ഇന്നത്തേയ്ക്ക് ഒരു മാസം തികയുന്നതിന് മുൻപ് അവളെ ഞാൻ വളച്ചൊടിച്ച് കുപ്പിയിലാക്കിയിരിക്കും.എനിക്കുള്ള കുപ്പി വാങ്ങി റെഡിയാക്കി വെച്ചോ…

മിഷൻ 30 ഡേയ്‌സ് – രചന: സുധിൻ സദാനന്ദൻ

എന്ത് ഭംഗിയാ അവൾക്ക്, നമ്മൾ ഒരാളെ പോലും അവൾ മൈന്റ് ചെയ്യുന്നില്ലല്ലോടാ…അവളെ കാണുമ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു ഫീൽ…

കണ്ടമാത്രയിൽ രോമാഞ്ചം വരാൻ ഇവൾ ആരാ, സണ്ണി ലിയോണോ…?

ഇടയിൽ കയറി ഞാനത് പറഞ്ഞതും എല്ലാ ചങ്കുകളും കൂടി എന്നെ തറപ്പിച്ചൊന്ന് നോക്കി. കിട്ടാത്ത മുന്തിരി പുളിക്കൂലോ, അത് പണ്ട് തൊട്ടേ അങ്ങനെയാണ്…അതും പറഞ്ഞ് മനു എന്റെ മുഖത്ത് നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു. അതിന്റെ കൂടെ ചിരിക്കാൻ കുറേ അവന്മാരും…

കാണാൻ ഭംഗി മാത്രം പോരാ ഒരു പെണ്ണിനെ വളയ്ക്കാൻ…നീ ആണാണെങ്കിൽ അവളെയൊന്ന് വളയ്ക്ക്. അങ്ങനെ സംഭവിച്ചാൽ ഇരുപത് വർഷം പഴക്കമുള്ള ഒരു ചീവാസ് റീഗൾ (വില കൂടിയ ഒരു ഇനം മദ്യം) ഒരു കുപ്പി നിനക്ക് ഞാൻ കൊണ്ട് തരും.

എന്റെ ആണത്വത്തെ ചോദ്യം ചെയ്തതിന് പുറമെ, പന്തയത്തിൽ വിജയിച്ചാൽ കിട്ടാൻ പോവുന്ന സമ്മാനത്തെ ഓർത്ത് ഒരു നിമിഷം ഞാൻ ആനന്ദ നൃത്തമാടി…

ഇന്നത്തേയ്ക്ക് ഒരു മാസം തികയുന്നതിന് മുൻപ് അവളെ ഞാൻ വളച്ചൊടിച്ച് കുപ്പിയിലാക്കിയിരിക്കും. എനിക്കുള്ള കുപ്പി വാങ്ങി റെഡിയാക്കി വെച്ചോ…

ഒരു ആവേശത്തിന് പഞ്ച് ഡയലോഗും പറഞ്ഞ് സ്ലോമോഷനിൽ നടന്ന് വീട്ടിലെത്തി ഒന്നിരുത്തി ചിന്തിച്ചപ്പോഴാണ് കാര്യത്തിന്റെ ഒരു ഇരിപ്പ് വശം ഏറെക്കുറേ ഞാൻ മനസ്സിലാക്കുന്നത്.

അവൾ “ജെലീറ്റ” വായേൽ കൊള്ളാത്ത പേര് ആയതിനാൽ, ഞങ്ങൾക്കിടയിൽ അവൾ ‘ജെങ്കു’ എന്ന പേരിൽ അറിയപ്പെടുന്നു.

അവളുടെ അപ്പൻ ബിസിനസ്സ് മാൻ ആണെങ്കിൽ എന്റെ അപ്പൻ ബ്രിട്ടാണിയ ബിസ്ക്കറ്റ് കമ്പിനിയിൽ ജോലി ചെയ്യാണ്. അവളുടെ അമ്മ വലിയ ഫാഷൻ ഡിസൈനറാണെങ്കിൽ, പാവം എന്റെ അമ്മ ഫാൻസി ഷോപ്പ് നടത്തുന്നു. അവളുടെ വീട്ടിൽ ബെൻസ് കാറുള്ളപ്പോൾ എന്റെ വീട്ടിൽ മുത്തശ്ശന്റെ പഴയ ഗ്രാന്റ്മാസ്റ്റർ അംബാസഡർ കാറും…

ആകെ കൂടി ഞങ്ങൾ തമ്മിൽ ചേർച്ചയുള്ളത് പഠിപ്പിന്റെ കാര്യത്തിലാണ്. ഓളും ഞാനും ഡോക്ടറാവാൻ പഠിക്കുകയാണ്.

ചെറിയ ഒരു വ്യത്യാസം എന്താണെന്ന് വെച്ചാൽ…അവൾ മനുഷ്യന്റെ ഹൃദയത്തെ കീറി മുറിച്ച് പഠിക്കുമ്പോൾ…ഞാൻ കാറിന്റെ എഞ്ചിൻ അഴിച്ച് പൊളിച്ചിട്ട് പഠിക്കുന്നു. രണ്ടും ഡോക്ടർ തന്നെ, പക്ഷെ അവളേക്കാൾ ഉത്തരവാദിത്വമാണ് എന്റെ ജോലിയ്ക്ക്.

ഒരു മനുഷ്യൻ, ‘വേദന ഇവിടെ ഉണ്ട് എനിക്ക് വയ്യ’ എന്ന് പറയും, വാഹനങ്ങൾ എന്തേലും മിണ്ടുമോ…എല്ലാം നമ്മൾ അറിഞ്ഞ് ചെയ്യണം. പോരത്തതിന് അവൾക്കൊരു കയ്യബന്ധം പറ്റിയാൽ ഒരു ജീവനേ പോവൂ. ഇവിടെ അതാണോ സ്ഥിതി. ഒരു കുടുംബം തന്നെ മരിച്ചു പോവും. അതാണ് നേരത്തെ പറഞ്ഞത്, ഉത്തരവാദിത്വം അവളേക്കാൾ ഏറെ എനിക്കാണെന്ന്…

അവളെ കുറിച്ച് കൂട്ടിയും കിഴിച്ചും ഇരുന്നപ്പോൾ തന്നെ രണ്ട് ദിവസം പോയി. ഇനി വെറും ഇരുപത്തെട്ട് ദിവസം കൂടിയേ ഉള്ളൂ.

എന്ത് ചെയ്യണം…? എവിടെ തുടങ്ങണം…? എന്നറിയാതെ തല പുകഞ്ഞ് ഇരിക്കുമ്പോൾ, ആദ്യ പടിയെന്ന പോലെ അവൾക്ക് എഫ് ബി യിൽ ഞാനൊരു റിക്വസ്റ്റ് അയച്ചു.

അവൾ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുക മാത്രമല്ല, കൂടെ ഒരു ‘ഹായ്’ ഉം അയച്ചിരിക്കുന്നു എനിക്ക്. ദൈവമേ ഒരു മാസം ഒക്കെ ചോദിച്ചത് മോശമായി, ഇവളെ വളയ്ക്കാൻ രണ്ടീസം മതിയാർന്ന്…

ആത്മഗതം പറഞ്ഞ് തിരിച്ച് ഒരു ഹായ് കൊടുത്തപ്പോൾ തന്നെ മറുപടിയും അതേ വേഗത്തിൽ തിരിച്ചെത്തി. ഹായ്…ചേട്ടാ, ഞാൻ ചേട്ടന് റിക്വസ്റ്റ് അയക്കാൻ ഇരിക്യാർന്ന് അപ്പൊഴാണ് ചേട്ടൻ റിക്വസ്റ്റ് അയച്ചത്.

എനിക്ക് ഒരു കാര്യം പറയാനുണ്ട്…എന്റെ ഫ്രണ്ട് പറഞ്ഞാണ് എനിക്ക് ചേട്ടനെ പരിചയം. എനിക്ക് ഒരു സഹായം ചെയ്യോ…?

സഹായമോ…ഇനി എന്റെ കിഡ്നിയോ ലിവറോ മറ്റോ ചോദിക്കാനാവുമോ…? തെല്ലൊരു ഭയത്തോടെ എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിച്ച്, അവളുടെ മറുപടി വരുന്നതും നോക്കി ഞാൻ കാത്തിരുന്നു.

ചേട്ടാ ഞാൻ ലാലേട്ടന്റെ കട്ട ഫാനാണ്. പുതിയ സിനിമ ലൂസിഫർ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണണം എന്നൊരു ആഗ്രഹം. എന്റെ ഫ്രണ്ട് ധന്യയാണ് പറഞ്ഞത് ചേട്ടൻ വിചാരിച്ചാൽ ടിക്കറ്റ് കിട്ടും, ചേട്ടൻ ലാലേട്ടൻ ഫാൻസിന്റെ ഇവിടുത്തെ പ്രസിഡന്റ് ആണെന്ന്…പ്ലീസ് ചേട്ടാ ഒരു നാല് ടിക്കറ്റ് റെഡിയാക്കി തരാമോ…?

എന്റെ ലാലേട്ടാ ഇങ്ങള് മുത്താണ്. ഈ ടിക്കറ്റിൽ പിടിച്ച് ഞാൻ കേറും. ടിക്കറ്റ് ശരിയാക്കി തരാം…എന്ന എന്റെ മറുപടിയിൽ നാലഞ്ച് ലൗ സ്മൈലി തിരിച്ച് വന്നപ്പോൾ മനസ്സിൽ ഒരു സുഖമൊക്കെ തോന്നി തുടങ്ങി.

അക്കൗണ്ട് നമ്പർ തന്നാൽ അതിലേക്ക് ടിക്കറ്റിന്റെ പണം അയക്കാമെന്ന് അവൾ പറഞ്ഞപ്പോൾ, നമ്മളൊക്കെ ഒരേ നാട്ടുകാരല്ലേ, അതൊന്നും വേണ്ട എന്ന ഡയലോഗിൽ ഒരു ചൂണ്ട ഞാനൊന്ന് എറിഞ്ഞെങ്കിലും സംഭവം ഏറ്റില്ല. നാല് ടിക്കറ്റിന്റെ എണ്ണൂറ് രൂപ സ്വന്തം പോക്കറ്റിൽ നിന്ന് പോയികിട്ടിയതോടെ ഞാൻ കൃതാർത്ഥനായി.

ലൂസിഫറിന്റെ ആദ്യ ഷോയ്ക്ക് രാവിലെ വെള്ള ഷർട്ടും വെള്ള മുണ്ടും മടക്കി കുത്തി തൃശ്ശൂർ രാഗം തിയേറ്ററിന് മുൻപിലങ്ങനെ നില്ക്കുമ്പോഴാണ്, എന്റെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങുവാൻ അവളും, മൂന്ന് കൂട്ടുക്കാരികളും കൂടി എന്റെ അടുത്തേയ്ക്ക് വന്നത്…

അവളെ ഇത്ര അടുത്ത് കാണുന്നത് ആദ്യമാണ്, വെറുതെയല്ല ചക്കയിൽ ഈച്ച പൊതിയുന്ന പോലെ ഇവൾക്ക് ചുറ്റും ആൺപിള്ളേർ വരുന്നത്. എജ്ജാതി ഭംഗിയാ…

ചേട്ടാ, ടിക്കറ്റ്…

എന്റെമ്മോ…ഓൾടെ ശബ്ദം, തിയേറ്ററിന് മുൻപിൽ പൊടിപൊടിക്കുന്ന ശിങ്കാരിമേളത്തിന്റെ ഒച്ചപോലും ചെവിയിൽ കേൾക്കുന്നില്ല. എന്താ ഇപ്പൊ പറയാ,
എഫ് എം ല് രാത്രി പ്രോഗ്രാമുകളിൽ ഒരു സ്വീറ്റ് വോയ്സിൽ ഒരു ചേച്ചി സംസാരിക്കൂലേ…ഏറെക്കുറേ അത്പോലെ…

ഭംഗിയുള്ള പെൺകുട്ടികൾക്ക് നല്ല ശബ്ദം ഉണ്ടാവില്ല. നല്ല ശബ്ദത്തിനുടമയായ പെൺകുട്ടികളെ കാണാനും ചന്തം ഉണ്ടാവൂല…അവൾക്ക് ഇത് രണ്ടും ഒത്ത് വന്നിരിക്കുന്നു.

പന്തയത്തിന്റെ പുറത്താണ്, ഇവളോട് അടുത്തതെങ്കിലും ഇപ്പൊ എന്തോ ഒരു പ്രത്യേക ഇഷ്ടമൊക്കെ ഉള്ളിന്റെ ഉള്ളിൽ തോന്നുന്നു. സിനിമയെ കുറിച്ചും, ലാലേട്ടന്റെ മാസ്മരിക അഭിനയത്തെ കുറിച്ചും അവൾ മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു.

ഇഷ്ടമുള്ള വിഷയമായതിനാൽ ഞാനും കട്ടയ്ക്ക് കൂടെ പിടിച്ചു. പഠിപ്പിനെക്കുറിച്ചും, ഫാമിലിയെ കുറിച്ചും അങ്ങനെയങ്ങനെ സൂര്യന് താഴെയുള്ള എന്തും ഞങ്ങൾക്കിടയിൽ സംസാരവിഷയമായി.

ദിവസങ്ങൾ പോകവെ, നല്ലൊരു സൗഹൃദത്തിലേക്ക് ഞങ്ങൾ എത്തി കഴിഞ്ഞിരുന്നു. ഞാൻ പോലും അറിയാതെ മനസ്സിൽ ഉടലെടുത്ത അവളോടുള്ള എന്റെ പ്രണയം എങ്ങിനെ അവൾക്ക് മുൻപിൽ അവതരിപ്പിക്കും എന്നതായിരുന്നു എന്നെ കുഴപ്പിച്ചിരുന്ന പ്രശ്നം.

അമല ഹോസ്പിറ്റലിൽ ഒരു പ്രൊജക്റ്റിനായി വരുന്നുണ്ട്. എന്തേ വരുന്നോ…?

അവളുടെ മെസ്സേജ് കണ്ടതും, രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന പോലെയായി. തീർച്ചയായും വരും…എന്ന എന്റെ മറുപടിയിൽ ഒരിക്കൽ കൂടി ലൗ സ്മൈലികൾ എന്റെ ഇൻബോക്സിലേക്ക് പറന്നെത്തി.

ഹോസ്പിറ്റൽ കാന്റീനിൽ വെയ്റ്റ് ചെയ്യാൻ അവൾ പറഞ്ഞത് കൊണ്ട്, സമയം പോവാൻ ഒരു പഴംപൊരി ഓർഡർ ചെയ്യ്ത്, അതിനെ പേപ്പറും കൂട്ടി ഞെക്കി തുറിപ്പിച്ച് പഴംപൊരിയിലെ എണ്ണ കളഞ്ഞ്, വായിൽ വെക്കാൻ തുടങ്ങിയതും കൊമ്പും കുഴലും കഴുത്തിലിട്ട് അവൾ എനിക്ക് നേരെയുള്ള കസേരയിൽ വന്നിരുന്നു.

നല്ല വിശപ്പ് എന്ന് പറഞ്ഞ് പ്ലേറ്റിലെ പഴപൊരി അവൾ എടുത്ത് തിന്നു. ആ സമയം അവൾ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

ഒട്ടും സമയം ഇല്ല, പന്തയത്തിൽ പറഞ്ഞ ഒരു മാസം തികയുന്ന ദിവസം ഇന്നാണ്. കുപ്പി വാങ്ങാൻ പോവുന്നില്ലേ…?

അവളുടെ ചോദ്യം കേട്ട്, മുകളിൽ ആടിയാടി കറങ്ങുന്ന ഫാൻ എന്റെ തലയിൽ പൊട്ടിവീണ് ഞാനൊന്ന് ചത്താൽ മതിയാർന്നു എന്ന് തോന്നിപ്പോയി…

നീയും എല്ലാം അറിഞ്ഞു വെച്ചോണ്ടായിരുന്നു, എന്നോട് ഇഷ്ടം ഉള്ളത് പോലെ നടിച്ചത് അല്ലേ…എന്റെ മറുചോദ്യത്തിന് അല്പം തോൾ ചെരിച്ച് അവൾ മറുപടി പറഞ്ഞു.

സംശയം കൊള്ളാം അച്ചായോ…പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്…തന്റെ തന്തയല്ല എന്റെ തന്ത…

അവൾ നൈസായി എനിക്കിട്ട് താങ്ങിയെങ്കിലും തെറ്റ് എന്റെ ഭാഗത്ത് ആയത് കൊണ്ടും, ആ ഡയലോഗിൽ എനിക്ക് പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ നിഴലിക്കുന്നതുകൊണ്ടും, ഞാനൊന്നും മിണ്ടിയില്ല.

റോഡിലൂടെ പോവുമ്പോഴും വരുമ്പോഴും, എന്നെ കണ്ണെടുക്കാതെ നോക്കുന്ന ആൺപിള്ളേരിൽ നിന്ന്, ഇവൾക്ക് ഇതിനും മാത്രം എന്താ ഉള്ളതെന്ന പുച്ഛമുഖഭാവത്തിൽ ഇരിക്കുന്ന നിങ്ങളെ ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ ടിക്കറ്റ് ചോദിക്കാൻ നിന്ന ആളും നിങ്ങളും ഒന്നാണെന്ന് പിന്നെയാണ് മനസ്സിലായത്.

വീട് വിട്ടാൽ കോളേജ്, കോളേജ് കഴിഞ്ഞാൽ വീട്. അങ്ങനെ എവിടെയും പോവാത്ത ഞങ്ങൾ പെൺകുട്ടികളുടെ നെറ്റ് വർക്കിനെ കുറിച്ച് നിങ്ങൾ ബോയ്സിന് ഒന്നും അറിയില്ല. ഞങ്ങൾ എല്ലാം അറിയും…എല്ലാം…

ഇപ്പൊ ഇവിടെ എന്നെ കാണുവാൻ വന്നത്, വെറും പന്തയത്തിന്റെ പുറത്തല്ല എന്ന് എനിക്ക് അറിയാം, മനുഷ്യന്റെ ഹൃദയം തുറന്ന് നോക്കി ചികിത്സിക്കുന്ന എനിക്ക് ഒരാളുടെ യഥാർത്ഥ പ്രണയത്തെ അയാളുടെ കണ്ണിൽ നോക്കി തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് കൂട്ടിക്കോ…

അപ്പൊ എങ്ങിനാ അച്ചായാ കാര്യങ്ങൾ…നമുക്ക് രണ്ടാൾക്കും കൂടി അതങ്ങ് പോയി മേടിച്ചാലോ…? അപ്പന്റെ കൂടെ ഇരുന്ന് കഴിച്ചിട്ടുണ്ടെങ്കിലും എന്നെക്കാൾ പഴക്കം ചെന്ന മദ്യം ഞാൻ കഴിച്ചിട്ടില്ല.

ഒരു പെഗ്ഗ് അടിക്കുമ്പോൾ തന്നെ ഞാൻ ഫിറ്റാവും അച്ചായാ…താങ്ങി നിർത്തുവാൻ അച്ചായന്റ തോളുണ്ടെങ്കിൽ ഞാൻ രണ്ടെണ്ണം അടിക്കും…

ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ഇരിക്കുന്ന എന്നെ ‘പാവം എന്റെ അച്ചായൻ പേടിക്കണ്ടാട്ടോ’, എന്ന് പറഞ്ഞ് എന്റെ കവിളിൽ പിച്ചുന്ന ഇവളെ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം പിടികിട്ടി.

സത്യത്തിൽ ഇവളെ ഞാനല്ല, ഇവൾ എന്നെയാണ് വളച്ചൊടിച്ച് കുപ്പിയിലാക്കിയതെന്ന്…