രചന: NKR മട്ടന്നൂർ
എടീ..
നീ ഇനിയും പോവാന്‍ റെഡിയായില്ലേ…?
മധുവേട്ടന്‍ ദേഷ്യപ്പെട്ട മട്ടാ…..!
വേണിക്കു ദേഷ്യവും സങ്കടവും ഒന്നായ് വന്നു.രാവിലെ അഞ്ചു മണിക്കു ഉണര്‍ന്നിട്ട് അടുക്കളയില്‍ കയറിയതാ. പ്രാതലിന് ദോശയും കടലക്കറിയും ആക്കി. പിന്നെ ചോറും ഒരു തോരനും റെഡിയാക്കി. മക്കളെ ഉണര്‍ത്തി പല്ലു തേപ്പിച്ചു, കുളിപ്പിച്ചു. ദോശ കഴിപ്പിച്ചു. യൂനിഫോം ധരിപ്പിച്ചു വാനില്‍ കയറ്റി ഇപ്പോള്‍ വിട്ടതേ ഉള്ളൂ. സമയം എട്ടു കഴിഞ്ഞു.
ഇനി വേണം തനിക്ക് ഓഫീസിലേക്ക് പോവാന്‍. ഒമ്പതു മണിക്കു അവിടെ എത്തിയില്ലെങ്കില്‍ അവിടുന്നും കേള്‍ക്കണം വഴക്ക്. ചിലപ്പോള്‍ ഒന്നും കഴിക്കാതെയാ പോവാറ്. മധുവേട്ടന് ഇപ്പോള്‍ ഉണര്‍ന്നതേ ഉള്ളൂ. ഇനി പോവാന്‍ ഒരുങ്ങുമ്പോഴേക്കും ഞാനും റെഡിയായില്ലേല്‍ കൂട്ടാതെ പോവും. ഇന്നും അതു തന്നെയാവും അവസ്ഥ.
തുണി നനച്ചിടാനുണ്ട്. അതും കഴിഞ്ഞു വേണം കുളിച്ചു ഡ്രസ്സ് മാറ്റി വല്ലതും വാരി തിന്നിട്ട് പോവാന. ടിഫിന്‍ കൂടി കൊണ്ടു പോവണം. വേണി നനച്ചിടാനുളള തുണികളുമായ് അലക്കു കല്ലിനടുത്തേക്ക് പോയി. നീ ചായയെടുത്ത് വെയ്ക്കണുണ്ടോ….? അതു കൂടി കേട്ടതോടെ അവള്‍ ഭ്രാന്തിന്‍റെ വക്കത്തെത്തി….നാശം….!! അവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഒന്നെടുത്ത് കഴിച്ചാലെന്താ.വേണിക്കു കരച്ചില്‍ വന്നു.
അന്നും പതിവു പോലെ വഴക്കും കേട്ടു ഒരു ദിവസം തുടങ്ങി. ചിട്ടി കമ്പനിയിലെ കലക്ഷന്‍ ഏജന്‍റാണ് വേണി. പത്തരയ്ക്കു ഓഫീസിന്നിറങ്ങിയാല്‍ നാലര കഴിയും തിരികെ എത്താന്‍. അതുവരെ ഓട്ടമാ. എത്ര ദൂരം പോവണം. ബസ്സിലും പിന്നെ നടത്തവും. അലച്ചില്‍ തന്നെ. സത്യത്തില്‍ മടുത്തു പോയി ജീവിതം.
എത്ര നാളായി ഇതു തുടങ്ങിയിട്ട്. ഒന്നാശ്വസിപ്പിക്കാന്‍ ആരുമില്ല. ഒരു നല്ല വാക്കു പറയാന്‍ പോലും. പറയേണ്ട ആളാണെങ്കില്‍ ഒന്നും കാണാത പോലെ കേള്‍ക്കാത്ത ഭാവത്തില്‍ നടക്കുന്നു. ഞാനെന്തു ചെയ്താലും മധുവേട്ടന് ഒരു വിലയുമില്ല. കിട്ടുന്നതില്‍ നിന്നും കൃത്യമായൊരു പങ്ക് എല്ലാ മാസവും കൊടുക്കുന്നുണ്ട്. അതു സമയത്ത് കിട്ടിയില്ലേല്‍ കാണേണ്ടതാ ദേഷ്യം.
തന്നോടാണെങ്കില്‍ യാതൊരു സ്നേഹവുമില്ല. കിടക്കറയില്‍ എല്ലാം മുറപോലെ നടക്കണം. ഒന്നിലും തനിക്ക് യാതൊരു റോളുമില്ല. ഇപ്പോള്‍ വൈകിട്ട് വരുമ്പോള്‍ അല്‍പം മദ്യപാനവും തുടങ്ങീട്ടുണ്ട്. എന്തേലും ചോദിച്ചാല്‍ വഴക്കാവും മിണ്ടാതെ പോവാന്ന് വെച്ചാല്‍ ആരെ ഓര്‍ത്തോണ്ടാടീ നടക്കുന്നേന്നും പറഞ്ഞ് തെറി വിളിക്കും.
മധു ഓട്ടോയും കൊണ്ട് ടൗണില്‍ ലൈനില്‍ നില്‍ക്കുമ്പോഴായിരുന്നു ഓട്ടോ ഡ്രൈവര്‍ സുമേഷ് അവനോട് അക്കാര്യം പറഞ്ഞത്. മൂന്നാലു തവണ കണ്ടു ഞാന്‍. അതും പറഞ്ഞവന്‍ പോയി. മധുവിന്‍റെ മനസ്സില്‍ ഒരഗ്നി പര്‍വ്വതം പുകഞ്ഞു തുടങ്ങി. രാത്രി അന്നും നല്ലപോലെ കഴിച്ചിട്ടാ മധു വീട്ടിലെത്തിയത്.
വേണി അടുക്കയില്‍ പാത്രങ്ങള്‍ കഴുകി വെയ്ക്കയായിരുന്നു. അവന്‍ നേരെ അടുക്കളയിലേക്ക് പോയി അവള്‍ കാണാതെ മറഞ്ഞു നിന്നു. വേണി നല്ല സുന്ദരിയായി ഒരു മൂളി പാട്ടും പാടി പാത്രങ്ങള്‍ കഴുകി ഒതുക്കി വെയ്ക്കുന്നു. വേണി അവനെ കണ്ടെങ്കിലും കാണാത്ത ഭാവത്തില്‍ തന്‍റെ ജോലിയില്‍ മുഴുകി. ഇപ്പോള്‍ മധുവിനായ് ഭ്രാന്ത്. അവന്‍ കുളിക്കാതെ കട്ടിലില്‍ കേറി കിടന്നു. വേണി വന്നു ചോറുണ്ണാന്‍ വിളിച്ചെങ്കിലും വേണ്ടാന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു. അവള്‍ വന്ന് നിര്‍ബന്ധിച്ചു കഴിപ്പിക്കാതെ ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ല.
അവനൊന്ന് മയങ്ങിപോയി. കുറച്ചു കഴിഞ്ഞു ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ വേണി താഴെ മോളെയും കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ടു. അവന് ദേഷ്യം വന്നു തല പെരുത്തു. രാവിലെ മുതല്‍ വൈകിട്ട് വരെ അവളുടെ പിറകെ ഒളിച്ചു നടന്നിട്ടും അവനൊന്നും കിട്ടിയില്ല. അന്നു വൈകിട്ട് ഡ്രൈവര്‍ രാജേഷും വന്നവന്‍റെ കാതില്‍ അതേ കാര്യം ചൊല്ലി. മധുവിന്‍റെ ഭ്രാന്ത് കൂടി.
അന്നു രാത്രി കിടക്കറയില്‍ വഴക്കു കൂട്ടാനുള്ള മധുവിന്‍റെ ശ്രമം, വേണി കുഞ്ഞിനെയുമെടുത്ത് അമ്മയുടെ റൂമിലേക്ക് പോയപ്പോള്‍ പൊളിഞ്ഞു. അവന്‍ അരിശം മുഴുവന്‍ തലയണയില്‍ തീര്‍ത്തു. അന്നും ഓട്ടോ ഓടിക്കാതെ മധു വേണിയുടെ പിറകെ സി.ഐ.ഡി.യെ പോലെ നടന്നു. വൈകിട്ട് പതിവിലും കൂടുതല്‍ കഴിച്ചു കൊണ്ടാണ് വന്നതും. എത്ര വൈകി വന്നാലും ഉറങ്ങാതെ കാത്തിരിക്കാറുള്ള വേണിക്കു പകരം അന്നു അവന്‍റമ്മയാണ് വാതില്‍ തുറന്നു കൊടുത്തത്. മദ്യപിച്ചതിന്ന് നല്ല വഴക്കും കിട്ടി അമ്മയുടെ വായീന്ന്.
വേണിയും മോളും അമ്മയുടെ മുറിയില്‍ നേരത്തേ തന്നെ ഉറക്കം പിടിച്ചിരുന്നു. മധൂന്ന് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ അവഗണന കൂടി വന്നപ്പോള്‍ അവനൊരു വഴി കണ്ടെത്തി. രാവിലെ ഉണര്‍ന്നു ചപ്പാത്തി പരത്തുന്നു പച്ചക്കറികള്‍ അരിയുന്നു, ചോറു വയ്ക്കുന്നു, നനച്ചിട്ട തുണി തോരാനിടുന്നു, ആകെ ഒരു സഹകരണം. വേണി മസിലു പിടിച്ചു തന്നെ നിന്നു.
നാലഞ്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവളൊരല്‍പം അയഞ്ഞു. എങ്കിലും മാസമൊന്നു കഴിഞ്ഞിട്ടും അവള്‍ പഴയ വേണി ആയില്ലെങ്കിലും മധു എല്ലാ കാര്യത്തിലും അവളെ സഹായിക്കല്‍ തുടര്‍ന്നു. മദ്യപാനവും നിര്‍ത്തിയതോടെ വേണി ഉള്ളില്‍ ചിരിച്ചു.
ടൗണിലെ ഓട്ടോ ഡ്രൈവറാണ് രഞ്ജു. സുന്ദരനും സുമുഖനും ഒരുപാട് കാമുകിമാരുടെ പ്രിയപ്പെട്ടവനും. വാട്സാപിലും ഫേസ്ബുക്കിലും നിറഞ്ഞു നില്‍ക്കുന്ന താരം. പാര്‍ക്കിലും സിനിമാ തിയേറ്ററിലും പല പെണ്‍കുട്ടികളോടൊപ്പവും പലരും കണ്ടിട്ടുണ്ടവനെ പലപ്പോഴും. അവന്‍റെ കാമുകിമാരെയെല്ലാം അവന്‍ അനുഭവിച്ചേ വിടാറുള്ളൂ. ഒത്തിരി തവണ ആരുടെയൊക്കെയോ അടി കിട്ടിയിട്ടുണ്ടെന്ന് പലരും പറഞ്ഞറിവേ എല്ലാവര്‍ക്കും ഉള്ളൂ.
മധുവിന്‍റെ ഉള്ളീന്ന് ആ ചോദ്യം പുറത്തേക്ക് വരാതെ വേണിക്കു മുന്നില്‍ വിറച്ചു നിന്നു. ചോദിക്കണംന്ന് പലപ്പോഴും വിചാരിച്ചു വേണിക്കു മുന്നില്‍ എത്തിയതാ. അവളുടെ ആ നോട്ടം കാണുമ്പോള്‍ ഒന്നിനും വയ്യാതെ എവിടെയാ തുടങ്ങേണ്ടതെന്നറിയാതെ തോറ്റു മടങ്ങി. മധൂന്ന് വിശ്വാസമാ വേണിയെ. എന്നാലും അവര്‍ രണ്ടുപേരും ഒരേ കാര്യം തന്നെ പറയുകയും, വേണിയുടെ സ്വഭാവം പെട്ടെന്ന് മാറുകയും ചെയ്തു.
പിന്നെ ഇപ്പോള്‍ നല്ല സുന്ദരിയായ് അണിഞ്ഞൊരുങ്ങിയാ പോക്കു വരവും. അതാണവന് സംശയം. അവനാ ചോദ്യവും നെഞ്ചിലേറ്റി നടക്കവേ വേണി അവളുടെ ലോകത്ത് ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നു. സുമേഷിനും രാജേഷിനും ഒരു വലിയ നന്ദി പറഞ്ഞു. മധുവിന്‍റെ ദുഃസ്വഭാവം മാറ്റിത്തന്നതിന്.
വേണിയെ വളച്ചെടുക്കാന്‍ ആയിരം രഞ്ജുമാര്‍ക്കും കഴിയില്ലാന്ന് മദ്യപിച്ച മധുവിനൊഴികേ ബാക്കി എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇപ്പോള്‍ മധുവിനും….
(നമ്മുടെ കൂടെ എന്നും കാണും അവരെവിടെ പോവാനാ എന്നതാ പലരുടെയും ചിന്ത….പക്ഷേ ……ഗതി കെട്ടാല്‍ വേണി രഞ്ജുവിന്‍റെ പിറകേയും ചിലപ്പോള്‍ പോയേക്കാം….ജാഗ്രതൈ……)