വാര്‍ദ്ധക്യം – രചന: NKR മട്ടന്നൂർ
മുറ്റത്ത് കാല്‍പെരുമാറ്റം കേട്ടു മഹേഷ് പുറത്തിറങ്ങി.
ഓ…നിങ്ങളോ…ങ്ഹാ…കൂടെ ശിഷ്യനുമുണ്ടല്ലോ…..? ടോമി അതു കേട്ടപോലെ വാലാട്ടി.
നിങ്ങളോട് എത്ര തവണ പറഞ്ഞൂ ആ നായയുടെ കൂടെ ഇങ്ങനെ ടൗണിലൂടെ നടക്കല്ലേന്ന്. ഇന്നും കള്ളും കുടിച്ച് പാട്ടും പാടി വന്നു….ല്ലേ….? കഷ്ടകാലത്തിന് സീനയുടെ അച്ഛന്‍ അതു കാണുകയും ഉടന്‍ തന്നെ ഫോണിലൂടെ മകളുടെ ചെവിയിലെത്തിക്കുകയും ചെയ്തു. വന്നു കേറിയപ്പോള്‍ തന്നെ അവള്‍ താണ്ഡവം തുടങ്ങീ.
ഒരു വീട്ടില്‍ കയറി വന്നാലെങ്കിലും ഇത്തിരി സമാധാനം കിട്ടുമെന്ന് കരുതി. എനിക്കു അതുപോലും നിങ്ങള്‍ കാരണം ഇല്ലാതായി. നിങ്ങള്‍ക്ക് എന്തിന്‍റെ കുറവുണ്ടായിട്ടാ ഇങ്ങനെ ഷാപ്പില്‍ പോയി കുടിക്കുന്നെ…? ഇവിടെ ഉണ്ടല്ലോ സാധനം. ദിവസവും ആവശ്യം പോലെ കുടിച്ചു ഇവിടെങ്ങാനും കിടന്നാല്‍ പോരെ. ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല. അതെങ്ങെനെയാ. മോനെ നാണം കെടുത്തണേല്‍ ഷാപ്പില്‍ തന്നെ പോകണല്ലോ….ല്ലേ….? സീന ഒരു പഴയ സ്റ്റീല്‍ പ്ളേറ്റില്‍ ചോറും കറികളും ഒന്നിച്ചു വിളമ്പി കൊണ്ടു വന്നു വരാന്തയില്‍ വെച്ചു. ഉടന്‍ അകത്തേക്ക് കയറി പോവുകയും ചെയ്തു. ദയവായി ഇനിയെങ്കിലും ഒന്നു അടങ്ങി ഒതുങ്ങി ജീവിക്കൂ…പ്ളീസ്….മഹേഷ് അകത്തേക്ക് കയറിപോയി.
വാതിലില്‍ രണ്ടു തലകള്‍ കാണാം. അച്ഛന്‍ കൈകൊണ്ടു മാടി വിളിച്ചപ്പോള്‍ അവര്‍ രണ്ടുപേരും അകത്തൂന്ന് ആരും കാണുന്നില്ലാന്ന് ഉറപ്പു വരുത്തി അച്ഛാച്ചന്നരികിലേക്ക് വന്നു. കയ്യില്‍ പേരക്കിടാങ്ങള്‍ക്കായ് കരുതിയ നാരങ്ങ മിഠായി ഉണ്ടായിരുന്നു. മിഠായി രണ്ടുപേര്‍ക്കും കൊടുത്തിട്ട് അച്ഛാച്ചന്‍ അവരെ ചേര്‍ത്തു പിടിച്ചു. ആ വൃദ്ധന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി രണ്ടു തുള്ളി കണ്ണീര്‍ ആ കൊച്ചു മക്കളുടെ തലയില്‍ വീണു ചിതറി.
പൊയ്ക്കോളു…..അച്ഛാച്ചന്‍ പോവ്വ്വാട്ടോ…. മക്കളുടെ അച്ഛനെ നിങ്ങള്‍ ഒരിക്കലും വേദനിപ്പിക്കരുത്, അച്ഛന്‍ പാവമാണ് കേട്ടോ. അത്രയും പറഞ്ഞ് പ്ളേറ്റിലെ ചോറുമെടുത്ത് അച്ഛന്‍ നടന്നു…കൂടെ ടോമിയും…..
അച്ഛന്‍ പറമ്പിലെ അതിരിലായി കിടക്കുന്ന ആ ഒറ്റമുറിയിലെത്തി. അവിടെ കൂട്ടിന്ന് ടോമിയുണ്ട്. അവരിപ്പോള്‍ ആറുവര്‍ഷമായി ഒന്നിച്ചവിടെ കഴിയാന്‍ തുടങ്ങിയിട്ട്. അമ്മ മരിച്ചപ്പോള്‍ എവിടുന്നോ ഒരു ദിവസം കയറി വന്നതാ ടോമി. വന്നപ്പോള്‍ തന്നെ അച്ഛന്‍റെ കാലില്‍ മണപ്പിക്കുകയും വാലാട്ടി മോങ്ങുകയും ചെയ്തു. അച്ഛനു സങ്കടം തോന്നി ഇത്തിരി ചോറു കൊടുത്തു. പിന്നെ എവിടെയും പോയില്ല അവന്‍.
മകനേ….നീ പറഞ്ഞില്ലേ…? അച്ഛന്‍ നിന്നെ നാണം കെടുത്തീന്ന്, ഇനി ഉണ്ടാവില്ലെടാ അങ്ങനെ. ഒരു തവണ കൂടി നീ അച്ഛനോട് ക്ഷമിക്കെടാ. അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതു കണ്ടിട്ടെന്ന പോലെ ടോമി കാലിനിടയില്‍ കിടന്ന് ചെറു ശബ്ദമുണ്ടാക്കി. അച്ഛന്‍റെ കാലില്‍ നക്കുകയും വാലാട്ടുകയും ചെയ്തു. അച്ഛന്‍ പ്ളേറ്റിലെ ചോറെടുത്ത് ടോമിക്കു നിലത്തു വെച്ചു കൊടുത്തു. അവന്‍ അതു നോക്കാതെ അയാളുടെ മുഖത്തേക്ക് നോക്കികൊണ്ട് അനങ്ങാതെ ആ കാല്‍ ചുവട്ടില്‍ തന്നെ കിടന്നു.
എന്നു മുതലാണെടാ നിന്‍റച്ചന്‍ കള്ളുകുടിയനായത്. ഓര്‍മ്മയുണ്ടോടാ നിനക്ക്, എന്‍റെ മോന്‍ എല്ലാം മറന്നു പോയോ ഇത്ര വേഗം. എന്തൊക്കെയാ നീ മറന്നുപോയത്. ആരൊയൊക്കെയാ നീ മറന്നു പോയത്.
ഏഴു വര്‍ഷം മുന്നേ നമ്മളെ വിട്ടു പോയ നിന്‍റമ്മയെയും മറന്നു പോയോ എന്‍റെ മക്കള്‍….? നമ്മള്‍ ഒന്നായ് ജീവിച്ച ആ വീടു മറന്നു പോയോടാ നീ. അച്ഛന്‍റെയും അമ്മയുടെയും പ്രാണനായ ആ മഹിക്കുട്ടനെ അച്ഛന്‍ മറന്നിട്ടില്ലെടാ. പാടത്തും പറമ്പിലും പണിയെടുത്ത് ഒരായുസ്സ് മുഴുവന്‍ ഹോമിച്ച് അച്ഛനുണ്ടാക്കിയ ആ ഒരേക്കര്‍ പറമ്പും വീടും മറന്നു പോയോടാ നീ. ഒടുവില്‍ നിന്‍റെ ഡോക്ടറാവാനുള്ള മോഹം സഫലമാക്കാന്‍ സ്വന്തം പ്രാണന്‍ പിടയുന്ന വേദന കടിച്ചൊതുക്കി ആ വീടും പറമ്പും വിറ്റു നിന്‍റെ മോഹം നടത്തിത്തന്നതും മറന്നു പോയോ നീ…
നിനക്കു ചേര്‍ന്ന പെണ്ണിനെ നീ കണ്ടെത്തിയപ്പോള്‍, അവളുടെ പണക്കാരനായ ഡാഡിക്ക് വേണ്ടി, അവരുടെ ഡീസന്‍റ് കുറഞ്ഞു പോവാതിരിക്കാന്‍ വേണ്ടി പറമ്പിന്‍റെ അതിരില്‍ ഒറ്റമുറി പണിതു തന്നപ്പോഴും അച്ഛന്‍ ഒന്നും പറയാതെ മാറി തന്നതും മറന്നു പോയോ. അച്ഛനെന്നു മുതലാടാ കള്ളു കുടിയനായത്. നിന്‍റമ്മ അച്ഛനെ തനിച്ചാക്കി പോയപ്പോള്‍ നീയുണ്ടായിരുന്നു ഒന്നു മിണ്ടാനും പറയാനും അച്ഛനു കൂട്ടിന്ന്. നിനക്കൊരു പണക്കാരി പെണ്ണിനെ കിട്ടിയപ്പോള്‍ നീയും അച്ഛനീന്നകന്നപ്പോള്‍ അച്ഛനിത്തിരി കുടിച്ചു തുടങ്ങീ. അച്ഛനൊരു സമാധാനവുമില്ലാഞ്ഞിട്ടാണെടാ. അന്നൊന്നുംഅച്ഛനൊരു പ്രശ്നവുമുണ്ടാക്കാതെ നടന്നിട്ടില്ലേ. ആറുവര്‍ഷത്തിനിടയില്‍ കുറച്ചു നാളല്ലേ അച്ഛന്‍ പാട്ടും പാടി ടോമിയുടെ കൂടെ നടന്നിട്ടുള്ളൂ. അതച്ഛനു സഹിക്കാന്‍ പറ്റാത്ത ദെണ്ണമുണ്ടായിട്ടു തന്നെയാ….
നീ കാണുന്നുണ്ടോടാ നിന്‍റച്ഛന്‍റെ കോലം….നിനക്കതൊന്നും കണേണ്ടല്ലോ…ല്ലേ….? വേണ്ടെടാ അച്ഛന്‍റെ മോന്‍ ഈ അച്ഛനെ മറന്നേക്കൂ. ഭക്ഷണമൊന്നും ഇറങ്ങാതായപ്പോഴാ അച്ഛന്‍ ആശുപത്രിയില്‍ പോയെ. അച്ഛനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതെന്താന്നറിയോ നിനക്ക്. അച്ഛന്‍റെ വയറ്റിലൊരു വലിയ മുഴ ഉണ്ടെന്നും അതെന്തോ മാരകമായ രോഗമാണു പോലും. ഓപ്പറേഷന്‍ ചെയ്തു ആ മുഴ നീക്കണം പോലും. എന്നാല്‍ ചിലപ്പോള്‍ അച്ഛന്‍ രക്ഷപ്പെട്ടേക്കാം. പക്ഷേ പിന്നെയും പരിശോധിച്ചപ്പോള്‍ ആ ഡോക്ടര്‍ തന്നെ പറഞ്ഞു, ഒരു ഓപ്പറേഷനൊന്നും താങ്ങാനുള്ള ശക്തി അച്ഛന്‍റെ ശരീരത്തിനില്ലാന്ന്.
മക്കളേ ….അച്ഛനു നിന്‍റെ ഭാര്യ തരുന്ന എരിവും പുളിയുമൊക്കെയുള്ള ഭക്ഷണമൊന്നു കഴിക്കാന്‍ പറ്റുന്നില്ലെടാ. അതൊക്കെ കഴിച്ചാല്‍ ഭയങ്കര വേദനയാടാ വയറിനകത്ത്. ഒരു ദോശയെങ്ങാനും കിട്ടിയാല്‍ കഴിക്കാന്‍ അച്ഛനു കൊതിയാണെടാ. വല്ല മുന്തിരിയോ നാരങ്ങയോ കിട്ടിയെങ്കില്‍ അച്ഛനതൊക്കെ കഴിക്കാന്‍ മോഹമാണെടാ. നിനക്കും ഭാര്യയ്ക്കും ഇഷ്ടായില്ലെങ്കിലോന്ന് പേടിച്ചാടാ അച്ഛനൊന്നും ചോദിക്കാത്തത്. എന്‍റെ മക്കളോട് ഈ അച്ഛന് ഒരു പരിഭവും ഇല്ലാട്ടോ. അച്ഛനറിയാം നിനക്കൊന്നിനും സമയമില്ലാന്ന്…നീ നല്ല തിരക്കുള്ള, ഒരുപാട് രോഗികളെ നോക്കുന്ന ഡോക്ടറായതില്‍ അച്ഛനഭിമാനമുണ്ടെടാ. അച്ഛന്‍ കാണുന്നുണ്ടെടാ നിനക്ക് ഉണ്ണാനോ ഉറങ്ങാനോ സമയമില്ലാതെ ഓടി നടക്കുന്നതും കഷ്ടപ്പെടുന്നതും. അച്ഛന്ന് ചോറുപാത്രവുമായ് നിന്‍റെ മുറ്റത്ത് വരാന്‍ മടിയാണെടാ. ടോമി പട്ടിണി ആവുന്നതോര്‍ത്ത് വരുന്നതാടാ. ഒന്നും സാരമില്ല കേട്ടോ.
നിന്‍റെ രണ്ടുമക്കളെ നീ പൊന്നു പോലെ വളര്‍ത്തണം. നിന്‍റച്ഛന്‍റെ ഗതി നിനക്കു വരാതെയും നോക്കണം. ഈ അച്ഛടോട് ക്ഷമിക്കെടാ നീ. ഇനി അച്ഛന്‍ മോന് നാണക്കേടുണ്ടാക്കുന്നതൊന്നും ചെയ്യില്ലെടാ….നിന്‍റമ്മ സത്യം….വിശ്വാസിക്കില്ലേ നീ അച്ഛനെ….
ടോമിയുടെ കരച്ചില്‍ കേട്ടാണ് സീന ഉറക്കമുണര്‍ന്നത്. അവള്‍ മൊബൈലില്‍ സമയം നോക്കി. 6-10.ഓ ഇത്ര വേഗം നേരം പുലര്‍ന്നോ. ഇത്തിരി നേരം കഴിഞ്ഞു എഴുന്നേല്‍ക്കാമെന്ന് വിചാരിച്ചു അവള്‍ ഒന്നു കൂടി പുതപ്പിനുള്ളില്‍ ചുരുണ്ടു. അതാ പിന്നെയും ടോമി കരയുന്നു.
ശോ …!!! ഈ നാശം പിടിച്ച നായ കാരണം മനുഷ്യന് ഉറങ്ങാനും വയ്യ. അവള്‍ മഹേഷിനെ നോക്കി. നല്ല ഉറക്കം. അവള്‍ ദേഷ്യത്തോടെ അവനെ തട്ടിയുണര്‍ത്തി. ദാ നിങ്ങളുടെ അച്ഛന്‍റെ ശിഷ്യന്‍ കുറേ നേരായി കിടന്ന് മോങ്ങുന്നു. പോയി അതിന്‍റെ വായീല് വല്ലതും തിരുകി വെച്ചാട്ടെ….നാശം….! മഹേഷ് എഴുന്നേറ്റു വാതില്‍ തുറന്ന് പുറത്തിങ്ങി.
ടോമിയുടെ കരച്ചില്‍ ഇപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കാം. അവന്‍ അച്ഛന്‍ കിടക്കുന്ന ആ ഷെഡ്ഡിനടുത്തേക്ക് നടന്നു. ദൂരേ നിന്നേ മഹേഷ് കണ്ടു. വരാന്തയില്‍ അച്ഛന്‍ നിലത്ത് കിടക്കുന്നു. അച്ഛന്‍റെ കാല്‍ക്കല്‍ കിടന്ന് ടോമി കരയുന്നത്. മഹേഷ് ഓടി പോയി അച്ഛനെ കുലുക്കിവിളിച്ചു. പക്ഷേ ആ വിളി കേള്‍ക്കാനുള്ള പ്രാണന്‍ അച്ഛന്‍റെ ശരീരത്തില്‍ അപ്പോഴുണ്ടായിരുന്നില്ല. അച്ഛന്‍റെ വലതു കയ്യില്‍ എന്തോ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു….
അവനതു എടുത്തു തുറന്നു നോക്കി….അമ്മയുടെ നിറം മങ്ങിയ ഒരു പഴയ ഫോട്ടോ ആയിരുന്നു അത്. അതും നെഞ്ഞോടു ചേര്‍ത്തു പിടിച്ചു അവനും ടോമിയെ പോലെ പൊട്ടിക്കരഞ്ഞു.
(പ്രിയരെ…..പ്രായമായ അച്ഛനമ്മമാരുടെ കൂടെ ഒരു പത്തുമിനിറ്റ് ചെലവഴിക്കാനോ അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനോ ഇപ്പോള്‍ ആര്‍ക്കും സമയം തികയുന്നില്ല….
വാര്‍ദ്ധക്യം ഒരിക്കലും ഒരു രോഗമല്ല…..ഒരു നാള്‍ നമ്മള്‍ക്കും കാണും ആ അവസ്ഥ….അന്നേ മനസ്സിലാവൂ അതു തരുന്ന കൊടിയ വേദന…..)