അമ്മയ്ക്ക് കടല വറുത്തത് വേണമെന്ന് പറഞ്ഞപ്പോള്‍ അതും വാങ്ങി കൊടുത്തു

രചന: NKR മട്ടന്നൂർ

മകന്‍ അമ്മയുടെ കയ്യില്‍ പിടിച്ചു. പുതിയ പാലം ദൂരെ കാണാം.

അമ്മ പുതിയ സാരിയായിരുന്നു ഉടുത്തിരുന്നത്. അതിന്നലെ ആ മകന്‍ വാങ്ങി കൊടുത്തതായിരുന്നു. അമ്മയ്ക്ക് കടല വറുത്തത് വേണമെന്ന് പറഞ്ഞപ്പോള്‍ അതും വാങ്ങി കൊടുത്തു. ഇനിയെന്താ അമ്മയ്ക്കിഷ്ടം, ഒരു മെറിന്‍ഡ…അതു കൂടി വാങ്ങിച്ചു.

അമ്മ കുടിച്ചോ….എന്‍റെ അമ്മയല്ലേ. അമ്മയുടെ മനസ്സ് നിറഞ്ഞു. വാ എന്‍റെ കയ്യില്‍ പിടിച്ചോളൂ. അതും അമ്മയ്ക്കിഷ്ടായി. അമ്മയപ്പോള്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു. എന്‍റെ മകന് വൈകിയെങ്കിലും നീ നല്ല ബുദ്ധി കൊടുത്തല്ലോ ഈശ്വരാ. ഇനിയെനിക്കു മരിച്ചാല്‍ മതിയായിരുന്നു. അമ്മയുടെ നിറഞ്ഞ കണ്ണുകള്‍ മകന്‍ മുണ്ടിന്‍റെ തുമ്പു കൊണ്ട് തുടച്ചു. അമ്മയുടെ ഹൃദയം വിങ്ങി.

എന്‍റെ ശിവനേ….ഇവനെയായിരുന്നോ ഞാന്‍ ഇന്നലെ മനസ്സ് നൊന്തപ്പോള്‍ ഒരു തവണ….ഒരു തവണമാത്രം ഒന്നു പ്രാകിയേ…..!! അതും സഹിക്കുന്നതിനും അപ്പുറത്തായിപോയതു കൊണ്ടായിരുന്നു…..!! എന്‍റെ മകനെ ആ ശാപമൊന്നും ഏല്‍ക്കാതെ നീ കാക്കണേ. അവനെന്നെ വരന്തയില്‍ നിന്നും മുറ്റത്ത് തള്ളിയിട്ടപ്പോള്‍ അറിയാതെ പറഞ്ഞു പോയതാണേ. എന്‍റെ പൊന്നു മകനൊന്നും വരുത്തരുതേ. അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചു.

അവന്‍റുള്ളില്‍ എന്നോടിത്രേം സ്നേഹമുണ്ടായിരുന്നെങ്കില്‍ ഞാന്‍ അന്നേ അങ്ങനെ ചെയ്തേനേ. തെക്കേതിലെ നാണിയാ പറഞ്ഞത് ഇപ്പോഴെ അങ്ങനെ ചെയ്താല്‍ പിന്നെ അമ്മയ്ക്ക് ഒന്നുമില്ലാതാവുംന്ന്. ആരുമുണ്ടാവില്ലാന്ന്. ഇപ്പോഴിതാ അവനെ പഴയ മകനായി അമ്മയുടെ പഴയ സ്നേഹമുള്ള മകനായ് തിരിച്ചു കിട്ടിയിരിക്കുന്നു.

അമ്മേ… ദാ ഇവിടെ വന്നു താഴേക്ക് നോക്കിയേ. മകന്‍ സ്നേഹത്തോടെ വിളിച്ചു.അമ്മ പാലത്തിന്‍റെ കൈവരിയില്‍ മകന്‍ പറഞ്ഞപോലെ ചേര്‍ന്നു നിന്ന് താഴേക്ക് എത്തി നോക്കി.

ഒരു നിമിഷം.. ഒരു നിമിഷത്തെ സൂഷ്മതയില്‍ ആ മകന്‍ അമ്മയെ ഒരുപാട് സ്നേഹിച്ചു. എല്ലാ വേദനകളില്‍ നിന്നും മുക്തി നല്‍കി. അമ്മയ്ക്ക് ഒരുപാട് സന്തോഷമായികാണും.

ഓ.. ഇന്നും മൂക്കറ്റം കുടിച്ചാണല്ലോ വരവ്. ആടി ആടി വരുന്ന ഭര്‍ത്താവിനെ കണ്ട് അവള്‍ ചോദിച്ചു.

അതിന് നിനക്കെന്താടീ. നാളെ ഞാന്‍ കോടീശ്വരനാടീ. ഒന്നും രണ്ടുമല്ല..പത്തു കോടി..പത്തു കോടിയാ എന്‍റെ കയ്യില്‍ വരാന്‍ പോവുന്നെ.നാളെ രണ്ടു കോടി അഡ്വാന്‍സ് കിട്ടും. പിന്നെ ഒരു മാസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടന്നാല്‍ ബാക്കി എട്ടു കോടി…ഓ…അതും കൂടി കിട്ടിയിട്ട് വേണം. എനിക്കൊരു രാജാവിനെ പോലെ ജീവിക്കാന്‍. അതും പറഞ്ഞവന്‍ അട്ടഹസിച്ചു ചിരിച്ചു.

അല്ല നിങ്ങള്‍ പുതിയ പാലം കാട്ടിക്കൊടുക്കുവാന്‍ കൂട്ടിപോയ നിങ്ങളുടെ അമ്മയെവിടെ…..?ഓ…അമ്മയ്ക്ക് പാലം കണ്ടപ്പോള്‍ ഒരു കൊതി ഒന്നു പുഴയില്‍ മുങ്ങി കുളിക്കണംന്ന്. ഞാന്‍ പറഞ്ഞു. അമ്മ നല്ലവണ്ണം കുളിച്ചിട്ട് വാന്ന്. അതും പറഞ്ഞവന്‍ വന്യമായവളെ നോക്കി. ആരെങ്കിലും വന്ന് അമ്മയെ അന്വേഷിച്ചാല്‍ രാവിലെ അമ്പലത്തില്‍ പോയതാ…അത്രയേ നിനക്കറിയൂ…അല്ല അതിലും കൂടുതല്‍ വല്ലതും അറിയാന്‍ ശ്രമിച്ചാൽ, ആ തള്ളയുടെ കൂടെ നിന്നെയും പറഞ്ഞയക്കും ഞാന്‍.അവനവളെ നോക്കി മീശ പിരിച്ചു. അവള്‍ പേടിയോടെ അകത്തേക്ക് കയറിപോയി.

ദുഷ്ടാ….അതീന്ന് ഒരു ലക്ഷം രൂപ കൊടുത്തിരുന്നെങ്കില്‍ ഏതെങ്കിലും അനാഥമന്ദിരത്തിലുള്ളവര്‍ നോക്കുമായിരുന്നില്ലേ അമ്മയെ. പണമൊന്നും കൊടുത്തില്ലേലും ആരെങ്കിലും വന്നു കൊണ്ടു പോകുമായിരുന്നില്ലേ. പുഴയില്‍ തള്ളിയിട്ട് കൊല്ലണമായിരുന്നോ…?അവള്‍ പൊട്ടിക്കരഞ്ഞു.

അപ്പോള്‍ കുടിച്ചു ഉന്‍മാദത്തില്‍ ആറാടി നടു റോഡിലൂടെ നടന്നു നീങ്ങിയ ആ മകന് നേരെ ഒരു പാണ്ടി ലോറി പാഞ്ഞു വരുന്നത് കാണുവാനുള്ള ബോധം അവനിലുണ്ടായിരുന്നില്ല….