കോപം…
രചന : അപ്പു
::::::::::::::::::::::::::
” ഡാ.. നീ രാവിലെ തന്നെ എങ്ങോട്ടാ..? “
രാവിലെ കുളിച്ചു വേഷവും മാറി വീട്ടിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്ന് അമ്മ വിളിച്ചു ചോദിക്കുന്നത് കിഷോർ കേൾക്കുന്നത്. അത് കേട്ടപ്പോൾ തന്നെ അവനു വല്ലാതെ ദേഷ്യം വന്നു.
” ഞാൻ എങ്ങോട്ട് പോയാൽ നിങ്ങൾക്കെന്താ..? “
തിരിഞ്ഞ് നിന്ന് കലിപ്പോടെ അവരോട് ചോദിച്ചു. അത് കേട്ടപ്പോൾ അവർക്ക് ആകെ വല്ലായ്മ തോന്നി.
” നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..? നിന്നോട് ഞാൻ അനാവശ്യം ആയി ഒന്നും ചോദിച്ചില്ലല്ലോ..? “
അവർ പരമാവധി ശാന്തമായിട്ടാണ് ചോദിച്ചത്.
” എനിക്കിപ്പോൾ ദേഷ്യപ്പെടാൻ ആണ് തോന്നിയത്. ഞാൻ അത് ചെയ്യുകയും ചെയ്തു. “
പുച്ഛത്തോടെ മകൻ പറഞ്ഞത് കേട്ടപ്പോൾ അവർക്ക് ആകെ ഒരു വല്ലായ്മ തോന്നി.
” ഈ ദേഷ്യം നല്ലതിനല്ല മോനെ.. അത് നിന്റെ നാശത്തിലെ ചെന്ന് നിൽക്കൂ.. “
” എങ്കിൽ ഞാൻ അങ്ങ് സഹിച്ചു.”
അമ്മയുടെ ദേഷ്യപ്പെട്ടു കൊണ്ട് അവൻ മുറിയിൽ നിന്നിറങ്ങി പുറത്തേക്കു നടന്നു.അമ്മ എന്തൊക്കെ വിളിച്ചു പറഞ്ഞിട്ടും ശ്രദ്ധിക്കാതെ അവൻ തന്റെ കൂട്ടുകാരുടെ അടുത്തേക്കാണ് പോയത്.
അവൻ എത്തുമ്പോൾ അവന്റെ മറ്റു കൂട്ടുകാർ ഒക്കെയും ഉണ്ടായിരുന്നു അവിടെ. എല്ലാവരും കൂടി സ്ഥിരമായി ഒത്തുകൂടുന്നത് ഒരു ആൽത്തറയിൽ ആണ്.
ആ കൂട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവർ ആരും സ്ഥിരമായി ജോലിക്ക് പോകാറില്ല എന്നുള്ളതായിരുന്നു. അഥവാ പോയാൽ തന്നെ കിട്ടുന്ന പണം അവർ തന്നെ ചെലവാക്കി കളയുകയാണ് പതിവ്.
കള്ളുകുടിയും കഞ്ചാവും ഒക്കെയായി അവർക്കില്ലാത്ത ദുശീലങ്ങൾ ഒന്നുമില്ല എന്നാണ് നാട്ടുകാർ പറയാറ്. അതിൽ പകുതിയും സത്യമാണ് താനും.
ജോലി ഇല്ലാത്ത ദിവസങ്ങളിലൊക്കെ നാലുപേരും കൂടി ഈ ആൽത്തറയിൽ ഒത്തു കൂടാറുണ്ട്.
” എടാ കിഷോറെ.. നീ ഇന്ന് ലേറ്റ് ആയത് എന്താ..? “
നന്ദു ചോദിച്ചപ്പോൾ കിഷോർ ആൽത്തറയിലേക്ക് കയറിയിരുന്നു.
” ഞാൻ ഇറങ്ങാൻ നേരം അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ ദേഷ്യം നല്ലതല്ല എന്നൊക്കെ പറഞ്ഞ് ഒരു ലോഡ് ഉപദേശം. അതൊക്കെ കഴിഞ്ഞ് വന്നപ്പോൾ ലേറ്റ് ആയതാണ്. “
അവൻ പുച്ഛഭാവത്തിൽ പറഞ്ഞപ്പോൾ നന്ദു അവനെ തറപ്പിച്ചു നോക്കി.
” അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്..? നിന്നോട് പലപ്പോഴും ഞാനും പറഞ്ഞിട്ടുള്ളതാണ് ഇതേ കാര്യം. “
നന്ദു കൂടി പറഞ്ഞപ്പോൾ കിഷോർ കൈകൊണ്ട് അവനെ തൊഴുതു.
” ഇനി നിന്റെ ഉപദേശം കൂടി ഞാൻ താങ്ങില്ല. അല്ലെങ്കിലും പണ്ടുമുതലേ നിനക്ക് ഈ ഉപദേശങ്ങൾ ഒക്കെ ഉള്ളതാണ്. “
കിഷോർ പറഞ്ഞപ്പോൾ മറ്റു കൂട്ടുകാർ പൊട്ടി ചിരിച്ചു. അത് ദേഷ്യം വന്നതു കൊണ്ട് തന്നെ നന്ദു പിന്നീട് ഒന്നും സംസാരിക്കാൻ നിന്നില്ല.
“ഇന്നിനി എന്താ പരിപാടി..?”
കിഷോർ മറ്റു രണ്ടു പേരോടുമായി ചോദിച്ചു.
“നമുക്കൊരു സിനിമയ്ക്ക് പോയാലോ..? പുതിയത് ഒരെണ്ണം റിലീസ് ആയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. സിനിമയും കണ്ടു ടൗണിൽ ഒക്കെ ഒന്ന് കറങ്ങിയിട്ട് വരാം.”
അഭി പറഞ്ഞു.
അത് കിഷോറിനും താല്പര്യമായി.
എന്തുവേണമെന്ന് അറിയാൻ കിഷോർ മറ്റു രണ്ടു കൂട്ടുകാരെയും നോക്കി. അവർക്കും പ്രത്യേകിച്ച് താല്പര്യക്കുറവൊന്നും കണ്ടില്ല.നേരത്തെ ഉണ്ടായിരുന്ന സംസാരത്തിന്റെ ഫലമായി നന്ദുവിന്റെ മുഖം ഇത്തിരി വീർത്തിരുന്നു എന്നല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
നാലുപേരും കൂടി രണ്ടു ബൈക്കുകളിലായി ടൗണിലേക്ക് തിരിച്ചു. നന്ദുവും കിഷോറും ഒരു ബൈക്കിലും അഭിയും കണ്ണനും ഒരു ബൈക്കിലും. സാധാരണ എല്ലായിപ്പോഴും അങ്ങനെ തന്നെയാണ് അവരുടെ യാത്ര.
ഇടയ്ക്ക് വണ്ടിയോടിക്കുന്ന ആളു മാറും എന്നല്ലാതെ, അവരുടെ ഈ പെയറിംഗ് എല്ലായിപ്പോഴും ഒരുപോലെയാണ്.
“എടാ എന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ..? ഞാൻ ഇങ്ങനെയൊക്കെയാണ്. ഇതിൽ അത്ര പെട്ടെന്ന് ഒന്നും മാറ്റം വരില്ല.”
ബൈക്ക് കുറച്ചു ദൂരം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞപ്പോൾ കിഷോർ നന്ദുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.
അത് കേട്ടിട്ടും കേൾക്കാത്ത രീതിയിൽ ഇരുന്ന് വണ്ടിയോടിക്കുകയായിരുന്നു നന്ദു.
“എടാ നീ എന്തെങ്കിലും ഒന്നു പറയൂ.”
വീണ്ടും വീണ്ടും പറഞ്ഞപ്പോൾ നന്ദു വണ്ടി ഒരു ഓരത്തേക്ക് ചേർത്ത് നിർത്തി.
” നീ മനസ്സിലാക്കാൻ വേണ്ടി ഞാൻ ഒരു കാര്യം പറയാം. നിന്റെ ഈ സ്വഭാവം നല്ലതാണ് എന്ന് നീ വിചാരിക്കുന്നുണ്ടോ..? എന്തു പറയുമ്പോഴും ചാടി കടിക്കുന്ന നിന്റെ ഈ സ്വഭാവം എവിടെയെങ്കിലും ഒരു ആപത്തിലെ ചെന്ന് നിൽക്കൂ.എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ലല്ലോ..!”
നന്ദു പറയുന്നത് കേൾക്കുമ്പോൾ കിഷോറിന് ദേഷ്യം തോന്നുന്നുണ്ടായിരുന്നു.
“നിന്റെ ഈ ഉപദേശമാണ് എനിക്ക് സഹിക്കാത്തത്.ഞാൻ ഇത്രയും നാളും ഇങ്ങനെ തന്നെ ആയിരുന്നില്ലേ..? എന്നിട്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചോ..? ഇല്ലല്ലോ.. അപ്പോൾ പിന്നെ ഇനിയും ഞാൻ ഇങ്ങനെ തന്നെയായിരിക്കും. എനിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പിന്നെ നീ പറയുന്നതു പോലെ എന്നെ ആരെങ്കിലും ഉപദ്രവിക്കും എന്നാണെങ്കിൽ.. എന്റെ കൈ മാങ്ങാ പറിക്കാൻ ഒന്നും പോകുന്നില്ല. ഞാനും തിരിച്ചു നല്ലതു കൊടുക്കും..”
അത്രയും പറഞ്ഞു ദേഷ്യത്തോടെ കിഷോർ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി. അവൻ ശ്രദ്ധിക്കാതെ ഇറങ്ങിയത് കൊണ്ട് തന്നെ തൊട്ടടുത്തു കൂടി പോരുന്ന ബൈക്കിലെ ആളുകളുടെ ശരീരത്തിൽ അവന്റെ കാലു തട്ടിയിരുന്നു.
അതുകൊണ്ട് അവർ ബൈക്ക് നിർത്തുകയും ചെയ്തു.
“ഒന്ന് ശ്രദ്ധിച്ചിട്ട് ഒക്കെ ഇറങ്ങണ്ടേ ചേട്ടാ.. വേറെയും വണ്ടികൾ പോകുന്ന റോഡല്ലേ..”
ബൈക്കിലിരുന്ന പയ്യന്മാർ ചിരിച്ചു കൊണ്ട് കിഷോറിനോട് പറഞ്ഞു.
“നിന്റെയൊന്നും അപ്പന്റെ വക അല്ലല്ലോ റോഡ്.. ഞാൻ എനിക്കിഷ്ടമുള്ള പോലെ ചെയ്യും. നിന്റെ കാര്യം നോക്കി പോകാൻ നോക്ക്..”
കിഷോർ ദേഷ്യപ്പെട്ടപ്പോൾ ആ പയ്യന്മാർ പരസ്പരം നോക്കി.
“നിങ്ങൾ പൊയ്ക്കോ.. അവൻ ഇത്തിരി ദേഷ്യത്തിലാണ്..”
നന്ദു പറഞ്ഞപ്പോൾ ആ പയ്യന്മാർ അവനെ നോക്കി.
“ദേഷ്യത്തിൽ ആണെന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ ചേട്ടാ.. ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തെങ്കിലും ആപത്ത് വന്നാൽ..? “
ആ പയ്യന്റെ ചോദ്യം കിഷോറിന് ഇഷ്ടപ്പെട്ടില്ല.
“എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്കെന്താടാ..? നിനക്ക് നഷ്ടമൊന്നുമില്ലല്ലോ.. നീ എന്റെ അമ്മായിയുടെ മോൻ ഒന്നുമല്ലല്ലോ എനിക്കെന്തെങ്കിലും പറ്റിയാൽ ഉടനെ വിഷമിച്ചിരിക്കാൻ..”
അവന്റെ അടുത്തേക്ക് ചെന്നുകൊണ്ട് കിഷോർ ചോദിച്ചപ്പോൾ അവനും കിഷോറിന്റെ പ്രവർത്തി ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
” ചേട്ടൻ വെറുതെ അലമ്പാക്കാതെ പോവാൻ നോക്കിയേ.. “
അതും പറഞ്ഞു ആ പയ്യൻ വണ്ടി സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങുമ്പോഴേക്കും കിഷോർ വണ്ടിയുടെ താക്കോൽ കൈക്കലാക്കിയിരുന്നു.
“ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് ഇനി ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് പോയാൽ മതി.”
അതും പറഞ്ഞ് ആ പയ്യന്റെ മുഖത്തിട്ട് ഒന്ന് കൊടുക്കുകയാണ് കിഷോർ ചെയ്തത്.
നന്ദു എത്രയൊക്കെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കിഷോർ തുടർന്നു കൊണ്ടേയിരുന്നു. അതോടെ ആ പയ്യന്മാരും തിരിച്ച് കിഷോറിനെ അടിക്കാൻ തുടങ്ങി.
നിമിഷ നേരത്തിനുള്ളിൽ അതൊരു കൂട്ടത്തല്ലായി മാറി എന്ന് തന്നെ പറയാം.
അതിനിടയിൽ ആ വഴി വന്ന മറ്റൊരു ബൈക്കുകാരൻ ദേഷ്യത്തോടെ അവരുടെ അടുത്ത് വണ്ടി നിർത്തി.
“എന്തോന്നാടാ റോഡിൽ ഒരു ബഹളം..?”
വണ്ടി അവിടെ നിർത്തിക്കൊണ്ട് അയാൾ അന്വേഷിച്ചപ്പോൾ, കിഷോർ അവനെ തുറിച്ച് നോക്കി.
” നിന്നോട് ആരേലും എന്തേലും ചോദിച്ചോടാ **********”
അതും പറഞ്ഞു കിഷോർ അവനു നേരെ പാഞ്ഞടുത്തു. ദേഷ്യം സഹിക്ക വയ്യാതെ ബൈക്ക് യാത്രക്കാരൻ അരയിൽ നിന്ന് കത്തി ഊരിയെടുത്ത് കിഷോറിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി.
നിർത്താതെ ചോര ചീറ്റി ഒഴുകുമ്പോൾ,ബൈക്ക് യാത്രക്കാരൻ അവനെ ഒരു പുച്ഛത്തോടെ നോക്കി കൊണ്ട് ബൈക്ക് ഓടിച്ചു പോയി.
“കിഷോറെ…”
എന്നൊരു അലർച്ചയോടെ നന്ദു തന്റെ അടുത്തേക്ക് ഓടി അടുക്കുന്നത് തന്റെ കണ്ണുകൾ അടഞ്ഞു പോകുന്നതിനു മുൻപ് കിഷോർ കണ്ടു.
നന്ദുവിനോടൊപ്പം അവന്റെ അക കണ്ണിൽ തെളിഞ്ഞ മറ്റൊരു മുഖം അവന്റെ അമ്മയുടേതായിരുന്നു..!