അവൻ – രചന :NKR മട്ടന്നൂർ
‘രേഷ്മ സഹദേവൻ’
മകളുടെ പുഞ്ചിരിക്കുന്ന മുഖമുളള ബോര്‍ഡ്കണ്ടപ്പോള്‍ ആ അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞു….തന്‍റെ മകളാണത്. +2 പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ഈ നാടിന്‍റെ അഭിമാനമായവള്‍. ഒരുപാട് സ്വീകരണങ്ങളേറ്റു വാങ്ങി ഈ അച്ഛന്‍റെ അഭിമാനം വാനോളമുയര്‍ത്തിയവള്‍.
ഏതു കോളജില്‍ വേണമെങ്കിലും അഡ്മിഷന്‍ ഓക്കെ. ഡിഗ്രി ചെയ്യണമെന്നതും അവളുടെ ഇഷ്ടമായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു. എന്താ എന്‍റെ മോള്‍ക്കു സമ്മാനമായി വേണ്ടേ….?
അവനെ കിട്ടിയതോടെ അവളാകെ മാറിപോയി. വീട്ടിലെ കണ്ണിലുണ്ണിയായ മകള്‍ പിന്നെ അവന്‍റെ ലോകത്തായി. അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം കണ്ണില്‍ കണ്ണില്‍ നോക്കി മിഴിച്ചു നിന്നു. എല്ലാത്തിനും പഴി ആ പാവം അച്ഛന്‍ ഏറ്റുവാങ്ങി. വിളിച്ചാല്‍ മിണ്ടാട്ടമില്ല. ഒന്നും സംസാരിക്കാന്‍ നേരമില്ല. ഭക്ഷണം പോലും പേരിനു മാത്രായി.
പൊന്നോമന മകളുടെ സ്ഥിതിയില്‍ ആ കുടുംബം ഒന്നും ചെയ്യാനാവാതെ തേങ്ങി. ഒടുവില്‍ എല്ലാത്തിനും ഒരു പരിഹാരം ആ അച്ഛന്‍ തന്നെ കണ്ടെത്തി. അവനെയും മാറോടു ചേര്‍ത്തുറങ്ങുന്ന മകളുടെ മുറിയില്‍ കയറി അച്ഛന്‍ അവളുടെ നെഞ്ചില്‍ നിന്നും അവനെ അടര്‍ത്തിയെടുത്തു. തന്‍റെ മകളുടെ ജീവിതം തന്നെ തകര്‍ക്കാനായി താന്‍ കണ്ടെത്തിയ ആ നാശത്തെ അയാള്‍ വെള്ളത്തില്‍ മുക്കി കൊന്നു. വേറെ വഴിയില്ലായിരുന്നു ആ അച്ഛനു മുന്നില്‍. നഷ്ടമോര്‍ക്കാനുള്ള മനസ്സും അപ്പോഴില്ല…..
രാവിലെ ഉറക്കമുണര്‍ന്ന രേഷ്മ അവനൊരു ഉമ്മ കൊടുത്തു വിളിച്ചുണര്‍ത്താന്‍ നോക്കി. തൊട്ടും ഞെക്കിയും തലോടിയും കുലുക്കി വിളിച്ചിട്ടും അവനുണരാതായപ്പോള്‍. രേഷ്മയുടെ നിലവിളി കേട്ടു വീട്ടിലെല്ലാവരും ഉണര്‍ന്നു. അവളുടെ കൈകളില്‍ കിടന്ന അവനില്‍ നിന്നും രണ്ടു നീര്‍ത്തുള്ളികള്‍ അവളുടെ കൈകളില്‍ വീണുടഞ്ഞു. മുത്തശ്ശിയുടെ മാറില്‍ കിടന്ന് അവനെ ഓര്‍ത്ത് അവളിപ്പോഴും തേങ്ങാറുണ്ട്….ഇടയ്ക്കിടെ….
(പ്രിയ കൂട്ടുകാരെ……ഓമനിച്ചു വളര്‍ത്തിയ ഒരേയൊരു മകള്‍ ഒരു സാമൂഹ്യ ദ്രോഹിയെ തിരഞ്ഞെടുത്തു ജീവിത പങ്കാളിയായി. ഒടുവില്‍ അവന്‍റെ തനിനിറം അറിഞ്ഞവള്‍ ഒരുമുഴം തണ്ടില്‍ ജീവിതം അവസാനിപ്പിച്ചു. മകളുടെ ഇഷ്ടങ്ങളെല്ലാം മത്സരിച്ചു
സാധിപ്പിച്ചു കൊടുക്കയായിരുന്നു ആ മാതാപിതാക്കള്‍. കൂട്ടത്തില്‍ ഒരു വില കൂടിയ സ്മാര്‍ട്ടു ഫോണും. അതിലൂടെ ഒരു വിഷപാമ്പിനെ പോലെ കയറി അവന്‍ ആ കുടുംബത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. ആ മാതാപിതാക്കളുടെ സങ്കടം കണ്ടെഴുതി പോയതാ…തെറ്റാണെങ്കില്‍ ക്ഷമിക്കൂ…എന്നോട്…)