സ്നേഹം – രചന: NKR മട്ടന്നൂർ
അമ്മൂ…..ആ ചോറൊന്നു നോക്കിയേ വെന്തോന്ന്.
വെളിയില്‍ നിന്നും അമ്മ വിളിച്ചു പറഞ്ഞു. അമ്മു അകത്ത് കണ്ണാടിക്കു മുന്നില്‍ മുടി ചീകി കെട്ടുകയായിരുന്നു.
ഓ… ഈ അമ്മ ഒന്നിനും സമ്മതിക്കില്ല. സ്വയം പിറു പിറുത്തു കൊണ്ട് അമ്മു അടുക്കളയിലേക്ക് പോയി. വേവാറാവുന്നേ ഉള്ളൂ. ഇനിയും എന്നെ വിളിക്കല്ലേ. ദേഷ്യം പോലെ പറഞ്ഞ് അമ്മു വീണ്ടും കണ്ണാടിക്കു മുന്നിലേക്ക്.
ലീല വസ്ത്രങ്ങള്‍ കഴുകുകയായിരുന്നു. ദൈവമേ സമയം എട്ടു കഴിഞ്ഞു. ഇനി വേണം ചോറും കറികളും റെഡിയാക്കാന്‍, തുണികള്‍ തോരാനിടണം, ഒമ്പതു മണിക്കു കമ്പനിയില്‍ എത്തിയില്ലെങ്കില്‍ മാനേജരുടെ വക കണ്ണുരുട്ടലും ഭീഷണിയും. എന്നും വൈകിയെത്തുന്നത് ഞാന്‍ മാത്രാണല്ലോ. ഞാന്‍ കാരണം ആ ദേവുവും എന്നും പഴി കേള്‍ക്കണം. പാവം ദേവു, എനിക്കു വേണ്ടി അതും വെറുതേ.
അമ്മു ഉണ്ടായാലും ഇല്ലെങ്കിലും കണക്കാ. വയസ്സ് ഇരുപതായി എന്നാലും അടുക്കളയില്‍ ഒരു കൂട്ടം സഹായിക്കില്ല. അവള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒമ്പതിന്ന് എത്തേണ്ടതാ. രാവിലെ ഉണര്‍ന്നാല്‍ അമ്മയെ ഒന്നു സഹായിച്ചാലെന്താ. ഇനി ചോറും കറികളും ഒമ്പതിന്ന് മുന്നേ പകമായില്ലെങ്കില്‍ അവളുടെ വായീന്നും കേള്‍ക്കണം വഴക്ക്. ലീലാമ്മയ്ക്ക് കരച്ചില്‍ വന്നു. ഈ പെണ്ണെന്താ ഇങ്ങനെ ആയിപോയേ. വീട്ടീന്ന് പത്തുമിനിറ്റ് നടക്കണം അവള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്. ലീല തുണികള്‍ കഴുകല്‍ നിര്‍ത്തി അടുക്കളയിലേക്ക് പോയി.
സാമ്പാറിനുള്ള കഷ്ണങ്ങള്‍ അരിയുമ്പോള്‍ അമ്മു അടുക്കളയിലേക്ക് വന്നു. അവള്‍ പോകാന്‍ റെഡിയായിരിക്കുന്നു. ഇനിയും കറി ആയില്ലേ. ഓ…ഇന്നും ഞാന്‍ ഹോട്ടലീന്ന് തന്നെ കഴിക്കേണ്ടി വരും അല്ലേ. മോളെ ചോറു ആയിട്ടുണ്ട് ഒരു പത്തു രൂപയ്ക്ക് കറി ഹോട്ടലീന്ന് വാങ്ങി ഇന്നു കൂടി കഴിക്കെടാ. അമ്മയ്ക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ വയ്യാഞ്ഞിട്ടാ. കുറച്ചു നേരം ഉറങ്ങിപ്പോയി. അമ്മുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.
ലീലാമ്മ അവള്‍ക്ക് ദോശയും ചട്നിയും വിളമ്പി, ചായ കൂട്ടി കൊടുത്തു. ഒന്നും മിണ്ടാതെ അതും കഴിച്ചു അമ്മു എഴുന്നേറ്റു കൈ കഴുകി. അമ്മ കൊടുത്ത ടിഫിനും വാങ്ങി ബാഗില്‍ വെച്ച് അവള്‍ പോയി. ഈ പെണ്ണിനെന്താ പറ്റിയേ. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇപ്പോള്‍ ദേഷ്യമാ. പോരാത്തതിന്ന് അതും ഇതും പറഞ്ഞ് വേദനിപ്പിക്കുവാ അമ്മയെ. ചില നേരങ്ങളിലെ അവളുടെ സംസാരം കേട്ടാല്‍ എങ്ങോട്ടേലും പോയി ചത്താലോന്ന് തോന്നും. നിറഞ്ഞു വന്ന കണ്ണുകള്‍ ലീല സാരി കൊണ്ട് തുടച്ചു. മൂന്നു വര്‍ഷായി ഇങ്ങനെ കരയുന്നു. ആരും കാണാനില്ലല്ലോ ദൈവമേ ഈ സങ്കടങ്ങള്‍. അതിന്നും മാത്രം പാപിയായിരുന്നോ ഞാന്‍.
ലീലേ……ദേവൂന്‍റെ വിളി കേട്ട് അവര്‍ ഓര്‍മ്മകളീന്നുണര്‍ന്നു. ദേവു അടുക്കളയിലേക്ക് കയറി വന്നു. ഇനിയും പോവാനൊരുങ്ങിയില്ലേ നീ. ലീലയുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നതു കണ്ടപ്പോള്‍ ദേവൂന്ന് സങ്കടം തോന്നി. അല്ല നീ ഇന്നുംകരഞ്ഞോ. മൂന്നു വര്‍ഷായില്ലേ നിന്‍റെ ഈ കരച്ചില്‍ തുടങ്ങീട്ട്. ഇനിയും തീര്‍ന്നില്ലെ നിന്‍റെ കണ്ണിലെ വെള്ളം. അല്ല ചേച്ചീ അമ്മൂന്ന് ഓരോ ദിവസോം ഓരോ സ്വഭാവമാ. രാവിലെ ഉണരാന്‍ ഇത്തിരി വൈകിപ്പോയി. അടുക്കളയില്‍ ഒന്നും സഹായിക്കുന്നില്ല. അതു പോട്ടെ എന്നെ ഒന്നു മനസ്സിലാക്കി കൂടെ അവള്‍ക്ക്. ഞാന്‍ അവളുടെ അമ്മയല്ലേ. ഇനി ഞാന്‍ മാത്രല്ലേ ഉള്ളൂ അവള്‍ക്ക്. ലീലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
പാവം….ദേവുവിനും കരച്ചില്‍ വന്നു. എന്തിനാ ആ പെണ്ണ് ഈ അമ്മയെ ഇങ്ങനെ കരയിക്കുന്നത്. എത്ര നല്ല കുട്ടിയായിരുന്നു അവള്‍. എത്ര നല്ല സ്നേഹത്തിലും സന്തോഷത്തിലും കഴിഞ്ഞ വീടായിരുന്നു ഇത്. വാ ചേച്ചീ പോവാം. ലീലയും ദേവുവും വീടു പൂട്ടി ഇറങ്ങി.
സൂപ്പര്‍ മാര്‍ക്കറ്റില്‍ അന്നു തിരക്ക് കുറവായിരുന്നു. ബില്ലിങ്ങ് സെക്ഷനില്‍ ഇരിക്കയായിരുന്ന അമ്മുന്നെ ഓര്‍മ്മകള്‍ കൂട്ടിക്കൊണ്ടു പോയി. അച്ഛന്‍……മൂന്നു വര്‍ഷം മുന്നേ അമ്മൂന്‍റച്ഛന്‍ കിണറ്റില്‍ വീണു മരിച്ചതാ. കിണറു കുഴിയായിരുന്നു അച്ഛനു പണി. ഉച്ചയ്ക്ക് ഉണ്ണാന്‍ കയറു വഴി മേലേക്ക് കയറുകയായിരുന്നു അവര്‍ നാലുപേരും. അവസാനം കയറിയ അച്ഛന്‍ മേലെ എത്തിയിരുന്നു. തല കറങ്ങിയിട്ടാവാം അച്ഛന്‍ താഴേക്ക് പിടിവിട്ടു വീണത്. അവിടെ തന്നെ തീര്‍ന്നിരുന്നു. അമ്മൂനെ അനാഥയാക്കി അച്ഛന്‍ പോയി.
അച്ഛന്, അമ്മയും ഞാനും മാത്രം മതിയായിരുന്നു. ഒറ്റ മകളായതു കൊണ്ട് ഒരുപാട് ലാളിച്ചുംകൊഞ്ചിച്ചുമാ വളര്‍ത്തിയത്. അല്ലലും സങ്കടങ്ങളും അറിയാതെയാ അച്ഛന്‍ നമ്മളെ നോക്കിയിരുന്നത്. എനിക്കിഷ്ടം അച്ഛനെയായിരുന്നു. അമ്മ എപ്പോഴും പറയുമായിരുന്നു. പെണ്ണിനെ അതികം ലാളിച്ചു വഷളാക്കേണ്ടാന്ന്. അതൊന്നും നോക്കേണ്ടടീ അവള്‍ അച്ഛന്‍റെ മോളാണ്. എന്നെ വേദനിപ്പിക്കുന്നതൊന്നും എന്‍റെ മോള്‍ ചെയ്യില്ലാ. അങ്ങനെ ഒരു വിശ്വാസം അച്ഛന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നു ആ മകളെക്കുറിച്ച്.
നല്ല പോലെ അധ്വാനിച്ചിരുന്ന അച്ഛന്‍റെ അതു വരെയുള്ള മിച്ചം കൊണ്ടാ വീടു പണി തുടങ്ങിയത്. പണി പൂര്‍ത്തിയാക്കാന്‍ പണം തികയാതെ വന്നപ്പോള്‍ ബാങ്കീന്ന് മൂന്നു ലക്ഷം രൂപ ലോണും ചെയ്തു. പാലുകാച്ചല്‍ കഴിഞ്ഞു ചെറിയ ഒരു ചായ സത്ക്കാരവും നടത്തി പുതിയ വീട്ടില്‍ നമ്മള്‍ താമസം തുടങ്ങി. സന്തോഷത്തിന്‍റെ നാളുകള്‍. മാസാമാസം നാലായിരം ബാങ്കിലെ അടവും കഴിഞ്ഞു ബാക്കി കിട്ടുന്ന പണം കൊണ്ട് അല്ലലില്ലാതെ ജീവിച്ചു പോരുമ്പോഴായിരുന്നു വിധി അതിന്‍റ ദുര്‍മുഖം നമുക്ക് കാട്ടിത്തന്നത്. അച്ഛനെ മുറ്റത്തി കോണില്‍ അടക്കി. കരഞ്ഞു കരഞ്ഞു തളര്‍ന്ന എന്നെയും അമ്മയെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കളുംനാട്ടുകാരും ഒത്തിരി കഷ്ടപ്പെട്ടു. പിച്ചും പേയും പറഞ്ഞും അലമുറയിട്ട് കരഞ്ഞും കുറേ ദിവസങ്ങള്‍. വീട് പതിയെ പതിയെ ആളൊഴിഞ്ഞു തുടങ്ങി. ഒടുവില്‍ ഞാനും അമ്മയും മാത്രം ബാക്കിയായി വീട്ടില്‍.
ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നിന്ന ഞങ്ങള്‍ക്കു മുന്നില്‍ ഒരു ദിവസം ദേവു ചേച്ചി വന്നു. ലീലേ, ബാങ്കിലെ രണ്ടടവ് തെറ്റിയിരിക്കുന്നു. പോയ ആളെ കുറിച്ച് ഓര്‍ത്തിരുന്നാല്‍ വീട് ബാങ്കുകാര്‍ കൊണ്ടുപോവും. നിങ്ങള്‍ക്ക് ഇനിയുമില്ലേ ജീവിതം. പ്ളൈവുഡ് കമ്പനിയിലെ മാനേജരോട് ഞാനെല്ലാം പറഞ്ഞു. നിന്നെയും കൂട്ടിപോവാന്‍ പറഞ്ഞു നാളെ മുതല്‍. ആദ്യം കുറച്ചു വിഷമം കാണും. ഞാനുണ്ടല്ലോ സഹായിക്കാന്‍ നിന്നെ. ദിവസം നാനൂറ് രുപ കിട്ടും അതുകൊണ്ട് എങ്ങനേലും ജീവിക്കാം. അങ്ങനെ അമ്മ കമ്പനിയില്‍ പോയി തുടങ്ങി. ആദ്യം കുറേ വിഷമിച്ചു അമ്മ. എങ്കിലും മകളെയും ബാങ്കിലെ കടവും ആ അമ്മയെ പുതിയാരാളാക്കി.
അമ്മുവിന്ന് പക്ഷെ ജീവിതം മടുത്തു തുടങ്ങിയിരുന്നു. എന്നും സങ്കടവും ദാരിദ്ര്യവും മാത്രമുള്ള ആ വീടിനെയും അവള്‍ വെറുത്തു. പ്രതീക്ഷിക്കാനൊരു വകയുമില്ല. അമ്മ എന്നും രാവിലെ പോവുന്നു വൈകിട്ട് വരുന്നു. അതിന്നിടയില്‍ ആവലാതിയും സങ്കടങ്ങളും മാത്രം പറയുന്നു. ഒരിക്കലും തീരാത്ത ഈ ദുരിതത്തീന്ന് മരിച്ചാല്‍ മതിയെന്ന് തോന്നും ചിലപ്പോള്‍, അല്ലെങ്കില്‍ ഒന്നു രക്ഷപ്പെട്ടു പോയാല്‍ മതിയായിരുന്നു. ആരുടെയെങ്കിലും കൂടെ പോയി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഒരു ദിവസം അമ്മ ദേവു ചേച്ചിയോട് പറയുന്നത് കേട്ടു . ഇനിയൊരു മൂന്നു വര്‍ഷം കൂടി അടച്ചാല്‍ ബാങ്കിലെ കടം തീരും. അതു കഴിഞ്ഞു വേണം കുറച്ചു കൂടി ലോണ്‍ വാങ്ങി അമ്മൂന്‍റെ കല്യാണം നടത്താന്‍.
അമ്മു പക്ഷെ ആ ലോകത്തൊന്നുമായിരുന്നില്ല. സൂപ്പര്‍ മാര്‍ക്കറ്റിലെ ശമ്പളം കൊണ്ടവള്‍ ജീവിതം പുതിയ ലെവലിലേക്ക് കൊണ്ടു പോവുകയായിരുന്നു. അമ്മയ്ക്കൊരു പത്തു രൂപ കൊടുക്കാതെ നല്ല നല്ല വസ്ത്രങ്ങള്‍ വാങ്ങിയും ഹോട്ടല്‍ ഭക്ഷണത്തിന്‍റ രുചി അറിഞ്ഞുംഅവള്‍ ജീവിതംആസ്വദിച്ചു തുടങ്ങി. മകളുടെ സ്വഭാവമാറ്റം ലീലാമ്മയെ ഒത്തിരി സങ്കടപ്പെടുത്തിയെങ്കിലും അവര്‍ എല്ലാം സഹിച്ചു മകളെ സ്നേഹിക്കുക മാത്രം ചെയ്തു. അതിന്നിടയില്‍ അമ്മുന്ന് ഒരു പ്രണയം കിട്ടി.
സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു ഹരീഷ്. ആദ്യമൊന്നും അവനെ ശ്രദ്ധിച്ചിരുന്നില്ല അമ്മു. ഒരുദിവസം ഹരീഷ് അവളുടെ പേരു ചോദിച്ചു തുടങ്ങിയ ആ ബന്ധം വളരാന്‍ അധിക നാളുകളൊന്നും വേണ്ടിയിരുന്നില്ല. അമ്മു ആത്മാര്‍ത്ഥമായിട്ടായിരുന്നു ഹരീഷിനെ സ്നേഹിച്ചിരുന്നത്. അവനോടൊത്തൊരു ജീവിതം അവള്‍ സ്വപ്നം കണ്ടു. അവനാവട്ടെ അവളൊരു നേരംപോക്കായിരുന്നു. ഒരു സുന്ദരിയായ പൊട്ടിപ്പെണ്ണ്. അത്രയേ അവളെ കണ്ടുള്ളൂ ഹരീഷ്.
ഒരു ദിവസം ഹരീഷ് അവളോട് പറഞ്ഞു, നാളെ നമുക്കൊന്ന് കറങ്ങിയാലോ എന്‍റെ ബൈക്കില്‍.
എവിടെയാ പോവുക….?
അമ്മുന്ന് ഇഷ്ടമുള്ളിടത്ത് പോവാം. അങ്ങനെ ഷോപ്പീന്ന് ലീവാക്കി അവള്‍ ഹരീഷിന്‍റെ ബൈക്കില്‍ കറങ്ങി. ഹോട്ടലീന്ന് ഭക്ഷണം വാങ്ങികൊടുത്തു. അവളെ അവന്‍ വൈകിട്ടു വരെ കൊണ്ടു നടന്നു.
നേരം ഇരുട്ടിയിരുന്നു അമ്മു വീട്ടിലെത്തുമ്പോള്‍. ദൂരേന്നെ അവള്‍ കണ്ടു അമ്മ റോഡില്‍ നില്‍ക്കുന്നു. എന്നും എത്തുന്ന നേരം കഴിഞ്ഞിരിക്കുന്നതു കൊണ്ടാവും അമ്മ റോഡിലിറങ്ങി നില്‍ക്കുന്നത്. അടുത്തെത്തിയപ്പോള്‍ അമ്മ ചോദിച്ചു. അമ്മു എന്താ വൈകിയേ….? അമ്മുന്‍റെ മനസ്സൊന്ന് പിടച്ചു.
ദൈവമേ അമ്മ അറിഞ്ഞോ ഹരീഷിന്‍റ കൂടെ പോയത്. ഷോപ്പില്‍ ഇത്തിരി തിരക്കുണ്ടായിരുന്നു അതാ….അമ്മു പറഞ്ഞൊപ്പിച്ചു.
എന്നിട്ട് അമ്മ വന്നിട്ടു മോളെ കണ്ടില്ലല്ലോ ഷോപ്പില്‍.
ദൈവമേ ചതിച്ചോ.എല്ലാം അറിഞ്ഞുവോ ഈ അമ്മ. വാ…..മോളു വാ ചായ കുടിക്കാം. അമ്മ അവള്‍ക്കു ചായയും പലഹാരവും വിളമ്പി. അമ്മു അമ്മയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. അമ്മുവിന്നും സങ്കടം വന്നു.
അവള്‍ അമ്മയെ ശ്രദ്ധിച്ചു. അച്ഛനുണ്ടായിരുന്നപ്പോള്‍ അമ്മ എന്തുമാത്രം സുന്ദരിയായിരുന്നു. ഇപ്പോള്‍ ആകെ മെലിഞ്ഞു ഒത്തിരി പ്രായമായ പോലെ. ഇവിടെ അടുക്കളയില്‍ ഉണ്ടായിരുന്ന ഈ അമ്മയെ ഞാന്‍ കണ്ടില്ലേ ഇത്ര ക്ഷീണിച്ചിട്ടും…അല്ല… ഇന്നലെ വരെ അമ്മ ഇങ്ങനെ അല്ലായിരുന്നു. ഇന്ന്…. ഇത്ര പെട്ടെന്ന് അമ്മ വൃദ്ധയെപോലെ ആയതാണോ.
അമ്മു കുളിച്ചു വേഷം മാറി. അപ്പോഴൊന്നും അമ്മ അവള്‍ക്കു മുന്നില്‍ വന്നില്ല. ഒമ്പതു മണിയായപ്പോള്‍ അമ്മു അടുക്കളയിലേക്ക് ചെന്നു. അമ്മ ഊണ്‍ മേശയില്‍ തല ചായ്ച്ചു കിടക്കുകയായിരുന്നു. കാല്‍പെരുമാറ്റം കേട്ട് അമ്മ എഴുന്നേറ്റു കുളിമുറിയിലേക്ക് പോവുമ്പോള്‍ പറഞ്ഞു. മോളിരിക്ക് അമ്മ ചോറു വിളമ്പിത്തരാം. അമ്മയുടെ സ്വരം ഇടറിയിരുന്നു. അമ്മ കരയുകയായിരുന്നോ ഇപ്പോഴും…? അമ്മുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു. കൈയും മുഖവും കഴുകി വന്ന് അമ്മ ഒരു പ്ളേറ്റില്‍ ചോറും കറികളും വിളമ്പി അമ്മൂന്ന് കൊടുത്തു. അമ്മ ഇരിക്കുന്നില്ലേ. അമ്മു ചോദിചു. അമ്മ അവളെ നോക്കി. അമ്മ പിന്നെ കഴിച്ചോളാം മോളു കഴിച്ചോളൂ. അമ്മു ഇത്തിരി കഴിച്ചു എഴുന്നേറ്റു. ഈ അമ്മയ്ക്ക് എന്തു പറ്റീ. ഹരീഷിന്‍റ കൂടെ പോയത് അറിഞ്ഞു കാണുമോ. ഷോപ്പിലെ സന്ധ്യയെ അമ്മ കണ്ടിട്ടുണ്ടാവുമോ. അവള്‍ക്കറിയാം എല്ലാം. അമ്മു ഹരീഷിന്‍റ ഓര്‍മ്മകളുമായ് നേരത്തെ കിടന്നു.
ആരുടെയോ കരച്ചില്‍ കേട്ട പോലെ. അമ്മു ഞെട്ടിയുണര്‍ന്നു. തന്നെ കെട്ടിപ്പിടിച്ചു കിടന്ന് കരയുന്നു അമ്മ. ഈ അമ്മയെന്തിനാ കരയുന്നെ. അവള്‍ക്കും കരച്ചില്‍ വന്നു. അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ എല്ലാം അറിഞ്ഞു. കരച്ചിലിനിടയില്‍ അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു വീണു.
മോള്‍ക്ക് ഹരീഷിനെ കുറിച്ച് എല്ലാമറിയാമോ. നിന്നെ കല്യാണം കഴിക്കാമെന്ന് സമ്മതിച്ചാണോ മോളിന്നവന്‍റെ കൂടെ പോയത്. അമ്മ അവനെകുറിച്ച് എല്ലാം അന്വേഷിച്ചു. അവനൊരു തമാശയായിട്ടാ മോളെ നിന്നെ കാണുന്നത്. അച്ഛന്‍ പോയതില്‍ പിന്നെ മോള്‍ക്കുവേണ്ടി മാത്രാ ഈ അമ്മ ജീവിച്ചെ. അമ്മൂന്‍റെ ജീവിതം നശിച്ചാ പിന്നെയീ അമ്മ ജീവിച്ചിരിക്കില്ലാ കേട്ടോ. അമ്മയും പോവും അച്ഛനരികിലേക്ക്. അമ്മുവും അമ്മയെ ചേര്‍ത്തുപിടിച്ചു കരഞ്ഞു.
ഇല്ലമ്മേ….അമ്മു അമ്മയെ വിട്ടു ആരുടെ കൂടെയും പോവില്ല. എങ്ങും പോവില്ല, എനിക്കീ അമ്മയെ വേണം എപ്പോഴും…ഈ അമ്മയുടെ കൂടെ ജീവിച്ചാല്‍ മതി….ഈ പാവം അമ്മയെ മതി….അമ്മയും അമ്മുവും കരഞ്ഞു തളര്‍ന്നുറങ്ങി…..
(അമ്മു ചിലപ്പോള്‍ ആ അമ്മയുടെ പഴയ മോളായി മാറിയിട്ടുണ്ടാവാം….എങ്കിലും ഇതുപോലുള്ള പാവം അച്ഛനമ്മമാരെ വേദനിപ്പിക്കല്ലേ ആരും….അവരെ കണ്ണീരു കുടിപ്പിക്കല്ലേ….)