ഡോക്ടർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെയും ഞാൻ ശ്രദ്ധിച്ചത് അർജുനെ ആയിരുന്നു…

രചന : അപ്പു

:::::::::::::::::::::

” നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയാലോ.. കൺഫേം ചെയ്യാലോ..? “

പ്രതീക്ഷയോടെ അർജുൻ ചോദിച്ചപ്പോൾ അമ്പരപ്പ് ആയിരുന്നു.

” ജസ്റ്റ്‌ 3 ഡേയ്‌സ് അല്ലെ ആയുള്ളൂ.. ഒരു വീക്ക്‌ എങ്കിലും കഴിയണ്ടേ..? “

ചോദിച്ചപ്പോൾ ആ മുഖത്ത് നിരാശ പടരുന്നത് കണ്ടു.

” അങ്ങനെ ഒന്നൂല്ല.. നമുക്ക് ഒന്ന് പോയി നോക്കാം.. “

അർജുൻ നിർബന്ധിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല..

അർജുന്റെ വാശിക്ക് വഴങ്ങി തന്നെയാണ് ആശുപത്രിയിലേക്ക് പോയത്.

” നിങ്ങൾക്ക് കല്യാണം കഴിഞ്ഞിട്ട് ആറ് മാസം ആയി പറഞ്ഞത്..? അത്രയ്ക്ക് സമയമൊന്നും ആയിട്ടില്ലല്ലോ.. കുറച്ചുനാൾ കൂടി വെയിറ്റ് ചെയ്തു നോക്കൂ.. ഒരു വർഷമായിട്ടും കുട്ടികളൊന്നും ഇല്ലായെങ്കിൽ മാത്രം നിങ്ങൾ ട്രീറ്റ്മെന്റിനെ കുറിച്ച് ചിന്തിച്ചാൽ മതി. “

ഡോക്ടർ പറഞ്ഞപ്പോൾ അർജുന്റെ മുഖം വാടി.

“ഇത്തവണ നിങ്ങളുടെ പ്രതീക്ഷ തെറ്റി എന്നല്ലേ ഉള്ളൂ. ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ..”

ഡോക്ടർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെയും ഞാൻ ശ്രദ്ധിച്ചത് അർജുനെ ആയിരുന്നു. അവൻ എന്തുപറ്റി എന്ന് ഓർത്ത് എനിക്ക് വല്ലാത്ത ആധി തോന്നി.

തിരികെ വീട്ടിലേക്ക് പോകുമ്പോഴും അർജുന്റെ മുഖം കടുത്തു തന്നെയായിരുന്നു. കാറിൽ വല്ലാത്തൊരു മൗനം സാന്നിധ്യം അറിയിച്ചിരുന്നു.

” നിനക്ക് എന്ത് പറ്റി അജു..? നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്..? ഇപ്പോൾ കുട്ടികൾ ഒന്നും വേണ്ട എന്ന് കല്യാണം കഴിഞ്ഞ് അന്ന് തന്നെ നീ എന്നോട് പറഞ്ഞതല്ലേ. എന്നിട്ടിപ്പോൾ നീ ഇങ്ങനെ നിരാശപ്പെടുന്നതെന്തിനാ..? “

ഞാൻ ചോദിച്ചിട്ടും അർജുന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നും ഉണ്ടാകില്ല.

വീട്ടിൽ എത്തിയപ്പോൾ തന്നെ പ്രതീക്ഷയോടെ ഉമ്മറത്തു നിൽക്കുന്ന അമ്മയെ കണ്ടു.

” എന്തായെടാ..? “

ആകാംഷയോടെ അമ്മ അന്വേഷിച്ചു.

” ഒന്നും ആയില്ല.. “

നിരാശയോടെ അതും പറഞ്ഞു അജു അകത്തേക്ക് പോയി.ഞാൻ ആകെ വല്ലാതായി.അമ്മയെ നോക്കിയപ്പോൾ അവിടെ എന്നോടുള്ള ദേഷ്യം ഞാൻ വ്യക്തമായും കണ്ടു.

വല്ലാത്തൊരു ഭയത്തോടെയാണ് ഞാൻ അകത്തേക്ക് കയറിയത്. അപ്പോൾ നിരാശയോടെ സോഫയിൽ തല കുനിച്ചിരിക്കുന്ന അർജുനെ ഞാൻ കണ്ടു.

“ചിത്ര..”

അമ്മ ഗൗരവത്തോടെ വിളിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.

” എന്താ നിന്റെ ഉദ്ദേശം..? “

അമ്മ അങ്ങനെ ചോദിക്കുമ്പോൾ എന്തിനെക്കുറിച്ചാണ് അമ്മ ചോദിക്കുന്നത് എന്ന് പോലും എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.

“ഞാൻ ചോദിച്ചത് എന്തിനെക്കുറിച്ചാണെന്ന് നിനക്ക് മനസ്സിലായില്ലേ..?”

അമ്മയെ തുറിച്ചു നോക്കിയപ്പോൾ മറുപടിയായി അമ്മ ചോദിച്ചത് അതായിരുന്നു. ഇല്ല എന്ന് തലയനക്കുമ്പോൾ അമ്മയ്ക്ക് ദേഷ്യം കൂടിയതേയുള്ളൂ.

“നിങ്ങൾക്ക് ഒരു കുഞ്ഞിനെ കുറിച്ച് എന്തുകൊണ്ട് നിങ്ങൾ ആലോചിക്കുന്നില്ല..? നിനക്ക് ജോലിക്ക് പോകാൻ പറ്റില്ല എന്നുള്ളതുകൊണ്ട് നീ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കുന്നതാണോ..?”

ദേഷ്യത്തോടെ അമ്മ ചോദിച്ചപ്പോൾ മറുപടിയില്ലാതെ നിന്നു പോയി ഞാൻ. അപ്പോഴും ഒരു ആശ്രയത്തിനു വേണ്ടി ഞാൻ നോക്കിയത് അവനെയായിരുന്നു.

” നീ അവനെ നോക്കണ്ട. ഞാൻ സംസാരിക്കുന്നതു നിന്നോടാണ്. മറുപടി പറയേണ്ടതും നീയാണ്. “

അമ്മയ്ക്ക് ദേഷ്യം തന്നെയായിരുന്നു.

“അമ്മേ ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.ഒരിക്കലും കുഞ്ഞുണ്ടാകരുത് എന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. അർജുൻ തന്നെയാണ് കല്യാണം കഴിഞ്ഞ സമയത്ത് പറഞ്ഞത് ഉടനെ കുട്ടികൾ വേണ്ടെന്ന്. അന്നും ഞാൻ അവനെ എതിർത്തതേ ഉള്ളൂ.”

ഞാൻ അത് പറയുമ്പോൾ അമ്മയ്ക്ക് ദേഷ്യം തോന്നിയത് പോലെയാണ് എനിക്ക് തോന്നിയത്.

“അങ്ങനെ നീ എല്ലാ കുറ്റവും എന്റെ മോന്റെ മേലെ ചാരണ്ട. അവൻ അങ്ങനെയൊന്നും പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം കല്യാണത്തിന് മുൻപ് തന്നെ അവനോട് ഞാൻ പറഞ്ഞതാണ് ഉടനെ തന്നെ നിങ്ങളുടെ ഒരു കുട്ടിയെ എനിക്ക് കാണണം എന്ന്. അവൻ അത് സമ്മതിച്ചതും ആണ്. എല്ലാത്തിനും ഉപരി കുട്ടികളോട് അവനു വല്ലാത്ത വാത്സല്യമാണ്. അതുകൊണ്ട് എന്തായാലും നീ പറഞ്ഞ പോലെ ഒരു കാര്യം അവൻ നിന്നോട് പറഞ്ഞിട്ടുണ്ടാവില്ല.”

അമ്മ അത് ഉറപ്പിച്ചു പറയുമ്പോൾ ഒരു പകപോടെ അജുവിനെ നോക്കി. പക്ഷേ എന്നെ സഹായിക്കുന്ന യാതൊരു തരത്തിലുള്ള ഭാവങ്ങളും അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.

ഇവിടെ നടക്കുന്ന സംഭാഷണങ്ങൾ അവൻ അറിയുന്നുണ്ടോ എന്ന് തന്നെ സംശയമായിരുന്നു.

“ഇങ്ങനെ നിന്റെ ഇഷ്ടത്തിനൊന്നും ഇവിടെ കാര്യങ്ങൾ നടക്കില്ല.നിങ്ങളുടെ ഒരു കുഞ്ഞിനെ ലാളിക്കണം എന്നുള്ളത് എന്റെ ആഗ്രഹമാണ്. അത് എത്രയും വേഗം നിങ്ങൾ എനിക്ക് സാധിച്ചു തന്നെ മതിയാകൂ.”

അമ്മ തറപ്പിച്ചു പറയുമ്പോൾ എന്തു മറുപടി പറയണം എന്നറിയാതെ ഒരു നിമിഷം എനിക്കൊരു അമ്പരപ്പുണ്ടായി.പിന്നീട് അത് മാറി.

” അമ്മ പറയുമ്പോൾ പ്രസവിക്കാൻ ഞാൻ യന്ത്രം ഒന്നുമല്ലല്ലോ. ഇതൊക്കെ ദൈവം വിധിക്കുക കൂടി വേണം. ഞങ്ങൾക്ക് ഇപ്പോൾ ഒരു കുഞ്ഞിനെ തരാൻ ദൈവം തീരുമാനിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാവും, അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വരാത്തത്. എന്നിട്ടും കുറ്റം മുഴുവൻ എനിക്ക്. ഞാനെന്ത് ചെയ്തിട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. “

ഞാൻ മറുപടി പറഞ്ഞു തുടങ്ങിയപ്പോൾ അമ്മയുടെയും മകന്റെയും മുഖത്ത് ഒരു പകപ്പ് കണ്ടു.

“ചിത്ര നീ ആരോടാണ് സംസാരിക്കുന്നത് എന്ന് നിനക്കറിയാമോ..? കുറച്ചു ബഹുമാനം ഒക്കെ ആവാം.”

ദേഷ്യത്തോടെ അർജുൻ സോഫയിൽ നിന്ന് എഴുന്നേറ്റു.

” അപ്പോൾ നിന്റെ വായിൽ നാവുണ്ടല്ലേ.? ഞാനോർത്തു അത് ഇല്ലാതെയായിപ്പോയെന്ന്.ഇത്രയും നേരം അമ്മ ഓരോന്ന് പറഞ്ഞിട്ടും മറുപടി പറയാൻ നിന്റെ നാവ് പൊങ്ങിയില്ലല്ലോ.എന്നിട്ട് ഞാൻ മറുപടി പറഞ്ഞു തുടങ്ങുമ്പോൾ എന്നെ അടക്കി നിർത്താൻ തനിക്ക് നല്ല മിടുക്കാണ്.”

ഞാൻ അത് പറയുമ്പോൾ അർജുൻ ദേഷ്യത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

” കല്യാണം കഴിഞ്ഞ് എല്ലാ പെൺകുട്ടികളെയും പോലെ ഒരു കുഞ്ഞിനെ ലാളിക്കണം എന്നുള്ള സ്വപ്നം എനിക്കുമുണ്ട്. അത് നിന്നോട് പറയാനാണ് നമ്മുടെ ആദ്യരാത്രി വരെ ഞാൻ കാത്തിരുന്നത്. നമുക്ക് എത്രയും വേഗം ഒരു കുഞ്ഞു വേണമെന്ന് എനിക്ക് കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും പറയാൻ ഞാൻ കാത്തിരുന്നു. പക്ഷേ അങ്ങനെയുള്ള എന്റെ മുന്നിലേക്ക് വന്ന് നീ പറഞ്ഞത് എന്താണെന്ന് ഓർമ്മയുണ്ടോ.. നമ്മൾ ജീവിച്ചു തുടങ്ങുന്നതേയുള്ളൂ ഉടനെയൊന്നും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കരുത് എന്ന്. കുറച്ചു നാളുകൾ എങ്കിലും നമുക്ക് നമ്മുടേതായ സമയം വേണമെന്നും അതിനു ശേഷം മാത്രം നമുക്ക് കുട്ടികളെ കുറിച്ച് ചിന്തിക്കാം എന്നും പറഞ്ഞത് നീയായിരുന്നു.ശരിയല്ലേ..? “

എന്റെ ആ നേരത്തെ മുഖഭാവം കണ്ടിട്ട് ആയിരിക്കണം, ഞാൻ പറഞ്ഞത് തലയാട്ടി അവൻ സമ്മതിച്ചു.

” അമ്മ കണ്ടല്ലോ അല്ലേ.. അമ്മയുടെ മകൻ തന്നെയാണ് അത് പറഞ്ഞത് എന്ന് അവൻ സമ്മതിച്ചിട്ടുണ്ട്.എന്നിട്ടിപ്പോൾ ഒരു പ്രശ്നം വന്നപ്പോൾ എല്ലാത്തിനും തെറ്റുകാരിയും ഞാനായി. അല്ലെങ്കിൽ തന്നെ കല്യാണം കഴിഞ്ഞിട്ട് ആറുമാസമല്ലേ ആയിട്ടുള്ളൂ.. ഞങ്ങൾ ഇന്ന് കണ്ട ഡോക്ടറും അതു തന്നെയാണ് പറഞ്ഞത്. ഒരു വർഷമെങ്കിലും കഴിയാതെ ട്രീറ്റ്മെന്റ് തുടങ്ങേണ്ട ആവശ്യമില്ല എന്ന്. അത് ശരിയല്ലേ..? ഒരുപക്ഷേ അടുത്ത മാസം ഞാൻ പ്രഗ്നന്റ് ആയാലോ. ഞാനൊരു കാലത്തും പ്രസവിക്കില്ല എന്നൊന്നും അല്ലല്ലോ ഇന്ന് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ എനിക്ക് വിശേഷം ഇല്ല എന്നല്ലേ..? അതിന്റെ പേരിൽ ഇങ്ങനെ ചോദ്യം ചെയ്യലും ബഹളവും ഉണ്ടാക്കാനും മാത്രം ഒന്നും സംഭവിച്ചിട്ടില്ല.കുട്ടികൾ എന്നൊക്കെ പറയുന്നത് ദൈവത്തിന്റെ വരദാനമാണ്.ഒരു കുഞ്ഞിനെ വളർത്താൻ ഞങ്ങൾക്ക് പ്രാപ്തിയുണ്ട് എന്ന് തോന്നുന്ന സമയത്ത് ദൈവം ഞങ്ങൾക്ക് കുഞ്ഞിനെ തരും. അത് കൈ നീട്ടി സ്വീകരിക്കുകയും ചെയ്യും. അല്ലാതെ ഓരോ മാസവും എനിക്ക് മാസമുറയാകുമ്പോൾ എന്തുകൊണ്ട് വിശേഷം ആയില്ല എന്ന രീതിയിലുള്ള ചോദ്യം ചെയ്യൽ എന്നോട് വേണ്ട.”

അമ്മയോട് അത്രയും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ അർജുനെ നോക്കി.

” ഏത് സാഹചര്യത്തിൽ ആണെങ്കിലും പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കാനുള്ള ഒരു മിനിമം ധൈര്യം ഞാൻ അർജുനിൽ നിന്ന് പ്രതീക്ഷിച്ചു.എന്നോട് ഒരുതരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചത് അമ്മയുടെ മുന്നിൽ നല്ലപിള്ളയായി അഭിനയിക്കുന്നത് നല്ല സ്വഭാവമല്ല.നിങ്ങളുടെ അമ്മ നിങ്ങളുടെ മുന്നിൽവച്ച് എന്നെ ഇത്രയും കുറ്റപ്പെടുത്തിയപ്പോൾ അവളല്ല ഞാനാണ് എന്നൊരു വാക്കെങ്കിലും നിങ്ങൾക്ക് പറയാമായിരുന്നു.ഏതൊരു പെണ്ണും ഏതു സിറ്റുവേഷനിലും ആഗ്രഹിക്കുന്നത് സ്വന്തം പാതിയുടെ സംരക്ഷണമാണ്.ഇവിടെ എന്റെ കാര്യത്തിൽ എനിക്കത് കിട്ടില്ല എന്ന് ഉറച്ച ബോധ്യം വന്നതു കൊണ്ടാണ് എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കുന്നത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. “

അത്രയും പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോൾ എന്ത് തരത്തിലുള്ള ആളുകളാണ് ഇവരൊക്കെ എന്ന ചിന്തയിലായിരുന്നു എന്റെ മനസ്സ്..

✍️ അപ്പു