ചെക്കൻ അവരുടെ കൂട്ടത്തിൽ പോകാതെ പെണ്ണിനെ നമ്മുടെ കൂട്ടത്തിൽ കൂട്ടണം. വേഗം വേണം കാര്യങ്ങൾ ചെയ്യാൻ

നാട്ടിലെ വൈറസ് – രചന: അബ്ദുൾ റഹീം പുത്തൻചിറ

സഫിയാ…സഫിയോ…ഇവിടെ ആരുമില്ലേ…?

അല്ല ഇതാര്…മറിയുമ്മയോ …എന്താ മറിയുമ്മ ഈ വഴിക്ക്…കണ്ടിട്ട് കുറച്ചായല്ലോ…? അകത്തു നിന്നും ശബ്ദം കേടുവന്ന സഫിയ മറിയുമ്മാനോട് ചോദിച്ചു…

ഒന്നും പറയണ്ടന്റെ മോളെ…ആശുപത്രി വരെ ഒന്നു പോയതാ. നടക്കുമ്പോ കാലിനൊക്കെ ഒരു വേദന. ഇരിക്കാനും വയ്യ നിൽക്കാനും വയ്യ. ആ വയസായില്ലേ…ഇനി പടച്ചോൻ വിളിച്ചാൽ പോകണം…മറിയുമ്മ പറഞ്ഞു.

അതിന് നിങ്ങളെയൊക്കെ ഇപ്പൊ പടച്ചോൻ വിളിക്കോ…? നല്ലവരെയല്ലേ പടച്ചോൻ വിളിക്കുന്നെ…സഫിയ മനസിൽ പറഞ്ഞു.

മറിയുമ്മ ബ്രോക്കർ ആണ്. ആ ഗ്രാമത്തിലെ മിക്ക കല്യാണങ്ങളും നടത്തുന്നത് മറിയുമ്മയാണ്. മറിയുമ്മ ഇല്ലാതെ ഇനി ഒരു കല്യാണം നടന്നാൽ പിന്നെ അവർക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാകില്ല. മറിയുമ്മാനെ നാട്ടുകാർ വിളിക്കുന്ന വേറൊരു പേര് ‘കുടുംബം കലക്കി’ എന്നാണ്.

പക്ഷെ മറിയുമ്മ കേൾക്കെ ആരും അങ്ങനെ വിളിക്കാറില്ല. അഥവാ വിളിച്ചാൽ പിന്നെ അവരുടെ വീട്ടിൽ മകനോ മകളോ ഉണ്ടങ്കിൽ അവർ ജീവിത കാലം മുഴുവൻ പുരനിറഞ്ഞു നിൽക്കേണ്ടി വരും.

സഫിയാ നിന്റെ മകൻ നവാസെന്തേ…?മറിയുമ്മ ശബ്ദം താഴ്ത്തി ചോദിച്ചു.

അതു കേട്ടപ്പോഴേ സഫിയത്താടെ മനസിൽ ഇടി വെട്ടി…അവൻ പുറത്തു പോയേക്കാ. എന്താ ഇത്താ കാര്യം…? അവന് പെണ്ണ് ആലോചിക്കാനാണോ. അതിന് അവന്റെ താഴെയുള്ളതിന്റെ കഴിയണ്ടേ…അവൾ പടിക്കല്ലേ…

ആ…ഈ കണക്കിന് പോയാൽ അവളുടെ കല്യാണം നടന്നതു തന്നെ…അതും പറഞ്ഞു മറിയുമ്മ തിണ്ണയിൽ ഇരുന്നു.

അതെന്താ ഇത്താ അങ്ങനെ പറഞ്ഞേ…?

പിന്നെ പറയാതെ. ഇന്ന് ഞാൻ ആശുപത്രിയിൽ നിന്നും വരുന്ന വഴി അവൻ ഒരു പെണ്ണുമായി ഓട്ടോറിക്ഷയിൽ പോകുന്നു. പെട്ടന്നാണ് കണ്ടത്. നിന്റെ മകൻ നവാസാണെന്നു ഉറപ്പാണ്. അവനും പെണ്ണും കെട്ടിപ്പിടിച്ചാണ് ഇരുന്നത്. അതു മാത്രമല്ല പെണ്ണ് നമ്മുടെ ജാതിയുമല്ല. പൊട്ടു തൊട്ടിട്ടുമുണ്ട്. കണ്ടിട്ടു ഒരു വശപ്പിശക്, അതാണ് ഞാൻ നേരെ ഇങ്ങോട്ട് വന്നത്. അതും പറഞ്ഞു വായിലുള്ള മുറുക്കാൻ മുറ്റത്തേക്ക് ആഞ്ഞു തുപ്പി.

ഏയ് അതു നവാസ് ആയിരിക്കില്ല, ഇത്താക്കു തോന്നിയതാകും.

ഇതു നല്ല കഥ…അവനെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ. അവനെ പെറ്റിട്ടതെ ഈ കയ്യിലാ. രണ്ടു കയ്യും നിവർത്തി കാണിച്ചു മറിയുമ്മ പറഞ്ഞു…അതു മാത്രമല്ല എന്റെ കണ്ണിനെ ഒരു കുഴപ്പവുമില്ല.

ഉവ്വ…തള്ളയുടെ വിചാരം എല്ലാരുടേം പേർ എടുത്തത് തള്ളയാണെന്നാ…സഫിയ മനസ്സിൽ പറഞ്ഞു.

നീ നോക്കി നിൽക്കാതെ ആ കുന്ത്രാണ്ടത്തിൽ കൂടി വിളിച്ചു നോക്ക്…ചെക്കൻ അവരുടെ കൂട്ടത്തിൽ പോകാതെ പെണ്ണിനെ നമ്മുടെ കൂട്ടത്തിൽ കൂട്ടണം. വേഗം വേണം കാര്യങ്ങൾ ചെയ്യാൻ. നിന്റെ കെട്ടിയൊനെന്തേ…? വായിലുള്ള ബാക്കി മുറുക്കാൻ കൂടി തുപ്പിയത്തിന് ശേഷം മറിയുമ്മ കാര്യ ഗൗരവത്തിൽ സഫിയത്താനെ നോക്കി.

ഇക്ക ഇപ്പോൾ വരും. ഊണ് കഴിക്കാനുള്ള സമയമായി. എന്നും ഈ സമയത്തു വരുന്നതാ…സഫിയ ഇഷ്ട്ടപ്പെടാത്ത രീതിയിൽ പറഞ്ഞു.

നീ നോക്കി നിൽക്കാതെ വിളിക്കാൻ നോക്ക് സഫിയാ…മറിയുമ്മ അജ്ഞാപിക്കുന്ന പോലെ പറഞ്ഞു.

മിന്നു…ഇങ്ങോട്ടു വന്നേ, സഫിയിത്ത അകത്തോട്ട് നോക്കി വിളിച്ചു.

ന്താ ഉമ്മാ…ഞാൻ പഠിക്കാ…എന്താ കാര്യം…?

ജമാലിനും സഫിയാക്കും രണ്ടു മക്കളാണ്. നവാസും…മിന്നു എന്നു വിളിക്കുന്ന സാഹിറയും. നവാസിനിക്കാൾ മൂന്നു വയസ് കുറവാണ് സാഹിറക്ക്. ജമാലിനു അങ്ങാടിയിൽ പലചരക്കു കടയാണ്. വാപ്പയും ഉമ്മയും മക്കളും കൂട്ടുകാരെ പോലെയാണ്. മക്കൾക്കു അവരുടേതായ സ്വാതന്ത്ര്യം അവർ കൊടുത്തിട്ടുണ്ട്. ഈ കുടുംബത്തെ കുറിച്ചു മാത്രം മറിയുമ്മക് കുറ്റങ്ങൾ പറയാൻ പറ്റിയിട്ടില്ല.

നിന്റെ ഇക്കാക്ക എവിടേക്കാണ് പോയത്….അകത്തോട്ട് ചെന്ന സഫിയിത്ത സാഹിറാനോട് ചോദിച്ചു.

അതു ഉമ്മാക്കറിയില്ലേ, ഉമ്മനോടും കൂടി പറഞ്ഞിട്ടല്ലേ പോയത്.

അവൻ ഇന്റർവ്യൂ ഉണ്ടന്നാ എന്നോട് പറഞ്ഞേ…

ആ ഇന്റർവ്യൂവിന് തന്നെയാ പോയേക്കണെ.

അല്ല…അതിനിപ്പോ എന്താ ഉണ്ടായേ ഉമ്മാടെ വെപ്രാളം കണ്ടാൽ ഇക്കാക്കക്കു എന്തോ പറ്റിയതുപോലെ…മിന്നു ഒന്നും മനസിലാകാതെ ചോദിച്ചു.

നീ അവന്റെ മൊബൈലിലേക്ക് വിളിച്ചേ…

എന്താ കാര്യമെന്ന് പറ.

ടീ…അപ്പുറത്ത് മറിയുമ്മ വന്നിട്ടുണ്ട്. അവർ എവിടെയോ വെച്ചു നവാസിനേം ഒരു പെണ്ണിനേം ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടൂന്ന്…അവർ ശബ്ദം താഴ്ത്തി സാഹിറാനോട് കാര്യം പറഞ്ഞു.

അതിനെന്താ ഇക്കാക്കാടെ കൂട്ടുകാരികൾ ആരെങ്കിലും ആയിരിക്കും. ഈ കാര്യത്തിനാണോ ഉമ്മ ഇത്ര ടെൻഷൻ അടിക്കണെ…

അതു നമുക്കല്ലേ അറിയൂ…ആ തള്ള വേറൊരു രീതിയിലാ പറയണേ.

എന്തു പറയണ്…

അതു നിനക്കു പറഞ്ഞാൽ മനസിലാകില്ല. നീ അവനെയൊന്നു വിളിക്ക്…സഫിയിത്ത സാഹിറാനോട് പറഞ്ഞു.

എന്റെ ഇക്കാക്കാനെ കുറിച്ചു അനാവിശ്യം പറഞ്ഞാൽ ആ തള്ളനെ ഞാൻ ഇവിടെയിട്ടു ചവിട്ടും…സാഹിറ ദേഷ്യത്തിൽ പറഞ്ഞു.

നീ ഒന്നു പതുക്കെ പറ…ആ തള്ള കേൾക്കും. സാഹിറ നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തു…മൊബൈൽ സ്വിച് ഓഫ് ആണ്. ഇക്കാക്ക ബിസി ആയിരിക്കും.

നീ ഒരു കാര്യം ചെയ്യ് കുറച്ചു ചായ ഉണ്ടാക്ക്. ആ തള്ള ഇവിടെ നിന്നും പോയാൽ നാട് മുഴുവനും പറഞ്ഞു നടക്കും. അവൻ വരുന്നത് വരെ അവരെ ഇവിടെ പിടിച്ചു നിർത്തണം.

എന്റെ ഇക്കാക്കാനെ കുറ്റം പറയണ തള്ളക്കു ചായ കൊടുക്കാനോ. പള്ളിയിൽ പോയി പറഞ്ഞാൽ മതി. പച്ച വെള്ളം കൊടുക്കരുത്…സാഹിറ ദേഷ്യത്തോടെ ഉമ്മാനെ നോക്കി.

നീ ഞാൻ പറഞ്ഞ കാര്യം ചെയ്യ്. പഞ്ചസാര ഇടേണ്ട. ആ തള്ളക്കു ഷുഗർ ഉള്ളതാ…സഫിയിത്ത അതും പറഞ്ഞു ഇറയത്തേക്കിറങ്ങി.

എന്തായി വിളിച്ചാ…മറിയുമ്മ ആകാംഷയോടെ ചോദിച്ചു.

ആ വിളിച്ചു. ഫോൺ എടുത്തില്ല. ചിലപ്പോൾ തിരക്കിലായിരിക്കും. ഇപ്പോൾ എന്തായി ഞാൻ പറഞ്ഞില്ലേ…മറിയുമ്മ താൻ പറഞ്ഞ കാര്യങ്ങൾ നടന്ന മട്ടിൽ തലയാട്ടി.

എന്തായാലും ഇക്ക വരട്ടെ…മറിയുമ്മ കേറി ഇരിക്ക്, ചായ കുടിച്ചിട്ട് പോകാം.

ആ…അല്ലാതിപ്പോ എന്താ ചെയ്യാ. ഞാൻ ഈ വായ ഒന്നു കഴുകട്ടെ…അതും പറഞ്ഞു മറിയുമ്മ വാഷ് ബേസിനടത്തെക്കു ചെന്നു.

ആരിത് മറിയുമ്മയോ…കുറേ നാളായല്ലോ കണ്ടിട്ട്…വന്നപാടെ ജമാൽ ചോദിച്ചു.

ആ നീ വന്ന, ഞാൻ നിന്നെ നോക്കി ഇരിക്കായിരുന്നു.

ഞാനിപ്പോ വരാം. ഷർട്ടൊന്നു മാറട്ടെ, നിങ്ങളിരിക്കീട്ട…അതും പറഞ്ഞു ജമാൽ അകത്തോട്ട് പോയി.

അതേയ് നിങ്ങളൊരു കാര്യമറിഞ്ഞ…പിന്നിലൂടെ ചെന്ന സഫിയ ചോദിച്ചു.

എന്തു കാര്യം…?

നമ്മുടെ മോനേം ഒരു പെണ്ണിനേം ഓട്ടോറിക്ഷയിൽ പോണത് മറിയുമ്മ കണ്ടൂന്ന്…സഫിയിത്ത സ്വകാര്യം പോലെ പറഞ്ഞു.

അതിനെന്താ…?

ആ തള്ള പറയണത്, നമ്മുടെ മോൻ ആ പെണ്ണിനേം കൊണ്ട് കറങ്ങാൻ പോയതാണെന്നു…

നിനക്കെന്താ സഫിയാ പ്രാന്താണോ, നമ്മുടെ മോനെ നമുക്കറിയില്ലേ…

ഞാൻ ഉമ്മാനോട് പറഞ്ഞതാ വാപ്പ. ഈ ഉമ്മാക്ക് വട്ട…അതുകേട്ടു വന്ന സാഹിറ പറഞ്ഞു.

ഇനിക്ക് എന്റെ മോനെ വിശ്വാസമാ. പക്ഷെ ആ തള്ള ഈ കാര്യം പൊടിപ്പും തൊങ്ങലും വെച്ചു ഈ നാട്ടിൽ പാടി നടക്കും…സഫിയ തന്റെ ആധി പറഞ്ഞു.

എന്തായാലും അവൻ വന്നാൽ കാര്യമറിയാമല്ലോ…ജമാൽ പറഞ്ഞു.

അതു വരെ ആ തള്ള ഇവിടെ തന്നെ ഇരിക്കട്ടെ, സഫിയ പറഞ്ഞു. നീ ചായ വെച്ച…

ആ വെച്ചിട്ടുണ്ട്. ആ തള്ള ഇതുവരെ കുടിക്കാത്ത ചായ ഞാൻ കൊടുക്കുന്നുണ്ട്. അതും പറഞ്ഞു സാഹിറ അടുക്കളയിലേക്കു പോയി.

അവന്റെ ബൈക്കിന്റെ ശബ്ദമല്ലേ കേൾക്കുന്നെ…? സഫിയ വേഗം പുറത്തേക്കു ചെന്നു…പിന്നാലെ ജമാലും.

നീ ഇന്നു എവിടെ പോയതാ…? സഫിയിത്ത ചോദിച്ചു.

ഒന്നും പറയണ്ട, പോണ വഴി നമ്മുടെ രാഘവൻ മാഷില്ലേ…അവരുടെ മോളെ വണ്ടി ഇടിച്ചു. ആ കുട്ടി എന്റെ കൂടെ പഠിച്ചതാ…ആശുപത്രിയിൽ പോകാൻ ആരും ഇല്ലാത്തത് കൊണ്ട് അതിനേം കൊണ്ട് ഞാൻ ആശുപത്രിയിൽ പോയി. ടൗണിലെ പ്രൈവറ്റ് ആശുപത്രിയിൽ അഡ്മിറ്റാക്കി.

കൈക്ക് ചെറിയ പൊട്ടലുണ്ട്. വേറെ കുഴപ്പമൊന്നുമൊന്നുമില്ല. രാഘവൻ മാഷ് ഇപ്പോഴാ വന്നത്…നവാസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

ഇക്കാക്കാടെ മൊബൈൽ എന്തുപറ്റി…ചായയും കൊണ്ടുവന്ന സാഹിറ ചോദിച്ചു.

ആ അതു നിലത്തുവീണു ഓഫായി…

ഇന്നാ ഇത്താ ചായ…എല്ലാം കേട്ടു സോഫയിൽ കിളി പോയി ഇരുന്ന മറിയുമ്മാടെ നേരെ ചായ നീട്ടി സാഹിറ പറഞ്ഞു.

ഞാൻ അപ്പോഴേ പറഞ്ഞില്ലേ….സഫിയ പേടിക്കണ പോലെ ഒന്നും സംഭവിക്കില്ലാന്നു. ഇവൻ നമ്മുടെ ചെക്കനല്ലേ. ഇവനെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ…ഒരു സെക്കൻഡ് കൊണ്ട് മറിയുമ്മ മറുകണ്ടം ചാടി.

ചായ കുടിച്ചു ഗ്ലാസ് അവിടെവെച്ചുകൊണ്ട് മറിയുമ്മ പോകാൻ എഴുന്നേറ്റു.

എന്താ കാര്യം…നവാസ് ഒന്നും മനസിലാകാതെ ചോദിച്ചു. അപ്പോഴേക്കും മറിയുമ്മ ഗേറ്റ് കടന്നിരുന്നു.

ഒന്നുല്ല ഇക്കാക്കോ ആ തള്ള ഒരു കുടുംബം കലക്കാൻ നോക്കിയതാ ചീറ്റിപ്പോയി. ഇനി ആ തള്ള ഒരാഴ്ച ഒരു കുടുംബവും കലക്കില്ല…മറിയുമ്മാടെ പോക്ക് നോക്കി സാഹിറ പറഞ്ഞു.

അതെന്താ….സഫിയ ചോദിച്ചു.

ആ അതു അങ്ങനെയാ. ഷുഗർ ഉള്ളത് കൊണ്ട് പഞ്ചസാരക്കു പകരം ഞാൻ വിം ആണ് ഇട്ടത്…അതും പറഞ്ഞു സാഹിറ അകത്തേക്കു പോയി.

എന്റെ അള്ളാ…അതും പറഞ്ഞു സഫിയ തലക്കു കൈവെച്ചു. അതുകണ്ട് നവാസും ജമാൽക്കയും പൊട്ടിച്ചിരിച്ചു.

വാൽക്കഷ്ണം: ചിലർ അങ്ങനെയാണ്. കുടുംബ ബന്ധങ്ങൾ തകർക്കുന്നത് അവർക്കൊരു ഹരമാണ്. അവരുടെ ‘നാവ്’ വൈറസിനെക്കാൾ ഭീകരമാണ്.