വെളുത്ത ചെമ്പരത്തി – ഭാഗം 3 – രചന: വൈഗ വസുദേവ്
രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
അച്ചുവിൻ്റെ ചോദ്യം കേട്ട സുകു അവളുടെ നേരേ തിരിഞ്ഞു. അച്ചൂ…അമ്പലത്തിൽ പോയ നീ എന്താ വരാൻ താമസിച്ചത്. കലിപ്പോടെയുള്ള സുകുവിൻ്റെ ചോദ്യം കേട്ട അച്ചു അമ്മയുടെ മുഖത്തുനോക്കി.
അമ്മ നിശബ്ദയാണ്…അല്ലെങ്കിൽ ഇപ്പോൾ…സുകുവേട്ടാ മക്കളോട് ഇങ്ങനെ സംസാരിക്കാതെ, കുറച്ചു മയത്തിൽ ചോദിക്കൂ…എന്നു പറയുന്നതാണ്. ഇന്ന് അമ്മ ഒന്നും മിണ്ടുന്നില്ല.
എൻ്റെ ദേവീ…കാര്യം എന്താണെന്ന് അറിയില്ലല്ലോ. ധൈര്യം തരണേ…അച്ചു മനമുരുകി പ്രാർത്ഥിച്ചു.
അച്ചു നിന്നോടാ ചോദിച്ചത്, കേട്ടില്ലാന്നുണ്ടോ…?
അതിന് താമസിച്ചില്ലച്ഛാ. ഞാൻ പാലംകടന്ന് വരമ്പത്ത് ചവിട്ടതും തെന്നി വീണു. അപ്പോൾ തോട്ടിൽ ഇറങ്ങി ചേറുപറ്റിയത് കഴുകി കളഞ്ഞു. അങ്ങനെ താമസിച്ചതേ ഉള്ളൂ…
അച്ചൂ നീ കള്ളം പറയുന്നു…
അല്ലാതെ പിന്നെ…ങാ..പാടം കടന്നു വന്നപ്പോൾ റോഡിൽ വച്ച് ഞങ്ങളുടെ കോളേജിൽ പഠിപ്പിക്കുന്ന സാറിനെ കണ്ടു സംസാരിച്ചു. പിന്നെ സരസച്ചിറ്റയുടെ വീട്ടിൽ നിന്നും ചെമ്പരത്തി തണ്ട് വാങ്ങി പോന്നു.
അച്ചുവിൻ്റെ നിഷ്കളങ്കമായ മറുപടി കേട്ട സുകുവിൻ്റെ മുഖം ശാന്തമായി. അരിശത്തിനു പകരം വാത്സല്യം പ്രകടമായി. അമ്പലത്തിൽ നിന്നും വന്നപ്പോൾ എന്താ സാറിനെ കണ്ട കാര്യം പറയാതിരുന്നത്…?
അത് സാറിനെ എന്നും കാണുന്നതല്ലേ…അതാ പറയാഞ്ഞത്.
ഉം…ശരി. പോയിരുന്നു പഠിച്ചോ…അച്ചു അമ്മയെ ഒന്നുനോക്കി. അമ്മയുടെ മുഖത്തും സമാധാനഭാവം. അച്ചു അകത്തേക്ക് നടന്നു.
സുകു തിണ്ണയിൽ ഇരുന്ന കിണ്ടിയിൽനിന്നും വെള്ളമെടുത്ത് മുഖം കഴുകി. തൻെറ ആധിയും അരിശവും കഴുകി കളഞ്ഞതുപോലെ ആശ്വാസത്തോടെ ചാരുകസേരയിൽ കിടന്നു. മുഖം തുടയ്ക്കുകപോലും ചെയ്തില്ല.
പുറത്തുനിന്നും വീശുന്ന കാറ്റ് നനഞ്ഞ മുഖത്തു തട്ടുമ്പോൾ കിട്ടുന്ന തണുപ്പ്, മനസ്സിലേയ്ക്ക് ഇറങ്ങിചെല്ലുന്ന സുഖം. മനസ്സും ശരീരവും കുളിർന്നു. സുകു കണ്ണടച്ചു.
ലളിത ഒരു ലോട്ടയിൽ സംഭാരവുമായി എത്തി, സുകുവേട്ടാ…ദാ സംഭാരം കുടിക്ക്. സുകുവിനെ പതിയെ തട്ടി വിളിച്ചു.
ഞാൻ ഉറക്കമല്ല ലളിതേ…അനുഭവിച്ച ടെൻഷൻ അയഞ്ഞപ്പോൾ കണ്ണടച്ച് ഓരോന്ന് ഓർത്തതാ…
ഇത് കുടിക്ക്…ലളിത കസേരയുടെ താഴെ തൂണുംചാരി ഇരുന്നു. ഇപ്പോൾ എന്തിനേ അതൊക്കെ ഓർക്കണേ…
ഓർത്തെടുക്കുന്നതല്ല ലളിതേ…മറക്കാൻ ആവാഞ്ഞിട്ടാ.
പിന്നെ…അച്ചുവിനോടെന്തിനാ അങ്ങനൊക്കെ ചോദിച്ചത്…?
അവൾ എവിടെ…?
മുറിയിൽ…
ഉംം…ആ തെങ്ങുകേറാൻ വരുന്ന അപ്പൂട്ടി പറഞ്ഞു, അച്ചു ഒരാളിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന കണ്ടെന്ന്…വന്നിട്ട് അച്ചു അങ്ങനൊരുകാര്യം പറഞ്ഞുമില്ല. അത് കേട്ടപ്പോൾ എല്ലാം വീണ്ടും ആവർത്തിക്കുന്നോ എന്ന ഭയം.
ലളിതേ കഴിഞ്ഞതോന്നും മറക്കാൻ എനിക്കോ നിനക്കോ ആവുമോ…? ഇല്ലല്ലോ…അച്ചു വളർന്നു ലളിതേ. ഇപ്പോൾ കണ്ണടച്ചാൽ അവളുടെ വാക്കുകളാണ് കേൾക്കുന്നത്.
അങ്ങനൊന്നും സംഭവിക്കില്ല സുകുവേട്ടാ…ഇത്രയും കാലമായില്ലേ, അവർ എവിടാന്നോ എങ്ങനാന്നോ ഒന്നും നമുക്ക് അറിയില്ലല്ലോ…ഉണ്ടെങ്കിൽ തന്നെ അവരും അതൊക്കെ മറന്നുകാണും. സാരമില്ല വിഷമിക്കാതെ…സുകുവേട്ടൻ ഒന്നുമയങ്ങ്…ലളിതേ അടുക്കളയിലേയ്ക്ക് നടന്നു.
*** *** ***
അകത്തേക്ക് നടന്ന അച്ചുവിൻ്റെ മനസ്സിൽ അച്ഛൻ്റെയും അമ്മയുടെയും മുഖമായിരുന്നു. അച്ഛൻ എന്തിനാണ് ഇത്രയും അരിശപ്പെട്ടത്…?അച്ഛൻ്റെ അരിശം കണ്ടിട്ടും അമ്മ എന്താണ് മിണ്ടാതെ നിന്നത്…?അച്ചുവിന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
സരസച്ചിറ്റയുടെ വീട്ടിൽ കേറിയത് വന്നതേ പറഞ്ഞു. വീണത് ഇപ്പോൾ പറഞ്ഞു, എന്നിട്ടും അരിശംമാറിയില്ല. പിന്നെ കൂടുതൽ വേറെ എന്തോ കേൾക്കാൻ ഉള്ളപോലെയാണ് തന്നോട്, അച്ചൂ നീ കള്ളം പറയുന്നു എന്നു പറഞ്ഞത്. സാറിനെ കണ്ടു സംസാരിച്ചു എന്നു പറഞ്ഞപ്പോൾ ആണ് അച്ഛന് സമാധാനം ആയത്.
അപ്പോൾ താൻ ആരോടോ സംസാരിച്ചു എന്ന് അച്ഛനോട് ആരോ പറഞ്ഞു. അതാണ് കാര്യം. ഈശ്വരാ വന്നതേ പറഞ്ഞാൽ മതിയാരുന്നു. അത് അത്രവലിയ കാര്യമാണെന്ന് ഓർത്തില്ല.
എന്നാലും ഒരാളോട് സംസാരിച്ചു എന്നതിന് ഇങ്ങനെ അരിശപ്പെടണോ…? അങ്ങനെ ചോദ്യവും ഉത്തരവും അച്ചു തന്നെ കണ്ടെത്തി.
*** *** ***
അമ്മേ ചായ എടുക്കട്ടേ…? അച്ചു മുറ്റത്ത് ഉണങ്ങിയ തുണി എടുക്കയാരുന്ന ലളിതയോട് ചോദിച്ചു.
എന്താ…
ചായ എടുക്കട്ടേന്ന്…ഇത്രയും ഉച്ചത്തിൽ പറഞ്ഞിട്ടും അമ്മ കേട്ടില്ലേ.
ഞാൻ കേട്ടു പതിവില്ലാത്ത ചോദ്യം ആയതിനാൽ ആണേ…അച്ഛനും അവനും ഉള്ളത് ഉമ്മറത്ത് കൊണ്ടെക്കൊടുക്ക്. ഉംം…അച്ചു മൂളി. അച്ചു മുറ്റത്തിറങ്ങി ലളിതയെ സഹായിക്കാൻ തുടങ്ങി.
തുണി മടക്കി എടുക്കുന്നതിനിടയിൽ അവൾ ലളിതയുടെ മുഖത്തു സൂക്ഷിച്ചു നോക്കി. അമ്മേ…അച്ഛൻ എന്തിനാ ഇങ്ങനെ അരിശപ്പെടുന്നത്..? എന്തിനാ പേടിക്കുന്നത്…? അച്ഛൻപെങ്ങളല്ലെ സരസച്ചിറ്റ. എന്നിട്ടും അവിടെപോലും എന്നെ ഒറ്റയ്ക്ക് വിടില്ല എന്താ കാര്യം…?
നീ എന്തൊക്കെയാ അച്ചൂ ഈ പറയുന്നത്. പ്രത്യേകിച്ച് ഒരുകാര്യവും ഇല്ല. അച്ഛന് അതൊന്നും ഇഷ്ടമല്ല…ലളിത സൂക്ഷിച്ച് പറഞ്ഞു.
അതല്ലമ്മേ…അച്ഛൻ വേറെ എന്തിനോ ഭയക്കുന്നപോലെ തോന്നും. ഞാൻ അരുതാത്തത് എന്തോ ചെയ്തപോലെ…അച്ചു വിടാനുള്ള ഭാവമില്ല. അച്ഛനും അമ്മയ്ക്കും അറിയാം എന്തോ കാര്യമുണ്ട്.
ലളിതേ കൂടുതൽ ഒന്നും പറഞ്ഞില്ല. കൂടുതൽ ഒന്നും അമ്മയിൽനിന്നും കിട്ടില്ല എന്നു അച്ചുവിനു ബോദ്ധ്യായി. ഒരു കാര്യം ഉറപ്പ്, താനറിയാത്ത് എന്തൊക്കയോ ഉണ്ട്.
*** *** ***
ഒമ്പത് കഴിഞ്ഞു, ദേവ് വേഗം മുറിപൂട്ടി ഇറങ്ങി. കണ്ണിലും മനസ്സിലും പതിഞ്ഞ രൂപംകാണാൻ ധൃതിയായി. കോളേജ് ഗേറ്റ് കടന്നതേ കണ്ടു, അവൾ കൂട്ടുകാർക്കൊപ്പം പോകുന്നത്. ബൈക്ക് കൊണ്ടുവച്ച് സ്റ്റാഫ് റൂമിലേക്ക് നടന്നു.
അച്ചുവിൻ്റെ ക്ളാസ്സിനടുത്താണ് സ്റ്റാഫ് റൂം. ക്ളാസ് റൂമിനടുത്തെത്തിയ ദേവ് കണ്ടു, തന്നെ നോക്കുന്ന അച്ചുവിനെ നോക്കി ഒന്നു ചിരിച്ചു. അവൾ ചിരിച്ചുവോ…?
ഫോൺ ബെല്ലടിച്ചതിനാൽ ശ്രദ്ധിക്കാനും പറ്റിയില്ല. ദേവ് കോൾ എടുത്തു…
ഹലോ…
തുടരും….