ദേവേട്ടാ വേഗം വാ…എനിക്കു കാണാന്‍ കൊതിയായി, ഞാന്‍ വെക്കുവാണേ

രചന: NKR മട്ടന്നൂർ

ദേവേട്ടാ….മീനു വിളിച്ചു

എടി പെണ്ണേ….ഞാന്‍ പത്തു മിനിറ്റ് കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടിലേക്ക് പോവും.നാട്ടിലെ പുലര്‍ച്ചെ മൂന്നുമണിക്കാണ് ഫ്ളൈറ്റ്. രാവിലെ ആറു മുപ്പതിന് കോഴിക്കോട് ലാന്‍ഡ് ചെയ്യും. ക്ളിയറന്‍സ് കഴിഞ്ഞു ഏഴരയ്ക്കു വിട്ടാല്‍ പത്തു മുപ്പതിന് നാട്ടിലെത്തും. വീട്ടിലെത്തി കുളിച്ച ഉടന്‍ ഞാന്‍ വരും നിന്നരികിലേക്ക്. അപ്പോഴേക്കും ഊണും റെഡിയാക്കി എന്‍റെ പൊന്നുമോള്‍ കുളിച്ചു സുന്ദരിയായി ഒരുങ്ങി നിന്നോണം. ശാന്തമ്മയോട് മാര്‍ക്കറ്റില്‍ പോവുമ്പോള്‍ ഇച്ചിരി മുല്ലപ്പൂവും കൊണ്ടുവരാന്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അതും ചൂടി നല്ല മണവാട്ടിക്കുട്ടിയായ് ഒരുങ്ങി നിന്നോളൂ. എന്‍റെ മോള്‍ ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും നിന്‍റെ ദേവേട്ടന്‍ പറന്നെത്തിയിരിക്കും.

മീനൂ….

മം….അവള്‍ മൂളി.

നീയെന്താ ഒന്നും മിണ്ടാതെ …? അവള്‍ ഒന്നും പറഞ്ഞില്ല.

കരയാണോ നീ.

അല്ല….അവളുടെ ശബ്ദം നനഞ്ഞിരുന്നു. എന്തിനാ എന്‍റെ മുത്ത് കരയുന്നേ. ഒന്നുമില്ല….സന്തോഷം കൊണ്ടാവും. അവള്‍ മിഴികളില്‍ തുടച്ചുകൊണ്ട് പറഞ്ഞു. ദേവേട്ടന്‍ ഫോണ്‍ വെച്ചോ.എന്നിട്ട് വേഗം വാ. മീനുവിന്‍റെ ശബ്ദം കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു. എന്‍റെ മോളേ…നീ കഴിഞ്ഞ നാലുവര്‍ഷമായി കാത്തിരിക്കുന്നില്ലേ. ഇനി ഒരു ആറു മണിക്കൂര്‍ കൂടി കഴിയല്ലേ വേണ്ടൂ. അവള്‍ കരയാന്‍ തുടങ്ങിയിരുന്നു. ദേവേട്ടാ വേഗം വാ. എനിക്കു കാണാന്‍ കൊതിയായി. ഞാന്‍ വെക്കുവാണേ.

അയ്യോ വെയ്ക്കല്ലേ. ഒരുമ്മ താ….ദേവന്‍ കെഞ്ചി.

ഇല്ല….അതു നാളെ നേരില്‍ തരാംന്നല്ലേ നമ്മള്‍ വാക്കു പറഞ്ഞേ. ന്‍റെ മോന്‍ നാലു വര്‍ഷം കാത്തിരുന്നില്ലേ. ഇനിയൊരു ആറു മണിക്കൂര്‍ കൂടി ക്ഷമിക്കൂ. മീനു കണ്ണീരോടെ ചിരിച്ചു.

ആ….നാളെ ഞാനവിടെ എത്തട്ടെ. മാമനും മാമിയും കണ്ടാലും കൊഴപ്പോല്ലാ. എന്‍റെ കയ്യില്‍ കിട്ടട്ടെ നിന്നെ. എന്‍റെ നാലു കൊല്ലം. പാഴായതെല്ലാം എണ്ണി എണ്ണി തരും ആ ചുണ്ടുകളില്‍.

ഓ….സാരമില്ല….ഞാന്‍ സഹിച്ചോളാം. മീനു പറഞ്ഞു. എന്നാല്‍ വെയ്ക്കട്ടേ. ദേവന്‍ ചോദിച്ചു. മീനു മൂളി…..കോള്‍ കട്ടായി.

മീനു മൊബൈലില്‍ നോക്കി. നേരം പാതിരയായി. ഇന്നിനി ഉറക്കംവരില്ല. പാവം ദേവേട്ടന്‍…കഴിഞ്ഞ നാലു വര്‍ഷമായി രണ്ടു കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെടുകയാ. ആഴ്ചയില്‍ നാലു ദിവസം വിളിക്കും. ഒന്നിനും പണം അധികം ചെലവാക്കാതെ പരമാവധി മിച്ചം വെയ്ക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടു. മീനുവിന് വേണ്ടതെല്ലാം പറഞ്ഞാല്‍ വാങ്ങിത്തരും. ഞാന്‍ ഒന്നും പറയാറില്ലാന്ന് മാത്രം. എന്നാലും എല്ലാം കണ്ടറിഞ്ഞു അമ്മയെകൊണ്ടു വാങ്ങിപ്പിക്കും. കാലില്‍ പാദസ്വരം എന്നും കാണണംന്ന് പറയും. ഫോണിലൂടെ അതിന്‍റെ കിലുക്കം കേള്‍ക്കണം എപ്പോഴും. അതുകൊണ്ട് പാദസ്വരം എന്നും കാലില്‍ അണിയാറുണ്ട്.

ദേവന്‍റെ പെണ്ണാ…നീ..അതുകൊണ്ട് ആളുകളെകൊണ്ട് പറയിപ്പിക്കരുത്. നല്ലവണ്ണം അണിഞ്ഞൊരുങ്ങി നടക്കേണം. പുതിയ മോഡല്‍ വസ്ത്രങ്ങള്‍ അമ്മയെകൊണ്ട് വാങ്ങിപ്പിക്കും. ഞാനൊന്നും തയ്പ്പിച്ചില്ല. ആരെ കാണിക്കാനാ. കാണേണ്ടയാള്‍ വരട്ടെ അപ്പോള്‍ ആവാംന്നു പറഞ്ഞ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്‍റെ കാര്യത്തില്‍ മാത്രം യാതൊരു പിശുക്കുമില്ല.

കളിക്കൂട്ടുകാരായിരുന്നു നമ്മള്‍. അച്ഛന്‍റെ പെങ്ങളുടെ മകനാ ദേവേട്ടന്‍. എന്നെക്കാളും അഞ്ചു വയസ്സ് മൂത്തതാ ദേവേട്ടന്‍. കഞ്ഞുന്നാളില്‍ ആ കൈകളില്‍ കിടന്നാ വളര്‍ന്നത്. അമ്മ പറയാറുണ്ടായിരു മീനൂനെ നിലത്തു വെയ്ക്കാറില്ലായിരുന്നൂന്ന്. എനിക്കും അതായിരുന്നു ഇഷ്ടം. എന്തിനും ഏതിനും ദേവേട്ടന്‍റെ കൂട്ടുമതി. ആ കൈകളില്‍ തൂങ്ങിയാ സ്കൂളില്‍ പോയതും വന്നതും. ഇച്ചിരി വലുതായപ്പോള്‍ തൊട്ടേ ഞാന്‍ പറയുമായിരുന്നു, വലുതായാല്‍ എനിക്കു ദേവേട്ടനെ കല്യാണം കഴിച്ചു തന്നാല്‍ മതീന്ന്.

അച്ഛന്‍ ചുമട്ടു തൊഴിലാളിയായിരുന്നു. അഞ്ചു വര്‍ഷം മുന്നേ ഒരപകടത്തില്‍ പരിക്കേറ്റു കിടപ്പിലായതാ. ഇപ്പോള്‍ പരസഹായമില്ലാതെ എഴുന്നേറ്റു നടക്കും. അന്നുമുതല്‍ ദേവേട്ടനാ നമ്മുടെ കുടുംബത്തിന്‍റെയും അത്താണി. നാട്ടീന്ന് കൂലിപണി ചെയ്തു ഒന്നിനും തികയാതെ വന്നപ്പോഴാ ഗള്‍ഫിലേക്ക് ഒരു വിസ അടുത്ത വീട്ടിലെ നാസര്‍ക്ക ശരിയാക്കി കൊടുത്തത്. അതു ഞങ്ങളുടെ സങ്കടങ്ങള്‍ കണ്ടിട്ട് കൂടിയായിരുന്നു. അവരുടെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറാ ഇപ്പോള്‍ ദേവേട്ടന്‍. ജോലിയിലും ജീലിതത്തിലും അത്ര ആത്മാര്‍ത്ഥത കാട്ടിയിരുന്നു ദേവേട്ടന്‍.

നമ്മുടെ വിവാഹത്തിനായ് കാത്തിരിക്കയാ രണ്ടു വീട്ടുകാരും. അതില്‍ യാതൊരു വിധ പരിഭവമോ പരാതിയോ ഇല്ല ആര്‍ക്കും. മുതിര്‍ന്നപ്പോള്‍ ഒന്നു തൊട്ടു നോക്കിയിട്ടില്ല. മറ്റൊരര്‍ത്ഥത്തില്‍. ഒരുപാട് തവണ മീനു കൊതിച്ചിട്ടുണ്ട് ആ മാറിലെ ചൂടൊന്നറിയാന്‍. കല്യാണത്തിന് മുന്നേ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മറ്റൊരാള്‍ താലികെട്ടുമ്പോള്‍ യാതൊരശുദ്ധിയും നിന്നിലുണ്ടാവരുത്. ഒരിക്കലെന്നോട് പറഞ്ഞതാ. ഒരുപാട് കരഞ്ഞു ഞാനന്ന്. ഒരു തമാശ പറഞ്ഞതാടീ പെണ്ണേന്നും പറഞ്ഞു ആശ്വസിപ്പിക്കാന്‍ ഒത്തിരി ശ്രമിച്ചിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്താഞ്ഞപ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചു.

ആ മാറില്‍ മുഖം ചേര്‍ത്തു കരയുമ്പോള്‍ ഞാന്‍ പറഞ്ഞു. ഈ ജന്‍മത്തില്‍ മീനുവിന്‍റെ കഴുത്തില്‍ ഒരു താലി വീഴുന്നെങ്കില്‍ അതെന്‍റെ ദേവേട്ടന്‍റെ കൈകൊണ്ട് മാത്രം. ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും അത് ഒന്നിച്ച്…മതി. ആ ഓര്‍മ്മകളില്‍ അവള്‍ പുലര്‍കാലത്തെപ്പോഴോ ഒന്നു മയങ്ങി.

പുലര്‍കാലം ഒരു കുഞ്ഞു മഴപെയ്തിട്ടുണ്ടാവാം. മുറ്റവും തൊടിയിലും നനവു കണ്ടപ്പോള്‍ മീനു ഓര്‍ത്തു. മുറ്റത്തയും തൊടിയിലെയും ചപ്പു ചവറുകള്‍ അടിച്ചു കൂട്ടി. എല്ലാം ഒരിടത്തിട്ടു കത്തിക്കണേ. അമ്മ വിളിച്ചു പറഞ്ഞു. ഞാന്‍ വേഗം മാര്‍ക്കറ്റില്‍ പോയി വരാം. ഇച്ചിരി ഇറച്ചി കൂടി വാങ്ങാം. ദേവന്‍ വരില്ലേ ഉച്ചയ്ക്ക്. അമ്മ വേഗം നടന്നകന്നു. അച്ഛന്‍ നല്ല ഉറക്കമാവും.

മീനു അടുപ്പീന്ന് ഒരു കടലാസു കത്തിച്ചു കൊണ്ടു വന്ന് കരിയിലകള്‍ക്കു തീയിട്ടു. അത് മെല്ലെ പുകഞ്ഞു കത്താന്‍ തുടങ്ങി. കുറേ നേരമായിട്ടും കത്തിതീരാത്തത് കൊണ്ട് ഇത്തിരി മണ്ണെണ്ണ ഒഴിച്ചു കൊടുത്താല്‍ വേഗം കത്തുമല്ലോന്നോര്‍ത്ത് അവള്‍ അകത്തു പോയി. റേഷന്‍ മണ്ണെണ്ണ് ഒരു ലിറ്ററിന്‍റെ പ്ളാസ്റ്റിക് ബോട്ടലില്‍ കിടപ്പുണ്ടായിരുന്നു. അവളതുമെടുത്ത് തൊടിയിലെത്തി. തീയിലേക്ക് മൂടു തുറന്ന് മണ്ണെണ്ണ ഒഴിച്ചതും ഒരു ആളലോടെ തീ മണ്ണെണ്ണ കുപ്പിയിലേക്ക് പടര്‍ന്നതും ഒന്നിച്ചായിരുന്നു. മീനു വേഗം കുപ്പി വലിച്ചെടുത്തു. മണ്ണെണ്ണയോടൊപ്പം തീ ആളിപടര്‍ന്നു അവളുടെ ദേഹത്ത് പിടിച്ചു.

അമ്മേ…

ഒരു നിലവിളി മാത്രം….

എയര്‍പോര്‍ട്ടീന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു ചാറ്റല്‍ മഴയുണ്ടായിരുന്നു. സമയം എട്ടു കഴിഞ്ഞു. ഫ്ളൈറ്റ് അരമണിക്കൂര്‍ ലേറ്റാ. ദേവന്‍റെ കൂട്ടുകാരന്‍ സന്തോഷ് കാറും കൊണ്ടു വന്നിട്ടുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്രയില്‍ ദേവന്‍ തന്‍റെ സുന്ദരമായ നാട് നാലുവര്‍ഷങ്ങള്‍ക്കു ശേഷം കണ്‍കുളിര്‍ക്കെ കാണുകയായിരുന്നു. അപ്പോള്‍ സന്തോഷിന്‍െറ ഫോണില്‍ നാട്ടീന്ന് ഒരു കോള്‍ വന്നു. ആ വാര്‍ത്ത കേട്ടു സന്തോഷ് നടുങ്ങി. അവന്‍ ദേവന്‍റെ മുഖത്തേക്ക് നോക്കി. ഏതോ ലോകത്താണവന്‍. ദൈവമേ ഇവനിതെങ്ങനെ സഹിക്കും.

വീട്ടിനടുത്തെത്തിയപ്പോഴേ ദേവന്‍ ചിന്തകളില്‍ നിന്നുണര്‍ന്നുള്ളൂ. മുറ്റത്ത് കാര്‍ ചെന്നു നിന്നു. ആരെയും പൂമുഖത്ത് കണ്ടില്ല. കാറിന്‍റെ ശബ്ദം കേട്ടു അച്ഛനും അമ്മയും ഇറങ്ങിവന്നു. ആരുടെ മുഖത്തും യാതൊരു സന്തോഷവും കണ്ടില്ല. ദേവന്‍ തിരിഞ്ഞു സന്തോഷിനെ നോക്കി. അവന്‍റെ കണ്ണീന്ന് രണ്ടുതുള്ളി കണ്ണീര്‍ അടര്‍ന്നു നിലത്തു വീണു.

എന്താ…..? എന്താ ഉണ്ടായേ…….?

ടൗണിലെ വലിയ ഹോസ്പിറ്റലിന്ന് മുന്നില്‍ കാര്‍ നിന്നു.ദേവനെ കൂട്ടികൊണ്ട് സന്തോഷ് ഐ സി യു വിന്‍റെ മുന്നിലെത്തി. ആര്‍ക്കും ദേവനെ സമാധാനിപ്പിക്കാനായില്ല. ഐ സി യുടെ ഡോര്‍ തുറന്ന് വേഗത്തില്‍ പുറത്തേക്ക് ഇറങ്ങി നടക്കുകയായിരുന്ന ഡോക്ടറുടെ കാലില്‍ വീണവന്‍ കെഞ്ചി. എനിക്കെന്‍റെ മീനൂനെ ഒന്നു കാണാന്‍ പറ്റുമോ. ഡോക്ടര്‍…ഒരു തവണ മതി…പ്ളീസ് ഡോക്ടര്‍…പ്ളീസ്…അവനു കൊടുക്കാനുള്ള മറുപടി അപ്പോഴും അറിയില്ലായിരുന്നു ആര്‍ക്കും.

തൊടിയിലെ മാവിന്‍ ചോട്ടിന്ന് അപ്പോഴും പുക ഉയരുന്നുണ്ടായിരുന്നു. മീനുവും ദേവേട്ടനും ഒത്തിരി നാളുകള്‍ ഒന്നിച്ചു കളിച്ച ആ മാവിന്‍ ചോട്ടില്‍ അവളിന്ന് തനിച്ചാ ഉറങ്ങുക. പാവം മീനു. ദേവന്‍ ഒരു ചെറു ചിരിയോടെ എഴുന്നേറ്റു. മീനു എന്‍റെ മോള്‍ തനിച്ചെല്ല കേട്ടോ…ദേവേട്ടനുണ്ട് കൂടെ…അവന്‍റെ മനസ്സ് മന്ത്രിച്ചു.

(എണ്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ മീനു നാലുദിവസം ഐ സി യു വില്‍ കിന്നു മരണത്തോട് മല്ലടിച്ചു. അവളെ രക്ഷപ്പെടുത്താനായുള്ള തീവ്ര പരിശ്രമത്തിനിടയില്‍ അണുബാധയുണ്ടാകാനിടയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. അവളുടെ ദേവനെ ആര്‍ക്കും സമാധാനിപ്പിക്കാനാവാത്തതിനാല്‍ ഒരുവട്ടം കാണാനുള്ള അനുവാദം കൊടുത്തു. മീനു അപ്പോഴും ദേവേട്ടനെ കാണാനായി അവളുടെ മിഴികള്‍ പാതിയേ അടച്ചിരുന്നുള്ളൂ…)