അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു, ആര്‍ക്കും ഇഷ്ടമായില്ലേലും ഈ മോളെ അമ്മയ്ക്കിഷ്ടായീ.

മായ – രചന : NKR മട്ടന്നൂർ

വിനോദിന്‍റെ സ്വഭാവത്തില്‍ വന്ന മാറ്റമായിരുന്നു അവന്‍റമ്മ രേവതി മുകേഷിനോട് പറഞ്ഞു കൊണ്ടിരുന്നത്. മുകേഷും വിനോദും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. പക്ഷേ അവര്‍ പരസ്പരം കണ്ടിട്ട് ഒത്തിരി ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

വിനോദിനെ ഫോണിലും കിട്ടാതായപ്പോള്‍ അവന്‍റെ വീട്ടിലേക്ക് വന്നതായിരുന്നു മുകേഷ്. കളിയില്ല ചിരിയില്ല. എന്നോടൊന്ന് മിണ്ടീട്ട് ഒരു മാസത്തോളമായി. എങ്ങനെ നടന്ന കുട്ടിയായിരുന്നു. ദേഷ്യമാ എന്തു ചോദിച്ചാലും. അതുകൊണ്ട് ഞാനും ഇപ്പോള്‍ ഒന്നും മിണ്ടാറില്ല. രേവതിക്ക് കരച്ചില്‍ വന്നു.

അമ്മ വിഷമിക്കേണ്ട, ഞാനവന്‍റെ ഓഫീസിലൊന്ന് അന്വേഷിക്കട്ടെ. പറ്റുമെങ്കില്‍ ഒന്നു കാണണം ഇന്നു തന്നെ. മുകേഷ് യാത്ര പറഞ്ഞു പോയി. രേവതി മകനേയും കാത്ത് ഉമ്മറത്തിരുന്നു.

സമയം എട്ടു കഴിഞ്ഞപ്പോള്‍ വിനോദ് കയറി വന്നു. അവന്‍റെ പിറകേ പോയി ചോറെടുത്ത് വെയ്ക്കട്ടേന്ന് ചോദിച്ചു. ഞാന്‍ കഴിച്ചു എന്ന് പറഞ്ഞവന്‍ റൂമിലേക്ക് കയറിപോയി. അമ്മയുടെ കണ്ണു നിറഞ്ഞു. പിറ്റേന്ന് മഹേഷ് വന്നു പറഞ്ഞു. ഓഫീസില്‍ ഒരു മാസത്തെ ലീവ് പറഞ്ഞു പോയതാണ് പോലും. അവിടുള്ള ആര്‍ക്കും ഒന്നുമറീല്ല്യ.

രേവതിയും മുകേഷും മുന്നിലൂടെയാണ് വിനോദ് കയറിയ ബസ്സില്‍ കേറിയത്. വിനോദ് പല ചിന്തകളിലായിരുന്നു യാത്രയിലുടനീളം. അതുകൊണ്ടവന്‍ ആരേയും കണ്ടിട്ടില്ല. ഒന്നിലും അവനിപ്പോള്‍ ശ്രദ്ധിക്കാനാവുന്നില്ലാന്ന് പറയാം. കാരണം അവന്‍റുള്ളില്‍ ഇപ്പോള്‍ ഒരു രൂപം മാത്രം. കണ്ടക്ടറോട് വിനോദ് ടിക്കറ്റെടുത്തിടം അന്വേഷിച്ച് അവിടേക്ക് രണ്ടു ടിക്കറ്റെടുത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞു അവര്‍ ബസ്സിറങ്ങാന്‍.

മായ കട്ടിലില്‍ വെറുതേ കിടക്കുകയായിരുന്നു, അല്ല കാത്തിരിക്കയായിരുന്നു. ജനലിലൂടെ നോക്കിയാല്‍ കാണാം ആ വലിയ ഹോസ്പിറ്റല്‍. ഇനി രണ്ടു നാള്‍ കഴിഞ്ഞു അവിടേക്ക് പോയാല്‍ മതി. ആ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തീന്ന് അല്‍പം ആശ്വാസത്തിന് വേണ്ടിയാ ഇവിടെ റൂമെടുത്തത്. അമ്മ ഏട്ടനോട് ആവുന്നതും പറഞ്ഞു നോക്കിയതാ…കേട്ടില്ല…. റൂമിനൊക്കെ ഒത്തിരി കാശാവുമല്ലോന്നാ അമ്മയുടെ സങ്കടം..

വാതില്‍ മെല്ലെ കൊട്ടി. ഏട്ടാ കേറിക്കോ… മായ വിളിച്ചു പറഞ്ഞു.

വിനോദ് കേറി വന്നു. ഒന്നും കഴിച്ചില്ലേ നീ. അവന്‍ സ്നേഹത്തോടെ ചോദിച്ചു

കഞ്ഞി മതീന്ന് പറഞ്ഞിട്ട് അതാ അവിടെ വിളമ്പി വെച്ചിട്ടുണ്ട്. മായയുടെ അമ്മ മീനാക്ഷിയമ്മ പറഞ്ഞു. അവര്‍ അടുക്കളയിലേക്ക് പോയി.

എന്താ മായേ നീ കഴിക്കാഞ്ഞേ….? വിനോദ് ചോദിച്ചു.

അവള്‍ മെല്ലെ നടന്നു വന്ന് വിനോദിന്‍റെ കയ്യില്‍ പിടിച്ചു കട്ടിലില്‍ കൊണ്ടിരുത്തി. എന്നിട്ട് പതിയെ അവന്‍റെ മാറില്‍ ഒരു കുഞ്ഞിനെ പോലെ പറ്റി ചേര്‍ന്ന് കിടന്നു അവനവളെ മൃദുവായി പൊതിഞ്ഞു പിടിച്ചു. എന്നിട്ട് കൈകള്‍ കൊണ്ട് അവളുടെ തലയില്‍ തലോടി. ഏട്ടനെന്താ നോക്കുന്നത്…? നേര്‍ത്ത സ്വരത്തില്‍ മായ ചോദിച്ചു. അതു വളരാന്‍ കുറച്ചനാളുകളാവില്ലേ…? അമ്മയാ പറഞ്ഞത് ആ കറുത്ത തുണി ചുറ്റിക്കോളാന്‍….വേണ്ടേ ഏട്ടാ….? അല്ലെങ്കില്‍ എന്നെ കാണാന്‍ ആങ്കുട്ട്യോളെ പോലെയാന്നും പറഞ്ഞു അമ്മ.

ഞാന്‍ അമ്മ ഒളിച്ചു വെച്ച കണ്ണാടി ഇന്നു പരതി കണ്ടു പിടിച്ചു. ഞാനിപ്പോള്‍ ആണ്‍ കുട്ടിയെ പോലെയാ അല്ലേ ഏട്ടാ…വിനോദിന്‍റെ കണ്ണുകള്‍ നിറഞ്ഞു. അല്ലെങ്കിലും അവനിപ്പോള്‍ കരയാത്ത ദിവസങ്ങളുണ്ടോ. അതറിയാവുന്നത് കൊണ്ടാവാം മായ ഓരോന്ന് പറയുമ്പോഴും അവന്‍റെ മുഖത്തേക്ക് നോക്കാറില്ല. എന്തെങ്കിലും പറഞ്ഞോ ദേഷ്യപ്പെട്ടോ ഈ ഏട്ടന്‍ അവളെ ഉപേക്ഷിച്ചു പോയെങ്കില്‍ എന്നാ അവളാഗ്രഹിക്കുന്നത്.

ഈ സ്നേഹം…അതിന്ന് പകരം കൊടുക്കാന്‍ അവളുടെ കയ്യില്‍ ആകെ ഒരു ജീവിതം മാത്രേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വിധി അതും തട്ടിയെടുക്കാനായി പിറകേ കൂടിയിരിക്കുന്നു. എത്ര നാളായി പാവം ഈ അമ്മയ്ക്കും മകള്‍ക്കും വേണ്ടി കഷ്ടപ്പെടുന്നു. മായേ ഞാന്‍ കോരിത്തരട്ടേ കഞ്ഞി. വിനോദ് ചോദിച്ചു.

ഇത്തിരി കഴിയട്ടേ ഏട്ടാ…കുറച്ചു നേരം കൂടി ഞാനിങ്ങനെ കിടന്നോട്ടെ….? അവള്‍ സമ്മതം തേടി…വിനോദ് അവളുടെ മുഖം കയ്യിലെടുത്തു. ആ വാടിത്തളര്‍ന്ന നെറ്റിയില്‍ അവനൊരു ഉമ്മ വെച്ചു. ഞാന്‍ മരിച്ചു പോവ്വ്വോ ഏട്ടാ…? അവള്‍ പിന്നെയും ചോദിച്ചു. അവനവളുടെ ചുണ്ടില്‍ വിരലമര്‍ത്തി. അവള്‍ ആ മുഖത്തേക്ക് നോക്കി. ഏട്ടന്‍ കരയുന്നത് കണ്ടപ്പോള്‍ അവള്‍ക്കും കരച്ചില്‍ വന്നു. ഇനി ഒന്നും പറയില്ല ഞാന്‍. അവളവനോട് ഒന്നു കൂടി ഇഴുകി ചേര്‍ന്നു കിടന്നു…ഒത്തിരി നേരം…

മുറിയുടെ വാതിലില്‍ മുട്ടുന്നത് കേട്ട് മായ പതുക്കെ എഴുന്നേറ്റു പോയി കതക് തുറന്നു. മുറിയിലേക്ക് കയറി വന്നവരെ കണ്ടപ്പോള്‍ വിനോദ് വല്ലാതായി. മായയോട് നിങ്ങള്‍ സംസാരിച്ചിരിക്കൂ ഞാനിപ്പോള്‍ വരാംന്നു പറഞ്ഞവന്‍ പുറത്തേക്ക് പോയി. മായക്കും ആളെ മനസ്സിലായില്ല. അവള്‍ അമ്മയെ വിളിച്ചു.

ആരാ…? മീനാക്ഷിയമ്മ ചോദിച്ചു. ഞങ്ങള്‍ കുറച്ചു ദൂരേന്നാ…രേവതിയമ്മയും മുകേഷും ആ അമ്മയെയും മകളേയും മാറി മാറി നോക്കി. വെളുത്ത് മെലിഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ പോലെയേ തോന്നു മായയെ കണ്ടാൽ. അവളുടെ അമ്മയാണേല്‍ ഒരു പാവം സ്ത്രീ.

ഇപ്പോള്‍ ഇവിടുന്നിറങ്ങി പോയതാരാ? രേവതി ചോദിച്ചു. മീനാക്ഷിയമ്മ അവരെ തന്നെ നോക്കിയിരുന്നു.

നിങ്ങളൊക്കെ ആരാ..എവിടുന്നാ..?

അതൊക്കെ പറയാം….നിങ്ങള്‍ പറയൂ…

അതോ….അതെനിക്കു പിറക്കാതെ പോയ മകനാ…മീനാക്ഷിയമ്മയുടെ മിഴികള്‍ നിറഞ്ഞു. പിന്നെ എല്ലാം പറഞ്ഞത് മായയായിരുന്നു. അവള്‍ക്കവളുടെ ഏട്ടനെകുറിച്ചു പറയാന്‍ നൂറു നാവായിരുന്നു.

മായ പത്താം ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു +2 ന്ന് പഠിക്കുന്ന ആ ഏട്ടനെ പരിചയപ്പെടുന്നത്. പാവപ്പെട്ട വീട്ടിലെ കുട്ടിയെന്ന പരിഗണനയില്‍ ആ സ്കൂളിലെ തന്നെ ഏറ്റവും മിടുക്കിയായ മായയ്ക്ക് ഉപരി പഠനത്തിനായി ഒരു പണപിരിവ് നടത്തി സ്കൂളില്‍. അവിടുന്ന് തുടങ്ങിയൊരു സൗഹൃദം. ഉച്ചയ്ക്ക് വിനോദിന്‍റെ കയ്യിലാവും മിക്കപ്പോഴും മായയ്ക്കുള്ള ഊണ്. ആ കൂട്ടുകെട്ട് കോളജിലേക്ക് പോയി. അവിടെ അവനായിരുന്നു അവളുടെ എല്ലാം. അവളുടെ പഠനചെലവ് മുഴുവന്‍ അവന്‍ ആരുമറിയാതെ നടത്തി. മുകേഷ് കാര്യങ്ങള്‍ ഒരുവിധം മനസ്സിലായപ്പോള്‍ തന്നെ വിനോദിനെ തേടി പുറത്തേക്ക് പോയിരുന്നു.

മായ രേവതിയമ്മയുടെ അടുത്തേക്ക് വന്നു. ഞാനിപ്പോള്‍ വരെ ഏട്ടനോട് പറഞ്ഞതാ ഞങ്ങളെ വിട്ടു പൊയ്ക്കൊളാന്‍, കേള്‍ക്കേണ്ടേ…..? അമ്മയ്ക്കറിയോ ഹോസ്പിറ്റലീന്ന് ഡിസ്ചാര്‍ജ്ജായാല്‍ എന്നെ ഏട്ടന്‍റെ വീട്ടിലേക്ക് കൊണ്ടു പോവുംന്നാ പറയുന്നെ. പറഞ്ഞിട്ട് കേള്‍ക്കേണ്ടേ…? ഏട്ടന്‍റമ്മയ്ക്ക് എന്നെ ഇഷ്ടാവ്വോ….? ഒന്നുമറീല്ലെനിക്ക്…അവളൊന്ന് ചിരിച്ചു. ലോകത്തിലെ ഒരമ്മയ്ക്കും എന്നെ ഇഷ്ടാവില്യാ…എനിക്കറിയാമത്…ഞാനെന്‍റെ ഏട്ടനെ എങ്ങനേലും പറഞ്ഞ് പിന്തിരിപ്പിക്കും. നിറഞ്ഞു വന്ന മിഴികള്‍ തുടച്ചു കൊണ്ട് രേവതിയമ്മ യാത്ര പറഞ്ഞിറങ്ങി.

വെളിയില്‍ വിനോദും മഹേഷും കാത്തിരുപ്പുണ്ടായിരുന്നു. വിനോദിനെ ചേര്‍ത്തു പിടിച്ചു കൊണ്ട് രേവതിയമ്മ പറഞ്ഞു. എന്‍റെ മോന്‍ ഒന്നിനും ഇനി സങ്കടപ്പെടല്ലേ. നിന്‍റെ ഒരിഷ്ടത്തിനും ഈ അമ്മ തടസ്സം നില്‍ക്കില്ല……!! മഹേഷ് വിനോദിനോട് പറഞ്ഞു. എടാ നിനക്കിങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നില്ലേ നിന്‍റെ അമ്മയോടെങ്കിലും.

ഞാന്‍ അമ്മയോട് പറയാനിരിക്കയായിരുന്നു. അപ്പോഴാണവളുടെ അസുഖ വിവരം അറിഞ്ഞത്. പിന്നെ ഞാനാകെ തകര്‍ന്നു പോയി. എന്തു ചെയ്യണമെന്നോ ആരോടു പറയണമെന്നോ അറിയാതെ ഓടുകയായിരുന്നു…സോറീഡാ… അവന്‍ അമ്മയുടെ നേര്‍ക്കു കൈ കൂപ്പി.

വാതില്‍ തുറന്ന് അകത്തു വന്നവരെ കണ്ടപ്പോള്‍ മായ ഒത്തിരി സങ്കടത്തോടെ ഒതുങ്ങി നിന്നു. രേവതിയമ്മ അടുത്തേക്ക് പോയി അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു. ആര്‍ക്കും ഇഷ്ടമായില്ലേലും ഈ മോളെ അമ്മയ്ക്കിഷ്ടായീ. അവള്‍ ആ അമ്മയുടെ മാറില്‍ ചേര്‍ന്നു കിടന്ന് ഒരു കുഞ്ഞിനെ പോലെ കരഞ്ഞു.