ഒരു റോഡപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ ഹൃദയമാണ് ലൂയി വാഷ്കെൻസ്കി എന്ന രോഗിയിൽ തുന്നിപ്പിടിപ്പിച്ചത്

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ഡോക്ടർ ക്രിസ്റ്റ്യൻ ബർണാഡ് ആദ്യമായി ഹൃദയം മാറ്റി വെച്ചപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ആരുമറിയാത്ത ഒരു ഹീറോ ഉണ്ട്. ‘ഹാമിൽട്ടൺ നാകി’.

ഡോക്ടറോ സാങ്കേതിക വിദഗ്ധനോ ഒന്നുമായിരുന്നില്ല ഹാമിൽട്ടൺ നാകി. കേപ്ടൗൺ സർവകലാശാലയിലെ തോട്ടക്കാരൻ ആയിരുന്നു അദ്ദേഹം. മൃഗസർജനെ സഹായിക്കൽ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി. മൃഗങ്ങളെ ശസ്ത്രക്രിയയ്ക്കായി പിടിച്ചു കൊടുക്കാൻ തുടങ്ങിയ നാകി തുടർന്ന് അവയെ ശസ്ത്രക്രിയ ചെയ്യാനും പഠിച്ചു.

അതിനുശേഷം അദ്ദേഹം സർവ്വകലാശാല ആശുപത്രിയിൽ മൃതശരീരങ്ങളിൽ ഹൃദയശസ്ത്രക്രിയ പരീക്ഷണങ്ങൾ ചെയ്തു. ആയിരക്കണക്കിന് യുവ ഡോക്ടർമാർക്ക് പരിശീലനവും നൽകി.

ആദ്യമായി നടത്തുന്ന ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയിക്കാൻ ഹാമിൽട്ടൺ നാകിയുടെ സഹായം വേണമെന്ന് ക്രിസ്റ്റ്യൻ ബർണാഡിന് നിർബന്ധമായിരുന്നു.

ഒരു റോഡപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ ഹൃദയമാണ് ലൂയി വാഷ്കെൻസ്കി എന്ന രോഗിയിൽ തുന്നിപ്പിടിപ്പിച്ചത്. ബർണാഡും സംഘവും രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കുന്ന സമയത്ത്, ഹാമിൽട്ടൺ നാകി അടുത്ത ഓപ്പറേഷൻ തിയേറ്ററിൽ ആ സ്ത്രീയുടെ നെഞ്ചുകീറി ഹൃദയം സുരക്ഷിതമായി പുറത്തെടുത്തു.

ആദ്യ ഹൃദയം മാറ്റിവെയ്ക്കലിന്റെ വാർത്ത പിറ്റേന്ന് ലോകമറിഞ്ഞു. ക്രിസ്റ്റ്യൻ ബർണാഡ് പ്രശസ്തനായി. പക്ഷേ, ഹാമിൽട്ടൺ നാകിയെ കുറിച്ച് എവിടെയും പരാമർശം ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയ നടത്തി മിടുക്ക് തെളിയിച്ചിട്ടും തോട്ടക്കാരന്റെ തുച്ഛമായ ശമ്പളത്തിൽ അദ്ദേഹത്തിന് ജീവിതകാലം മൊത്തം കഴിഞ്ഞു പോകേണ്ടിവന്നു.

കുറ്റബോധം കൊണ്ടായിരിക്കണം വർഷങ്ങൾക്കുശേഷം ക്രിസ്റ്റ്യൻ ബർണാഡ് ആ സത്യം ലോകത്തോടു വെളിപ്പെടുത്തി, തന്നെക്കാൾ മിടുക്കനായ ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ് ഹാമിൽട്ടൺ നാകി എന്ന്.

മെഡിക്കൽ രംഗത്തെ നാകിയുടെ കഴിവിന്റെ അംഗീകാരമായി 2003 ൽ കേപ്ടൗൺ യൂണിവേഴ്സിറ്റി ഓണററി മെഡിക്കൽ ബിരുദം നൽകി അദ്ദേഹത്തെ ആദരിച്ചു. 2005 മെയ് 29- ന് ഹാമിൽട്ടൺ നാകി മരിച്ചപ്പോഴാണ് പ്രഥമ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ അദ്ദേഹത്തിന്റെ റോൾ ചർച്ചാവിഷയമായത്.

കടപ്പാട് : സന്തോഷ് ശിശുപാൽ