷ്യം ?നിക്ക് തോന്നണത്, ഈ ബന്ധം ഒഴിഞ്ഞു പോയത് ദ്രുപേടെ ഭാഗ്യാന്നാ….അല്ലെങ്കി പിന്നെ ആരോടും ഇതുവരെ ഒരു തെറ്റും ചെയ്യാത്ത നമ്മടെ കുട്ടിക്ക് ഇങ്ങനൊരു പരീക്ഷണം ദൈവം കൊടുക്കുമായിരുന്നോ…..അതിനു മാത്രം ക്രൂരതയൊന്നും ദൈവം ദ്രുപോട് കാട്ടില്യ…..അവനെന്തോ ഒന്ന് നിശ്ചയിച്ചിട്ട്ണ്ട്…..കുട്ടീടെ നന്മ മാത്രം നിശ്ചയിച്ചിട്ടുള്ള എന്തോ ഒന്ന് “”
“”” ഗൗരിമോള് പറഞ്ഞതാ അതിന്റെ ശരി!ഒന്നും കാണാതെ, ആരേയും ശിക്ഷിക്കുന്നവനല്ലല്ലോ ഭഗവാൻ….എല്ലാത്തിനുമുള്ള ഉത്തരം, അവൻ കുറിച്ചു വച്ചിട്ടുണ്ടാവും..””” ഏടത്തിയുടെ അഭിപ്രായത്തെ ശരിവക്കുന്നതായിരുന്നു അച്ഛന്റെ വാക്കുകൾ…..
“” എന്നാലും, അമ്മായീടെ മുഖത്ത് ഇത്തിരി പോലും, മനപ്രയാസം ഉള്ളതായി തോന്നണില്ലാട്ടോ….മരുമോളെ, അമ്മായിക്ക് നല്ലോണം ബോധിച്ച മട്ടുണ്ട്..”” ഏടത്തി പറഞ്ഞു.
“”” പറഞ്ഞാ നിങ്ങടെ അച്ഛന് ഇഷ്ടാവില്യ.. ന്നാലും പറയാ, ന്റെ നാത്തൂന് അല്ലേലും പുളിങ്കൊമ്പ് കണ്ടാ ഇത്തിരി ഭ്രമം തന്ന്യാ….ഇതിപ്പോ എല്ലാം തെകഞ്ഞിട്ടല്ലേ കിട്ടിയേക്കണേ….കാറല്ല, വേണെങ്കി ബസെന്നെ ഓടിക്കുംന്നാ നാത്തൂൻ പറഞ്ഞത് മരുമോളെ പറ്റി..””” അമ്മ ചുണ്ടു കോട്ടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു….
എല്ലാം കേട്ടു നിൽക്കുമ്പോഴും, എന്റെ മനസ്സ് ഒരിക്കൽപോലും ഞാൻ കാണാനാഗ്രഹിക്കാത്ത,, ആ കാഴ്ചയിൽ തന്നെ ഉടക്കി നിൽക്കുകയായിരുന്നു!
⭐⭐⭐⭐⭐⭐⭐⭐
പരീക്ഷയായിരുന്നിട്ടുകൂടി, ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ….ജയേട്ടൻ വിളിച്ചിട്ട് രണ്ടു ദിവസമായി!അങ്ങോട്ടു വിളിക്കാനാണേൽ, ഫോൺ സ്വിച്ച് ഓഫും….വീട്ടിലേക്കു വന്നിട്ട് കുറച്ചു ദിവസായീന്ന്, ഇന്നലെ വിളിച്ചപ്പോ ഏടത്തി പറഞ്ഞിരുന്നു….എത്ര ജോലിത്തിരക്ക് ഉണ്ടെന്നു പറഞ്ഞാലും, ഒരു നേരമെങ്കിലും എന്നെ വിളിക്കാതിരുന്നിട്ടില്ല ഇതുവരെ….പരീക്ഷ കഴിയാൻ കാത്തിരിക്കുകയായിരുന്നു ഞാൻ….ആരോടും, ശരിക്കൊന്ന് യാത്ര പറയാൻ പോലും നിൽക്കാതെ തിരിച്ചു പോരുകയായിരുന്നു!
നേരെ ചെന്നത് ചെങ്ങോത്തേക്കാണ്….ജയേട്ടനെ തിരക്കിയപ്പോ അറിയാൻ കഴിഞ്ഞത്, ആള് നാല് ദിവസായിട്ട് നാട്ടിലില്ല എന്നാണ്….”” കമ്പനിക്കാര്യത്തിന് വേണ്ടി പോയിരിക്ക്യാ..സ്ഥലപ്പേരൊന്നും നിക്കത്ര നിശ്ചല്യ…””” അമ്മായി പറഞ്ഞു.
‘എങ്ങോട്ടാണേലും ഒന്നു പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ…. എന്നെ ഇങ്ങനെ വേദനിപ്പിച്ച് രസിക്കണോ..?’ ഞാൻ, സ്വയം പിറുപിറുത്തു…
“” ജയന്തൻ വന്നിട്ടു വേണം അവരടെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ…..പഠിപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി രണ്ടിനേം ഇങ്ങനെ വിട്ടാൽ പറ്റില്ല, എത്രേം വേഗം നല്ലൊരു മുഹൂർത്തം നോക്കി ആ ചടങ്ങങ്ങ് നടത്തണം…””” ഏട്ടൻ, അമ്മാവനുമായി ചർച്ച ചെയ്തു…
പക്ഷേ,,,എല്ലാ ചർച്ചകൾക്കും വിരാമമിട്ടുകൊണ്ടാണ്,എനിക്കന്ന് ഇങ്ങനൊരു ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്….!
“” ദ്രുപേ നീയറിഞ്ഞോ, ആ കുട്ടിക്ക് വിശേഷണ്ടെന്ന്…””” ഏടത്തി, കിതച്ചുകൊണ്ടാണതു പറഞ്ഞത്.
“”” ഏതു കുട്ടിക്ക്?? “””
“” മ്മടെ ജയന്തന്റെ പെണ്ണിന്, ആ അസൂയക്ക്”” ഏടത്തി പറഞ്ഞതും ഞാൻ ചിരിച്ചു..
“” അസൂയ അല്ല ഏടത്തീ , അനസൂയ! “”
“” ആഹ്, അതെന്നെ..””
“” അതൊരു നല്ല വാർത്തയാണല്ലോ ഏടത്തീ…””
“” വിവാഹം കഴിഞ്ഞിട്ട്, രണ്ടാഴ്ച തികയും മുമ്പേ വിശേഷം ആവണത് അത്ര നല്ല വാർത്തയൊന്നും അല്ലാട്ടോ കുട്ട്യേ..””” ഏടത്തി എന്നോട് അടക്കം പറഞ്ഞു…
എനിക്കു പക്ഷേ,, അതിലത്ര അതിശയമൊന്നും തോന്നിയില്ല…. ഞാനിത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണല്ലോ!
“” ഇനി ചെങ്ങോത്ത് പലതും നടക്കും…വല്ലോന്റേം കുഞ്ഞിനെ ഏറ്റെടുക്കാൻ ജയന്തൻ തയ്യാറാവില്യാന്നാ എല്ലാരും പറയണേ. ..”” ഏടത്തി പറഞ്ഞതു കേട്ട് ഞാനൊന്നു ചിരിച്ചു…
“” നീയെന്തിനാ ദ്രുപേ ചിരിക്കണേ?? “”
“””സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കാൻ, ജയേട്ടന് ആരുടേയും അനുവാദം വാങ്ങേണ്ട കാര്യല്ല്യല്ലോ എന്നോർത്ത് ചിരിച്ചു പോയതാ ന്റെ ഏടത്തീ…”””
എന്റെ മറുപടി കേട്ട് സ്തബ്ദയായി നിൽക്കുകയായിരുന്നു ഗൗര്യേടത്തി…..ഞാൻ പറഞ്ഞതിന്റെ പൊരുളുകൾ തേടിയലയുന്ന ഏടത്തിയുടെ പിടിവിട്ട മനസ്സിനെ, ആ കണ്ണുകളിലൂടെ ദർശിക്കുകയായിരുന്നു ഞാനപ്പോൾ…!
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…