ഈ കഴിഞ്ഞയാഴ്ച ഞാൻ കുഞ്ഞിന് പാല് കൊടുത്ത് കൊണ്ട് കട്ടിലിൽ കിടന്ന് അറിയാതെ ഒന്ന് മയങ്ങിപ്പോയി.

രചന: സജി തൈപറമ്പ്

::::::::::::::::::::::::

ചേച്ചി.. രാവിലെ കുഞ്ഞിനെ കുളിപ്പിക്കുവാണോ

അല്ലടാ.. ഞാൻ മീൻ വെട്ടി തേച്ച് കഴുകുവാ ,നിനക്ക് എന്താ കാണാൻ പാടില്ലേ?

അങ്ങേതിലെ ആനി ചേച്ചിയുടെ മോൻ സാജനായിരുന്നു,ഞാൻ കുഞ്ഞിനെ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ കുശലം ചോദിക്കാൻ വന്നത്.

അല്ലേലും അവന് ഇത്തിരി ഇളക്കം കൂടുതലാ , ഞാൻ തുണി കഴുകി കൊണ്ടിരിക്കുമ്പോഴും, കല്ലിൽ അരയ്ക്കുമ്പോഴുമൊക്കെ, അടുത്ത് വന്ന് നില്ക്കുo, എന്നിട്ട് ഒരു വല്ലാത്ത നോട്ടമാ എന്റെ നേരെ, എനിക്ക് തീരെ ഇഷ്ടമല്ല ആ അസത്തിനെ.

നിനക്കിന്ന് സ്കൂളിൽ പോകണ്ടേ

ങ്ഹാ പോണം ചേച്ചീ

എന്നാൽ സമയം കളയാണ്ട് പോകാൻ നോക്ക്

അവനോട് പറഞ്ഞിട്ട് ഞാൻ കുഞ്ഞിനെയും കൊണ്ട് അകത്ത് കയറി പോയി.

അഞ്ചാറ് കൊല്ലം മുമ്പ് ഞാൻ ഈ വീട്ടിലേക്ക് കല്യാണം കഴിഞ്ഞ് വരുമ്പോഴേ ഇവിടെ കേറിയിറങ്ങി നടക്കുന്നവനായിരുന്നു സാജൻ

അന്നേ കുറച്ച് അമിതസ്വാതന്ത്ര്യത്തോടെയായിരുന്നു അവന്റെ പെരുമാറ്റം

ഞാനും ഹരിയേട്ടനും സല്ലപിച്ചിരിക്കുമ്പോഴൊക്കെ, സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ പോലെ അവൻ വന്ന് ഞങ്ങളുടെ കൂടെയിരിക്കുമായിരുന്നു.

അന്നേ അവനെ എനിക്കിഷ്ടമല്ലായിരുന്നു.

ഇപ്പോൾ അവന്റെ വഷളത്തരം കുറച്ച് കൂടിയിട്ടുണ്ട്.

ടി വി കാണുന്ന പേരും പറഞ്ഞ് വന്നിട്ട് ,എന്റെ ദേഹത്ത് അനാവശ്യമായി മുട്ടിയുരുമ്മി നടക്കും.

ഈ കഴിഞ്ഞയാഴ്ച ,ഞാൻ കുഞ്ഞിന് പാല് കൊടുത്ത് കൊണ്ട് കട്ടിലിൽ കിടന്ന് അറിയാതെ ഒന്ന് മയങ്ങിപ്പോയി.

എന്തോ നിലത്ത് വീണ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്.

അപ്പോൾ അവൻ മുറിയിൽ വായും പൊളിച്ച് നില്ക്കുന്നു.

എന്താടാ.. എന്ത് കാണാനാ നീ ഇതിനകത്തോട്ട് വന്നത്

കുഞ്ഞിനെ,നെഞ്ചത്തുന്നു വിടർത്തി മാറ്റിയിട്ട്, നെറ്റിയുടെ ഹുക്കുകൾ നേരെ ഇട്ടു കൊണ്ട് ഞാനവനോട് ചോദിച്ചു

അത് ചേച്ചീ.. ഞാൻ പിന്നെ,ഇവിടെ വെള്ളിമൂങ്ങയുടെ സിഡി ഇരിപ്പുണ്ടോന്ന് നോക്കാൻ വന്നതാ

പിന്നേ … നിന്റെയൊരു വെള്ളിമൂങ്ങാ,ഇറങ്ങിപ്പോടാ ഇതിനകത്തുനിന്ന്,ഇല്ലെങ്കിൽ ആനിചേച്ചിയെ വിളിച്ച് ഞാൻ നിന്റെ വഷളത്തരങ്ങളൊക്കെ പറഞ്ഞ് കൊടുക്കും

അയ്യോ ചേച്ചീ.. വേണ്ട ഞാൻ ദേ പോകുവാ

എന്താടീ സ്‌നേഹേ.. നിനക്ക് ആ കൊച്ചനോടിത്ര വൈരാഗ്യം ,അത് പണ്ട് മുതലേ ഈ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായിരുന്നു

അവന് വക്കാലത്തുമായി ഹരിയേട്ടന്റെ അമ്മ അപ്പോഴേക്കും അങ്ങോട്ട് വന്നു.

എൻറമ്മേ … അവനിപ്പോൾ പഴയ ബാലനല്ല,പത്ത് പതിനഞ്ച് വയസ്സുള്ള കൗമാരക്കാരനാ ഈ പ്രായത്തിൽ പലതിനെക്കറിച്ചും ജിജ്ഞാസ തോന്നും ,അത് കൊണ്ട് തന്നെ കുറച്ച് അകറ്റി നിർത്തുന്നതാണ് നല്ലത്

പിന്നേ .. നീ പറയുന്നത് പോലൊന്നുമില്ല ,ആ കൊച്ചൻ ഈ മുറിയിലേക്കല്ലേ വന്നത് ,അല്ലാതെ, കുളിമുറിയിലേക്കൊന്നുമല്ലല്ലോ?ഇനി ആനിയോട് ചെന്ന് ആകൊച്ചൻ എന്ത്പറയുമോ ആവോ?

അമ്മയ്ക്ക് അതായിരുന്നു വേവലാതി,കാരണം ആ നാട്ടിലെ സകലമാന അവിഹിത കഥകളും അമ്മയുടെ ചെവിയിൽ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പുന്നത്, ആനിച്ചേച്ചി ആയിരുന്നു.

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച്ച അയൽക്കൂട്ടത്തിന്റെ മീറ്റിങ്ങിന് പോകാൻ വേണ്ടി, മുറ്റത്തെ ബാത്റൂമിൽ,കുളിക്കാൻ കയറിയ എന്റെ അമ്മായി അമ്മ, ഒറ്റമുണ്ട് മാറിൽ ചുറ്റിപ്പിടിച്ചോണ്ട് വീട്ടിനകത്തേയ്ക്ക്, ഓടി കയറി വന്നു.

എന്താമ്മേ.. എന്ത്പറ്റി

എടീ സ്നേഹേ.. നീ പറഞ്ഞത് സത്യമായിരുന്നെടീ, ഞാൻ ബക്കറ്റീന്ന് വെള്ളം കോരി,തല വഴി ഒഴിച്ചിട്ട് ,ജനൽ പടിയിലിരുന്ന സോപ്പെടുക്കാൻ വേണ്ടി നോക്കുമ്പോൾ, അപ്പുറത്തെ വീടിന്റെ ടെറസ്സിൽ നിന്നോണ്ട് ,ആ കൊച്ചൻ എത്തി നോക്കുന്നു ,കള്ളപ്പൊ ….. മോൻ ,അവന്റെ അസുഖം ഞാനിന്ന് തീർക്കുന്നുണ്ട്, ഞാൻ പോയി ആനിയെ ഒന്ന് കണ്ടിട്ട് വരട്ടെ

അതും പറഞ്ഞ് നൈറ്റിയെടുത്തിട്ടോണ്ട് അമ്മ അപ്പുറത്തേക്ക് പാഞ്ഞു.

മ്ഹും ,അപ്പോൾ കൊള്ളേണ്ടിടത്ത് കൊള്ളുമ്പോൾ വേദനിക്കുവല്ലേ?

ആ പോക്ക് കണ്ട് ,ഞാൻ മനസ്സിൽ പറഞ്ഞു.