അങ്ങനെ ഞങ്ങൾക്ക് പ്ലാനിങ് ഒന്നുമില്ല അമ്മേ. ദൈവം തന്നാൽ അല്ലേ ഞങ്ങൾക്ക് കൈനീട്ടി സ്വീകരിക്കാൻ പറ്റൂ

രചന : അപ്പു

::::::::::::::::

” എന്നാലും സരോജിനി ചേച്ചീടെ ഒരു അവസ്ഥ നോക്കണേ.. കൊച്ചു മക്കളെ കളിപ്പിച്ചു ഇരിക്കാനുള്ള സമയം ആണ്.. എന്നിട്ടും അതിനുള്ള യോഗം ഇല്ല. “

സങ്കടം കലർത്തി അമ്മിണി പറയുമ്പോൾ സരോജിനി അവരെ ഒന്ന് നോക്കി.

” കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നൊന്നര വർഷമായില്ലേ ചേച്ചി..? ചേച്ചിക്ക് അവരോട് ചോദിച്ചു കൂടെ, ഒരു ട്രീറ്റ്മെന്റ് എങ്കിലും എടുക്കാൻ പറയാമല്ലോ.. “

അമ്മിണിയമ്മ വീണ്ടും പറയുന്നുണ്ട്. അപ്പോഴും സരോജിനി മൗനമായി അവരെ നോക്കിയതേയുള്ളൂ.

” ഇനി ആ പെണ്ണിന് എന്തെങ്കിലും കുഴപ്പമുള്ളതു കൊണ്ടാണോ കൊച്ചുങ്ങൾ ഒന്നും ഉണ്ടാകാത്തത്..? അവൾക്കാണെങ്കിൽ അതിന്റെ പാരമ്പര്യവും ഉള്ളതാണല്ലോ.. അവളുടെ ഒരു വലിയമ്മയ്ക്ക് കൊച്ചുങ്ങൾ ഒന്നുമില്ല. അവരുടെ കുഴപ്പം കൊണ്ടാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇനി ഇവൾക്ക് ആ പാരമ്പര്യം വല്ലതും കിട്ടിയതാണോ എന്ന് ആർക്കറിയാം..? അങ്ങനെ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഏതെങ്കിലും ഒരു ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. അവൾക്കാണ് പ്രശ്നം എന്നുണ്ടെങ്കിൽ അവളെ ഒഴിവാക്കിയിട്ട് നമ്മുടെ ചെറുക്കന് വേറൊരു പെണ്ണിനെ നോക്കണം. ഇവിടെ സരോജിനിയമ്മയ്ക്ക് ആണും പെണ്ണും ആയിട്ട് ആകെ അവൻ ഒരുത്തൻ അല്ലേ ഉള്ളൂ.. അപ്പോൾ അവനിലൂടെ പരമ്പര നിന്നു പോകാതെ നോക്കേണ്ടത് സരോജിനി അമ്മയുടെ ഉത്തരവാദിത്വമാണ്. അതിന് ഇങ്ങനെ മൗനം പാലിച്ചിരുന്നിട്ട് കാര്യമില്ല. അവരോട് സംസാരിക്കണം. “

സരോജിനിയമ്മയോട് അമ്മിണിയമ്മ തനിക്ക് കഴിയാവുന്ന രീതിയിലൊക്കെ പറയുന്നുണ്ടായിരുന്നു. അതിൽ ഏതൊക്കെയോ വാചകങ്ങൾ സരോജിനി അമ്മയുടെ മനസ്സിൽ തറക്കുകയും ചെയ്തു.

” നീ പറയുന്നതു പോലെ ഇത് പാരമ്പര്യം വല്ലതും ആകുമോ..?”

ചെറിയൊരു ഭയത്തോടെ സരോജിനിയമ്മ ചോദിച്ചപ്പോൾ അമ്മിണി അമ്മയ്ക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി. താൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് കാര്യങ്ങൾ വന്നെത്തുന്നുണ്ട് എന്നൊരു തോന്നൽ.

” അങ്ങനെ എത്രയോ സ്ഥലങ്ങളിൽ ഉണ്ടായിരിക്കുന്ന ചേച്ചി.. ഇതൊക്കെ നോക്കിയിട്ട് വേണ്ടേ കല്യാണം നടത്താൻ..? നിങ്ങളുടെ കല്യാണാലോചനയുടെ കാര്യം ഞാൻ അറിഞ്ഞിരുന്നെങ്കിൽ അന്ന് തന്നെ ഞാൻ ഈ കാര്യങ്ങളൊക്കെ പറഞ്ഞേനെ.പക്ഷേ നിങ്ങൾ അതൊന്നും പറയാതെ മറച്ചു വച്ചതല്ലേ..? “

അതിൽ ചെറിയൊരു കുറ്റപ്പെടുത്തൽ കൂടിയുണ്ടായിരുന്നു.

” എന്തായാലും അവനും അവളും ഇന്ന് ഇങ്ങോട്ട് വരട്ടെ. ഈ കാര്യത്തിലൊക്കെ ഒരു തീരുമാനം ഉണ്ടാക്കണം. “

എന്തൊക്കെയോ തീരുമാനം ഉറപ്പിച്ചതു പോലെ സരോജിനി പറഞ്ഞു. അത് കേട്ട് സന്തോഷത്തോടെ അമ്മിണിയമ്മ തന്റെ വീട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു.

വൈകുന്നേരം മോനും മരുമകളും ജോലി കഴിഞ്ഞ് വന്നപ്പോൾ ചായയുമായി സരോജിനി ഡൈനിങ് ടേബിളിലേക്ക് എത്തി.

ചായ പകർന്നു കൊടുത്തിട്ടും സരോജിനി അമ്മയുടെ മുഖം പതിവില്ലാതെ ഗൗരവത്തിൽ ആയിരിക്കുന്നത് മോള് ശ്രദ്ധിച്ചു.

“അമ്മയ്ക്ക് എന്തുപറ്റി..? എന്തെങ്കിലും അസുഖമുണ്ടോ..? അമ്മയുടെ മുഖത്ത് എന്തൊക്കെയോ സങ്കടങ്ങൾ കാണാനുണ്ടല്ലോ..”

അവൾ അത് പറഞ്ഞപ്പോഴാണ് മോനും അമ്മയെ ശ്രദ്ധിക്കുന്നത്.

“ശരിയാണല്ലോ.. അമ്മയ്ക്ക് എന്തുപറ്റി..?”

അവനും ആശങ്കയോടെ ചോദിച്ചു.

” എനിക്ക് നിങ്ങളോട് രണ്ടുപേരോടും കുറച്ചു സീരിയസ് ആയി തന്നെ സംസാരിക്കാനുണ്ട്.’

ഗൗരവത്തോടെ അമ്മ പറഞ്ഞപ്പോൾ അവർ രണ്ടുപേരും പരസ്പരം നോക്കി. പിന്നെ അമ്മയ്ക്ക് എന്താവും പറയാനുള്ളത് എന്നൊരു ചിന്തയോടെ അമ്മയെ ശ്രദ്ധിച്ചു.

“കാര്യം മറ്റൊന്നുമല്ല.നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നൊന്നര വർഷമായി. നിങ്ങളോട് ഒപ്പം കല്യാണം കഴിഞ്ഞ പലർക്കും കുട്ടികളായി. നിങ്ങൾക്ക് മാത്രം ഇതുവരെ അങ്ങനെയൊരു ഭാഗ്യം ഉണ്ടായിട്ടില്ല. ഞാനിതു വരെ നിങ്ങളോട് അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.പക്ഷേ ഇപ്പോൾ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. ഈ കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും പ്ലാനിങ് ഉണ്ടോ..?”

അമ്മ ചോദിച്ചപ്പോൾ അവർ രണ്ടുപേരും ഒന്ന് പതറി.

“അങ്ങനെ..”

മോൻ പറഞ്ഞു തുടങ്ങിയപ്പോൾ അമ്മ ശ്രദ്ധിച്ചത് മരുമകളെ ആയിരുന്നു.

” അങ്ങനെ ഞങ്ങൾക്ക് പ്ലാനിങ് ഒന്നുമില്ല അമ്മേ. ദൈവം തന്നാൽ അല്ലേ ഞങ്ങൾക്ക് കൈനീട്ടി സ്വീകരിക്കാൻ പറ്റൂ.. “

സങ്കടത്തോടെ അവൾ പറഞ്ഞപ്പോൾ അമ്മയ്ക്കും വിഷമം തോന്നി.

“ഞാൻ മോളെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല.ഇന്ന് ഇവിടെ അമ്മിണിയമ്മ വന്നിട്ടുണ്ടായിരുന്നു. അവർ എന്നോട് ഒരു കാര്യം പറഞ്ഞു.”

അത് കേട്ടപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു. അമ്മിണിയമ്മ നുണകൾ മാത്രം വീടുകളിൽ സപ്ലൈ ചെയ്യുന്ന രീതിയിലുള്ള ഒരു സ്ത്രീയാണ്. അതുകൊണ്ടു തന്നെ മിക്കവാറും ആർക്കും അവരോട് സംസാരിക്കാൻ താല്പര്യം ഇല്ല.

” അവര് വന്നപ്പോൾ അമ്മ എന്തിനാ അവരെ അകത്തേക്ക് കയറ്റിയത്..?അമ്മയോട് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ് അവരുമായുള്ള സഹവാസം ഒന്നും വേണ്ടെന്ന്.”

ദേഷ്യത്തോടെ മകൻ പറഞ്ഞപ്പോൾ അവർ അവനെ ഒന്നു നോക്കി.

” അവർ പറയുന്ന എല്ലാം വിശ്വസിച്ച് നിങ്ങളോട് ആരോടും ഞാൻ ഒന്നിനും വരുന്നില്ലല്ലോ. പിന്നെ വീട്ടിൽ കയറി വരുന്ന ഒരാളിനോട് ഇറങ്ങിപ്പോകാൻ പറയുന്നത് എങ്ങനെയാണ്..? “

അമ്മ നിസ്സഹായതയോടെ പറഞ്ഞപ്പോൾ അവൻ പിന്നെ കൂടുതൽ ഒന്നും പറയാൻ വന്നില്ല.

“അവര് വന്നിട്ട് എന്താ പറഞ്ഞത്..?”

അവൻ പെട്ടെന്ന് ഓർത്തത് പോലെ ചോദിച്ചു.

“മോളുടെ വല്യമ്മ.. ആൾക്ക് കുട്ടികൾ ഇല്ലെന്നോ അത് അവരുടെ പ്രശ്നങ്ങളുണ്ടാന്നോ ഒക്കെ പറയുന്നുണ്ടായിരുന്നു.”

അതും പറഞ്ഞു അവർ അവളെ നോക്കിയപ്പോൾ അവൾ തലകുനിച്ചു.

” ശരിയാ അമ്മേ.. വല്യമ്മയ്ക്ക് കുട്ടികൾ ഒന്നുമില്ല. “

അവൾ മറുപടി പറഞ്ഞു.

” അമ്മിണി പറയുന്നത് ഇതൊക്കെ ചിലപ്പോൾ പാരമ്പര്യമായും കിട്ടും എന്നാണ്. അതായത് മോളുടെ വല്യമ്മയുടെ പ്രശ്നം മോൾക്കും ഉണ്ടായാലോ എന്നൊരു പേടി.”

അവർ അത് പറയുമ്പോൾ അവളുടെ മുഖം സങ്കടം കൊണ്ട് വീർത്തിരുന്നു.

” അമ്മ മോളെ കുറ്റം പറയുന്നത് ഒന്നുമല്ല. എത്രയും പെട്ടെന്ന് തന്നെ നിങ്ങൾ രണ്ടുപേരും ഏതെങ്കിലും ഒരു ആശുപത്രിയിൽ പോയി വേണ്ടുന്ന ടെസ്റ്റുകൾ ഒക്കെ നടത്തണം. നിനക്കാണെങ്കിലും ഇവനാണെങ്കിലും ആർക്കാണ് പ്രശ്നമാണെങ്കിലും നമുക്ക് ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്നതാണെങ്കിൽ അങ്ങനെ ചെയ്യാം. നമ്മൾ വച്ചു താമസിക്കുന്തോറും ചിലപ്പോൾ ഇത് ഭേദമാക്കാൻ കഴിയാതെ വന്നാലോ..”

അവളുടെ മുടിയിൽ തഴുകികൊണ്ട് അവർ ചോദിച്ചപ്പോൾ അവൾക്ക് ഒരു വല്ലായ്മ തോന്നി. തന്റെ ജീവിതം ഒരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന് അവൾ സംശയിച്ചു. അത് അവളുടെ മുഖത്ത് നിന്ന് അവർക്ക് വായിച്ചെടുക്കാൻ കഴിയുന്നതായിരുന്നു.

” മോള് പേടിക്കേണ്ട. നിന്നെ ഇവന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി അമ്മ പറയുന്നതൊന്നുമല്ല. നീയെന്നും ഞങ്ങളോടൊപ്പം ഇവിടെ ഉണ്ടാകണമെന്ന് തന്നെയാണ് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. മോൾക്ക് അറിയാമല്ലോ ഇവൻ ഞങ്ങൾക്ക് ആകെയുള്ള ഒരു മകനാണ്. അതുകൊണ്ട് നിങ്ങളുടെ ഒരു കുഞ്ഞിനെ കാണണം എന്നുള്ളത് ഞങ്ങൾക്കൊക്കെ വളരെയധികം ആഗ്രഹമുള്ള ഒരു കാര്യമാണ്. അതുകൊണ്ടാണ് പറയുന്നത് നമുക്ക് എത്രയും പെട്ടെന്ന് നല്ലൊരു ഡോക്ടറിനെ കാണാം. നിങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാമല്ലോ..പിന്നെ അമ്മിണി പറഞ്ഞ പാരമ്പര്യത്തിന്റെ കാര്യം.. ഇവന്റെ അച്ഛന്റെ കുടുംബത്തിലും ഉണ്ട് മക്കൾ ഉണ്ടാവാത്ത കുറച്ചു പേർ. ആ പാരമ്പര്യം ഇവനു കിട്ടിയാലും മതിയല്ലോ.. അതുകൊണ്ട് മക്കളെ ടെൻഷൻ അടിക്കാതെ ഏതെങ്കിലും ഡോക്ടറിനെ കാണണം. എന്നിട്ട് എന്തെങ്കിലും ചികിത്സ ചെയ്യണമെങ്കിൽ ചെയ്യണം. എത്രയും പെട്ടെന്ന് നമുക്ക് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ഭാഗ്യം ഉണ്ടാകണമെന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്. “

വാത്സല്യത്തോടെ അമ്മ പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

എന്തെങ്കിലും ഒരു കാരണം നോക്കിയിരുന്നു ഡിവോഴ്സിന് വേണ്ടി ശ്രമിക്കുന്ന അമ്മായിയമ്മമാരുടെ മുന്നിൽ തന്നെ അമ്മ എത്രയോ വ്യത്യസ്ത ആണ് എന്ന് അവൾക്ക് തോന്നി.

“മോള് എന്തിനാ കണ്ണ് നിറയ്ക്കുന്നത്..?”

അവർ വാത്സല്യത്തോടെ അന്വേഷിച്ചു.

” സന്തോഷം കൊണ്ടാ അമ്മേ..ഇപ്പോൾ മരുമകളുടെ എന്തെങ്കിലുമൊക്കെ നിസാര കുറ്റങ്ങൾ കണ്ടുപിടിച്ച് അത് ഊതി പെരുപ്പിച്ച് വലുതാക്കി അവളെ,മകന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി വിടാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം അമ്മമാരും.മകനിൽ നിന്ന് തനിക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹം പങ്കുവെച്ച് പോകുമോ എന്ന് ചിന്തിക്കുന്നവരാണ് അധികവും. പക്ഷേ ഇവിടെ എന്റെ അമ്മ അതിൽ നിന്നൊക്കെ എത്രയോ വ്യത്യസ്തമാണ്..! അതോർത്തപ്പോൾ ഉള്ള സന്തോഷമാണ്. “

അതും പറഞ്ഞ് അമ്മയുടെ കവിളിലേക്ക് അമർത്തി ചുംബിക്കുമ്പോൾ ഇങ്ങനെയൊരു അമ്മയെ തനിക്ക് തന്നതിന് ദൈവത്തോട് നന്ദി പറയുകയായിരുന്നു അവൾ..! അമ്മയുടെയും മകളുടെയും സ്നേഹം കൊണ്ട് സന്തോഷത്തോടെ ഇരിക്കുന്ന മറ്റു രണ്ടു പേർ കൂടി അവിടെ ഉണ്ടായിരുന്നു.

✍️ അപ്പു