മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..
ഹലോ…കണ്ടു.
ഓക്കെ…ദേവ് കോൾ കട്ടു ചെയ്തു.
ദിവസങ്ങൾ കഴിയുംതോറും ദേവും അച്ചുവും കൂടുതൽ അടുത്തുകൊണ്ടേയിരുന്നു. സുകുവിൻ്റേയും ലളിതയുടെയും മകൾ എന്നതിലുപരി ദേവിൻ്റെ ഭാര്യയാകാൻ പോകുന്നവൾ എന്നു മാറിക്കഴിഞ്ഞിരുന്നു അച്ചു.
ഒരു വെള്ളിയാഴ്ച വൈകുന്നേരം.
അച്ചു…
എന്താ ദേവേട്ടാ…
നാളെ എൻ്റെ അമ്മയുടെ പിറന്നാൾ ആണ്. അമ്മയ്ക്ക് എന്താണ് പിറന്നാൾ സമ്മാനം വേണ്ടത് എന്നു ചോദിച്ചപ്പോൾ, നീ അച്ചുവിനെ കൂട്ടി വരിക എന്നാണ് പറഞ്ഞത്. നീ വരുമോ എൻ്റെ അമ്മയെ കാണാൻ…
ദേവേട്ടാ, ദേവേട്ടൻ്റെ അമ്മ എൻ്റെയും അമ്മയല്ലേ…ഞാൻ വരും.
അച്ചു…നീ വീട്ടിൽ എന്തുപറയും…?
ദേവേട്ടൻ അതോർത്ത് വിഷമിക്കേണ്ട. ശരി എന്നാൽ പൊക്കോളൂ. രാവിലെ കാണാം. അച്ചു നടന്നു നീങ്ങുന്നത് ദേവ് നോക്കി നിന്നു.
ദേവ് ഫോണെടുത്ത് കോൾ കൊടുത്തു. ഹലോ…എല്ലാം ഓക്കെ…
എല്ലാവരും അത്താഴം കഴിച്ചുകഴിഞ്ഞ് ലളിത എല്ലാം എടുത്തു വച്ച് അടുക്കളയും തൂത്തു വൃത്തിയാക്കി, കുളിയും കഴിഞ്ഞു ചെല്ലുമ്പോൾ സുകു മുറിക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് കണ്ടത്.
എന്താ സുകുവേട്ടാ…?
ലളിതേ, എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നപോലെ…അനിഷ്ടമായത് സംഭവിക്കും എന്നു മനസ്സു പറയുന്നു. കണ്ണടച്ചാലും ഇല്ലെങ്കിലും അവൾ എന്റെ മുന്നിൽ നിൽക്കുന്നതായി തോന്നുന്നു. എൻ്റെ സമാധാനം നഷ്ടപ്പെട്ടിട്ട് ഇരുപത് വർഷം കഴിഞ്ഞു. എല്ലാം ഇന്നലെ കഴിഞ്ഞപോലാ. അവൾ പോയത് നമ്മുടെ സമാധാനം കൊണ്ടാ…
ഒന്നുമില്ല സുകുവേട്ടാ…വാ…ഉറങ്ങാൻ നോക്കൂ. ഇങ്ങനെ ഓരോന്നു ഓർത്തു കിടന്നാൽ എങ്ങനാ ഉറക്കം വരിക…? ലളിത ഓരോന്നു പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ടിരുന്നു. പറഞ്ഞു പറഞ്ഞ് എപ്പോളോ ഉറങ്ങി.
നാലരയുടെ അലാറം അടിച്ചതേ ലളിത ഞെട്ടി ഉണർന്നു. അടുത്തു കിടന്ന സുകുവിനെ നോക്കി. പാവം ഉറങ്ങട്ടെ, വിളിക്കേണ്ട…മുടികോതികെട്ടിവച്ച് അടുക്കളയിലേയ്ക്കു നടന്നു.
പതിവുപോലെ അച്ചു കോളേജിലേയ്ക്കും സുകുവും ലളിതയും തങ്ങളുടെ ദിനചര്യകളിലേയ്ക്കും…
അന്നു പതിവില്ലാതെ ദേവ് കാറാണ് എടുത്തത്. കോളേജിലെത്തി അച്ചുവിനെ കൂട്ടി തിരിച്ചുപോന്നു. അച്ചുവിൻ്റെ മുഖത്തെ പരിഭ്രമം കണ്ട ദേവ് ചോദിച്ചു.
എന്തേ അച്ചു…ഈ വരവ് ഇഷ്ടായില്ലേ…?
ഇഷ്ടാണ്. എന്നാലും എൻ്റെ മനസ്സിൽ ഇന്നുവരെ ഇല്ലാത്ത ഒരു ഫീലിംഗ്സ്. ദേവേട്ടൻ്റെ അമ്മയെ കാണാൻ പോകുന്നതിൻ്റെയല്ല. എൻ്റെ രക്തബന്ധമുള്ള, എന്നെ കാണാൻ അതിയായി ആഗ്രഹിച്ചിരിക്കുന്ന ആരേയോ കാണാൻ പോകുന്നപോലുള്ള അവസ്ഥയാ.
എന്താ ഇങ്ങനെ തോന്നാൻ…?
അറിയില്ല. വല്ലാത്ത ഒരു ടെൻഷൻ ഒക്കെ ആണ്. അച്ചു പറഞ്ഞതുകേട്ട ദേവ് ഉള്ളാലെ ചിരിച്ചു. അതിൻ്റെ തുടർച്ചയെന്നോണം മുഖത്തും ചിരി പ്രകടമായി.
ദേവേട്ടൻ ചിരിച്ചോളൂ…
അങ്ങനൊന്നും ചിന്തിക്കേണ്ട അച്ചു. എല്ലാം നല്ലതിന്, അങ്ങനെ കരുത്.
ഉംം…പിന്നെ അച്ചു ഒന്നും മിണ്ടിയില്ല. ദേവിനു മനസ്സിലായി അവൾ ടെൻഷനിലാണെന്ന്…ഒരു മണിക്കൂർ യാത്രയ്ക്കൊടുവിൽ ഭംഗിയായി പണിത ഇരുനില കെട്ടിടത്തിന്റെ മുന്നിൽ വണ്ടി നിർത്തി. ഒന്നുഹോൺ അടിച്ചു. ദേവ് പുറത്തിറങ്ങി ഗെയ്റ്റ് തുറന്നു തിരിച്ചു വന്നു. കാർ പോർച്ചിൽ കൊണ്ടു വന്നു നിർത്തി.
അച്ചു വീടെത്തി…അച്ചു കാറിലിരുന്നുതന്നെ വീടൊന്നു നോക്കി…തന്റെതാവാൻ പോകുന്ന വീട്…അച്ചു മനസ്സിൽ പറഞ്ഞു. ദേവ് ഡോർ തുറന്നു കൊടുത്തു. അച്ചു തൻെറ പാവാട ഒതുക്കി ഇറങ്ങാൻ തുടങ്ങിയതും ദേവ് അവളുടെ കൈ പിടിച്ചു, എന്നിട്ടു പറഞ്ഞു…
അച്ചു, വലതുകാൽവച്ച് ഇറങ്ങൂ…
അതുകേട്ട അച്ചു ഒരു പുഞ്ചിരിയോടെ ദേവിനെ നോക്കി. വലതുകാൽവച്ചു തന്നെ കാറിൽ നിന്നും ഇറങ്ങി…
വരൂ….ദേവ് അവളുടെ കൈപിടിച്ചുകൊണ്ടുതന്നെ തിണ്ണയിൽ കയറി. കോളിംഗ് ബെൽ അടിച്ചു. പ്രതീക്ഷിച്ചു നിന്നതുപോലെ വാതിൽ തുറക്കപ്പെട്ടു. അച്ചുവിനെ അമ്പരപ്പിക്കുന്ന കാഴ്ച ആയിരുന്നു അത്.
നിറദീപവുമായി സെറ്റ് ഉടുത്ത ഒരു സ്ത്രീ. അവർ അച്ചുവിനെ അടിമുടി നോക്കി. മുഖത്ത് ഗൗരവം. അച്ചുവിൻ്റെ അമ്പരന്ന മുഖത്തോട്ടു നോക്കി പറഞ്ഞു…
ഈ നിലവിളക്ക് പിടിക്കൂ…എന്നിട്ട് വിളക്ക് അവളുടെ കയ്യിൽ കൊടുത്തു. മറുത്തൊരക്ഷരം പറയാനാവാതെ നിന്നുപോയി അച്ചു. അവർ തിരിച്ച് അകത്തേക്ക് നടന്നു…
ഇതൊക്കെ എന്താ…? അച്ചു ദേവിൻ്റെ മുഖത്ത് നോക്കി.
ഒന്നുമില്ല, പേടിക്കണ്ട…എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു. ഒരുതാലത്തിൽ ചന്ദനവും സിന്ദൂരവുമായി അവർ തിരിച്ചു വന്നു. താലത്തിൽ നിന്നും ചന്ദനവും സിന്ദുരവും എടുത്ത് രണ്ടുപേരുടെയും നെറ്റിയിൽ തൊട്ടു.
വാ മോളേ…അച്ചു, ദേവ് കുറച്ചു മുമ്പ് പറഞ്ഞതോർത്ത് വലതുകാൽവച്ച് അകത്തേക്ക് കയറി.
വാ…അവർ പിന്നെയും അച്ചുവിനെ കൂട്ടി പൂജാമുറിയിലേയ്ക്ക് പോയി. പൂജാമുറിയിൽ അച്ചുവിളക്കു വച്ചു.
പ്രാർത്ഥിച്ചോളൂ…ദേവ്…അവർ വിളിച്ചു. രണ്ടുപേരും നന്നായി പ്രാർത്ഥിക്കൂ…
പ്രാർത്ഥന കഴിഞ്ഞ ദേവ് അവരുടെ കാൽതൊട്ടു വന്ദിക്കാൻ അച്ചുവിനോടു പറഞ്ഞു. ഒരുമടിയും കൂടാതെ അച്ചു അവരുടെ കാൽ തൊട്ടു വന്ദിച്ചു. അവർ രണ്ടുപേരേയും ചേർത്തു പിടിച്ചു.
കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി പ്രാർത്ഥനയോടെ ഈ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പാരുന്നു. അവർ അച്ചുവിൻ്റെ കയ്യിൽ ഇറുകെപിടിച്ച് തൻെറ നെഞ്ചോടു ചേർത്തു. അച്ചുവിന് അകെ അമ്പരപ്പായി.
ഇത് ആരാണ്…? ദേവ് ആണേൽ ഒന്നും മിണ്ടുന്നുമില്ല. ദേവിൻ്റെ അമ്മയുടെ പിറന്നാൾ ആണെന്നു പറഞ്ഞിട്ട് ഇവിടെ നടക്കുന്നത് എന്താണ്…?
ഈശ്വരാ, തന്നെ ഇരുപത് വർഷമായി കാത്തിരിക്കുവാണെന്നല്ലേ പറഞ്ഞത്. അച്ചു കഴിഞ്ഞ പത്തു മിനിറ്റിനുള്ളിൽ നടന്ന ഓരോന്നും റിവൈൻഡ് ചെയ്തു. എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്. ഇവർ തൻെറ ആരാണ്, ഇങ്ങനെ കാത്തിരിക്കാൻ…?
അച്ചുവിനു തലചുറ്റുംപോലെ തോന്നി. അവൾ അടുഞ്ഞുപോകുന്ന കണ്ണ് ബലമായി തുറന്ന് ദേവിനെ നോക്കി.
ദേവേട്ടാ…ഉറക്കെ വിളിക്കണം എന്നുകരുതിയെങ്കിലും ശബ്ദം നേർത്തുപോയിരുന്നു.
അമ്മേ…അച്ചു…ദേവിൻ്റെ വാക്കുകൾ അത്രയേ അച്ചുവിനുകേൾക്കാൻ കഴിഞ്ഞുള്ളൂ.
തുടരും…